news-details
മറ്റുലേഖനങ്ങൾ

ലിംഗപദവി - ആശയവ്യക്തത

സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റിയും വനിതാശാക്തീകരണത്തെപ്പറ്റിയും ധാരാളം ചിന്തകളും പ്രവര്‍ത്തനങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പല ആശയക്കുഴപ്പങ്ങളും ഈ വിഷയത്തില്‍ ഉണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ട്. ഈ വിഷയത്തില്‍ വായനക്കാര്‍ക്ക് താത്വിക തലത്തിലും പ്രായോഗിക തലത്തിലും  ആശയവ്യക്തത നല്കുക എന്നതാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം.

ജനിച്ച് വീഴുന്ന ഒരു കുട്ടി ആണോ പെണ്ണോ എന്നറിയാന്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ. പക്ഷേ, പ്രായം ഏറുന്നതോടെ കണ്ണെത്തുന്ന ദൂരത്തില്‍ ഒരു വ്യക്തിയെ കണ്ടാല്‍ ഏതു വര്‍ഗ്ഗത്തില്‍പ്പെട്ടതാണെന്ന് നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കുന്നു - വസ്ത്രധാരണം, മുടിയുടെ നീളം, ആഭരണം, നില്‍പിലും നടപ്പിലുമുള്ള വ്യത്യാസം തുടങ്ങിയ എല്ലാക്കാര്യങ്ങളിലും ആണ്‍-പെണ്‍ വ്യതിരക്തതകള്‍ ദൃശ്യമാണ്. ആണും പെണ്ണും തമ്മില്‍ വ്യത്യാസങ്ങള്‍ ഇല്ലായെന്നു പറയുന്നത് ശുദ്ധ ഭോഷ്കാണ്. ബാഹ്യ ആന്തരിക ഘടനകളില്‍, ക്രോമോസോം സംവിധാനത്തില്‍, ഹോര്‍മോണുകളില്‍ മുതലായവയില്‍ എല്ലാത്തിലും വ്യത്യാസങ്ങള്‍ ഉണ്ട്. ഈ വ്യത്യാസങ്ങള്‍ ദൈവദത്തമാണ്, സ്വാഭാവികമാണ്. സ്വാഭാവികമായ ഈ വ്യത്യാസങ്ങള്‍ക്കുപരി മനുഷ്യനിര്‍മ്മിതമായ വ്യത്യാസങ്ങള്‍ ഉണ്ട്. മനുഷ്യനിര്‍മ്മിതമായ വ്യത്യാസങ്ങള്‍ വസ്ത്രം, മുടിയുടെ സംവിധാനം, ആഭരണം, നടത്തം എന്നീ പ്രത്യക്ഷമായ കാര്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. സ്ത്രീ- പുരുഷന്മാരില്‍നിന്ന് വ്യത്യസ്ത റോളുകളും ഉത്തരവാദിത്വങ്ങളുമാണ് സമൂഹം പ്രതീക്ഷിക്കുന്നത്. സ്ത്രീ-പുരുഷന്മാര്‍ക്ക് വ്യത്യസ്തമായി വേണ്ട സവിശേഷതകളെപ്പറ്റി സമൂഹത്തിന് വ്യക്തമായ പ്രതീക്ഷകളുണ്ട്. ശാന്തത, സേവനമനഃസ്ഥിതി, ക്ഷമ, ത്യാഗമനോഭാവം, പരിചരണം കൊടുക്കല്‍, അനുസരണം എന്നിവ സ്ത്രീക്ക് അവശ്യം വേണ്ട ഗുണങ്ങളായി പ്രതീക്ഷിക്കപ്പെടുന്നു. മേധാവിത്തം, സ്വാതന്ത്ര്യബോധം, സാഹസികത, അധികാരഭാവം, ധൈര്യം, യുക്തിബോധം എന്നിവ പുരുഷനുവേണ്ട സവിശേഷതകളായി പ്രതീക്ഷിക്കപ്പെടുന്നു. പാചകം, ശുചീകരണപ്രവര്‍ത്തനകള്‍, ശുശ്രൂഷകള്‍ ഇവ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വങ്ങളായി കണക്കാക്കുന്നു. ധനകാര്യ മാനേജുമെന്‍റും ആസ്തികളുടെ മാനേജുമെന്‍റും പുരുഷന്മാരുടെ മാത്രം വകുപ്പായി കരുതിപ്പോരുന്നു. (ആധുനിക കാലഘട്ടത്തില്‍ സ്ത്രീ-പുരുഷന്മാര്‍ ഈ റോളുകള്‍ മാറി മാറി ചെയ്യുമ്പോള്‍ പോലും അത് സ്ത്രീയുടെ കടമയോ ഉത്തരവാദിത്വമോ ആയി കണക്കാക്കപ്പെടുന്നില്ല. മറ്റൊരാളെ സഹായിക്കുന്നതായി മാത്രമേ കണക്കാക്കുന്നുള്ളൂ). സ്ത്രീക്കും പുരുഷനും ഉണ്ടാകേണ്ട കഴിവുകളെപ്പറ്റിയും സമൂഹത്തിന് വ്യക്തമായ ധാരണയുണ്ട്. ഉദാഹരണത്തിന് ഭരണപാടവം, അധികാരം ഫലപ്രദമായി വിനിയോഗിക്കല്‍ ഇവ പുരുഷന്മാരുടെ പ്രാപ്തിയായിട്ടാണ് കരുതിപ്പോരുന്നത്. ഇന്ദിരാഗാന്ധി സമര്‍ത്ഥമായി ഭരിച്ചപ്പോള്‍ സ്ത്രീകളുടെ ഭരണപാടവം പ്രകടിപ്പിക്കുന്നു എന്ന നിഗമനത്തിലല്ല പൊതുവെ എത്തിയത്.   ഈ ക്യാബിനറ്റിലെ ഏക പുരുഷന്‍ ഇന്ദിരയാണ് എന്നായിരുന്നു കമന്‍റ്. ഗാര്‍ഹികസ്ഥലത്തും പൊതുസ്ഥലത്തും സ്ത്രീകളും പുരുഷന്മാരും പ്രത്യേകമായി അനുവര്‍ത്തിക്കേണ്ട പെരുമാറ്റരീതികളെപ്പറ്റിയും സങ്കല്പങ്ങളുണ്ട്. പുരുഷന്‍ അധികാര ഭാവത്തിലും സ്ത്രീകള്‍ വിധേയത്വഭാവത്തിലും പെരുമാറണമെന്നാണ് അനുശാസിക്കപ്പെടുന്നത്. പൊതുരംഗങ്ങളില്‍ സ്ത്രീകള്‍ എന്തൊക്കെ കാംക്ഷിക്കാമെന്നും പുരുഷന്മാര്‍ എന്തൊക്കെ കാംക്ഷിക്കാമെന്നും പരമ്പരാഗതമായ ചില സങ്കല്പങ്ങളുണ്ട്. അതുപോലെതന്നെ സ്ത്രീകള്‍ക്ക് വിഭവങ്ങളുടെ മേലുള്ള പ്രാപ്യതയ്ക്കും നിയന്ത്രണത്തിനും അതിരുകള്‍ ഉണ്ട്. പുരുഷന്മാര്‍ക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും അവകാശാധിഷ്ഠിതമായി കണക്കാക്കപ്പെടുന്നു: സേവന ശുശ്രൂഷകള്‍, വീട്ടിലെ സ്വത്തിന്‍റെ മേലുള്ള അധികാരം മുതലായവ. സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി 1975 ന് ശേഷമേ പൊതുജനസംസാരം ഉണ്ടായിട്ടുള്ളൂ. സ്ത്രീകളുടെ കടമകളെപ്പറ്റി പുരാണേതിഹാസങ്ങള്‍ തൊട്ട് ആധുനിക സിനിമ-സീരിയലുകള്‍ വരെ ഉദ്ബോധനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ലിംഗാവസ്ഥ, ലിംഗപദവി

ലിംഗാവസ്ഥ എന്നതും ലിംഗപദവി എന്നതും വ്യത്യസ്തമായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ലിംഗാവസ്ഥ എന്നത് ആണ്‍, പെണ്‍ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള നൈസര്‍ഗ്ഗിക വ്യത്യാസങ്ങളാണ്.  ലിംഗപദവി എന്നത് മനുഷ്യനിര്‍മ്മിതമായ വ്യത്യാസങ്ങളാണ്. സ്ത്രീ-പുരുഷന്മാരില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ചുമതലകള്‍, ഉത്തരവാദിത്വങ്ങള്‍, സവിശേഷതകള്‍, കഴിവുകള്‍, പെരുമാറ്റരീതികള്‍, കാംക്ഷിക്കുന്ന സ്ഥാനമാനങ്ങള്‍, വ്യത്യസ്തമായ വിഭവങ്ങളുടെ  മേലുള്ള പ്രാപ്യതയും  നിയന്ത്രണവും എല്ലാം ലിംഗപദവിയെ സൂചിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ലിംഗാവസ്ഥ സ്വാഭാവികമാണ, ലിംഗപദവി മനുഷ്യനിര്‍മ്മിതമാണ്.  

ലിംഗപദവി സാമൂഹ്യമായി  പഠിപ്പിച്ചെടുക്കുന്നതാണ്. സമൂഹം അനുശാസിക്കുന്ന ലിംഗപദവി വ്യത്യസ്തതകളോടെ നിലകൊണ്ടില്ലെങ്കില്‍ സമൂഹം തിരുത്തലുകള്‍ നടത്തും. പുരുഷനെ കരയാന്‍ അനുവദിക്കാത്തതും പുരുഷഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീകളെ ആക്ഷേപത്തോടെ വീക്ഷിക്കുന്നതും ഈ കാരണം കൊണ്ടാണ്. ലിംഗപദവി വ്യത്യാസങ്ങള്‍ സാമൂഹികമായി പരുവപ്പെടുത്തി എടുത്തതാണ്, ചരിത്രപരമായി ഉരുത്തിരിഞ്ഞതാണ്, സാംസ്കാരികമായി നിര്‍മ്മിക്കപ്പെട്ടതാണ്. പക്ഷേ ലിംഗാവസ്ഥ അനാദികാലം മുതലെ വ്യത്യാസമില്ലാതെ തുടരുന്നു. ലിംഗപദവി കാലദേശങ്ങള്‍ അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കുള്ള പദവിയും സ്ഥാനവും സ്ത്രീകളോടുള്ള പെരുമാറ്റ മര്യാദകളും സ്ത്രീക്ക് അനുവദിച്ചുകൊടുത്തിരിക്കുന്ന സവിശേഷതകളും എന്നുവേണ്ട എല്ലാംതന്നെ പല ദേശത്തും പലതാണ്. ഒരു ദേശത്തുതന്നെ കാലാകാലങ്ങളില്‍ ഇവയ്ക്ക് വ്യത്യാസം വന്നുകൊണ്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ലിംഗാവസ്ഥ നമുക്ക് മാറ്റാന്‍ സാധിക്കില്ല. പക്ഷേ ലിംഗപദവിയില്‍ നമുക്ക് ബോധപൂര്‍വ്വം വ്യത്യാസങ്ങള്‍ വരുത്താം.

പിതൃമേധാവിത്വവും അതിന്‍റെ നിര്‍മ്മിതിയും

ലിംഗപദവിയെപ്പറ്റി പറയുമ്പോള്‍ അടിവരയിട്ട് ശ്രദ്ധിക്കേണ്ട ഒരു കാര്യമിതാണ്: സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു താരതമ്യം ഇവിടെ വരുന്നുണ്ട്. ഇവര്‍ തമ്മിലുള്ള പദവിയിലുള്ള വ്യത്യാസത്തിന്‍റെ സൂചന ഇവിടെ വരുന്നുണ്ട്. ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള അധികാര ശ്രേണീ ബന്ധം എന്നത് ഇവിടെ വരുന്നുണ്ട്.

അധികാരശ്രേണീ ബന്ധം വരുന്നത് പുരുഷമേല്ക്കോയ്മയുടെ സംസ്കാരം അഥവാ നാട്ടുനടപ്പ് കാരണമാണ്. പിതൃമേധാവിത്വം എന്നാണ് ഇതിനെ വിളിക്കുന്നത്. പിതൃമേധാവിത്വത്തിലെ ചില അടിസ്ഥാന ചിന്താഗതികള്‍ ഇവയാണ്-പുരുഷന്മാര്‍ ആണ് കൂടുതല്‍ മേന്മയുള്ളവര്‍   ('ആണിന്‍റെയും ആഞ്ഞിലിക്കുരുവിന്‍റെയും വില ഒന്നു വേറെതന്നെയാണ്' എന്ന പഴമൊഴി ഉദാഹരണം); സ്ത്രീകള്‍ ചരക്ക്വല്ക്കരിക്കപ്പെടുന്നു (സ്ത്രീയുടെ ശരീരം പ്രദര്‍ശിപ്പിച്ച് പരസ്യത്തിന് ഉപയോഗിക്കുന്നത് സ്ത്രീയുടെ ശരീര സൗന്ദര്യം മൊത്തമായും ചില്ലറയായും സൗന്ദര്യമത്സരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്); സ്ത്രീയുടേതായതെല്ലാം പുരുഷന്മാരുടെ നിയന്ത്രണത്തില്‍ ആകുന്ന അവസ്ഥ (വരുമാനം, അദ്ധ്വാനം, സ്വത്ത്, സഞ്ചാര സ്വാതന്ത്ര്യം മുതലായവ); ലിംഗാധിഷ്ഠിത തൊഴില്‍ വിഭജനം, പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഇല്ലായ്മ ഇവയൊക്കെ; ചുമതലകളും അധികാരങ്ങളും തമ്മില്‍ അനുപാതമില്ലാതെ വരുന്ന അവസ്ഥ (പശുവിനെ കുളിപ്പിക്കുന്നതും കറക്കുന്നതും ശുശ്രൂഷിക്കുന്നതും അമ്മച്ചിയാണെങ്കിലും അതിന്‍റെ കറന്നെടുത്ത പാല്‍ വില്‍ക്കാനും പിന്നെ പൈസ സ്വമേധയാ ചെലവാക്കാനും അപ്പന് സമൂഹം അനുവദിച്ചു കൊടുത്തിരിക്കുന്ന അധികാരം, പശുവിനെ വില്‍ക്കുന്ന കാര്യം അമ്മച്ചിയോട് ആലോചിക്കുകപോലും ചെയ്യാതെ നടപ്പാക്കാന്‍ അപ്പച്ചന് കിട്ടിയിട്ടുള്ള അധികാരം) ഇവയൊക്കെയാണ് പിതൃമേധാവിത്വം.

പിതൃമേധാവിത്വത്തിന്‍റെ ലിംഗപദവി ആശയങ്ങള്‍ എങ്ങനെ സമൂഹത്തില്‍ വന്നു കയറി? വണ്ടികേടായാല്‍ നന്നാക്കാനായി സഹായത്തിന് ആണ്‍കുട്ടികളെ വിളിക്കും, പാചകത്തിന് സഹായിക്കാന്‍ പെണ്‍കുട്ടികളെ വിളിക്കും. അച്ഛനമ്മമാര്‍ കൈയാളുന്ന   സ്ത്രീ-പുരുഷന്മാരെ വേര്‍തിരിക്കുന്ന പരമ്പരാഗതമായ രീതിയിലുള്ള റോളുകള്‍ കുട്ടികള്‍ക്ക് മാതൃകയാവുന്നു. ഔപചാരിക വിദ്യാഭ്യാസത്തില്‍ വീണ്ടും സ്ത്രീ-പുരുഷന്മാരുടെ വാര്‍പ്പ് മാതൃകകള്‍ ആവര്‍ത്തിക്കപ്പെടുന്നു. ടെക്സ്റ്റ് പുസ്തകത്തില്‍ കാണുന്ന പശുവിനെ കറക്കുകയും കഞ്ഞിവെയ്ക്കുകയും കഷായം വെയ്ക്കുകയും ചെയ്യുന്ന അമ്മയും, പത്രം വായിക്കുന്ന അച്ഛനും ഇന്ന് ഏറെ വിമര്‍ശന വിധേയമായിരിക്കുകയാണല്ലോ.

മാധ്യമങ്ങളും വാര്‍പ്പ് മാതൃകകളെ ആഘോഷിക്കുന്നു. നല്ല ചായയുണ്ടാക്കാന്‍ കഴിവുള്ള പെണ്‍കുട്ടിക്ക് നല്ലവരനെ കിട്ടുന്നു. നല്ല ഫില്‍റ്റര്‍ കാപ്പിയുണ്ടാക്കി വധു അമ്മായിയമ്മയെ സന്തോഷിപ്പിക്കുന്നു. ഡോക്ടറായ വീട്ടമ്മ തറ തുടയ്ക്കുന്ന ലോഷന്‍ നല്ലതാണെന്ന് ഡബിള്‍ റോളില്‍ നിന്നുകൊണ്ട് പ്രഖ്യാപിക്കുന്നു.
നമ്മുടെ യേശുവടക്കം എല്ലാ ആദ്ധ്യാത്മിക നേതാക്കളും അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ പിതൃമേധാവിത്വപരമായ പ്രവണതകളെ ശക്തിയുക്തം എതിര്‍ത്തിരുന്നു. നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നു പറഞ്ഞതും, ആദ്ധ്യാത്മികവും ബൗദ്ധികവുമായ കാര്യങ്ങളില്‍ വ്യാപൃതയാവാന്‍ മേരിയെ പ്രേരിപ്പിച്ചതും, റബ്ബികള്‍ സ്ത്രീകളോട് സംസാരിക്കാത്ത കാലത്ത് സ്ത്രീകളെ അനുയായികളായി കൂടെ കൊണ്ടുനടന്നതും, സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ ഉപമയ്ക്ക് വിഷയമായതും, മരണസമയത്ത് സ്ത്രീകളുടെ സ്ഥൈര്യം തുണയാക്കിയതും, ഉയിര്‍പ്പിന് സ്ത്രീയെ സാക്ഷിയാക്കിയതുമൊക്കെ പിതൃമേധാവിത്വത്തോടുള്ള വെല്ലുവിളിയാണ്. പക്ഷേ, സഭയുടെ ഘടനയിലും പ്രക്രിയകളിലും സ്ത്രീകളുടെ പങ്കാളിത്തം അനുവദിക്കപ്പെടാതെ പോയി. സ്ത്രീകളോട് ചെയ്ത ചരിത്രപരമായ അനീതികള്‍ക്കെതിരെ പില്‍ക്കാലത്ത് മാര്‍പ്പാപ്പയ്ക്ക് മാപ്പ് പറയേണ്ടിവന്നു. എന്നിട്ടും സാമൂഹിക ആചാരങ്ങളില്‍ പിതൃമേധാവിത്വം പടര്‍ന്നു കയറി. സ്ത്രീകള്‍ക്ക് കുടുംബസ്വത്തില്‍ തുല്യ അവകാശം നല്‍കാതെ സ്ത്രീധനം എന്ന ദുരാചാരം വഴി സ്ത്രീയെ ആസ്തി ഇല്ലാത്തവളാക്കി. നാടോടി പാട്ടുകളും നാടോടിക്കഥകളും പഴഞ്ചൊല്ലുകളും പിതൃമേധാവിത്വത്തെ ഊട്ടിയുറപ്പിച്ചു.

പിതൃമേധാവിത്വവും സ്ത്രീയും

പിതൃമേധാവിത്വം സ്ത്രീകളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു? സ്ത്രീക്ക് ജനിക്കുവാന്‍ പോലുമുള്ള അവകാശം നിഷേധിക്കപ്പെടുന്നു. അമ്മമാരുടെ ഗര്‍ഭപാത്രം പെണ്‍ശിശുക്കള്‍ക്ക് മൃത്യുഗേഹമായി മാറുന്നു. (ബോംബെയിലെ ഒരു പഠനത്തില്‍ നശിപ്പിക്കപ്പെട്ട എണ്ണായിരം ഭ്രൂണങ്ങളില്‍ 7999 ഉം പെണ്‍ ഭ്രൂണങ്ങളായിരുന്നു). സ്ത്രീ ശരീര പ്രധാനിയായി ഗണിക്കപ്പെടുന്നതിനാല്‍ പരസ്യങ്ങളില്‍ അവളുടെ അന്തസ്സ് നശിപ്പിക്കപ്പെടുന്നു. ആസ്തിയില്ലാതെ, സാമൂഹിക ബന്ധങ്ങളില്ലാതെ, വരുമാനമില്ലാതെ, രാഷ്ട്രീയ സ്വാധീനമില്ലാതെ, അവള്‍ അബലയാക്കപ്പെടുന്നു. ഇന്ന് തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കുപോലും അവരുടെ വരുമാനത്തിന്‍മേല്‍ നിയന്ത്രണമില്ലാതെയാവുന്നു. വീടിനകത്തെ തീരുമാനങ്ങളില്‍ പങ്കാളിത്തമില്ലാത്ത അവസ്ഥയില്‍ അവള്‍ നിരാശിതയാകുന്നു. സ്ത്രീ നിയന്ത്രിക്കപ്പെടേണ്ടവള്‍ ആണെന്ന ചിന്തയില്‍നിന്ന് ഉടലെടുക്കുന്നതാണ് ഗാര്‍ഹിക പീഡനം. നിയന്ത്രിക്കപ്പെടാന്‍ പീഡനം വേണമെങ്കില്‍ അതും ആകാമെന്ന അവസ്ഥ വരുന്നു. ഗാര്‍ഹിക പീഡനം അവളെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു. വീട് നടത്തിക്കൊണ്ടു പോകാനുള്ള ശേഷി കുറയ്ക്കുന്നു. സ്നേഹം തകര്‍ന്ന് ജീവിക്കുന്ന അവള്‍ ഭയചകിതയായി കഴിയേണ്ടിവരുന്നു. സ്നേഹം വറ്റിപ്പോകുന്നു. കുഞ്ഞുങ്ങളെ നല്ലരീതിയില്‍ വളര്‍ത്തിയെടുക്കാന്‍ പറ്റാതെ വരുന്നു. വീട് സമര്‍ത്ഥമായി നോക്കി നടത്താന്‍ സാധിക്കാതെ വരുന്നു.

പിതൃമേധാവിത്വവും പുരുഷനും

മേധാവിത്വം കൈയാളുന്ന പുരുഷന് സൗഖ്യമോ? പിതൃമേധാവിത്വ ചിന്തകള്‍ സ്വാഭാവികമാണെന്ന് ധരിച്ച് വശായിരിക്കുന്ന പുരുഷന് ഒരിക്കലും സന്തോഷമുണ്ടാവില്ല. തന്‍റെ മേധാവിത്വം നിലനിര്‍ത്താന്‍ അവന് പെടാപ്പാട് പെടേണ്ടിവരുന്നു. പണ്ടുകാലത്താണെങ്കില്‍ തന്നെക്കാള്‍ തുലോം വിദ്യാഭ്യാസവും ലോകപരിചയവും കുറവുള്ള സ്ത്രീയെയാണ് പുരുഷന് കിട്ടിയിരുന്നത്-കാരണം ഇതു രണ്ടും ഉള്ള സ്ത്രീകള്‍ കുറവായിരുന്നല്ലോ. എതിര്‍ ലിംഗത്തില്‍പ്പെട്ട രണ്ട് സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ പരസ്പര ബഹുമാനത്തില്‍ ഊന്നിയ സഖിത്വം അവള്‍ക്ക്  ആയുസ്സില്‍ അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. ആധുനിക യുഗത്തിലാകട്ടെ കഴിവും വിദ്യാഭ്യാസവും ഉള്ള സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ പുരുഷന്മാര്‍ക്ക് കഴിയുന്നില്ല. അധികാരം ദുഷിപ്പിക്കുന്നു, പൂര്‍ണ്ണമായ അധികാരം പൂര്‍ണ്ണമായി ദുഷിപ്പിക്കുന്നു എന്ന് ലോര്‍ഡ് ആക്ടണ്‍ പറഞ്ഞു. ജനാധിപത്യ നേതാവായ ഓങ്ങ് സാന്‍ സൂചി പറഞ്ഞു: "അധികാരമല്ല ദുഷിപ്പിക്കുന്നത് ഭയമാണ് ദുഷിപ്പിക്കുന്നത്." അധികാരമില്ലാത്തവരുടെ ഭയം അധികാരം  തങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെടുമോ എന്നതാണ്. അധികാരം ഉള്ളവരുടെ ഭയം തങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടുമോ എന്നതാണ്. സൗഖ്യം കുടികൊള്ളുന്നത് സഖിത്വത്തിലാണ്.  അധികാരവ്യത്യാസം, അധികാരം ശുശ്രൂഷയാണെന്ന ക്രിസ്തീയമൂല്യം മറന്നുള്ള ജീവിതം ഇതൊക്കെ ഊഷ്മളമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള സാഹചര്യം നഷ്ടപ്പെടുത്തുന്നു. ആധുനികയുഗത്തിലെ മാറിവരുന്ന സ്ത്രീയുടെ ആവശ്യങ്ങള്‍ പുരുഷന്മാര്‍ ശരിയായി മനസ്സിലാക്കിയില്ലെങ്കില്‍ അവള്‍ക്ക് ശാന്തിയുണ്ടാവില്ല.  മാമൂല്‍ സങ്കല്പങ്ങളില്‍ കടിച്ചു തൂങ്ങുന്ന പുരുഷന് എപ്പോഴും നിരാശയായിരിക്കും ഫലം. ഇത് അവന്‍റെ മാനസിക ശാരീരിക ആരോഗ്യങ്ങളെ കാര്‍ന്നു തിന്നും. സാമ്പത്തികമായും സാമൂഹികമായും പദവിപരമായും ഒക്കെ ഭര്‍ത്താവ് ഉയര്‍ന്നുയര്‍ന്നു പോകുമ്പോള്‍ ഭാര്യയ്ക്ക് അഭിമാനവും സന്തോഷവും സായൂജ്യവും അനുഭവപ്പെടുന്നു. പക്ഷേ പിതൃമേധാവിത്വ ആശയസംഹിതകള്‍ വച്ചുപുലര്‍ത്തുന്ന ഒരു പുരുഷന് ഭാര്യയുടെ ഇത്തരത്തിലുള്ള വളര്‍ച്ച വളരെയധികം ആശങ്കയും ഭയവും അസഹിഷ്ണുതയും ഉണ്ടാക്കുന്നു. ഒരുമിച്ച് സ്നേഹം നുകര്‍ന്ന് ജീവിതം ആഘോഷിക്കേണ്ടതിനു പകരം അധികാരം നിലനിര്‍ത്താനുള്ള തത്രപ്പാടില്‍ അവന്‍ അഗാധമായ സ്നേഹത്തിന്‍റെ വാതില്‍ കൊട്ടിയടയ്ക്കുന്നു. സമാധാനത്തോടെ ജീവിച്ചു പോകാന്‍വേണ്ടി ഭര്‍ത്താക്കന്മാരുടെ ഈഗോ, അരക്ഷിതാവസ്ഥ, സ്വഭാവ വൈചിത്ര്യങ്ങള്‍ എന്നിവ മാനേജ് ചെയ്യാന്‍ വേണ്ടി ഭാര്യമാര്‍ ആസൂത്രിതമായി പെരുമാറേണ്ടി വരുന്നു. സ്നേഹത്തില്‍ കുതിര്‍ന്ന് ജീവിക്കുന്നതിനു പകരം അധികാര സമവാക്യം പുലര്‍ത്താന്‍ ചില്ലറ കളികളൊക്കെ കളിക്കേണ്ടി വരുന്നു. ഉദാഹരണത്തിന്, ഇലക്ട്രോണിക്സ് എഞ്ചിനീയര്‍ ആയ എന്‍റെ ഒരു സുഹൃത്ത് അവളുടെ ഒരു ഇലക്ട്രോണിക് ഉപകരണം നന്നാക്കാന്‍ ഏല്പിച്ചത് ഹിസ്റ്ററി പ്രൊഫസറായ അവളുടെ ഭര്‍ത്താവിനെയാണ്. "എന്താ ഇങ്ങനെ ചെയ്തത്" എന്ന എന്‍റെ ചോദ്യത്തിന് അവളുടെ പ്രതികരണം: "നീനാ, കോമണ്‍സെന്‍സ് വേണം. ഒരുതരത്തിലും പുരുഷന്മാരുടെ ഈഗോ ഹര്‍ട്ടാവാന്‍ പാടില്ല. എനിക്കിത് റിപ്പയര്‍ ചെയ്യാന്‍ അറിയാം. പക്ഷേ എനിക്കതറിയില്ലായെന്നത് അദ്ദേഹത്തെ സന്തോഷിപ്പിക്കും." ഇങ്ങനെ കബളിപ്പിക്കപ്പെടുന്നത് പുരുഷന് ഭൂഷണമോ?

പാചകത്തിന്‍റെയും ഗൃഹപരിപാലനത്തിന്‍റെയും എ ബി സി ഡി അറിയാന്‍ പാടില്ലാത്ത പുരുഷന്മാരെ കാണുമ്പോള്‍ "ഹാ! കഷ്ടം" എന്ന് തോന്നിപ്പോകും, പ്രത്യേകിച്ച് വയസ്സുകാലത്ത് വിഭാര്യനായി കഴിയേണ്ടി വരുന്ന പുരുഷന്മാരെ കാണുമ്പോള്‍.

പൗരുഷത്തിന്‍റെ നിര്‍മ്മിതി നടക്കുന്നത് പുരുഷന് ഹാനികരമായ വിധത്തിലാണ്. സ്വാഭാവികമായി ഇല്ലാത്ത പല കഴിവുകളും ഉണ്ടെന്ന് തെളിയിക്കാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നു. പൗരുഷത്തിന്‍റെ വാര്‍പ്പ് മാതൃകകളില്‍ അവന്‍ തളച്ചിടപ്പെടുന്നു. സംരക്ഷകന്‍, അന്നദാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാതെ വരുമ്പോള്‍ അവന് അസ്വസ്ഥതയുണ്ടാകുന്നു. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയില്‍ അന്ധനായ ഒരു സഹോദരന്‍റെ ഹൃദയവ്യഥകളാണ് ചിത്രീകരിക്കപ്പെടുന്നത്. ശാരീരിക വൈകല്യമില്ലാത്ത ആരോഗ്യമുള്ള രണ്ട് പെങ്ങന്മാര്‍ ആങ്ങളെയെ സംരക്ഷിക്കുകയാണ് വേണ്ടത് എന്ന സാമാന്യ യുക്തിയ്ക്കു ചേരുന്ന വിധത്തിലുള്ള കാര്യമല്ല ഇവിടെ നടക്കുന്നത്.  അന്ധനായിട്ടും സഹോദരിമാരെ സംരക്ഷിക്കേണ്ടത് സഹോദരനാണെന്ന നാട്ടുനടപ്പ് ഇവിടെ അനുവര്‍ത്തിക്കപ്പെടുന്നു. അന്ധനായ, നിസ്സഹായനായ ഒരു പുരുഷന്‍ വേറെ പുരുഷന്മാരുടെ ആക്രമണത്തി ല്‍നിന്ന് സഹോദരിമാരെ സംരക്ഷിക്കുന്നു. പുരുഷന്മാരുടെ ആക്രമണം സ്ത്രീകളുടെ മേല്‍ ഇല്ലായിരുന്നുവെങ്കില്‍, ഈ സഹോദരിമാര്‍ പ്രബലകളായിരുന്നുവെങ്കില്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല.

സ്ത്രീധന സമ്പ്രദായം പെണ്‍കുട്ടികളെ ഒരു ബാധ്യതയാക്കി മാറ്റുന്നു.  പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരിക്കല്‍ ഞാന്‍ ഒരു നിര്‍ധന കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ സ്ഥലവിവരങ്ങള്‍ ശേഖരിച്ചു പോയി. വീട് കണ്ടുപിടിക്കാന്‍ കുറെ പ്രയാസപ്പെട്ടു. അവസാനം തുണയായി എത്തിയത് വഴിയില്‍നിന്ന ഒരാളുടെ ഐഡന്‍റിഫിക്കേഷനാണ്: "നാല് പെങ്ങന്മാരുള്ള ജോസഫിന്‍റെ വീടല്ലേ." ഈ ജോസഫ് ഞാന്‍ അന്വേഷിച്ചുചെന്ന വീട്ടിലെ പെണ്‍കുട്ടിയുടെ ഏറ്റവും ഇളയ ആങ്ങളയാണ്. അപ്പന്‍ മദ്യപാനിയാണ.് ഇന്ന് നാലു പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞു. 38-ാം വയസ്സില്‍ ജോസഫ് വിവാഹം ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

പിതൃമേധാവിത്വവും കുടുംബവും

പിതൃമേധാവിത്വം കുടുംബങ്ങളെ എങ്ങനെ ബാധിക്കുന്നു? വിവാഹ ജീവിതത്തില്‍ സന്തോഷമുണ്ടാകണമെങ്കില്‍ ദമ്പതികള്‍ രണ്ടുപേര്‍ക്കും സന്തോഷമുണ്ടായിരിക്കണം.  വിവാഹജീവിതം വിജയിക്കണമെങ്കില്‍ രണ്ടുപേരും ജയിക്കണം. ഒരാള്‍ക്ക് മാത്രമായി ജയമില്ല, തോല്‍വിയില്ല. പുരുഷാധിപത്യം കൊടികുത്തി വാഴുന്ന കുടുംബങ്ങളില്‍ കുട്ടികള്‍ക്ക് ജനാധിപത്യ മൂല്യങ്ങള്‍ പഠിക്കാന്‍ കഴിയാതെ വരുന്നു. ഉദാഹരണത്തിന് പിതൃമേധാവിത്വത്തിന്‍റെ അങ്ങേയറ്റത്തെ രൂപമായ ഗാര്‍ഹിക പീഡനമെടുക്കാം. മിറിയം എന്ന വിദേശ മനഃശാസ്ത്രജ്ഞ നടത്തിയ പഠനത്തില്‍ ഒരുകാര്യം തെളിഞ്ഞു: ഗാര്‍ഹിക പീഡനം നടക്കുന്ന വീടുകളിലെ ആണ്‍കുട്ടികള്‍ ഭാവിയില്‍ പീഡകരാകാനും പെണ്‍കുട്ടികള്‍ ഇരകളാകാനും സാധ്യതയുണ്ട്. ഇത്തരം വീടുകളില്‍ കുട്ടികള്‍ ഒന്നുകില്‍ എല്ലാ സംഘര്‍ഷങ്ങളും ഉള്ളിലേക്ക് ഒതുക്കുന്നു. ഇവര്‍ മനോജന്യ രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നു. ചില കുട്ടികള്‍ പതുങ്ങികളാകുന്നു. സമപ്രായക്കാരോടുപോലും ഊഷ്മളമായ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ വരുന്നു ഇവര്‍ക്ക.് ചില കുട്ടികള്‍ ഗാര്‍ഹിക അന്തരീക്ഷത്തിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടുപോകുന്നു; മദ്യം, മയക്കുമരുന്ന്, സെക്സ്, എന്നീ മാര്‍ഗ്ഗങ്ങളില്‍ ചെന്നെത്തുന്നു. ഇത്തരം വീടുകളില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണം സാധിക്കുന്നില്ല. അപ്പനും അമ്മയും കുട്ടികളെ തങ്ങളുടെ പക്ഷം ചേര്‍ക്കാന്‍ മത്സരിക്കുന്നു. ഈ മത്സരത്തിനിടയില്‍ കുട്ടികളെ പ്രീണിപ്പിക്കാന്‍വേണ്ടി സമ്മാനങ്ങള്‍ വാങ്ങികൊടുക്കുന്നു. ചില വിരുതരായ കുട്ടികള്‍ ഈ സാഹചര്യം മുതലെടുത്ത് അച്ഛനമ്മമാര്‍ പരസ്പരമറിയാതെ രണ്ടുപേരുടെ കൈയില്‍നിന്നും പൈസ ചോദിച്ചു വാങ്ങുന്നു. ഇങ്ങനെ ഏതു പ്രകാരം നോക്കിയാലും താളപ്പിഴയാണ് ഇത്തരം കുടുംബങ്ങളില്‍ സംഭവിക്കുന്നത്. പുരുഷമേധാവിത്വത്തിന്‍റെ കൂത്തരങ്ങായ ഇത്തരം കുടുംബങ്ങള്‍ ക്രിമിനലായ ഭാവി തലമുറയെ സൃഷ്ടിക്കുന്നു.

മദ്യപാനം ലിംഗപദവി യുമായി കുറെയൊക്കെ ബന്ധപ്പെട്ട് കിടക്കുന്നു. മദ്യത്തില്‍ നിന്നുള്ള എക്സൈസ് ഡ്യൂട്ടി  പൊതുഖജനാവ് നിറയ്ക്കുന്നു എന്നു പറയുന്നത് വിഡ്ഢിത്തമാണ്. മദ്യപാനം മൂലം പൊതുഖജ നാവിന് സംഭവിക്കുന്ന ചോര്‍ച്ചയെപ്പറ്റി ആരും ചിന്തിക്കുന്നില്ല. കുടുംബത്തിന്‍റെ സാമ്പത്തിക അടിത്തറയുടെ തകര്‍ച്ച, നഷ്ട പ്പെടുന്ന തൊഴില്‍ദിനങ്ങള്‍, സംരക്ഷണം ലഭിക്കാത്ത കുട്ടികള്‍, ഇവര്‍ ഭാവിയില്‍ സാമൂഹ്യ ദ്രോഹികളായി മാറുന്നത്, മദ്യപാനത്തിലൂടെ അതിസങ്കീര്‍ണ്ണമായിത്തീര്‍ന്ന ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഭീമമായ ചെലവ് ഇതൊക്കെ അദൃശ്യമായ പരോക്ഷ ചെലവുകളാണ്. മദ്യപാനത്തിന് പല കാരണങ്ങളുണ്ട്. അതില്‍ ഒരു കാരണമെങ്കിലും ലിംഗപദവിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യമായി മദ്യം പരീക്ഷിക്കുന്നത് ആണത്തം സ്ഥാപിക്കാനുള്ള ഒരു ബദ്ധപ്പാടിലാണ്. സമപ്രായക്കാരുടേയും മുതിര്‍ന്ന സുഹൃത്തുക്കളുടെ ഇടയില്‍ ഞാന്‍ ഒരാണാണ് എന്ന് പ്രഖ്യാപിക്കാന്‍ വേണ്ടിയുള്ള തത്രപ്പാടിലാണ് പല ആണ്‍കുട്ടികളും 10-15 വയസ്സിനിടയില്‍ ഇത് പരീക്ഷിക്കുന്നത്. പിതൃമേധാവിത്വത്തിലൂടെ നമ്മുടെ ലിംഗപദവി കാഴ്ചപ്പാടുകള്‍, മദ്യപാനിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്ത്രീകളെ ശക്തിയുക്തം പ്രബോധനം ചെയ്യുമ്പോള്‍, എങ്ങനെ ഇത്തരം ദുഃശീലങ്ങളില്‍ വഴുതി വീഴാതിരിക്കണമെന്ന് ആണ്‍കുട്ടികളെ ഉദ്ബോ ധിപ്പിക്കുന്നില്ല.

വേണ്ടതു സമഭാവന

ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് വേണ്ടത് ശാന്തിയുടേയും സമാധാനത്തിന്‍റെയും താവളങ്ങളായ കുടുംബങ്ങളാണ്. പിതൃമേധാവിത്വത്തിലൂന്നീയ ലിംഗപദവി കാഴ്ചപ്പാടുകള്‍ ഇത്തരം കുടുംബങ്ങളുടെ സൃഷ്ടിയെ തടസ്സപ്പെടുത്തുന്നു. നമുക്ക് വേണ്ടത് ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ജനതയാണ്. ആണ്‍ മേല്‍ക്കോയ്മ അടിസ്ഥാനമാക്കിയ ലിംഗപദവി ചിന്തകളും കീഴ്വഴക്കങ്ങളും ജനാധിപത്യ മൂല്യങ്ങളെ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നു. ജനാധിപത്യ മൂല്യങ്ങളില്ലാത്ത, എല്ലാവരേയും ഉള്‍ക്കൊള്ളാത്ത ഒരു ഭരണസംവിധാനത്തിന് വികസനം സാധ്യമല്ല. മേല്‍ക്കോയ്മകള്‍ ഏത്  വിധത്തിലുള്ളതാണെങ്കിലും നമ്മുടെ സമൂഹത്തിന് ഭൂഷണമല്ല. ഈ മേല്‍ക്കോയ്മ സംസ്കാരം പിതൃമേധാവിത്വത്തിലൂടെ കുടുംബങ്ങളില്‍നിന്ന് ആരംഭിക്കാതിരിക്കട്ടെ. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ഒരു പക്ഷിക്ക് പറക്കാന്‍ രണ്ട് ചിറകുകള്‍ ആവശ്യമാണ്. അതിലൊന്ന് -  ദേഹത്തിന്‍റെ പകുതി - തളര്‍ന്ന് പോയാല്‍ എങ്ങനെയിരിക്കും?

ആണ്‍കോയ്മയില്‍ വേരൂന്നിയ ലിംഗപദവി സംവിധാനത്തെ മനുഷ്യസ്നേഹികളായ നമുക്ക് എതിര്‍ക്കേണ്ടതുണ്ട്. ജനാധിപത്യവീക്ഷണങ്ങള്‍ മുറുകെ പിടിക്കുന്ന പ്രബലരായ മനുഷ്യരെയാണ് നമുക്കാവശ്യം. ഗാര്‍ഹിക പീഡനം നടക്കുന്ന വീടുകളിലെ വ്യക്തികള്‍ക്ക് കായിക-മാനസിക ക്ഷമതകള്‍ നന്നേ കുറവായിരിക്കും. മഹത്വമുള്ള വ്യക്തികള്‍ പരസ്പരാദരവും അംഗീകാരവും ഉള്ള വീടുകളിലേ രൂപപ്പെടുകയുള്ളൂ. അതുകൊണ്ട് വീടുകള്‍ സ്നേഹത്തിന്‍റെ പരിശീലനക്കളരിയാകണം. സ്നേഹത്തില്‍ കുതിര്‍ന്നതാകണം സ്ത്രീ-പുരുഷ ബന്ധങ്ങള്‍. അവര്‍ തമ്മിലുള്ള ആദരവ് കുട്ടികളിലേക്കും കവിഞ്ഞൊഴുകണം. വീട് ഊര്‍ജ്ജത്തിന്‍റെ സ്രോതസ്സായി വര്‍ദ്ധിക്കണം. ഇതൊക്കെ യാഥാര്‍ത്ഥ്യവത്ക്കരിക്കപ്പെടണമെങ്കില്‍ സ്ത്രീ-പുരുഷ ബന്ധങ്ങളെ പിതൃമേധാവിത്വമെന്ന കളങ്കത്തില്‍നിന്നും വിമലീകരിക്കുകതന്നെ വേണം. 

You can share this post!

മുഖമൊഴി

റോണി കിഴക്കേടത്ത്
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts