news-details
മറ്റുലേഖനങ്ങൾ

ദേവാലയം ബ്രഹ്മാണ്ഡമാകുമ്പോള്‍... നാം ഭയപ്പെടണം

കേരളീയര്‍ക്ക് അനുകരണശീലം വളരെ കൂടുതലാണ്.  അനുകരണത്തിന് പാശ്ചാത്യരെയാണ് നാം മാതൃകയായി കണ്ടത്.  അവരുടെ വേഷഭൂഷാദികള്‍ മാത്രമല്ല ഭക്ഷണം, വീട്, വിദ്യാഭ്യാസം തുടങ്ങിയവയും നാം അനുകരിച്ചു തുടങ്ങി.  അവയൊക്കെ നമ്മുടെ ശരീരപ്രകൃതിക്കും കാലാവസ്ഥക്കും പറ്റിയതാണോ എന്നൊന്നും ചിന്തിക്കാതെ അന്ധമായി അനുകരിക്കുകയായിരുന്നു.  ഈ അനുകരണം ഭൗതിക കാര്യങ്ങളില്‍ നിന്ന് ആത്മീയതയിലേക്കും കടന്നു.  പാശ്ചാത്യ ഭക്ത്യനുഷ്ഠാനങ്ങള്‍ പലതും നാം സ്വന്തമാക്കി.  വലിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുക അവര്‍ക്ക് ഒരു ഹരമായിരുന്നു.  രാജാക്കന്മാരും പ്രഭുക്കന്മാരും നല്കിയ സാമ്പത്തിക സഹായത്തില്‍ ദൈവാലയ നിര്‍മ്മാണം വലുപ്പത്തിലും ശില്പഭംഗിയിലും മികച്ചവയാക്കുന്നതില്‍ മത്സരം തന്നെ നടന്നു.  ഇത് കേരളത്തിലേക്കും വ്യാപിച്ചു.  ബ്രഹ്മാണ്ഡ ദേവാലയ നിര്‍മ്മാണത്തിന് അരയും തലയും  മുറുക്കുന്ന സന്ദര്‍ഭത്തില്‍ നാം ഭയപ്പെടേണ്ട ചില കാര്യങ്ങളുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം.

പാശ്ചാത്യ ലോകത്തെ ബ്രഹ്മാണ്ഡ ദേവാലയങ്ങളുടെ ഇന്നത്തെ  അവസ്ഥ.

2011 ഒക്ടോബര്‍-ഡിസംബര്‍ ലക്കം ശാലോം മെസഞ്ചറില്‍ ഫാ. റോയി പാലാട്ടി CMI നല്‍കുന്ന സാക്ഷ്യം എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്.  ഹോളണ്ടില്‍ ഒരു അന്തര്‍ദ്ദേശീയ സെമിനാറില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്‍റെ വാക്കുകള്‍: "സെമിനാറിന്‍റെ ഉദ്ഘാടനം നടന്നത് അവിടത്തെ അറിയപ്പെടുന്ന കത്തീഡ്രലില്‍. അള്‍ത്താര സ്റ്റേജാക്കി.  ഗായകസംഘത്തിന്‍റെ ഇടം ഇപ്പോള്‍ റിക്കാര്‍ഡിംഗിന്.  പരിശുദ്ധ സക്രാരി സൂക്ഷിച്ചിരുന്ന ഇടം പ്രധാന പ്രഭാഷകന്‍റെ സ്ഥാനമായി.  ഒരു ഭാഗത്ത് ബിയര്‍ പാര്‍ലര്‍, മറുഭാഗത്ത് ചര്‍ച്ചാവേദി.  നാനൂറ് വര്‍ഷം സങ്കീര്‍ത്തനങ്ങളും മറ്റ് വിശുദ്ധ ഗീതങ്ങളും ഉയര്‍ന്നിടത്ത്, ആയിരക്കണക്കിന് വിശുദ്ധ ബലികള്‍ അര്‍പ്പിക്കപ്പെട്ടിടത്ത് കണ്ട കാഴ്ചകളാണിവ."

ജര്‍മ്മനിയില്‍ അദ്ദേഹം കണ്ട കാഴ്ചകള്‍ : "ഇവിടെ ചില ഭാഗങ്ങളില്‍ ഹോട്ടലുകളായി മാറ്റിയ പള്ളികളുടെ ശ്രീകോവിലിലിരുന്ന് 'ചിയേഴ്സ് പറയാന്‍' പ്രത്യേക തുക നല്കണം.  മുറിക്കപ്പെട്ടവന്‍റെ ഓര്‍മ്മയാചരിക്കുന്നിടം ഇന്ന് ആഘോഷവേദിയാണ്."

ബല്‍ജിയത്തെക്കാര്യവും ഭിന്നമല്ല.  ഫാ. റോയി പാലാട്ടി തുടരുന്നു:  "ലുവെയ്ന്‍ സിറ്റിയില്‍ ഇനി ആകെ ശേഷിക്കുന്നത് മൂന്ന് തദ്ദേശീയ സെമിനാരികള്‍ മാത്രം.  പള്ളികള്‍ അധികപങ്കും യൂണിവേഴ്സിറ്റികള്‍ ഏറ്റെടുത്ത് ലാബും ക്ലാസ്സുമുറികളും സ്റ്റേഡിയങ്ങളും ആക്കിക്കഴിഞ്ഞു.  വിശ്രുതനായ ഫുള്‍ട്ടന്‍ ജെ. ഷീന്‍, വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ തുടങ്ങി നൂറുകണക്കിന് മഹാന്മാര്‍ പഠിച്ചതും 154 വര്‍ഷത്തെ പാരമ്പര്യമുള്ളതുമായ അമേരിക്കന്‍ കോളേജ് സെമിനാരി അടച്ചുപൂട്ടി.  മാര്‍പ്പാപ്പയുടെ കീഴിലുള്ള ഏറ്റവും വലിയ കാത്തലിക്ക് യൂണിവേഴ്സിറ്റി അതിന്‍റെ കാത്തലിക്ക് ഐഡന്‍റിറ്റി വേണ്ടെന്നു വച്ചു."
ഈ വിവരണത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നതാണ് 2014 മെയ് ലക്കം ശാലോം ടൈംസില്‍ സി. ഡോ. മേരി ലിറ്റിയുടെ                         55 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ട യൂറോപ്പ് എന്ന ലേഖനം.  അതിലെ പ്രസക്ത ഭാഗങ്ങള്‍ നൂറ്റാണ്ടുകളായി കത്തോലിക്ക സഭയുടെ ഈറ്റില്ലമായി നിലകൊണ്ടിരുന്നത് യൂറോപ്പായിരുന്നു.  സഭയുടെ ഏതാണ്ട് 90 ശതമാനത്തോളം വിശുദ്ധരെയും പ്രദാനം ചെയ്ത പ്രദേശം.  ലോകം മുഴുവനും സുവിശേഷമെത്തിക്കുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും തീക്ഷ്ണതയാല്‍ ജ്വലിച്ച മിഷനറിമാരെ സംഭാവന ചെയ്ത നാട്.  പാരീസിലെ പല തെരുവുകളും വിശുദ്ധരുടെ പേരിലാണ് അറിയപ്പെടുന്നത്.  വിശുദ്ധിയുടെ പരിമളം പരത്തിയിരുന്ന നാടിന്‍റെ അവസ്ഥ ഇന്ന് എത്രയോ പരിതാപകരമാണ്.  അവിടുത്തെ സഭയുടെ ദയനീയ അവസ്ഥ നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.  കത്തീഡ്രല്‍ ദേവാലയങ്ങള്‍ മ്യൂസിയവും മോസ്ക്കുകയും ബാറുകളും ഹോട്ടലുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഒക്കെയായി പരിണമിച്ചുകഴിഞ്ഞു.

പാശ്ചാത്യസഭയുടെ ഈ അധഃപതനത്തിന്‍റെ മുഴുവന്‍ കാരണവും ബ്രഹ്മാണ്ഡ ദേവാലയങ്ങള്‍ ഉണ്ടായതാണ് എന്ന് വാദമില്ല.  എന്നാല്‍ ബ്രഹ്മാണ്ഡ ദേവാലയങ്ങള്‍ അധഃപതനത്തിന്‍റെ ആദ്യസൂചനയാണ്.  ലൗകികത്വം (സെക്കുലറിസം) ബാധിച്ച് ആത്മീയത നഷ്ടപ്പെട്ട് മൃതപ്രായമായ കത്തോലിക്കസഭയുടെ ദയനീയാവസ്ഥയാണല്ലോ മേല്‍ക്കണ്ടത്.  ലൗകികത്വത്തിന്‍റെ അതിപ്രസരം ആത്മീയതയെ തളര്‍ത്തും.  ഈ ലൗകികാതിപ്രസരം കേരളസഭയില്‍ നാം കണ്ടു തുടങ്ങിയിരിക്കുന്നു.  അതിന്‍റെ തെളിവാണ് സഭ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വൈപുല്യവും ധാരാളിത്തവും.  അത് ഏറെ പ്രകടമാകുന്നത് ബ്രഹ്മാണ്ഡ ദേവാലയങ്ങളുടെ നിര്‍മ്മിതിയിലാണ്.  എട്ടോ പത്തോ പതിനഞ്ചോ വര്‍ഷമായാലും വേണ്ടില്ല, എത്ര കോടി രൂപാ എന്നതും പ്രശ്നമല്ല, ദേവാലയം ബ്രഹ്മാണ്ഡമായിരിക്കണമെന്നതില്‍ മാറ്റമില്ല. അസുഖകരമായ ഈ അവസ്ഥയിലും വിശ്വാസികള്‍ ഭക്ത്യനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ഒരു മുടക്കവും വരുത്തുന്നില്ല എന്നത് സീറോ മലബാര്‍ സഭയുടെ പുണ്യം.  

വിശ്വാസികളില്‍ നിന്ന് നിര്‍ബന്ധിച്ച് പണമുണ്ടാക്കി ദേവാലയങ്ങള്‍ നിര്‍മ്മിച്ചാല്‍ ദേവാലയം വലുതാകും.  പക്ഷേ, വിശ്വാസം ക്ഷയിക്കും. അങ്ങനെ വന്നാല്‍ വിദേശങ്ങളിലെ വലിയ പള്ളികള്‍ക്ക് എന്തുസംഭവിച്ചോ, അതുതന്നെ നമ്മുടെ ബ്രഹ്മാണ്ഡ ദേവാലയങ്ങള്‍ക്കും സംഭവിക്കാന്‍ അധികാലം വേണ്ടിവരില്ല.  ഇതോര്‍ത്ത് നാം ഭയപ്പെടണം.

പ്രവാചകത്വം നഷ്ടപ്പെട്ട സഭ

ആദിമസഭയുടെ നേതൃത്വം അപ്പസ്തോലന്മാര്‍ക്കായിരുന്നു.  അവരെ സഹായിക്കാന്‍ പ്രവാചകന്മാരും പ്രബോധകന്മാരുമുണ്ടായിരുന്നു.  (1 കോറി. 12:28, അപ്പ. പ്ര. 13: 1) നാലാം നൂറ്റാണ്ടോടെ പള്ളികളും ഇടവകകളും രൂപതകളുമൊക്കെയായി സഭ സംഘടിതരൂപം സ്വീകരിച്ചപ്പോള്‍ പൗരോഹിത്യം ശക്തിപ്രാപിച്ചു.  അതോടെ പ്രവാചകത്വം അവസാനിച്ചു.  പ്രവാചകന്‍ എതിര്‍പ്പിന്‍റെ പ്രതീകമാണ്.  നിര്‍ഭാഗ്യങ്ങളെ സ്വന്തമാക്കുന്നവനാണ് പ്രവാചകന്‍.  അധികാരത്തെഎതിര്‍ക്കുക അവന്‍റെ കടമയാണ്. കാരണം എല്ലാ അധികാരത്തിന്‍റെയും പിന്നില്‍ ചൂഷണമുണ്ട്. അധികമായിട്ടുള്ളതെല്ലാമാണ് അധികാരമായിത്തീരുന്നത്.  അതിനെയാണ് പ്രവാചകന്മാര്‍ എതിര്‍ക്കുന്നത്.  പൗരോഹിത്യം ശക്തിപ്രാപിച്ച് പ്രവാചകശബ്ദം നിലച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന തിരുത്തല്‍ ശക്തിയാണ് ഇല്ലാതായത്.  അതോടെ സഭ ഒരു പൗരോഹിത്യപ്രസ്ഥാനമാവുകയും അതിന്‍റെ ദൗത്യം അധികാരവും ഭരണവുമായിത്തീരുകയും ചെയ്തു.  ഇന്ന് സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതാണ്.  എതിര്‍ക്കാന്‍ പ്രവാചകന്മാരില്ല എന്നത് ഈ പ്രതിസന്ധിയെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.  എതിര്‍പ്പില്ല എന്നുവന്നതോടെ ലോകത്തിലെ അധര്‍മ്മങ്ങളോട്, സഭ രാജിയാവുകയും ക്രിസ്തു 'കുറവ' ആയിക്കണ്ടതിനെ സഭ കുറവായി കാണാതിരിക്കുകയും ചെയ്തു.  ക്രിസ്തുവിന്‍റെ കല്പനകളില്‍ നിന്നുള്ള വ്യതിയാനം സഭയെ ഒരു സാമ്പത്തിക പ്രസ്ഥാനമാക്കിമാറ്റി.  അതോടെ സഭയുടെ അപചയം ആരംഭിച്ചു.

പ്രമാണങ്ങള്‍ പാലിക്കുമ്പോഴും 'കുറവ്' നിലനില്ക്കുന്നു.

നിത്യജീവന്‍ അവകാശമാക്കാന്‍ എന്തുചെയ്യണമെന്ന് ചോദിച്ചവനോട് ക്രിസ്തുപറഞ്ഞത് പ്രമാണങ്ങള്‍ പാലിക്കാനാണ്.  അവ പാലിക്കുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ക്രിസ്തുപറഞ്ഞു.  څനിനക്ക് ഒരു കുറവുണ്ട്.  നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക.چ  ഇതുകേട്ട് വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി.  (മര്‍ക്കോസ് 10:17-22) തുടര്‍ന്ന് സുവിശേഷകന്‍ എഴുതുന്നു:  കാരണം അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. അധിക സമ്പത്ത്, കല്പന പാലിക്കാന്‍ തടസ്സമാണെന്നും അതിന് പരിഹാരം കാണാതെ നിത്യരക്ഷ സാധ്യമല്ലെന്നുമാണ് ക്രിസ്തു വ്യക്തമാക്കിയത്.  'കുറവു'ള്ള മനുഷ്യന്‍ അപൂര്‍ണ്ണനാണ്. പൂര്‍ണ്ണനായ മനുഷ്യനു മാത്രമേ സ്വര്‍ഗ്ഗപ്രവേശമുള്ളൂ.

ദൈവകല്പന

നിയമത്തിലെ അതിപ്രധാനമായ കല്പന ഏതാണ് എന്ന നിയമപണ്ഡിതന്‍റെ ചോദ്യത്തിന് ക്രിസ്തുവിന്‍റെ മറുപടി ഇപ്രകാരമായിരുന്നു.  ڇനീ നിന്‍റെ ദൈവമായ കര്‍ത്താവിനെപൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കുക.  ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന.  രണ്ടാമത്തെ കല്പനയും ഇതിനു തുല്യം തന്നെ.  അതായത് നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക. (മത്തായി 22: 34-40)  ഇവയെക്കാള്‍ വലിയ കല്പനയൊന്നുമില്ലڈ എന്ന് മര്‍ക്കോസ് സുവിശേഷകനും സാക്ഷ്യപ്പെടുത്തുന്നു.  ലൂക്കായുടെ സുവിശേഷത്തില്‍ നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം എന്ന നിയമജ്ഞന്‍റെ ചോദ്യത്തിന് അവനെക്കൊണ്ടു തന്നെയാണ് ക്രിസ്തു ഈ ഉത്തരം പറയിക്കുന്നത്.

സ്നേഹം ഒരു വികാരമാണ്.  അതിന് രണ്ടുതലങ്ങളുണ്ട്. സിദ്ധാന്തതലവും പ്രായോഗികതലവും.  ദൈവസ്നേഹവും മനുഷ്യസ്നേഹവുമൊക്കെ സിദ്ധാന്തതലത്തില്‍ ഒതുക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം.  കാരണം ത്യാഗവും നഷ്ടവുമില്ലാതെ അവ പ്രയോഗത്തിലാക്കാന്‍ പറ്റില്ല.  സ്നേഹത്തേക്കാളേറെ മനുഷ്യനെ സ്വാധീനിക്കുന്നത് സ്വാര്‍ത്ഥതയാണ്.  അതു സ്നേഹത്തെ കെടുത്തുകയോ കപടസ്നേഹം കൊണ്ട് വഞ്ചിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യും.  ധനം കുന്നുകൂട്ടലാണ് ഇക്കൂട്ടരുടെ ഏകലക്ഷ്യം.  ഇവര്‍ക്ക് ഒരിക്കലും സ്നേഹം പ്രയോഗതലത്തിലാക്കാന്‍ സാധിക്കില്ല.  ഇത് മനസ്സിലാക്കിയിട്ടാണ് ക്രിസ്തു, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാനെന്തുചെയ്യണമെന്ന ചോദ്യവുമായി തന്നെ സമീപിച്ച ധനവാനോട് പ്രമാണങ്ങള്‍ പാലിച്ചിട്ടും നിനക്ക് ഒരു കുറവുണ്ട്, ധാരാളം സമ്പത്ത്, അത് ദരിദ്രര്‍ക്ക് കൊടുത്ത് കുറവു പരിഹരിക്കണമെന്ന് ഉപദേശിച്ചത്.  ക്രിസ്തു നല്‍കിയ വലിയ കല്പന പാലിക്കണമെങ്കില്‍ ഒരു ക്രിസ്ത്യാനിചെയ്യേണ്ടത് അവന് അത്യാവശ്യം വേണ്ട ധനം ഒഴിച്ചുള്ളതെല്ലാം പാവങ്ങളുമായി പങ്കുവയ്ക്കുകയാണ്.  

സ്വത്ത് ന്യായമായും അന്യായമായും സമ്പാദിക്കാം.  അന്യായമായി സമ്പാദിക്കുന്നത് പ്രകൃതിനിയമത്തിനും ദൈവികനിയമത്തിനും എതിരാണ്.  ഒരാള്‍ക്ക് കൂടുമ്പോഴേ മറ്റൊരാള്‍ക്കു കുറയൂ എന്നതാണ് പ്രകൃതിനിയമം.  ഭൂമി അതിന്‍റെ സാധ്യതകള്‍ എല്ലാവര്‍ക്കും തുല്യമായിട്ടാണ് നല്‍കിയിരിക്കുന്നത്.  ഭക്ഷിക്കാന്‍ കിഴങ്ങുകളും പഴങ്ങളും കുടിക്കാന്‍ ശുദ്ധജലവും ശ്വസിക്കാന്‍ ശുദ്ധവായുവും എല്ലാം ഭൂമിയുടെ ദാനമാണ്.  ആവശ്യത്തില്‍ക്കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയാണ് ധനികനുണ്ടായത്.  ഇവിടെ അനീതി തുടങ്ങുന്നു.  ഇതാണ് ക്രിസ്തു 'കുറവ്' ആയിക്കണ്ടത്.  പരിഹരിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ ആവശ്യത്തില്‍ക്കവിഞ്ഞ് സ്വന്തമാക്കിയതെല്ലാം പാവങ്ങള്‍ക്കു നല്‍കുക.  
ഇടവകപ്പള്ളികള്‍ സന്തോഷം നല്‍കുന്ന ഇടമാകണം.

മനുഷ്യരെല്ലാവരും ആഗ്രഹിക്കുന്നത് സന്തോഷമായിരിക്കാനാണ്.  സന്തോഷമില്ലാത്ത സാഹചര്യം അവന്‍ ഒഴിവാക്കാന്‍ ശ്രമിക്കും.  സന്തോഷം നല്‍കുന്ന ആളെ കാണാനും സന്തോഷം നല്‍കുന്ന വീടുകളില്‍ പോകാനും നമുക്ക് താല്പര്യമാണ്.  ചില വീടുകളില്‍, ബന്ധുക്കളുടെ ആണെങ്കില്‍പ്പോലും കയറിച്ചെല്ലാന്‍ തോന്നില്ല.  കാരണം നമുക്ക് അവിടെ സന്തോഷം കിട്ടില്ല.  ഇത് സ്വന്തം വീടിന്‍റെ കാര്യത്തിലും ശരിയാണ്.  വീട്ടിലെ അന്തരീക്ഷം സന്തോഷപ്രദമല്ലെങ്കില്‍ പുറത്ത് ചുറ്റിത്തിരിഞ്ഞ് സമയം കളഞ്ഞ് വളരെ വൈകിമാത്രം വീട്ടില്‍ എത്താനാണ് അവര്‍ ശ്രമിക്കുന്നത്.  കാരണം അവിടം സന്തോഷപ്രദമല്ലതന്നെ.  മറിച്ച് വീട് സന്തോഷം പകരുന്ന ഒരിടമാണെങ്കില്‍ പുറത്തു പോകുന്നവര്‍ കഴിയുന്നതും വേഗം വീട്ടിലെത്താന്‍ ധൃതികൂട്ടും.

ഇതുപോലെ തന്നെയാണ് ഇടവകയും രൂപതയും.  ജനങ്ങള്‍ക്ക് ഇടവകപള്ളി ഭക്തിജനകം എന്നപോലെ സന്തോഷപ്രദവുമായ ഒരിടമായിരിക്കണം.  അവിടെ വരുന്നതും അച്ചന്മാരെ കാണുന്നതും സന്തോഷം ജനിപ്പിക്കുന്ന ഒരനുഭവമാണെങ്കില്‍ അവിടെ കൂടെ കൂടെ വരാനും ബന്ധപ്പെടാനും ജനങ്ങള്‍ തയ്യാറാകും.  കുര്‍ബാനക്കിടയിലെ പ്രബോധനങ്ങള്‍ കാര്യമാത്രപ്രസക്തവും ഹ്രസ്വവും അതോടോപ്പം  ഇടവകജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതുമാകുമ്പോള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാവും.

വിശ്വാസജീവിത വ്യവസ്ഥ

ക്രിസ്ത്യാനിക്ക് വിശ്വാസജീവിതം നയിക്കാന്‍ പറ്റിയ ഒരു അന്തരീക്ഷം - വിശ്വാസ ജീവിതവ്യവസ്ഥ - സഭയിലുണ്ടായിരിക്കണം.  ഭൂമിയുടെ ആവാസവ്യവസ്ഥക്ക് കോട്ടംതട്ടുമ്പോള്‍ ജീവികള്‍ക്ക് വംശനാശം സംഭവിക്കും.  അതുപോലെ സഭയിലെ വിശ്വാസ ജീവിതവ്യവസ്ഥക്ക് കോട്ടം തട്ടുമ്പോള്‍ വിശ്വാസികള്‍ക്ക് വിശ്വാസം നഷ്ടമാകുന്നു;  അവര്‍ സഭവിട്ടുപോകുന്നു.  ഇതാണ് വിദേശങ്ങളിലെ സഭക്ക് സംഭവിച്ചത്. അതുതന്നെ നമ്മുടെ സഭയിലും സംഭവിക്കാന്‍ പോകുന്നു എന്നതിന് തെളിവാണ് വിശ്വാസജീവിതവ്യവസ്ഥ നശിപ്പിക്കുന്ന സഭയുടെ ധനാര്‍ജ്ജനവും അനുബന്ധ പ്രവര്‍ത്തനങ്ങളും.

സങ്കീര്‍ണ്ണതക്കും ധാരാളിത്തത്തിനും സ്വാര്‍ത്ഥതക്കും അടിപ്പെട്ട് എങ്ങനെ ജീവിക്കണം എന്ന് അന്ധാളിച്ചു നില്‍ക്കുന്ന ആധുനിക മനുഷ്യന് ലാളിത്യം പരിമിതത്വം, നിസ്വാര്‍ത്ഥത എന്നിവക്ക് ഏറ്റവും നല്ല മാതൃകയാകാനും അങ്ങേ അറ്റത്തവന്‍റെ  (Unto this last) ഉയര്‍ച്ചയാണ് ലക്ഷ്യമെന്ന് തെളിയിക്കാനും നമ്മുടെ സഭക്ക് --  സഭാധികാരികള്‍ക്ക് -- സാധിക്കുമെങ്കില്‍ വിദേശത്ത് സഭയ്ക്കുണ്ടായ സര്‍വ്വനാശം ഇവിടെ ഉണ്ടാവില്ല.  ഇല്ലെങ്കില്‍ നാം ഭയപ്പെടണം. 

You can share this post!

ഉള്‍ക്കളമൊരുക്കാം ഉത്ഥിതനിലേക്കുണരാന്‍

ടോംസ് ജോസഫ്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts