news-details
മറ്റുലേഖനങ്ങൾ

ആത്മീയതയുടെ അര്‍ത്ഥാന്തരങ്ങള്‍

സമൂഹവും ചരിത്രവും മതവും സൃഷ്ടിച്ചു പരിപാലിച്ചു പോന്ന ശീലങ്ങളെ ഇളക്കിനോക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത, ശ്രീമതി റോസിതമ്പിയുടെ "സ്ത്രൈണ ആത്മീയത" യിലൂടെയുള്ള തീര്‍ത്ഥാടനം ഉളവാക്കിയെന്നിരിക്കും. തീര്‍ത്ഥാടനം, ആത്മീയാന്വേഷണവും സാക്ഷാത്കാരവുമാണല്ലോ; പാത കല്ലും മുള്ളും നിറഞ്ഞതും ഇടുങ്ങിയതുമായിരിക്കും; ആയിരിക്കണം.

ആത്മീയതയേയും സ്ത്രീയേയും വിശകലനം ചെയ്ത് അവയുടെ ശരിയായ സ്വത്വവും  ഉണ്മയും കണ്ടെത്താതെയുള്ള ആത്മീയാന്വേഷണം അപൂര്‍ണ്ണമായിരിക്കും. അത് പരമാബദ്ധവും അസത്യത്തിലേയ്ക്കു മാത്രം നയിക്കുന്നതുമായിരിക്കും. ചിന്തയുടെ തമോഗര്‍ത്തങ്ങളില്‍ ജീവിച്ചു പിരിഞ്ഞു പോകുന്നവര്‍ക്കു ജീവിതവുമില്ല, മോക്ഷവുമില്ല. ഇതുവരെയുള്ള ആത്മീയാന്വേഷണങ്ങളെ സ്ത്രീപക്ഷത്തുനിന്നു നോക്കിക്കാണാന്‍ ധൈര്യപ്പെട്ട റോസിതമ്പി അഭിനന്ദനമര്‍ഹിക്കുന്നു.

 

ആത്മീയത തന്നെ പലര്‍ക്കും പലകാലങ്ങളിലും വ്യത്യസ്തമായിരിക്കുന്നുവല്ലോ. മനുഷ്യന്‍റെ സമഗ്രതയെ നിഷേധിച്ചുകൊണ്ടും ഉള്‍ക്കൊണ്ടു കൊണ്ടും വ്യത്യസ്തമായ ദര്‍ശനങ്ങളും വിശ്വാസങ്ങളും നിലനിന്നിരുന്നു. ശരീരം ആത്മാവിന്‍റെ കവചമായും, ആത്മാവ് ശരീരത്തിനുള്ളില്‍ കുടികൊള്ളുന്ന സ്വത്വമായും ശരീരത്തിന്‍റെ പൂരകമായും മറ്റും കരുതപ്പെട്ടിരുന്നു. ആത്മീയത, കാലപ്രവാഹത്തിലെവിടൊക്കെയോവച്ച്, അധികാരശ്രേണീകരണത്തിന്‍റെ താത്പര്യത്തില്‍ ശരീരവിരുദ്ധമായി ഭവിച്ചു. എല്ലാറ്റിനെയും വൈരുദ്ധ്യദ്വന്ദ്വങ്ങളായി ദര്‍ശിച്ച ഹെഗലിയന്‍, വൈരുദ്ധ്യ സംഘര്‍ഷത്തില്‍ രമിച്ചിരുന്ന മാര്‍ക്സിയന്‍, ഇതിലെല്ലാമുപരി ശക്തമായിരുന്ന പുരുഷാധിപത്യ ക്രൈസ്തവ സഭാദര്‍ശനങ്ങള്‍ എന്നിവ ഈ ചിന്താഗതിക്കു വളമിട്ടു. മനുഷ്യത്വം എന്ന സാകല്യത്തെ ആണ്‍, പെണ്‍ എന്നു വിഭജിച്ച് വിരുദ്ധ ദ്വന്ദ്വമാക്കിയതും, ശരീരത്തെയും ലോകജീവിതത്തെയും ശത്രുതയിലാക്കിയതും ഈ ദര്‍ശനങ്ങള്‍ തന്നെ. തുല്യ പരിഗണനയില്‍ തകര്‍ന്നുവീഴുന്നത് അധികാര ശ്രേണികളാണല്ലോ?

 

മതത്തെ പൗരോഹിത്യമെന്നും ഗൃഹസ്ഥാശ്രമമെന്നും വിഭജിച്ച് ആദ്യത്തേതു ശ്രേഷ്ഠവും രണ്ടാമത്തേത് അധമവുമെന്നു തരംതിരിച്ച ശക്തിതന്നെ മനുഷ്യവംശത്തെ പുരുഷനും സ്ത്രീയുമെന്നു തരംതിരിച്ച് ശ്രേഷ്ഠത്വവും അധമത്വവും അതിനുമേല്‍ കെട്ടിവച്ചു. പൗരോഹിത്യം, ആത്മീയത, പുരുഷന്‍ ഇവ ശ്രേഷ്ഠമായി. ജീവിതം, ശരീരം, സ്ത്രീ ഇവ അധമവുമായിത്തീര്‍ന്നു.

ഗ്രന്ഥകാരി ബൈബിളിലെ പഴയനിയമം, പുതിയ നിയമം, ക്രിസ്തുവിന്‍റെ ജീവിതം, ക്രിസ്തു സ്ത്രീകളോടു സ്വീകരിച്ച നിലപാടുകള്‍, പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങള്‍, മതരാഷ്ട്രീയ സ്ഥാപനങ്ങള്‍, ചരിത്രം ഇവയിലൂടെ കടന്നുപോകുമ്പോള്‍ ഈ സമൂഹം തന്നെ ഉയരങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആത്മീയസാക്ഷാത്ക്കാരം സിദ്ധിച്ച വ്യക്തിത്വങ്ങളെ ചൂണ്ടിക്കാട്ടി തന്‍റെ വാദങ്ങള്‍ സ്ഥാപിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.

നിയമം കൊണ്ടല്ല സംസ്കാരം കൊണ്ടാണ് അടിച്ചമര്‍ത്തുന്നത് (പേജ്.66) എന്ന കാഴ്ചപ്പാട് ശ്രദ്ധിക്കുക. വൈദേശികാചാരാനുഷ്ഠാനങ്ങള്‍ പുരുഷാധിപത്യപരമാണ്. മതവും സംസ്കാരവും കൈകോര്‍ത്താണ് സ്ത്രീസമത്വത്തെ എതിര്‍ക്കുന്നത്.

 

ആമുഖത്തില്‍പ്പറയുന്നതുപോലെ സ്ത്രീ തന്‍റെ സ്വത്വത്തെ തിരിച്ചറിയുമ്പോള്‍ ആത്മാഭിമാനിയാകുമ്പോള്‍ വേട്ടക്കാരാകുന്നവര്‍(?) പരിഹാസ്യരാകുന്നു. ഊതി  വീര്‍പ്പിക്കപ്പെട്ട അഹങ്കാരത്തിന്‍റെ പടം പൊഴിയുകതന്നെചെയ്യും. അധികാരിയായ പുരുഷന്‍റെ ജീവിതം എത്ര നിസ്സഹായമാണെന്ന തിരിച്ചറിവ് അയാളിലെത്തിക്കേണ്ടത് സ്ത്രൈണ ചിന്തയുടെ ഉത്തരവാദിത്വമാണ്. വരാനിരിക്കുന്ന കാലം സമവായത്തിന്‍റെതാണ്. ആണും പെണ്ണും ചേരുമ്പോള്‍ മാത്രം പൂര്‍ണ്ണമാകുന്നതാണ് മനുഷ്യന്‍. ഇത് യാഥാര്‍ത്ഥ്യവത്കരിക്കണമെങ്കില്‍  സ്ത്രീയുടെ യഥാര്‍ത്ഥഗുണങ്ങളെ തിരിച്ചറിഞ്ഞംഗീകരിച്ച് തനിക്ക് ആ ഗുണങ്ങളില്ലല്ലോ എന്നറിഞ്ഞു ബഹുമാനിക്കാന്‍ പുരുഷന് കഴിയേണ്ടതുണ്ട്.

 

ജീവനെ നിലനിറുത്തുക എന്ന ആത്യന്തിക ലക്ഷ്യം സാധിതമാക്കുന്നതിന് ദൈവം അവള്‍ക്കു നല്കിയ സഹജഭാവങ്ങളും ആനന്ദങ്ങളും പാപഹേതുവെന്നു പറഞ്ഞ് ആത്മീയതയില്‍നിന്നു തള്ളിയതിനെ ഗ്രന്ഥകാരി പരിഹസിക്കുന്നു (പേജ് 14). സ്ത്രൈണ ഗുണങ്ങളെന്നു സമൂഹം കരുതിയവയാണ് ബുദ്ധനും ക്രിസ്തുവും പരമഹംസരും ഗാന്ധിജിയുമൊക്കെ ആത്മശരീരങ്ങളില്‍ സ്വീകരിച്ച ഭാവങ്ങളായ കരുണയും സ്നേഹവും ത്യാഗവും. സ്ത്രീയും പുരുഷനും ദൈവവും ചേരുന്ന ട്രിനിറ്റിയിലാണ് ദൈവാനന്ദം.

പുരുഷന്‍ മോചിതനാകുന്നത് സ്ത്രീ ഗുണങ്ങള്‍ സ്വാംശീകരിക്കുമ്പോഴത്രേ! സ്ത്രീയുടെ അശുദ്ധതകളില്ലെങ്കില്‍ താന്‍ ജനിക്കില്ലല്ലോ എന്ന് പുരുഷന്‍ തിരിച്ചറിയേണ്ടതുണ്ട്.  ക്രിസ്തു വേദനിച്ച് മുറിവേറ്റ് രക്തംചിന്തി രക്ഷ നല്കിയതുപോലെ സ്ത്രീയും തന്‍റെ ഉടലിലും മനസ്സിലും കൂടി സഹനവും ത്യാഗവും രക്തംചിന്തലും നടത്തി മനുഷ്യവംശത്തെ നിലനിര്‍ത്തുന്നു.

സൃഷ്ടിയുടെ ആരംഭത്തില്‍ പഴയനിയമം ഒന്നാം അദ്ധ്യായത്തില്‍ മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുവെന്നു വായിക്കുമ്പോള്‍ പിന്നീടുള്ള അദ്ധ്യായത്തില്‍ അവളെ അവനുവേണ്ടി സൃഷ്ടിച്ചു എന്നാക്കുന്നു. ചരിത്രത്തിലെ അട്ടിമറിയാണത്. സമൂഹനിര്‍മ്മിതമാണാ പുരുഷാധിപത്യം. മതവും സംസ്കാരവും ചേര്‍ന്ന് സ്ത്രീസമത്വത്തെ എതിര്‍ക്കുന്നു. ദൈവത്തെ പിതാവേ എന്നു വിളിക്കുന്നു.

ക്രിസ്തുവും സ്ത്രീകളുമായുള്ള ബന്ധം 7-ാം അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നു. സ്ത്രീകളോടുള്ള വ്യക്തിപരിഗണനയാണ് ആ വ്യക്തിയുടെ ആത്മീയതയെ നിര്‍വ്വചിക്കുന്ന പ്രധാനഘടകം. കാനായിലെ കല്യാണം മുതല്‍ ലാസറിന്‍റെ ഉയിര്‍പ്പ്, വിധവയുടെ കൊച്ചുകാശ്, മഗ്ദലനാമറിയം, രക്തസ്രാവക്കാരി, സമരിയാക്കാരി എത്ര സ്ത്രീകളാണ് ക്രിസ്തുവിനോടു സഹകാരികളായിരുന്നത്... സമൂഹവും മതവും ചുമത്തിയ നുകത്തിന്‍റെ കീഴില്‍നിന്ന് ക്രിസ്തു സ്ത്രീയെ നിവര്‍ത്തി നിര്‍ത്തി അവളുടെ അന്തസ്സുയര്‍ത്തി. ക്രിസ്തു വേശ്യയോടൊപ്പംനിന്ന് അവരെ അതില്‍നിന്നുമോചിപ്പിച്ചു. അവളെ നശിപ്പിച്ചത് തന്‍റെ വര്‍ഗ്ഗമാണെന്നറിഞ്ഞ് അതു തന്‍റെ ഉത്തരവാദിത്വമായി കരുതി.

 

മദ്ധ്യശതകങ്ങളില്‍ ക്രിസ്തുവില്‍ നിന്നും സത്യങ്ങളില്‍നിന്നും സഭ അകന്നു പോയപ്പോഴാണ് സ്ത്രീ ഏറ്റവും അധഃകൃതയായത്. മനുഷ്യവംശത്തിന്‍റെ ആരംഭംമുതല്‍ നിലനില്ക്കുന്ന കള്ളത്തരങ്ങളെ പൊളിച്ചു കളഞ്ഞ്, സ്ത്രീകളെ ക്രിസ്തു ചെയ്തതുപോലെ ജീവിതത്തിലേയ്ക്കു കൊണ്ടുവരേണ്ടത് സഭയുടെയും സമൂഹത്തിന്‍റെയും ബാധ്യതയാണ്. ക്രിസ്തുവിനെ ഒരിക്കലും ഒറ്റിക്കൊടുക്കാത്ത, തള്ളിപ്പറയാത്ത സ്ത്രീയെ ക്രിസ്തു മാറ്റിനിര്‍ത്തിയില്ല. എന്നാല്‍ യോഹന്നാനൊഴികെ ഒരു പുരുഷനും ക്രിസ്തുവിനെ മനസ്സിലാക്കിയില്ല. സ്ത്രീയെ അകറ്റിനിര്‍ത്താനുള്ള വ്യഗ്രത അധികാരം പങ്കുവയ്ക്കാനുള്ള വൈമനസ്യം മാത്രമാണ്. കത്തോലിക്കാസഭയില്‍ മാത്രമല്ല നമ്മുടെ നിയമനിര്‍മ്മാണ സഭയിലും  എല്ലാ സംസ്കാരങ്ങളിലും ഇതുതന്നെ ഗതിയെന്ന് റോസിതമ്പി നിരീക്ഷിക്കുന്നു.

 

ആത്മീയത സ്വത്വം കണ്ടെത്തലാണ്, സത്യാന്വേഷണവുമാണ്. അതിനടിസ്ഥാനം ജീവന്‍, ജീവിതം തന്നെ. ജീവന്‍റെ ഉണ്മ ശരീരത്തിലാണ.് ജൈവശരീരത്തില്‍ അതിനെ ഉരുവാക്കി, ഉളവാക്കി ഉണ്മയാക്കിത്തീര്‍ക്കലാണ് ഏറ്റവും മഹത്തായ കര്‍ത്തവ്യം. അതു നിര്‍വ്വഹിക്കലാണ് സ്ത്രൈണത. അതിനാല്‍ത്തന്നെ ആത്മീയതയുടെ ഔന്നത്യം സ്ത്രൈണതയത്രേ!

കാപട്യത്തിലൂടെയും അന്ധവിശ്വാസത്തിലൂടെയും അസത്യങ്ങളിലൂടെയും അനാചാരങ്ങളിലൂടെയും എത്തിപ്പെടാവുന്ന അവസ്ഥയല്ല മോക്ഷം. ജീവിതം അര്‍ത്ഥവത്തായി, സമഗ്രതയില്‍ പൂര്‍ത്തീകരിക്കുമ്പോഴാണ് മോക്ഷപ്രാപ്തി. സ്ത്രീയുടെ ജൈവപ്രകൃതിയിലൂടെ, ചരിത്രത്തിലൂടെ, റോസിതമ്പി നടത്തുന്ന ആദ്ധ്യാത്മികാന്വേഷണം ശ്രദ്ധാര്‍ഹമായ ഒരു ചുവടുവെയ്പാണ്. സ്ഥാപനവത്കൃത സങ്കല്പങ്ങള്‍ ഇളക്കിമറിക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാവാം. പക്ഷേ അതു പുരോഗതിയുളവാക്കും. പാല് ഇളക്കി മറിച്ചാല്‍ മാത്രമേ വെണ്ണ പുറത്തുവരികയുള്ളൂ. ഡോ. റോസി തമ്പിയുടെ 'സ്ത്രൈണ ആത്മീയത' നമുക്കു പുതിയ കാഴ്ചപ്പാടു നല്കും, തീര്‍ച്ച! 

You can share this post!

പാരിജാതം പോലൊരു പെണ്‍കുട്ടി

ആന്‍റണി അല്‍ഫോന്‍സ് കപ്പൂച്ചിന്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts