മരിച്ചുവീഴുമ്പോഴും തുറന്നുവച്ച കണ്ണുകളോടെയാണ് അയാള്‍ കടന്നുപോയത്. ചെഗ്വുവേരയെക്കുറിച്ചാണ് അങ്ങനെ പറഞ്ഞുകേട്ടിട്ടുള്ളത്. മനുഷ്യന്‍റെ കണ്ണുകളിലേക്ക് നോക്കരുതെന്നായിരുന്നു എല്ലാ തടവറകളിലും പീഡനമുറികളിലും അതിന്‍റെ കങ്കാണികള്‍ക്ക് ലഭിച്ചിരുന്ന നിര്‍ദ്ദേശം. അബദ്ധത്തിലെങ്ങാനും അവരുടെ മിഴികളിലേക്ക് ഒന്ന് പാളിനോക്കിയാല്‍ മറച്ചുവച്ചിരിക്കുന്ന ഈര്‍പ്പങ്ങളുടെ പ്രവാഹമുണ്ടായേക്കാം. കരുണയെ അടയാളപ്പെടുത്തിയിട്ടുള്ള ഏറെ പുരാതനമായ ഒരു ഗുഹാചിത്രത്തില്‍ താന്‍ നായാടി കൊന്ന മൃഗത്തിന്‍റെ ഗതികേടിനെക്കുറിച്ച് ഓര്‍ത്തുകരയുന്ന വേട്ടക്കാരനുണ്ട്. അത്ര നിരാര്‍ദ്രമായിരുന്നില്ല ഒരു കാലവും.
കരുണയ്ക്കുവേണ്ടിയുള്ള കരച്ചിലുകളായിരുന്നു ഭൂമിയിലുണ്ടായ മുഴുവന്‍ പ്രാര്‍ത്ഥനയും. ആരുടെയോ രക്തത്തിനുവേണ്ടി ആക്രോശിച്ചുകൊ ണ്ടിരുന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍ ഇരുന്ന് കരുണ കരുണയെന്ന് എഴുതിയിടുകയായിരുന്നു ഓരോ ഗുരുക്കന്മാരുടെയും അതാതുകാലത്തെ ധര്‍മ്മം. തെറ്റില്‍ കുരുക്കപ്പെട്ട സ്ത്രീക്കുവേണ്ടി യേശു നിലത്തെഴുതിയ വാക്ക് അതാണെന്ന് നിരീക്ഷണമുണ്ട്. മറ്റൊരു ദേശത്തിരുന്ന് കരുണ ചെയ്യാനെന്തു താമസം കൃഷ്ണാ എന്നു യദുകുലകാബോജിയില്‍ പാടി ചെമ്പൈ വൈദ്യനാഥഭാഗവര്‍. കരുണ കരുണയ്ക്കുവേണ്ടി മാത്രമാണ് മനുഷ്യര്‍ അര്‍ത്ഥിക്കുകയും നിലവിളിക്കുകയും ചെയ്യുന്നത്. എല്ലായിടങ്ങളിലും തെരുവോരങ്ങളിലും ആതുരാലയങ്ങളിലും പല രാഗത്തില്‍ മനുഷ്യര്‍ ആലപിക്കുന്നത് അതേ ഗീതം തന്നെ. ബുദ്ധമതം നിലനിന്നതുതന്നെ കരുണയുടെ മൂലക്കല്ലിലായിരുന്നു. എന്നിട്ടും മതങ്ങള്‍ക്ക് വേരുകള്‍ ഉള്ള ഇടങ്ങളില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത് ഹിംസയുടെ വര്‍ത്തമാനങ്ങളാണ്. പ്രാര്‍ത്ഥിക്കണമെന്നാണ് എല്ലാവരും പറയുന്നത്. പാലസ്തീനായില്‍ കുഞ്ഞുങ്ങളുടെ ചോര വീഴുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് ഏത് ദൈവത്തോടാണ്. ഇസ്ലാമിന്‍റെയോ യഹൂദന്‍റെയോ? പാട്ടുപാടിക്കൊണ്ടിരുന്നവര്‍ നിലവിളിച്ച് കളംകാലിയാക്കിയ നഗരത്തില്‍ തിരിതെളിക്കേണ്ടത് ആരുടെ ദൈവസങ്കല്പത്തിന് മുന്നിലാവണം. വിചാരിച്ചതിനെക്കാള്‍ വിധ്വംസനത്തിന്‍റെ വാര്‍ത്തകള്‍ തൊട്ടരികില്‍ നിന്ന് കേട്ടു തുടങ്ങുമ്പോള്‍ ആരുടെ ആരാധാനാലയങ്ങളിലേക്കാണ് നമ്മള്‍ പോയി ഒളിക്കേണ്ടത്. കരുണയുടെ ഈറ്റില്ലങ്ങളെന്ന് കരുതിയ ഇടങ്ങളില്‍ തന്നെയാണ് ചോര ഉറയുന്ന വിധത്തിലുള്ള ഹിംസയുടെ കഥകള്‍ കേള്‍ക്കുന്നത്. ഏതെങ്കിലും തരത്തില്‍ മനുഷ്യനിലും ദൈവ ത്തിലും വിശ്വാസമുള്ളവര്‍ നിലവിളിക്കേണ്ടത് അതിനുവേണ്ടിയാണ്. കരുണയിലേക്ക് ഒരു മടക്ക യാത്ര. ഫ്രാന്‍സീസ് മാര്‍പ്പാപ്പ അത് ആരംഭിച്ചിട്ടുണ്ട്. ഈ ഡിസംബര്‍ എട്ട് മുതല്‍ കരുണയുടെ വര്‍ഷം തുടങ്ങുകയാണ്.
കാരന്‍ ആംസ്ട്രോന്‍ഗ് നന്നായി വായിക്കപ്പെടുന്നുണ്ട്, വിശേഷിച്ചും അവരുടെ The Case for God എന്ന പുസ്തകം. ആത്മകഥയ്ക്ക് പിരിയന്‍ ഗോവണി എന്നാണവര്‍ പേരിട്ടിരിക്കുന്നത്. ഓരോ തിരിവിലും നിറയെ അവിചാരിത അനുഭവങ്ങളും അവയുടെ ഭംഗിയുമൊക്കെയായി ഒരു ജീവിതം. കുറച്ച് കാലം അവര്‍ ഒരു മഠത്തിലായിരുന്നു. കൗതുകകരമായ ഒരു കാര്യം താന്‍ ചെലവഴിച്ച ആവൃതിയിലെ ദിനങ്ങളെ ഖേദത്തോടെ കയ്പ്പോടെ കൂടിയല്ല അവര്‍ വായിച്ചെടുക്കുന്നതെന്നുള്ളതാണ്. വിധിവാചകങ്ങളോ തീര്‍പ്പുകളോ ഇല്ലാതെ കൃതജ്ഞതയോടും ആദരവോടും കൂടിയാണ് അവര്‍ അത് ചെയ്യുന്നത്. അത്ര സാധാരണമല്ലാത്ത ഒരു കുലീനതയാണിത്. ഗാന്ധിയെക്കുറിച്ച് മൗണ്ട് ബാറ്റണ്‍ പറയുന്നതുപോലെ: "തൊഴണം, പിരിയുമ്പോഴും ചങ്ങാതിമാരെപ്പോലെ പിരിയാനാവുമെന്ന് പഠിപ്പിച്ച മനുഷ്യനാണ്!" അത്തരമൊരു പ്രകാശം കാരന്‍റെ എഴുത്തുകളില്‍ മുഴുവനുണ്ട്. എഴുത്തുകാരിയോടനുഭവപ്പെടുന്ന മമതയുടെ കാരണമതാണ്... അവരുടെ Twelve steps to a compassionate life- നമ്മുടെ കാരുണ്യവിചാരങ്ങള്‍ക്ക് ഒരു അനുബന്ധവായനയാകുന്നത് നല്ലതായിരിക്കും. ആ പന്ത്രണ്ടു ചുവടുകളെ ഏറ്റവും ചുരുക്കി ഇങ്ങനെ വായിച്ചെടുക്കാമെന്നു തോന്നുന്നു.
1. പ്രാഥമികമായ ചുവട്, ഓരോരുത്തരുടെയും പാരമ്പര്യങ്ങളിലും മതവിജ്ഞാനത്തിലുള്ള കരുണയുടെ പാഠങ്ങളെ കണ്ടെത്തി ബുദ്ധിക്കും മനസ്സിനും ശിക്ഷണം കൊടുക്കുകയാണ്. അഗാധങ്ങളിലെ ചില ഈര്‍പ്പങ്ങളെ വീണ്ടെടുക്കുവാന്‍ പര്യാപ്തമായ വിധത്തില്‍ ചിത്രങ്ങളെക്കാള്‍ മിഴിവുള്ള വാക്കുകള്‍കൊണ്ടാണ് കാരന്‍ ആചാര്യന്മാരെ വരച്ചുകാട്ടുന്നത്. ഗൗതമബുദ്ധന്‍റെ ബാല്യത്തില്‍നിന്നിത്: ഒരാചാരം പോലെ നടത്തപ്പെട്ടിരുന്ന ഉഴുകല്‍ കാണാന്‍ ആയയുടെ കൈ പിടിച്ച് വയല്‍വരമ്പിലെത്തിയ കുട്ടി. ഒരു മരച്ചുവട്ടിലിരുന്ന് അതു കണ്ടുകൊണ്ടിരിക്കുമ്പോള്‍ കലപ്പയുടെ താഴെ ഞെരിയുന്ന പുല്‍നാമ്പുകളെയും, സൂക്ഷ്മജീവികളെയുംകണ്ട് ഉള്ളില്‍ നിലവിളിയുണ്ടായി. ചരമമടഞ്ഞ ഉറ്റവരെയോര്‍ത്തെന്നപോലെയുള്ള ആ വ്യാകുലത്തിന്‍റെ നിമിഷത്തില്‍ സമാന്തരങ്ങളില്ലാത്ത ഒരു കരുണ ബാലനായ ഗൗതമയുടെ ഹൃദയത്തെ കീഴ്പ്പെടുത്തി. കരുണയിലേക്കുള്ള ഒരു ഉണര്‍വ്വായിരുന്നുവത്. പിന്നീട് അയാളുടെ ജീവിതത്തിലുണ്ടായതെല്ലാം അതിന്‍റെ തുടര്‍ അനുരണനങ്ങളായിരുന്നു. നമുക്കത്ര പരിചയമില്ലാത്ത ആചാര്യന്മാരെയും ഗ്രന്ഥങ്ങളെയും കാട്ടിത്തരാനാണ് കാരന്‍റെ കൂടുതലായ ശ്രദ്ധ. കണ്‍ഫ്യൂഷസിന്‍റെ ഈ വരി ശ്രദ്ധിക്കൂ: വളരെ പ്രധാനപ്പെട്ട ഒരതിഥിയോട് എന്നവിധം മനുഷ്യരോട് വ്യാപരിക്കുക. സാധാരണക്കാരുമായുള്ള വ്യാപാരങ്ങള്‍ ഒരു പൂജ അര്‍പ്പിക്കുന്നതുപോലെ ചെയ്യുക. നിങ്ങള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ അവരോട് ചെയ്യാതിരിക്കുക... ഒരാളും നിങ്ങള്‍ക്ക് എതിരില്ലാതിരിക്കട്ടെ.
2. ആചാര്യന്മാരുടെ ജീവിതവും വാക്കുകളുമാണ് കരുണയുടെ പ്രാഥമിക വിദ്യാലയം. അവിടെനിന്നാണ് രണ്ടാമത്തെ ചുവട് സംഭവിക്കുന്നത്. ഇന്നലെകളുടെ ഭാസുരസ്മൃതികളില്‍നിന്ന് ഊര്‍ജ്ജം കണ്ടെത്തിയ ഒരാള്‍ താന്‍ പാര്‍ക്കുന്ന ലോകത്തെ ഒന്നുകൂടി നോക്കിക്കാണേണ്ടതുണ്ട്. ഏതൊരു സംസ്ക്കാരവും നായകര്‍ എന്നു വാഴ്ത്തുന്നവര്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്- വലിയ വിലകൊണ്ട് തന്‍റെ കാലത്തിലുള്ള മനുഷ്യരുടെ ജീവിതഗതിയെ അന്തസ്സുറ്റതാക്കുക. തനിക്ക് ചുറ്റുമുള്ളവരോടുള്ള ദുരിതകാണ്ഡങ്ങളെ തിരുത്തിയെഴുതാനുള്ള അവരുടെ ശ്രമങ്ങളില്‍ അവര്‍ നല്‍കിയ ആത്മബലികളാണ് അവരുടെ ജീവിതത്തില്‍ ധീരപരിവേഷം നല്‍കുന്നത്. സുരക്ഷിതമായ ഇടങ്ങളെ വിട്ടുപോകാനുള്ള പ്രേരണ ഇത്തരം ജീവിതനിരീക്ഷണങ്ങള്‍ ഒരാള്‍ക്ക് കൈമാറുന്നത്. ബുദ്ധ കൊട്ടാരം വിട്ടുപോകുന്നതും യേശു മരുഭൂമിയിലേക്ക് നടന്നുപോകുന്നതും മുഹമ്മദ് ഹീരപര്‍വ്വതത്തിലേക്ക് പിന്‍വാങ്ങുന്നതും സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഗാന്ധി നഗരങ്ങളെ ഉപേക്ഷിച്ച് ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്നതും ഓരോ കാലത്തെ മനുഷ്യര്‍ക്കുള്ള സൗമ്യമായ ഓര്‍മ്മപ്പെടുത്തലുകളാണ്. തെല്ലുമാറി നിന്ന് കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുന്നവര്‍ക്കേ കാഴ്ചയുടെ വരപ്രസാദം സാധ്യമാകുകയുള്ളൂ. അതിനുശേഷം ഓരോരുത്തരും അവരുടെ പരിസരങ്ങളെ കുറേക്കൂടി ശ്രദ്ധിച്ചുതുടങ്ങും. വീട്, തൊഴിലിടങ്ങള്‍, ദേശം ഒക്കെ നിങ്ങളുടെ ഇടപെടലുകള്‍ക്ക് വേണ്ടി നിലവിളിച്ചുകൊണ്ടേയിരിക്കുന്നു...
3. അവനവനോടുള്ള കരുണയും കാണാതെ പോകരുത്. മൂന്നാം ചുവട് അതാണ്. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക എന്ന ആ പുരാതന വചനത്തില്‍ നിന്നിപ്പോഴും അതിന്‍റെ ആദ്യപാതി നമ്മള്‍ ഗൗനിച്ചിട്ടേയില്ല. സ്വയം സ്നേഹിക്കാന്‍ പഠിക്കുക അത്ര ചെറിയ കാര്യമല്ല. ആല്‍ബര്‍ട്ട് ഫ്രൈഡ്ലാന്‍ഡര്‍ എന്നൊരു യഹൂദപുരോഹിതനെ കാരന്‍ പരിചയപ്പെടുത്തുന്നു. യഹൂദരുടെ ആത്മവിശ്വാസത്തെ കഠിനമായി തകര്‍ക്കുന്ന ആന്‍റി-സെമിറ്റിക് പ്രേരണകളുടെ കാലത്ത്, നാസി ജര്‍മ്മിനിയില്‍ ആയിരുന്നു അയാളുടെ ബാല്യകൗമാരങ്ങള്‍. ഒരു രാത്രിയില്‍ വളരെ ബോധപൂര്‍വ്വം എഴുന്നേറ്റ് എട്ടു വയസ്സുള്ള ആ കുട്ടി തന്‍റെ സുകൃതങ്ങളുടെ ഒരു പട്ടികയുണ്ടാക്കി. എന്നിട്ട് തന്നോടുതന്നെ പലവുരു ഉരുവിട്ടു, അല്ല ഞങ്ങളുടെ വിദ്വേഷികള്‍ പറയുന്നതല്ല ഞങ്ങളെന്ന്. ഈ പീഡനകാലം അതിജീവിക്കാനാകുമെങ്കില്‍ മാനവരാശിയുടെ നന്മയ്ക്കായി തന്നെ അര്‍പ്പിക്കുമെന്ന് വ്രതം ചെയ്തു. ആ കുട്ടി അസാധാരണ കരുണയുള്ള ഒരാളായി കാലാന്തരെ പരിണമിച്ചു. സ്വയം സ്നേഹിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ തനിക്ക് ലോകത്തെ സ്നേഹിക്കാന്‍ ആവില്ലായിരുന്നുവെന്ന് അയാള്‍ എല്ലായിടത്തും ഏറ്റുപറഞ്ഞു. അവനവനോട് തന്നെയുള്ള അതൃപ്തിയാണ് ഒരാള്‍ തന്‍റെ പരിസരത്തോട് പുലര്‍ത്തുന്ന അതൃപ്തികളുടെ കാരണങ്ങളെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധി ആവശ്യമില്ല. കാരന്‍ കുരിശുയുദ്ധകാലത്തെ ചില മനോഭാവങ്ങളെ തുറന്നെഴുതുന്നുണ്ട്. ഇസ്ലാം യുദ്ധത്തിന്‍റെ മതമാണെന്ന് സ്ഥാപിച്ച് അതിനെ ചെറുക്കാന്‍ എന്ന ഭാവത്തിലായിരുന്നു പോരാളികള്‍ വിശുദ്ധ നാടുകളിലേക്ക് കുതിച്ചത്. തങ്ങളോടുതന്നെ മറച്ചുവച്ച ഹിംസാത്മകത അവര്‍ അവരില്‍ ആരോപിച്ച് ക്രൂരതയ്ക്കുള്ള നീതീകരണം കണ്ടെത്തുകയായിരുന്നു. മനഃശാസ്ത്രത്തിലൊക്കെ പറയുന്ന പ്രൊജക്ഷന്‍റെ ഒക്കെ പശ്ചാലത്തില്‍ ഭൂതകാലത്തെ എല്ലാ അഭംഗികളും വായിച്ചെടുക്കേണ്ടതുണ്ട്. അവനവന്‍റെ നിഴലിനെ (shadow) കണ്ടെത്തുവാനുതകുന്ന ആത്മവിശകലനങ്ങളാണ് ഇനി ആവശ്യം. ബുദ്ധയുടെ ഈ സൂചന ശ്രദ്ധിക്കൂ, തന്‍റെ സന്യാസികളോട് അയാള്‍ ഇങ്ങനെ പറഞ്ഞു: 'മനസ്സ് സ്നേഹം കൊണ്ട് നിറയുമ്പോള്‍ ഓരോ ദിശകളിലേക്ക് അത് കൈമാറുക. പകയോ, വെറുപ്പോ, കോപമോ ഇല്ലാതെ എല്ലാത്തിന്‍റെയും ഭാഗമാകുക. പരിധികളില്ലാതെ വികാസം തേടുന്ന ആ സ്നേഹചിത്തം കൊണ്ട് മുഴുവന്‍ ലോകത്തെയും ആലിംഗനം ചെയ്യുക.
4. സഹാനുഭൂതിയെ പ്രകാശിപ്പിക്കുകയാണ് അടുത്ത ചുവട്. രോഗവും വാര്‍ദ്ധക്യവും മരണവും കാണാതെ എത്രനാള്‍ നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്‍ ചേര്‍ത്തു പിടിക്കും. ഇരുപത്തിയൊന്‍പതു വയസ്സുവരെ സിദ്ധാര്‍ത്ഥനും അങ്ങനെയായിരുന്നു. പിന്നീടാണ് ദൈവങ്ങള്‍ വിചാരിച്ചത് ഈ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍നിന്നും കുമാരനെ രക്ഷപ്പെടുത്തിയേ പറ്റുവെന്ന്. വേഷം മാറി ആകാശരൂപികള്‍ ജീവിതത്തിന്‍റെ ദുഃഖങ്ങളായി കുമാരന്‍റെ വഴികളില്‍ ഒളിച്ചുനിന്നു. അടിമുടി വിറച്ചുപോയ കുമാരന്‍ മാനവദുരിതങ്ങള്‍ക്ക് ശമനമുണ്ടോ എന്ന് തിരഞ്ഞുതുടങ്ങി. ഇത്തരം സഹാനുഭൂതികളെ കണ്ടെത്താനും ആഴപ്പെടുത്താനും ഓരോ സംസ്ക്കാരങ്ങള്‍ക്കും അതിന്‍റേതായ ചില മാര്‍ഗ്ഗങ്ങളൊക്കെയുണ്ട്...
ഗ്രിസിലത് ഇങ്ങനെയായിരുന്നു. എല്ലാ വര്‍ഷവും ഡയനീഷ്യസിന്‍റെ ഉത്സവദിനത്തില്‍ ദുരന്തനാടകങ്ങള്‍ അരങ്ങേറുക. എല്ലാ പൗരന്മാരും അത് കണ്ടിരിക്കണമെന്ന് ശാഠ്യമുണ്ട്. പുതിയ കാലഘട്ടത്തിന്‍റെ പ്രതിസന്ധികള്‍ക്കിണങ്ങിയ മട്ടില്‍ ഒരു പഴയ മിത്തിനെ അരങ്ങിലെത്തിക്കുക എന്നതായിരുന്നു പൊതുവായ രീതി. ഒരേ സമയത്തിന് ആത്മീയവും സാമൂഹികവുമായ ധ്യാനവിചാരത്തിന്‍റെ അനുരണനങ്ങളുണ്ടായി. ഒരുമിച്ച് കരയാനാണ് അവര്‍ ഈ അവസരത്തെ ഉപയോഗപ്പെടുത്തിയത്. അത്തരം സമൂഹവിലാപങ്ങള്‍ അവരുടെ ബന്ധത്തെ ദൃഢമാക്കിയിരുന്നുവെന്ന വിശ്വാസത്തിലായിരുന്നുവത്. ഒരള്‍ത്താരയില്‍ തൂക്കിയിട്ടിരിക്കുന്ന ക്രൂശിതരൂപം പോലും എന്തിനാണ്? ഫ്രഞ്ച തത്വചിന്തകനായ പീറ്റര്‍ അബലേര്‍ഡ് (1079-1142) നിരീക്ഷിക്കുന്നതുപോലെ സഹിക്കുന്ന മനുഷ്യനെ ഉറ്റുനോക്കാനുള്ള ശ്രമമാണത്. അതുവഴി സഹജീവികളോടുള്ള അനുഭാവത്തിന്‍റെ വാതില്‍ തുറക്കുപ്പെടുന്നു, അത് നമ്മുടെ രക്ഷയുടെ കാരണമായി മാറുകയും ചെയ്യുന്നു. വേദനകളാണ് കരുണയുടെ ശരിയായ അദ്ധ്യാപകര്‍.
5. Mindfulness എന്നൊരു പദമാണ്, ചുവട് അഞ്ച്. നമുക്കിതിനെ ശ്രദ്ധയെന്നൊക്കെ വേണമെങ്കില്‍ ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യാമെന്ന് തോന്നുന്നു. കാര്യങ്ങളെ കൂറേക്കൂടി ബോധപൂര്‍വ്വം അപഗ്രഥിച്ച് കുലീനമല്ലാത്തതിനെ അരിച്ചുമാറ്റി മുമ്പോട്ടു പോകാനുള്ള ക്ഷണമാണ്. സാധാരണമനുഷ്യരുടെ അനുദിന ധ്യാനമായി പരിഗണിക്കാവുന്ന പദമാണിത്. ബുദ്ധിസത്തിലാണ് ഈ ഒരു സാധന കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. കാരന്‍ എന്തുകൊണ്ടോ ക്രിസ്തുപാഠങ്ങളെ ഈയൊരു വിചാരത്തില്‍ പരാമര്‍ശിച്ചുകണ്ടില്ല. 'മനുഷ്യപുത്രന്‍ ഭക്ഷിക്കുന്നവനായും പാനം ചെയ്യുന്ന'വനുമായി വന്നു, സ്ത്രീയേ നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു, ഇതാണ് സ്വീകാര്യമായ സമയം, ഇപ്പോള്‍ ഈ ഭവനത്തിന് രക്ഷ പ്രാപിച്ചിരിക്കുന്നു, നീ ഇന്ന് എന്നോടൊപ്പം പറുദീസായിലായിരിക്കും, വലതുഭാഗത്തേക്ക് വലയെറിയുക തുടങ്ങിയ സുവിശേഷ സൂചനകളും പറയാന്‍ ശ്രമിക്കുന്നത് ബോധപൂര്‍വ്വമുള്ള ജീവിതത്തെക്കുറിച്ച് തന്നെയാണെന്ന് തോന്നുന്നു.
(ശേഷം അടുത്ത ലക്കത്തില്‍)