news-details
സഞ്ചാരിയുടെ നാൾ വഴി

ആ പാദുകം അഴിച്ചുവയ്ക്കാന്‍ നേരമായി എന്നാണ് ദൈവം മോശയോടു പറഞ്ഞത്. അത് അയാള്‍ക്ക് തീരെ ഇണങ്ങുന്നില്ല. കാരണം ജന്മംകൊണ്ടയാള്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ചേറും വൈക്കോലും സമാസമം കുഴച്ച് മെതിക്കുന്ന ഇഷ്ടികക്കളങ്ങളില്‍ അയാളുടെ ചാര്‍ച്ചക്കാര്‍ വിണ്ടുകീറിയ കാല്‍പാദങ്ങളുമായി ഇപ്പോഴുമുണ്ട്. കൊട്ടാരം എടുത്ത് വളര്‍ത്തിയതുകൊണ്ടുമാത്രം വിലപിടിപ്പുള്ള പലതരം പാദുകങ്ങള്‍ അയാള്‍ക്ക് അണിയാനായിട്ടുണ്ട്. എന്നാല്‍, ആഴമില്ലാത്ത ആ സുഖജീവിതത്തില്‍നിന്ന് പുറത്ത് കടന്ന് അയാള്‍ക്ക് തന്‍റെ നിലനില്‍പ്പിനെ കുറെക്കൂടി അഗാധമാക്കേണ്ട ബാധ്യതയുണ്ട്. ചെരുപ്പ് ഇനിയൊരു ബാധ്യതയാണ്.  ആ ചെരുപ്പ് ഉപേക്ഷിച്ച് ഇനിയുള്ള നാല്പത് സംവത്സരങ്ങള്‍ അവരോടൊപ്പം സഞ്ചരിക്കാന്‍ അയാളിനി തയ്യാറാണ്.

ആ പാദുകം എന്തുമാകാം. നമുക്കിണങ്ങാത്ത, ചുറ്റിനുമുള്ള ആ മഹാഭൂരിപക്ഷത്തിന് നിരക്കാത്ത എന്തോ ഒന്ന്. അത് അകത്തുള്ള ഒരു സമീപനമാകാം പുറത്തുള്ള ഒരാഡംബരമാകാം. അതുപേക്ഷിക്കുക വഴി നിങ്ങള്‍ പുറത്തുള്ള ലോകത്തോട് കരുണകാട്ടുകയാണെന്നൊന്നും തെറ്റിദ്ധരിക്കേണ്ട. നിങ്ങളുടെ അസാന്നിധ്യത്തിലും ചുറ്റിലുമുള്ള സാധാരണക്കാരുടെ ജീവിതം അഴകുള്ളതുതന്നെ - ധനികവും. വാസ്തവത്തില്‍ നിങ്ങള്‍ നിങ്ങളെ സഹായിക്കുവാന്‍ പോവുകയാണ്. സാധാരണക്കാരുമായി ഉരഞ്ഞുരഞ്ഞ് സ്ഫുടം വയ്ക്കാത്ത നിങ്ങളുടെ ജീവിതം എത്ര ദരിദ്രമാണ്. കാറില്‍ മാത്രം പള്ളിയില്‍ പോകുന്ന വിശ്വാസിയെപ്പോലെ, കാര്‍ ടു കാര്‍പെറ്റ് ജീവിതം!

ആ പാദുകം തങ്ങള്‍ക്കിണങ്ങാത്തതാണെന്ന് തിരിച്ചറിയുന്നിടത്താണ് ഒരാളുടെ സാമൂഹിക പക്വത ആരംഭിക്കുന്നത്. ദാവീദിനെ സാവൂള്‍ പോര്‍ച്ചട്ട അണിയിച്ചപ്പോള്‍ സംഭവിച്ചതുപോലെ! ഒരു പിച്ചള തൊപ്പിയും തന്‍റെ കവചവും വാളുമൊക്കെ അയാള്‍ക്ക് സമ്മാനിച്ചു. എന്നാല്‍, അവയൊക്കെ അണിഞ്ഞ് നടക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്യങ്ങള്‍ ആയാസപൂര്‍ണ്ണവും കൃത്രിമവുമാണെന്ന് ഞൊടിയിടയില്‍ അയാള്‍ മനസ്സിലാക്കി. നമുക്കിണങ്ങാത്ത അലങ്കാരവുമായി ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാന്‍ അവസാനംവരെ നടക്കുകയാണ് നമ്മളില്‍ പലരുടെയും തലവര. എന്നാല്‍, ജീവിതത്തോട് ബ്രൂട്ടിലി സിന്‍സിയര്‍ ആവുകയാണ് വലിപ്പത്തിന്‍റെ അടയാളം. അയാള്‍ അതുരിഞ്ഞുവച്ച തന്‍റെ കവണയും കല്ലുമെടുത്ത് ഭാരമില്ലാത്തവനായി ജീവിക്കാമെന്ന് തീരുമാനിച്ചു (സാമു. 38-40).

ഗാന്ധിജിക്ക് മേല്‍ക്കുപ്പായമായിരുന്നു ഒഴിവാക്കേണ്ട പാദുകം. മദര്‍ തെരേസയ്ക്ക് അത് തന്‍റെ പരമ്പരാഗത സഭാവസ്ത്രമായിരുന്നു. രാമകൃഷ്ണ പരമഹംസന് അത് പൂണൂലും. എന്തിനാണ് ഒത്തിരി പവിത്ര സൂചനകള്‍ കൊണ്ട് ഇഴയുണ്ടാക്കിയ ആ അടയാളത്തെ ഉരിഞ്ഞുമാറ്റിയതെന്ന് ശിഷ്യന്‍ അമ്പരന്നപ്പോള്‍ ഏതാണ്ടിങ്ങനെയായിരുന്നു ഗുരുവിന്‍റെ മറുപടി: എട്ടുതരം ബന്ധനങ്ങളിലാണ് മാനവരാശി തുറങ്കിലായിരിക്കുന്നത്. ജാതി, സംസ്കാരം, ദ്വേഷം, ഭയം, അപമാനം, അംഗീകാരം, പ്രശസ്തി, അഹം എന്നിവയാണത്. അവയില്‍നിന്ന് സ്വയം മോചിതനാകണം. എങ്കിലേ ഈശ്വരസാക്ഷാത്കാരം സാധ്യമാകൂ. പൂണൂല് എന്നെ മറ്റുള്ളവരേക്കാള്‍ മീതെയാണെന്ന തോന്നലില്‍ എത്തിക്കുന്നു. ആ തോന്നല്‍ ഉള്ളിടത്തോളം കാലം എനിക്ക് ഈശ്വരനിലേക്കല്ല ഒന്നിലേക്കും ശരിയായ പ്രവേശനം ഉണ്ടാവുകയില്ല.

ഭംഗിയുള്ള ഒരു ചുവടുവയ്പിന് കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷിയാവാന്‍ പറ്റി. കോട്ടയത്ത് കാനം എന്നൊരു ഗ്രാമത്തില്‍ വിശാലമായ ഒരു പാടശേഖരത്തില്‍ ദീര്‍ഘവര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കൃഷി ആരംഭിക്കുകയാണ്. ഹിലാലിന്‍റെ നേതൃത്വത്തില്‍ അഭയന്‍ സാംസ്കാരിക സംഘമാണത് ഏറ്റെടുത്തിരിക്കുന്നത്. അസാധാരണമായ രാഷ്ട്രീയ ബോധമുണ്ടായിരുന്നു, അകാലത്തില്‍ പൊലിഞ്ഞ അഭയന്‍ എന്ന ആ ചെറുപ്പക്കാരന്. ഞാറുനടീലില്‍ പങ്കുചേരാന്‍ കുറെയേറെ ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ എന്നു പറയുന്നതായിരിക്കും ശരി. വരമ്പത്ത് ചെരുപ്പുകള്‍ അഴിച്ചുമാറ്റി മുട്ടോളം ചേറില്‍ നിന്ന് ഞാറ് നടുന്ന കാഴ്ച ആരുടെ മിഴികളെയാണ് സജലങ്ങളാക്കാത്തത്. സാധാരണക്കാരുടെ ആഴവും അഴകും തിരിച്ചറിയാന്‍ ആഭിമുഖ്യമുള്ള ആ മക്കള്‍ വരമ്പത്തെ ചെരുപ്പുകളെ അണിയാതെ പച്ചയായ ജീവിതത്തിലേക്ക് എന്നേക്കുമായി ഇറങ്ങിപ്പോകുമെന്ന് ഞങ്ങളില്‍ തെല്ലു മുതിര്‍ന്നവര്‍ കിനാവു കാണുന്നു.

സാധാരണക്കാരനായി നിലനിന്ന് അവരോട് സംവദിച്ച് കൊടുത്തുംകൊണ്ടും കടന്നുപോയതുകൊണ്ടാണ് നസ്രത്തിലെ ആ മരപ്പണിക്കാരന് ഇത്രയും അഴകെന്ന് ഞാന്‍ വിചാരിക്കുന്നു. എന്തിലും ഏതിലും അവരെ അഡ്രസ്സ് ചെയ്യാനാണ് അയാള്‍ ശ്രമിച്ചത്. അയാള്‍ക്ക് അതിനേ കഴിയൂ. വിഷമം പിടിച്ച ഒരോര്‍മ്മയുണ്ട് ക്രിസ്മസ് കാര്‍ഡുകളുടെ ആ നല്ലകാലത്ത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ചാക്കുനിറയെ കത്തുകളുമായി സെമിനാരിയിലേക്ക് സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ സൈക്കിള്‍ തടഞ്ഞ് വിചിത്രമായ ഒരാവശ്യം ഉന്നയിച്ച ഒരു പിച്ചക്കാരന്‍; "എനിക്കൊരു കത്ത് തരുമോ?" ഊട്ടുമേശയിലിരുന്ന് അത് പറഞ്ഞപ്പോള്‍ ചെറിയൊരു ഫലിതമായി അത് പാളിപ്പോകാതെ ഒരാള്‍ തടഞ്ഞു. ഒന്നല്ല മുഴുവന്‍ കാര്‍ഡുകളും അയാള്‍ക്ക് വേണ്ടിയാണ്. അഡ്രസ്സ് ഇല്ലാത്തവര്‍ക്കുവേണ്ടി. പെട്ടെന്ന് അന്തരീക്ഷത്തിന് കനം വച്ചു.

സുവിശേഷ വായനയില്‍ അത് ശരിയാണെന്ന് അനുഭവപ്പെട്ടു. പിറവിയുടെ മഹാദൂത് മേല്‍വിലാസമില്ലാത്ത ചിലരെത്തേടിയാണ് ആദ്യമേ പോയത്. ഇടയരിലേക്ക്. സാധാരണക്കാരെക്കാള്‍ സാധാരണക്കാര്‍. ഒരു കാനേഷുമാരിയുടെ പശ്ചാത്തലത്തിലാണ് യേശുവിന്‍റെ പിറവി. യേശുവിന്‍റെ മാതാപിതാക്കന്മാര്‍ കുറേക്കൂടി ഭാഗ്യമുള്ളവരാണ്. അവര്‍ക്ക് പേര് ചേര്‍ക്കാന്‍ ഒരിടമുണ്ട്. ഇടയരാവട്ടെ ഒരു പട്ടികയിലും പെടാത്തവര്‍. പഴയനിയമത്തില്‍ ദൈവം കുപിതനാകുന്ന അത്യപൂര്‍വ്വ നിമിഷങ്ങളിലൊന്ന് ദാവീദ് നടത്തിയ സെന്‍സസുമായി ബന്ധപ്പെട്ടതാണെന്നുള്ളത്  ഈ ആധാര്‍ കോലാഹലങ്ങളുടെ വര്‍ത്തമാനകാലത്തും എന്നെ അമ്പരപ്പിക്കുന്നു. എന്തുകൊണ്ടായിരിക്കുമത്. ഒരു കോളത്തിലും ഒതുങ്ങേണ്ടതല്ല മനുഷ്യനെന്ന സ്വാതന്ത്ര്യ പ്രഖ്യാപനമോ അതോ ഒരു കോളത്തിലും പെടാത്തവര്‍ എന്നും ഭൂമിയിലുണ്ടാകുമെന്ന സങ്കടമോ?

അന്ന് തൊട്ട് മിഴിപൂട്ടുവോളം ക്രിസ്തു അഡ്രസ്സ് ചെയ്യാന്‍ ശ്രമിച്ചത്, ഏതാണ്ട് അവരെ മാത്രമായിരുന്നു. ഉദാഹരണങ്ങള്‍ ആവശ്യമില്ലാത്തവിധത്തില്‍ അത്രയും ഋജുവായ ഒരു നിരീക്ഷണമാണത്. അവരില്‍ നിന്ന് ക്രിസ്തുവിനെ പിന്നീടാരോ മോഷ്ടിച്ചുകൊണ്ടുപോയി എന്നതാണ് ശരിയായ ദുരന്തം. സുവിശേഷത്തിന്‍റെ ഒടുവിലത്തെ താളുകളില്‍ ഒന്നില്‍ മഗ്ദലിനിലെ മറയത്തിലൂടെ ആ സങ്കടം കവിഞ്ഞൊഴുകുന്നുണ്ട്. ഒന്നേകാല്‍ ഖണ്ഡികയുടെ ഇടത്തില്‍ മൂന്നാവര്‍ത്തിയാണ് ആ  സങ്കടം മുഴങ്ങുന്നത്: ഞങ്ങളുടെ കര്‍ത്താവിനെ ആരോ മോഷ്ടിച്ചു. ഗണികകളുടെ, ചുങ്കക്കാരുടെ, കൃഷിക്കാരുടെ, മുക്കുവരുടെ, മരപ്പണിക്കാരുടെ, ദളിതരുടെ, കള്ളന്മാരുടെ, കുറിയവരുടെ കര്‍ത്താവിനെ ആരോ കവര്‍ന്നെടുത്തു. അവനെ മോഷ്ടിച്ചെടുത്തേക്ക് തിരികെ കൊണ്ടുപോവുകയാണ് സുവിശേഷത്തിന്‍റെ കാലികപ്രസക്തി.

അവിടുത്തെ വംശാവലിയിലേറെയും സാധാരണക്കാരില്‍ സാധാരണക്കാരാണ് എന്ന് പോലും നാം മറന്നുപോയി. അവരിലൊരാള്‍ റാഹാബ് ആയിരുന്നു. റാഹാബ് ആരാണെന്ന് വേദപുസ്തകം പരിശോധിച്ചു നോക്കൂ. യേശുവിന്‍റെ വല്യമുത്തശ്ശിയിലൊരാള്‍ വേശ്യയാണെന്ന് പറയുമ്പോള്‍ വായനക്കാരാ നിങ്ങളുടെ വായന ഇവിടെ നിര്‍ത്തുമോ?

എന്താണ് സാധാരണക്കാരന്‍റെ മൂലധനം. അതവന്‍റെ എണ്ണിത്തീര്‍ക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളില്‍നിന്ന് വാറ്റി ഉണ്ടാക്കിയ മൂല്യബോധമാണ്. അതുകൊണ്ടുതന്നെ ചില സനാതന വിചാരങ്ങളുടെ പൂമ്പൊടി അതിലുണ്ടാകും. യേശുവിന്‍റെ പരസ്യജീവിതത്തിന് നിമിത്തമായ കാനായിലെ കല്യാണവിരുന്നിന്‍റെയൊടുവില്‍ കലവറക്കാരന്‍റെ കണ്ടെത്തല്‍ ശ്രദ്ധിക്കുക. എല്ലാവരും അവരുടെ നല്ല വീഞ്ഞ് ആദ്യം വിളമ്പുന്നു, നിങ്ങളാകട്ടെ അതവസാനംവരെയും സൂക്ഷിച്ചുവച്ചല്ലോ എന്ന അയാളുടെ ആത്മഗതത്തില്‍ എത്രഭംഗിയുള്ള ജീവിത വീണ്ടുവിചാരങ്ങളുണ്ട്. തങ്ങളുടെ കൈവശമുള്ള ചൂട്ടുകറ്റ ഒന്ന് വീശി വായനക്കാരന്‍റെ ആത്മാവിനെ ഭാസുരമാക്കിയ കുറെ അധികം സാധാരണക്കാര്‍ ഇനിയും സുവിശേഷത്തിലുണ്ട്. ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥയില്‍ നിര്‍വാണത്തിലെത്തിയ ആ ചെറുപ്പക്കാരന്‍ തിരിച്ചറിഞ്ഞതുപോലെ എല്ലാവരും എന്നെ പ്രകാശിപ്പിക്കുകയാണ്. ഗണികയും വ്യാപരിയും കടത്തുകാരനും ഒക്കെ. ഏതെങ്കിലും തരത്തില്‍ പ്രകാശത്തിന്‍റെ ഒരു പൊന്‍പരാഗം സമ്മാനിക്കാതെ ഒരാളുമെന്നെ കടന്നുപോയിട്ടില്ല. മൈക്കിള്‍ കെല്ലിയുടെ Boring - എന്ന പുസ്തകം തപ്പിയെടുത്തു വായിച്ചാല്‍ നല്ലതാണ്. Finding an extraordinary God in an ordinary life എന്നതാണ് അതിന്‍റെ ഉപശീര്‍ഷകം.

വില്വമംഗലത്തിന്‍റെ കഥയോര്‍മ്മയില്ലേ. ഒരു ദേവദാസിയെ ഭ്രമിച്ചുപോയ ആള്‍ കോരിച്ചൊരിയുന്ന ഒരു മഴരാത്രിയില്‍ അവളെത്തേടിപ്പോവുകയാണ്. ഇടയ്ക്കൊരു കടത്തുണ്ട്. ഇരുളില്‍ ഏതാണ്ട് ഊഹം വച്ച് അത് തുഴഞ്ഞ് മറുകരയിലെത്തി പിന്നെ പുഴയിലേക്കതിനെ തള്ളിവിട്ടപ്പോള്‍ മനസ്സിലാക്കി അത് വഞ്ചിയാ യിരുന്നില്ല. വെള്ളത്തിലൊഴുകുന്ന ഒരു മൃതദേഹമായിരുന്നുവെന്ന്! അവളുടെ വള്ളിക്കുടിലിലേക്ക് പിടിച്ചുകയറുമ്പോള്‍  അയാളറിഞ്ഞില്ല അത് ഒരു പാമ്പായിരുന്നെന്ന്. ദേവദാസിയുടെ ചിരിയില്‍ ഒരു പരിഹാസം ഒളിപ്പിച്ചുവച്ചിട്ടുള്ളതായി അയാള്‍ക്ക് തോന്നി. അവള്‍ പറഞ്ഞു: എന്നോടുള്ള പ്രണയത്താല്‍ നിങ്ങള്‍ ശവത്തെ വഞ്ചിയെന്ന് ധരിച്ചു. പാമ്പിനെ വള്ളിയെന്നും. അതിന്‍റെ പതിനായിരത്തിലൊന്ന് പ്രണയം നിങ്ങള്‍ക്ക് നിങ്ങള്‍ നമസ്കരിക്കുന്നതിനോടുണ്ടായിരുന്നെങ്കില്‍ എന്നേ ആത്മാവിന്‍റെ പരമപദം പൂകിയേനെ. ഗണികയുടെ വാക്കിന്‍റെ മിന്നലേറ്റ് അയാള്‍ ജ്വലിച്ചു. വലിയ മനുഷ്യരെപ്പോലും ചെറിയ സൂചനകളിലൂടെ വഴിതിരിച്ചുവിടുന്ന ആന്തരികപ്രഭയുള്ള മനുഷ്യരാണ് നിങ്ങളീ സാധാരണക്കാരെന്നു പറയുന്നവര്‍.

ഒരു ബുദ്ധഗുരുവിന്‍റെ ജീവിതത്തെ പ്രകാശിപ്പിച്ചത് ഇറച്ചിവെട്ടുകാരനായിരുന്നു. ചന്തയിലൂടെ അലസമായി നടന്നുപോകുമ്പോള്‍ കശാപ്പുശാലയുടെ മുമ്പില്‍ സാമാന്യം നല്ലൊരു ആള്‍ക്കൂട്ടം. കൂട്ടത്തില്‍ നിന്ന് ആരോ അകത്തേക്ക് നോക്കി പറഞ്ഞു: ആ പന്നിക്കൂട്ടനില്‍ നിന്ന് നല്ലൊരു കഷണം മുറിച്ചു താ. കശാപ്പുകാരന്‍ കത്തിയുയര്‍ത്തി കൊലവിളി നടത്തി: എന്‍റെ ഈ പന്നിക്കുട്ടനില്‍ ഏതാണ് നല്ലതല്ലാത്തത്. ആ നിമിഷം ഗുരു പ്രകാശിതനായി. കാലാകാലങ്ങളായി അയാളില്‍ രൂപപ്പെട്ട ദ്വന്ദങ്ങളുടെ - ഇരുളും വെളിച്ചവും, നന്മയും തിന്മയും etc- വരമ്പ് ഒലിച്ചുപോയി. വെറുതെയല്ല 'ഇറയത്ത് ബോധിപൂത്തിട്ടും ലോകരത് കണ്ടില്ലാ' എന്ന ബാഷോ എഴുതുന്നത്.

എന്തിനോടും പുലര്‍ത്തുന്ന നൂറ്റൊന്നുശതമാനം അര്‍പ്പണമാണ് സാധാരണക്കാരുടെ ശരിക്കുമുള്ള പ്ലസ് പോയിന്‍റ്. അവന്‍ പിറന്ന രാത്രിയില്‍ പോലും ആടുകള്‍ക്ക് കാവലിരുന്ന ഇടയന്മാര്‍ എന്ന വാക്കില്‍ അതിന്‍റെ സൂചനയുണ്ട്. ചെറിയ ചെറിയ കര്‍മ്മമേഖലയോട് എന്തൊരു അര്‍പ്പണമാണ് അവര്‍ക്ക്. മട ഇടിയുമ്പോള്‍ ചിന്തിച്ചുനില്‍ക്കാന്‍ നേരമില്ലാത്തതുകൊണ്ട് കുറുകെ കിടന്ന് ചേറുവാരിപ്പൊത്തി മരവിച്ചുപോയവരുടെ എത്ര കഥകള്‍ നിങ്ങള്‍ക്ക് കുട്ടനാട്ടില്‍ നിന്ന് കേള്‍ക്കണം. വെറുതെയല്ല ഓരോരുത്തരുടെയും പണിയിടങ്ങളില്‍നിന്ന് തനിക്കുള്ളവയെ ആ മരപ്പണിക്കാരന്‍ തപ്പിയെടുത്തത്. തൊഴില്‍ അന്നത്തിന്‍റെ പര്യായമാണെന്ന് അവരോളം ആരുമറിഞ്ഞിട്ടില്ല. ഒരു പണിയില്‍ സംഭവിക്കുന്ന പാളിച്ചകളെ ചോറില്‍ മണ്ണിടുകയെന്ന മട്ടില്‍ ലളിതമായ അവരുടെ ഭാഷ്യം. ഉന്നതശ്രേണിയുള്ളവര്‍ക്ക് അതിനോടത്രയും മതിപ്പോ അര്‍പ്പണമോ വേണമെന്ന് ശഠിക്കരുത്. അവര്‍ക്ക് ജീവിതം ബുഫെ ടേബിള്‍ പോലെയാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്ന്. എന്നാല്‍, ആദ്യം പരാമര്‍ശിച്ചവര്‍ക്ക് എന്നും ഒറ്റമീന്‍കറി ഊണാണ്!

അപ്പംകൊണ്ടുമാത്രം ജീവിക്കുന്നവര്‍ എന്നൊരു തെറ്റിദ്ധാരണ സാധാരണക്കാരെക്കുറിച്ച് പലരും പുലര്‍ത്താറുണ്ട്. ചെറിയ പ്രായത്തിന്‍റെ ഒരു കണ്ടെത്തലിതാണ്, സംഗീതം, സാഹിത്യം, കല, തുടങ്ങിയവയിലൊക്കെ ഈ സാധാരണക്കാര്‍ പുലര്‍ത്തുന്ന നനവ് അവരെക്കാള്‍ പലമടങ്ങ് സമയവും സാവകാശവുമുള്ള ഈ നീലരക്തക്കാര്‍ക്കില്ലായെന്നുതന്നെ. സ്വയം മിനുക്കിയും വസിക്കുന്ന പരിസരങ്ങളെ മോടിപിടിപ്പിച്ചും പുതിയപുതിയ സൗകര്യങ്ങളുടെയും സുഖങ്ങളുടെയും മേച്ചില്‍പുറംതേടി ഉള്ള് പൊള്ളയാവുകയാണ് അവരുടെ തലവര. പഴങ്കഥകളിലെ ദുര്‍മന്ത്രവാദികളെപ്പോലെ അത്രയും പൊള്ളയായതുകൊണ്ട് അവരുടെ മനസ്സിലല്ല ശരീരത്തില്‍പോലും സ്പര്‍ശിക്കാന്‍ നമുക്കാവില്ല. അവര്‍ക്ക് വാക്കിന്‍റെ ആശ്വാസമോ പ്രകാശമോ വേണ്ട. കുറച്ച് പുസ്തകക്കെട്ടുമായി പള്ളിമുറ്റത്ത് ഇരിക്കുന്ന ഒരാളെന്ന നിലയില്‍ ഉള്ള അനുഭവസാക്ഷ്യമാണിത്!

അസാധാരണ അഴകുള്ള സങ്കല്‍പലോകത്തിലാണ്, ഇത്തരം മനുഷ്യരില്‍ മിക്കവരും കൂടുകൂട്ടുന്നത്. പ്രശസ്തമായ ആ മെക്സിക്കന്‍ ചലച്ചിത്രം ഓര്‍ക്കൂ. ടോമി ലീയുടെ ത്രീ ബറിയല്‍സ് ഓഫ് മെല്‍ക്യുയഡസ് എസ്ട്രാഡ (2005). കൊലചെയ്യപ്പെട്ട ഒരു നാടോടി. അയാളുടെ ആത്മസുഹൃത്തായ ഒരാള്‍ കൊലപാതകിയെക്കൊണ്ട് തന്നെ അയാളുടെ മൃതശരീരത്തെ സ്വന്തം ഊരിലെത്തിക്കാനുള്ള ശ്രമമാണ്. താന്‍ വിട്ടിട്ട് പോന്ന ദേശത്തെക്കുറിച്ചും തന്‍റെ ഭംഗിയുള്ള വീടിനെക്കുറിച്ചും എത്ര വാഗ്മയചിത്രങ്ങളാണ് അവരുടെ സൗഹൃദഭാഷണങ്ങളില്‍ എന്നും മുഴങ്ങിയിരുന്നത്. മൃതശരീരത്തെയും വച്ചുകൊണ്ടുള്ള ആ യാത്രയില്‍ അതെല്ലാം കൂട്ടുകാരോര്‍മ്മിച്ചെടുക്കുന്നുണ്ട്. ദുര്‍ഘടമായ ഒരു യാത്രയായിരുന്നു അത്. ഒടുവില്‍ അവിടെയെത്തിയപ്പോഴാകട്ടെ അങ്ങനൊരു വീടോ ഭാര്യയോ കുഞ്ഞുങ്ങളോ തൊടിയോ അയാള്‍ക്കില്ലെന്ന പച്ചയായ സത്യം!

Culture is ordinary എന്ന റെയ്മണ്ട് വില്യംസിന്‍റെ ഒരു പ്രബന്ധമുണ്ട് (1958). സംസ്കാരമെന്ന് നാം വിശേഷിപ്പിക്കുന്ന എല്ലാം തന്നെ രൂപപ്പെടുത്തിയത് കുലീനരായ മനുഷ്യരായിരുന്നില്ല മറിച്ച്, സാധാരണക്കാരുടെ നടപ്പുരീതികളായിരുന്നുവെന്ന പ്രഖ്യാപനമാണ് അതില്‍. അവരുടെ ഭംഗിയുള്ള, ആഴമുള്ള ലോകത്തിലേക്ക് പ്രവേശിക്കുവാന്‍ തടസ്സമാകുന്ന ഏതു പാദുകമാണ് വായനക്കാരാ ഇനിയും നിങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടത്. കുറച്ച് ഇച്ഛാശക്തിയും തമ്പുരാന്‍റെ പൊന്‍കരങ്ങളുമുണ്ടെങ്കില്‍ ആര്‍ക്കും അതിനാവും. ഡല്‍ഹിയില്‍ കെജ്റിവാള്‍ അത് കാട്ടിത്തരുന്നുണ്ട്. കുറച്ചു ദൂരെ വത്തിക്കാനില്‍ ഒരു മാര്‍പ്പാപ്പ ദരിദ്രരുടെ എളിയസഭയെന്ന് ക്രിസ്തീയതയെ പുനര്‍നിര്‍വജിക്കുന്നുണ്ട്. ചില തീരുമാനങ്ങള്‍ക്ക് ഇത് നല്ല സമയമാണെന്ന് തോന്നുന്നു. വേദപുസ്തകത്തിന്‍റെ ഭാഷയില്‍ ഇതാണ് സ്വീകാര്യമായ സമയം.

You can share this post!

ശാന്തരാത്രി

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts