news-details
മറ്റുലേഖനങ്ങൾ

ലഹരിക്ക് അടിമകള്‍ മരിച്ച മനുഷ്യരാണ്

ഏതൊരു അപ്പനും അമ്മയും  അധ്യാപികയും അധ്യാപകനുമൊക്കെ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു ചോദ്യം ഇതാണ്: വല്ലപ്പോഴും ഒരു ലഹരിയോ, സിഗരറ്റോ, മദ്യമോ ഉപയോഗിക്കുന്നതിന്‍റെ പേരില്‍ എന്താണിത്രയും ബഹളമുണ്ടാക്കുന്നത്? ഇതിനുള്ള മറുപടി ആര്‍ക്കും കണ്ണു തുറന്നാല്‍ കാണാവുന്നതേയുള്ളൂ. ഭൂമിയില്‍ ഏതെങ്കിലും ഒരു കമ്പനി അവരുണ്ടാക്കുന്ന പ്രൊഡക്റ്റ് മോശമാ ണെന്നു പറയുമോ? എത്ര കോടി മുതല്‍മുടക്കിയാണ് അവരൊരു സാധനം മാര്‍ക്കറ്റില്‍ ഇറക്കുന്നത്! ഒരു വിധത്തിലുള്ള ദോഷവും ആ പ്രൊഡക്റ്റിനെക്കുറിച്ച് അതുണ്ടാക്കുന്നവര്‍തന്നെ പറയില്ല. എന്നിട്ടും മദ്യക്കുപ്പിയിലും സിഗരറ്റു പാക്കറ്റിലും വലിയ അക്ഷര ത്തില്‍ അതുണ്ടാക്കുന്നവര്‍തന്നെ എഴുതിവച്ചിട്ടുണ്ട്:  ഇത് ആരോഗ്യത്തിനു ഹാനികരം. അതായത്, കോടികള്‍ മുടക്കി തങ്ങള്‍ ഉണ്ടാക്കുന്ന പ്രൊഡക്റ്റ് അതിന്‍റെ കസ്റ്റമര്‍ക്ക് ദോഷമുണ്ടാക്കുന്നതാണെന്ന്! ഇതില്‍ സത്യമില്ലെങ്കില്‍ ഏതെല്ലാം കോടതികളില്‍ പോയി അവര്‍ അതിനെതിരേ വിധി വാങ്ങുമായിരുന്നു!

എന്താണ് ഒരു തവണ പുകവലിച്ചതുകൊണ്ടോ, ഒന്നു ഡ്രഗ് ഉപയോഗിച്ചതുകൊണ്ടോ കുഴപ്പം? അത് ഒന്നില്‍ നില്‍ക്കുന്നില്ല എന്നതുതന്നെയാണ് അതിന്‍റെ കുഴപ്പം. ഒരു പരീക്ഷണത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഒരു തവളയെ പിടിച്ച് നല്ല ചൂടുവെള്ളത്തില്‍ ഇട്ടാല്‍ പെട്ടെന്നതു ചാടി രക്ഷപെടും. ഇനി അതിനെ പിടിച്ച് തണുത്ത വെള്ളത്തില്‍ ഇട്ടിട്ട് വളരെ സാവധാനം വെള്ളത്തിന്‍റെ ചൂടു കൂട്ടിക്കൊണ്ടുവരിക. തവള, ആ വെള്ളത്തിന്‍റെ ചൂടുമായി പൊരുത്തപ്പെട്ടു പൊരുത്തപ്പെട്ട്, ഒടുക്കം അതില്‍തന്നെ വെന്തു മരിക്കും. ഇങ്ങനെതന്നെയാണു ലഹരിയുടെയും പ്രവര്‍ത്തനം. അതിനടിമപ്പെട്ട ഒരാളുപോലും 10 ഗ്രാം കഞ്ചാവ് ഒറ്റയടിക്കു വലിച്ചല്ല തുടങ്ങിയത്, പിന്നെയോ ഒരു നുള്ളു കഞ്ചാവില്‍ നിന്നാണ്. ഒരു ദിവസം പത്തു സിഗരറ്റു വലിക്കുന്നയാള്‍ അതു തുടങ്ങിയത് ഒരു ദിവസത്തെ ഒറ്റപ്പുകയില്‍നിന്നാണ്. സാവധാനം ഒരു അളവും മതിയാകാതെ വരികയാണ്.
ലഹരിയുടെ പ്രത്യേകത, അതുപയോഗിച്ചു തുടങ്ങുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കതു നിര്‍ത്താന്‍ കഴിയുമെന്നതാണ്. പക്ഷേ അപ്പോള്‍ അതിനുള്ള ആഗ്രഹമുണ്ടാകില്ല. പിന്നീട് ലഹരിയുപയോഗം എങ്ങനെയും നിര്‍ത്തണമെന്നു നിങ്ങളാഗ്രഹിക്കും. പക്ഷേ, അപ്പോഴേയ്ക്കും അതു നിര്‍ത്താന്‍ നിങ്ങള്‍ക്കു കഴിയാതെ വരുന്നു. ഒരു ദിവസം ആയിരം രൂപ ചെലവു ചെയ്തു ജീവിക്കുന്നയാള്‍ക്ക് അന്‍പതു രൂപ മാത്രം ചെലവു ചെയ്തു ജീവിക്കുകയെന്നത് മിക്കവാറും അസാധ്യമായ കാര്യമാണെന്നതു പോലെതന്നെ യാണു ഡ്രഗിന്‍റെ കാര്യവും. രണ്ടു പെഗ്ഗു മദ്യംകൊണ്ട് തലച്ചോറില്‍ നിറയുന്നത് ആയിരം ഡോപോമിന്നാണ്. അതിനെ അന്‍പതിലേക്കു കുറയ്ക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടു പിടിച്ചതാണ്. അങ്ങനെ തുടക്കത്തില്‍ നമുക്കു ചിറകുകള്‍ തന്നിരുന്ന ലഹരിവസ്തുക്കള്‍ നമ്മുടെ സകല ആകാശത്തെയും നമ്മില്‍ നിന്ന് അടര്‍ത്തിമാറ്റുന്നു. പറക്കാന്‍ ആകാശമില്ലാതെ നിലത്തിഴയുന്ന എത്ര ജന്മങ്ങളെ യാണു നമ്മള്‍ ചുറ്റുവട്ടത്തും കണ്ടുകൊണ്ടിരിക്കുന്നത്.

ലഹരിക്ക് അടിമയാകുക എന്നത്, നമ്മള്‍തന്നെ സ്വയമൊരു ജയില്‍മുറിയില്‍ കയറി, നമ്മള്‍തന്നെ അകത്തുനിന്ന് താഴിട്ടുപൂട്ടുന്നതു പോലെയാണ്. അതു തുറക്കാനുള്ള താക്കോല്‍ അകത്തുള്ള ആളുടെ കൈയില്‍ മാത്രമാണുള്ളത്. എന്നിട്ടും ചിലരൊക്കെ അതു വലിച്ചെറിഞ്ഞ് സ്വയം തോല്‍പിക്കുകയാണ്. ലഹരിക്കടിമയായി, ജീവിതം മനുഷ്യോചിതമായി ജീവിച്ചു തീര്‍ത്ത ഒരാളെക്കുറിച്ചുപോലും നമുക്കറിവില്ലാതിരിക്കേ, ഒരു സംശയത്തിനും ഇടംകൊടുക്കാത്ത വിധത്തില്‍ നമുക്ക് ലഹരിയോടു NO പറയാം. ലഹരിക്ക് അടിമകള്‍ മരിച്ച മനുഷ്യരാണ്: DEAD (D-E-A-D). അതൊരു short form ആയി കരുതിയാല്‍, അതിന്‍റെ full form ഇതാണ്:Drugs End All Dreams (D-E-A-D: Dead) എല്ലാ സ്വപ്നങ്ങളും കുഴിച്ചുമൂടിയ ശവപ്പറമ്പായി നമ്മുടെ ജീവിതം മാറാതിരിക്കാന്‍ നമുക്കു പ്രതിജ്ഞ ചെയ്യാം - ഞങ്ങളുടെ ജീവിതത്തെ ലഹരിക്കു ഞങ്ങള്‍ വിട്ടു കൊടുക്കില്ല.

You can share this post!

എന്നെ അനുഗമിക്കുക

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts