news-details
മറ്റുലേഖനങ്ങൾ

ജനാധിപത്യ സംവിധാനത്തില്‍ ജനകീയ സമരങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു?

സമകാലിക കേരള സമരങ്ങളുടെ പോരാട്ടചരിത്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്ന ഹൈറേഞ്ചു സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പട്ടയത്തിനുവേണ്ടിയും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുമുള്ള സമരം. കഴിഞ്ഞ ഏഴു വര്‍ഷമായി പട്ടയത്തിനുവേണ്ടി ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും എതിരെ സന്ധിയില്ലാപ്പോരാട്ടം നടത്തിയ മലയോര ജനതയുടെ ചെറുത്തുനില്‍പ്പ് ഇന്നും തുടരുന്നു. മോഹനവാഗ്ദാനങ്ങള്‍ പറഞ്ഞ് അധികാരത്തില്‍ കയറുന്നവര്‍ കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. പരിസ്ഥിതിവാദികളുടെയും, സാമുദായിക സംവിധാനങ്ങളുടെയും, സാമൂഹിക സംഘടനകളുടെയും സമ്മര്‍ദ്ദത്തില്‍ കര്‍ഷകര്‍ ഞെരിഞ്ഞമരുന്നു. ഉപജീവനത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്ന, നാണ്യവിളകള്‍ നമുക്ക് സമ്മാനിക്കുന്ന ഇവരെ കാണേണ്ട ബഹുഭൂരിപക്ഷം വരുന്ന കേരള ജനതയുടെ ചില കാഴ്ചകള്‍ മങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രസക്തമായ ചില സത്യങ്ങള്‍ വിളിച്ചുപറയാതെ നിവൃത്തിയില്ല.

ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്താണ് പട്ടയത്തിനുവേണ്ടിയുള്ള ഹൈറേഞ്ചു സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരം ആരംഭിക്കുന്നത്. രാഷ്ട്രീയപരമായി വളരെ സങ്കുചിതമായ ഒരു സാഹചര്യമായിരുന്നു അന്ന് നിലനിന്നിരുന്നത്. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെട്ടവര്‍ അധികാരത്തില്‍ വരുമ്പോള്‍ അതിനൊരു മാറ്റം വരുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ മൂന്നു വര്‍ഷം പിന്നിടുമ്പോഴും നിയമപരമായ കുരുക്കുകളെ പഴിചാരി രാഷ്ട്രീയ നേതൃത്വം കര്‍ഷകരെ അവഹേളിക്കുന്നു.

ഗവണ്‍മെന്‍റുകള്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് പലവിധത്തിലുള്ള നിബന്ധനകളുടെയും നിലവിലുള്ള നിയമങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണെന്നുള്ളത് അംഗീകരിക്കാവുന്ന യാഥാര്‍ത്ഥ്യമാണ്. ഇവിടെ കര്‍ഷകര്‍ ഉയര്‍ത്തുന്ന പല ആവശ്യങ്ങള്‍ക്കും നിയമപരമോ, സംവിധാനപരമോ ആയ പലവിധത്തിലുള്ള കെട്ടുപാടുകള്‍ ഉണ്ടെന്നുള്ളതു സമ്മതിച്ചാല്‍ കൂടിയും, പരിഹാരമില്ലാതെ പട്ടയപ്രശ്നം നീട്ടിക്കൊണ്ടുപോകുന്നതിനു രാഷ്ട്രീയനേതൃത്വം മാത്രമാണോ ഉത്തരം പറയേണ്ടത്?  ഗവണ്‍മെന്‍റുകളോടും ജനത്തോടും പ്രതിബദ്ധതയില്ലാത്ത ഒരു ഉദ്യോഗസ്ഥ വ്യവസ്ഥകൂടി  ഇതിന് ഉത്തരവാദിയല്ലേ?

അടുത്തു വരുന്ന പാര്‍ലെന്‍റ് തിരഞ്ഞെടുപ്പ് കര്‍ഷകര്‍ക്ക് ഒരു തുറുപ്പുചീട്ടാണ്. ജനത്തെ മറന്ന് പാര്‍ട്ടിയെയും പാര്‍ട്ടി ബിംബങ്ങളെയും ആരാധിക്കുന്നവര്‍ ജനത്തിന്‍റെ തിരിച്ചടി വാങ്ങേണ്ടിവരും എന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെടുകതന്നെ ചെയ്യും.
ഇന്ത്യ സ്വീകരിച്ചിട്ടുള്ള പല നിയമങ്ങളിലും ഇന്നു നടക്കുന്ന നിയമനിര്‍മ്മാണപ്രക്രിയയിലും, വിദേശനിയമങ്ങളുടെ സ്വാധീനം നിര്‍ണ്ണായകമാണ്. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെയുള്ള എല്ലാ നിയമങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്  1950 ല്‍ ന്യൂയോര്‍ക്കില്‍ വച്ച് നടന്ന തീരുമാനങ്ങളുടെ ചുവടു പിടിച്ചാണ്. 1956 -ന് ശേഷം കാലാകാലങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. മാന്യവേതന നിയമങ്ങളിലും ബാലവേലയ്ക്കെതിരെ ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളിലും വിദേശ ്വാധീനം ശക്തമാണ്. ആഗോളതലത്തിലുള്ള മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ കടന്നുവരുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്.

1972ല്‍ സ്റ്റോക്ഹോമില്‍വെച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച ആഗോളനിയമങ്ങള്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് 1972ല്‍ വന്യജീവിസംരക്ഷണനിയമവും, 1980ല്‍ വനസംരക്ഷണനിയമവും  1986 ല്‍ പരിസ്ഥിതി സംരക്ഷണ നിയമവും ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നത്. പരിസ്ഥിതി സംരക്ഷണം എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ചുമതലകളുടെ ഭാഗമാണ്. കൂടാതെ, നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങളുടെയും ഭാഗമാണ്. ഇത്തരമൊരു നിയമം നടപ്പിലാക്കുവാന്‍ ഇന്ത്യന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത് ആഗോള സമ്മര്‍ദ്ദത്തെക്കാള്‍ കൂടുതല്‍ ഉള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്ന് പറയാതെ വയ്യ.

കേരളത്തിലെ പല പ്രമുഖ സാമുദായിക പ്രസ്ഥാനങ്ങളും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ അനുകൂലിച്ചുള്ള നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ കൂടെ നിന്നിരുന്ന പ്രാദേശിക നേതൃത്വങ്ങള്‍ ചുവടു മാറ്റിക്കഴിഞ്ഞു. പക്ഷേ ഇതൊന്നും സമരത്തിന്‍റെ വീര്യം കുറയ്ക്കുന്നില്ല. മണ്ണിനോടും മഴയോടും മഞ്ഞിനോടും പടപൊരുതി ജയിച്ച ഒരു ജനതയുടെ രക്തത്തില്‍ പിറന്ന പുതുതലമുറ വിജയം കാണുംവരെ  സമരത്തില്‍ പങ്കാളിയാകുന്നു. പക്ഷേ കാര്‍ഷികവൃത്തിയെ ആശ്രയിച്ചു കഴിയുന്ന ഇവര്‍ക്ക് എത്രനാള്‍ ഇങ്ങനെ തുടരാന്‍ കഴിയുമെന്ന് സമരത്തിന്‍റെ ലഹരിയില്‍ മയങ്ങിക്കിടക്കുന്നവര്‍ തിരിച്ചറിയേണ്ട സമയമായിരിക്കുന്നു.

പശ്ചിമഘട്ടം മലയോര കര്‍ഷകരുടേത് മാത്രമാണോ എന്ന ചോദ്യം കേരളത്തിലുടനീളം ഉയര്‍ന്നു കഴിഞ്ഞു. മൂന്നുകോടി വരുന്ന മലയാളികളുടെ ജലസ്രോതസ്സാണിത്, ഉല്പാദനോപാധിയാണ്, അതിലേറെ ജീവശ്വാസമാണ്. ഇതിനെ സംബന്ധിച്ചുള്ള സമ്മേളനങ്ങള്‍ പല സ്ഥലങ്ങളിലും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ചില ഹരിത വേഷധാരികള്‍ അതിനു നേതൃത്വം നല്‍കാന്‍ രംഗത്തുണ്ട്. ഭൂരിപക്ഷത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇതിനെ നിഷേധിക്കാനാവില്ലല്ലോ. അതിനൊപ്പം നില്‍ക്കുക എന്നത് അവരുടെ നിലനില്‍പ്പിന്‍റെ ആധാരമാണ്. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നതില്‍ഉറച്ചുനില്‍ക്കുന്നു. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് ഉപരിയായ ഈ നീക്കത്തിന്‍റെ പിന്നിലെ കാരണമെന്താണ്? ആര്‍ക്കൊക്കെ വേണ്ടിയാണ് ഇവര്‍ സംസാരിക്കുന്നത്? എന്തൊക്കെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്?

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട ഈ റിപ്പോര്‍ട്ടിനെ ഇത്രമാത്രം വൃത്തികേടാക്കിയത് പരിസ്ഥിതിവാദികളുടെ പക്വതയില്ലായ്മയാണെന്ന് പറയാതെ വയ്യ. എന്തിലും ഏതിലും ഞങ്ങളാണ് അവസാന വാക്കെന്ന് പറയാനുള്ള ശ്രമം ഇവിടെ നടന്നിട്ടുണ്ട്. കര്‍ഷകരെ വിശ്വാസത്തിലെടുത്ത് കാരണങ്ങള്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ ഇതുപോലൊരു പ്രതികരണം ഉണ്ടാകില്ലായിരുന്നു എന്ന തിരിച്ചറിവ് അവരില്‍ ചിലര്‍ക്കെല്ലാമുണ്ട്. പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തില്‍, വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുത്തിയ ഒരു നിയമവ്യവസ്ഥ നിലനില്‍ക്കുന്നിടത്ത് തികച്ചും ഏകാധിപത്യപരമായി റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ ആര്‍ക്കാണ് അംഗീകരിക്കുവാന്‍ കഴിയുക? അവര്‍ അന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ അവസരത്തില്‍ ബാധിതപ്രദേശങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്നതിന് താല്‍പര്യം കാട്ടിയില്ല എന്ന ആക്ഷേപം അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കുപോലും ഉണ്ട്. എന്നിരുന്നാലും പശ്ചിമഘട്ട വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ (പരിസ്ഥിതി വാദികളല്ല) എടുത്തിരിക്കുന്ന നിലാപട് സ്വാഗതാര്‍ഹമാണ്. മേധാപട്കര്‍ അടക്കമുള്ള ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നവര്‍, കര്‍ഷകര്‍ക്കൊപ്പം നിന്നുകൊണ്ട്, അവരെ വിശ്വാസത്തില്‍ എടുത്തുകൊണ്ടുവേണം പശ്ചിമഘട്ട സംരക്ഷണം നടപ്പിലാക്കുവാനെന്ന് പറയുമ്പോള്‍ സത്യത്തില്‍ വലിയ സ്വീകാര്യത കര്‍ഷകര്‍ക്കിടയില്‍ ഉണ്ടാകേണ്ടതാണ്.

യഥാര്‍ത്ഥത്തില്‍ കേരള കത്തോലിക്കാ ബിഷപ് കോണ്‍ഫറന്‍സിന് ഇതിനോടു സമാനമായ സമീപനമാണുള്ളത്. സഭ പരസ്ഥിതി സംരക്ഷണത്തിന് എതിരല്ലെന്നും, റിപ്പോര്‍ട്ടുകള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി കര്‍ഷകരും ഗവണ്‍മെന്‍റും സമൂഹവും ഒന്നുചേര്‍ന്ന് തീരുമാനിക്കേണ്ട വിഷയമാണ് പശ്ചിമഘട്ടമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനായി ഏതുവിധത്തിലുള്ള നീക്കങ്ങളെയും സ്വാഗതം ചെയ്യുവാന്‍ സഭ തയ്യാറുമാണ്. പക്ഷേ, ഹൈറേഞ്ചു സംരക്ഷണസമിതിയുടെ ഈ അടുത്ത കാലത്തെ നീക്കങ്ങള്‍ അതിനു വിരുദ്ധമാണോ എന്ന് ഞാന്‍ സംശയിക്കുന്നു. ചില ആളുകളുടെ വ്യക്തിതാല്പര്യങ്ങളെ സംരക്ഷിക്കുവാന്‍ സഭയെയും വൈദികരെയും ആയുധമാക്കുന്നതായി പറയാതെ വയ്യ. ഇതിന്‍റെ വരുംവരായ്മകളെക്കുറിച്ച് സഭാനേതൃത്വം ചിന്തിച്ചു തുടങ്ങേണ്ടതാണ്. കാലഘട്ടങ്ങള്‍ക്കനുസൃതം മാറിയും മറിഞ്ഞും നില്‍ക്കുവാന്‍ സമരസമിതികള്‍ക്ക് കഴിയുമായിരിക്കും. പക്ഷേ, ദൈവരാജ്യ ലക്ഷ്യത്തിനായി അനേക സന്താനങ്ങളെ ജനിപ്പിക്കേണ്ട കത്തോലിക്കാ സഭയ്ക്കു തെറ്റുവരാന്‍ പാടില്ല. മലയോര കര്‍ഷകരും കൃഷിയുമൊക്കെ കത്തോലിക്കാ സഭയുടെ ഭാഗമാണെന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട്, ഉദ്ദേശശുദ്ധിയോടെ, യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമരമാണ് സഭ നടത്തേണ്ടത്. കായികമായ സമരത്തെക്കാള്‍ വീര്യം ഇത്തരം ആശയപരമായ നിലപാടുകള്‍ക്ക് ഉണ്ട് എന്നതിന് സംശയമേതുമില്ല.

ഇവിടെ ചില ചോദ്യങ്ങള്‍ ഉയരുന്നു. പട്ടയവും ഗാഡ്ഗിലും കസ്തൂരിരംഗനും മാത്രമാണോ കര്‍ഷകരുടെ പ്രശ്നങ്ങള്‍? കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയല്ലേ? കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏലം ഉള്‍പ്പടെയുള്ള നാണ്യവിളകളുടെ വിലയിടിവ് ജനകീയ സമരം നടത്തുന്നവര്‍ കാണുന്നില്ലേ? ഇതിനൊക്കെ ശേഷമാണ് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായതെന്ന് ആര്‍ക്കാണ് അറിയാത്തത്? കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് തമസ്കരിച്ചാലും, ഇപ്പോള്‍ നടത്തിവരുന്ന സമരത്തിന്‍റെ ഭാഗമായ മുദ്രാവാക്യങ്ങളിലെങ്കിലും അവ ഉള്‍പ്പെടുത്താന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? ഇവിടെ സുതാര്യതയും കര്‍മ്മബോധവും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. ആയുധരഹിത സമരങ്ങള്‍ നടത്തുന്നവര്‍ പാലിക്കേണ്ട കുറഞ്ഞ മര്യാദകള്‍ പോലും പാലിക്കുവാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ടോ? കൂടെ നിന്നവരെയും നില്‍ക്കുന്നവരെയും പരസ്യമായി മുറിപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഇത്തരം പേക്കൂത്തുകളാണോ ഗാന്ധിയന്‍ സമരം? ഒരു ഭരണകൂടത്തെ മുഴുവന്‍ വെറുപ്പിച്ചുകൊണ്ട് പ്രാദേശിക താല്പര്യം സംരക്ഷിക്കുവാന്‍ നടത്തുന്ന സമരത്തിന് എന്തെല്ലാം വില കൊടുക്കേണ്ടി വരും?

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി നടത്തിയ പോരാട്ടം ഇനിയും നമ്മെ ചില പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ക്കെതിരെ അച്ചുതണ്ടു ശക്തികള്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ ഇന്ത്യന്‍ ജനതയെ ഉദ്ബോധിപ്പിച്ച ഗാന്ധിജിയും, ശത്രുവിന്‍റെ ശത്രു മിത്രം എന്ന് പറഞ്ഞ് നാസികള്‍ക്കൊപ്പം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത സുഭാഷ് ചന്ദ്രബോസും തമ്മിലുള്ള അകലം എന്തുമാത്രമായിരുന്നു! വേഷവിധാനത്തിലല്ല ഗാന്ധിസം അടങ്ങിയിരിക്കുന്നത്, മറിച്ച്, അഹിംസയിലുറച്ച സമീപനത്തിലാണ.് കല്ലുവച്ച നുണകള്‍ പ്രചരിപ്പിക്കുന്നതാണോ നിങ്ങള്‍ പറയുന്ന ഗാന്ധിസം? സമവായ ചര്‍ച്ചകള്‍ക്കുപോലും പരിശ്രമിക്കാതെ തികച്ചും സ്വാര്‍ത്ഥപരവും ഏകാധിപത്യപരവുമായി പ്രതികരിക്കുന്നവര്‍ ജനാധിപത്യാവകാശങ്ങള്‍ അനുഭവിക്കുവാന്‍ യോഗ്യരാണോ? കേന്ദ്രഗവണ്‍മെന്‍റിന്‍റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ യാതൊരുവിധ സമ്മര്‍ദ്ദത്തിനും പരിശ്രമിക്കാതെ പാവപ്പെട്ട കര്‍ഷകരെ വഴിയിലിറക്കി വെയിലുകൊള്ളിക്കുന്നവര്‍ കേരള സമൂഹത്തോട് മറുപടി പറയേണ്ടിവരും. ലോകത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു വിഷയത്തില്‍ എല്ലാവരെയും വെറുപ്പിച്ചുകൊണ്ട് ജനകീയ സമരത്തിന് വിജയം കാണാന്‍ കഴിയുമോ? നാളെ ഭൂരിപക്ഷസമുദായങ്ങളും അവരെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷികളും മലയോര കര്‍ഷര്‍ക്കെതിരെ സമരത്തിനിറങ്ങിയാല്‍ എന്താവും കേരളത്തിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാമൂദായിക ഭാവി എന്നുകൂടി ചിന്തിച്ചുകൊണ്ടുവേണം ഇനിയുള്ള നീക്കങ്ങള്‍ നടത്തുവാന്‍. ഇവിടെ സമരത്തിനു നേതൃത്വം നല്‍കുന്നവര്‍ വെറുപ്പിക്കുന്ന ശൈലികള്‍ ഉപേക്ഷിച്ച് ക്രിയാത്മകമായ, ജനാധിപത്യപരമായ ആശയസമന്വയത്തിന്‍റെ രീതികള്‍ അവലംബിക്കണം എന്ന് സൂചിപ്പിക്കുവാന്‍ മാത്രമാണ് ഇത്രയും പറയേണ്ടിവന്നത്.

ജനാധിപത്യസംവിധാനത്തില്‍ ജനകീയസമരങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു എന്ന അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല. മലയോര കര്‍ഷകരെ പ്രതിരോധത്തില്‍ നിര്‍ത്തിക്കൊണ്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരത്തിന് കേരളജനതയും രാഷ്ട്രീയനേതൃത്വവും സാമുദായിക സംഘടനകളും സാമൂഹിക സംവിധാനങ്ങളും എന്തിനേറെ മാധ്യമലോകവും വലിയൊരു പ്രാധാന്യം നല്‍കാതെ പോയതില്‍ അത്ഭുതപ്പെടാനില്ല. ഇവിടെ പ്രതിരോധത്തില്‍ ആക്കേണ്ടത് നോക്കുകുത്തി ഭരണം നടത്തി സമയം തികയ്ക്കാന്‍ പരിശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കളെയും, കര്‍ഷകവിരുദ്ധ സമരങ്ങളിലൂടെ കര്‍ഷക ജീവിതത്തിന്‍റെ താളംതെറ്റിക്കുന്ന കേന്ദ്ര നേതൃത്വത്തെയും, മലയോര ജനതയുടെ വിയര്‍പ്പുതുള്ളികള്‍ വിറ്റ് കോടികള്‍ ലാഭം കൊയ്യുന്ന കുത്തക കമ്പോള സംഘടിത തിന്മകളെയും, പരിസ്ഥിതിയുടെ പേരുപറഞ്ഞ് കര്‍ഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവരെയുമാണ്. സമരനേതാക്കള്‍ വികാരം ഉപേക്ഷിച്ച് വിവേകം ഉപയോഗിക്കേണ്ട സമയമായിരിക്കുന്നു. ഇത്തരം സമരപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ സമരചരിത്രമുറങ്ങുന്ന, വിയര്‍പ്പുതുള്ളികളെ അപ്പമാക്കി മാറ്റിയ പൂര്‍വ്വികരുടെ പാദം പതിഞ്ഞ മണ്ണിന്‍റെ ഗന്ധം ഘ്രാണനം ചെയ്യുന്ന മലയോര ജനതയ്ക്ക് കഴിയട്ടെ.

ഒരു ചോദ്യം കൂടി അവശേഷിക്കുന്നു.
ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍
ഇനി പൂവിന്‍റെ ഗന്ധമില്ല.
നിലാവിന്‍ കുളിരു പുണരുവാന്‍
ബാഷ്പവും നഷ്ടപ്പെട്ടിരിക്കുന്നു.
നാളത്തെ മക്കള്‍ക്ക് നല്‍കുവാന്‍
ഇനിയും എന്തെങ്കിലും അവശേഷിക്കുമോ?

You can share this post!

ക്രിസ്തു ജനിക്കുന്നത്

ജോസ് സുരേഷ്
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts