news-details
മറ്റുലേഖനങ്ങൾ

കിസ്മസ് - ജീവന്‍റെ ജീവന്‍

സൂക്ഷ്മവും  നേര്‍ത്തതും അഗാധവുമായ അനുഭവസാക്ഷ്യങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ലോകം ക്രിസ്തുമസില്‍ ഉണ്ട്. നമ്മള്‍ ജീവിക്കുന്നത് അത്രമാത്രം സുരക്ഷിതവും സംരക്ഷിതവുമായ ഒരു ലോകത്തിലല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ഒരുപിന്‍വിളിയായി തുടരുന്നതു ക്രിസ്തുമസിന്‍റെ സവിശേഷതയാണ്. അതിനാല്‍ നിത്യമായ ഒരു പിന്‍ചെല്ലലിന്‍റെ മുന്നൊരുക്കമായി ഞാനിതിനെ കാണുന്നു. അതെ, മുന്നൊരുക്കങ്ങളുടെയും പിന്‍വിളികളുടെയും മന്നയാണ് ക്രിസ്തുമസ്. എന്നും വിസ്മയം രുചിക്കുന്ന മന്നാ.

വഴിയമ്പലത്തില്‍ ഇടമില്ലായ്കയാല്‍ ശീലകളില്‍ചുറ്റി കാലിത്തൊഴുത്തില്‍ കിടക്കുന്ന ശിശു ഇടമില്ലായ്മ എന്ന സാമൂഹ്യാനുഭവത്തെ എന്‍റെ മുന്‍പില്‍ ഉന്നയിക്കുന്നു. അരമനകളുടെ വിസ്തൃതിയിലും വിഭവസമൃദ്ധിയുടെ തീന്‍മുറികളിലും ആര്‍ഭാടങ്ങളുടെ വിപുലഗാത്രത്തിലും ഇടമില്ലാതെപോകുന്ന മനുഷ്യപുത്രരുടെ പരമ്പരയെ ക്രിസ്തുമസ് എന്‍റെ മുന്‍പില്‍ അണിനിരത്തുന്നു. പിറവിയില്‍ വഴിയമ്പലത്തില്‍ ഇടമില്ലാതെ പോയ മനുഷ്യപുത്രനു കുറുനരികള്‍ക്കും പാമ്പുകള്‍ക്കും വീടുകളുള്ള ഭൂമിയില്‍ പിന്നീടും വീടില്ലാതെ പോയതെന്തുകൊണ്ട് എന്ന ചിന്തയും ക്രിസ്തുമസ് ഉന്നയിക്കുന്നു.

ഇന്നും ഇടമൊരു സാമൂഹ്യപ്രശ്നമാണ്. സ്വയം നീതികരണത്തിന്‍റെ മുഖമറയ്ക്കുള്ളില്‍ ജീവിക്കുന്ന എന്നെ ക്രിസ്തുമസ് ചോദ്യംചെയ്യുന്നു. നമ്മുടെ അതിവേഗപാതകള്‍ക്കിരു പുറത്തും വ്യാപാരശാലകളിലെ മേളാങ്കങ്ങളിലും ഇറച്ചിയേറിന്‍റെ ആരവങ്ങള്‍ക്കിടയിലും ഭോഗത്തിന്‍റെ എക്കിട്ടങ്ങള്‍ക്കു വെളിയിലും ഇടമില്ലാതെ അലയുന്ന ഭൂമിയിലെ ഭ്രഷ്ടരെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ ക്രിസ്തുമസ് എനിക്കു സാമൂഹ്യവിമര്‍ശനമാണ്. നിസ്വമായ ജന്മങ്ങളില്‍നിന്ന് ഓടിപ്പോകാന്‍ വെമ്പുന്ന നമ്മുടെ സാംസ്കാരിക നാട്യങ്ങളുടെ നടുവില്‍ ക്രിസ്തുമസ് എനിക്കു വളയാത്ത ചൂണ്ടുവിരലാണ്.

അധികാരസ്ഥാപനത്തിന്‍റെ ക്രൂരതകള്‍ ക്രിസ്തുമസിനെ സംബന്ധിച്ചിടത്തോളം ജനസംഖ്യാകണക്കെടുപ്പുമുതല്‍ തുടങ്ങുന്നു. രോഗികളെയും വികലാംഗരെയും ബലഹീനരെയും കണക്കിലെടുക്കാതെ എല്ലാവരും ജന്മനാട്ടിലെത്തണമെന്ന ഉത്തരവില്‍ ഭരണപരമായ വിമാനുഷികപാഠങ്ങളുണ്ട്. അവിടെനിന്നു പിന്നെയതു നവജാതന്‍ തന്‍റെ അധികാരത്തിനു ഭീഷണിയാകുമെന്ന ദുശ്ശങ്കയിലേയ്ക്കും ശിശുഹത്യയെന്ന മഹാപാപത്തിലേയ്ക്കും എത്തുന്നതും ക്രിസ്തുമസ്കാല വേദവായനകളിലൂടെ എന്നെ അസ്വസ്ഥയാക്കുന്നു.

അമ്മമാരുടെ കൈകളില്‍നിന്നു പിടിച്ചെടുക്കപ്പെട്ട കുട്ടികള്‍ ക്രിസ്തുമസ് രാത്രിയില്‍ എനിക്കു മുന്‍പില്‍ കണ്ണുചിമ്മുന്നു. കുഞ്ഞിന്‍റെ മൃദുമേനിയും ഇളംചൂടും പാല്‍മണവും ഒരു ജന്മകാലം മുഴുവന്‍ കൈകളെ പൊള്ളിക്കുന്ന അമ്മമാരെക്കുറിച്ചോര്‍ത്തു ഞാന്‍ നടുങ്ങുന്നു. ആ പുഞ്ചിരിയില്‍ വെന്തുതീരുന്ന പാപസന്ധ്യകള്‍ എത്ര മാരകമായ വേദനയാണു നിറയ്ക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഇരകളായ കുഞ്ഞുങ്ങളുടെ പിരിഞ്ഞൊടിഞ്ഞ ചലനങ്ങളും യാതന നിറഞ്ഞ ജീവിതവും റാമായിലെ അമ്മമാര്‍ക്കൊപ്പം മുന്‍പിലെത്തുമ്പോള്‍ ചില ചോദ്യങ്ങളായി ക്രിസ്തുമസ് ദിനത്തിലെ ഉണ്ണിയേശു മുന്‍പിലെത്തുന്നു. ഇത്രമാത്രം നിസ്സംഗയായി നിനക്കെങ്ങനെ ജീവിക്കാന്‍ സാധിക്കുന്നുവെന്ന ചോദ്യം എന്‍റെ മുന്‍പില്‍ ഉന്നയിക്കപ്പെടുന്നു.  പാരിസ്ഥിതികവും നൈതികവുമായ സംതുലനങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോള്‍ ഈ നിശ്ശബ്ദത അപകടകരമാണെന്നു ക്രിസ്തുമസ് പറയുന്നതു കേള്‍ക്കുന്നു. മരണപര്യന്തം തിക്തജീവിതം വിധിക്കപ്പെട്ട ഈ കുഞ്ഞുങ്ങള്‍ ഹേറോദാവിനാല്‍ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ മുന്‍പില്‍ നിര്‍ത്തുന്നു.  മാത്രമല്ല നമ്മുടെ വികസനവാദ സങ്കല്പങ്ങളുടെ ഉന്മാദത്തില്‍ പാലിക്കപ്പെടാതെപോകുന്ന ഉത്തരവാദിത്വങ്ങള്‍ മൂലം തെരുവിലേയ്ക്കും ഇടുങ്ങിയ പുനരധിവാസകേന്ദ്രങ്ങളിലേയ്ക്കും എടുത്തെറിയപ്പെടുന്ന കുഞ്ഞുങ്ങളെയും ക്രിസ്തുമസ് ഓര്‍മ്മിപ്പിക്കുന്നു.

യുദ്ധങ്ങള്‍, ഗോത്രകലാപങ്ങള്‍, വംശഹത്യകള്‍, കുടിപ്പകകള്‍ എന്നിവയൊക്കെയായിക്കൂടി ലോകം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ആണ്‍കോയ്മയുടെയും ആണ്‍കരുത്തിന്‍റേതുമായ ഈ ലോകവ്യാഖ്യാനശ്രമങ്ങളില്‍ അമര്‍ന്നുപോവുന്ന നിലവിളികളെ ക്രിസ്തുമസ് കേള്‍പ്പിക്കുന്നു. അപ്പോള്‍ ക്രിസ്തുമസ് എനിക്കു രക്തമൊഴുക്കു നിലയ്ക്കാത്ത മുറിവായയാണ്.

അധികാരത്തിന്‍റെ സംഹാരശേഷിയെ മറികടക്കുന്ന ദൈവപരിപാലനയുടെയും പദ്ധതിക്രമങ്ങളുടേതുമായ പാഠങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് മുറിവുകളില്‍ തൈലം പുരട്ടുന്ന ക്രിസ്തുമസ് ഒരു സാന്ത്വനമാണ്.

വലിയ വലിയ അളവുതോതുകളും കനപ്പെട്ട സിംഹാസനങ്ങളും ചകിതമായി പോകത്തക്കവിധമുള്ള ദൈവപദ്ധതിയുടെ വെള്ളിവടി എനിക്കു മുന്‍പേ വഴികാട്ടിയായി നടക്കുമ്പോള്‍ ക്രിസ്തുമസ് എനിക്കു പ്രതീക്ഷയാണ്.

കൈക്കുഞ്ഞിനെയും അവന്‍റെ അമ്മയെയും പരിപാലിച്ചുകൊണ്ട് ക്ഷമയുടെയും സ്ഥൈര്യത്തിന്‍റെയും കരുത്തുകാട്ടുന്ന ആര്‍ദ്രവാനായ ജോസഫിനെയും (ലോകത്തിലേറ്റവും ആര്‍ദ്രതയുള്ള പുരുഷന്‍) അയാള്‍ തെളിക്കുന്ന കഴുതയെയും പിന്തുടരുമ്പോള്‍ ക്രിസ്തുമസ് എനിക്ക് അലിവും സ്ഥൈര്യവുമാണ്. പ്രാതികൂല്യങ്ങളുടെയും ക്രൂരതകളുടെയും അക്രമങ്ങളില്‍ ദൈവപരിപാലനയുടെ ക്രമം വെളിപ്പെടുന്ന പ്രത്യാശയുടെ കുളിരായി ക്രിസ്തുമസ് എനിക്കൊപ്പമുണ്ട്.

അനുഭവത്തിലും ആവിഷ്കാരത്തിലും വിസ്മയിപ്പിക്കുന്ന പെണ്ണനുഭവമായി ക്രിസ്തുമസ് കൂടെ നടത്തുന്നു. അവിവാഹിതയായ അമ്മ -കന്യാഗര്‍ഭം- നമ്മുടെ സ്ഥിതസാമൂഹ്യക്രമത്തിന്‍റെ പൊളിച്ചെഴുത്തുമായി നില്ക്കുമ്പോള്‍ ക്രിസ്തുമസ് ഒരു പെണ്‍വിടുതിയാണ്. കന്യാമറിയത്തിന്‍റെ സ്തോത്രഗീതം എല്ലാ വിപ്ലവഗാനങ്ങളുടെയും മാതാവാണ്. വിപ്ലവത്തിന്‍റെ ആ പാട്ടമ്മ എന്‍റെ പഴകിപ്പോയ ജീവിതഗാനത്തെ ഊര്‍ജ്ജസ്വലമാക്കുന്നു. ശക്തരെ സിംഹാസനങ്ങളില്‍ നിന്നിറക്കുന്ന ദൈവത്തെക്കുറിച്ച് പാടിഘോഷിച്ചതെന്തുകൊണ്ടായിരിക്കും. ആധിപത്യത്തിന്‍റെ സ്ഥിരഘടനകളെ ദൈവപദ്ധതി അട്ടിമറിച്ചതിന്‍റെ ആഘോഷം എന്നെ എന്നും ആവേശം കൊള്ളിക്കുന്നു. തലേന്നു മുതല്‍ പണി തുടങ്ങി നാലുതരം ഇറച്ചിക്കൂട്ടുകളില്‍ തിളച്ച്, നാലിലുമെത്രയോ അധികം വിഴുപ്പുപാത്രങ്ങളില്‍ വഴുതിയിറങ്ങുന്ന ഉളുമ്പുമണമുള്ള ക്രിസ്തുമസ് പകലുകളില്‍ ധന്യത കണ്ടെത്താന്‍ മടിക്കുന്ന എന്‍റെ പെണ്‍ക്രിസ്തുമസ് മടുപ്പുകളെ കന്യാമറിയം പാറ്റിക്കളയുന്നു. ഇത്തരം ആഘോഷങ്ങളിലെ അധ്വാനവിശുദ്ധിയെയും വഴുപ്പും ഉളുമ്പുമുള്ള കൈവിരലുകളിലെ അധ്വാനങ്ങളെയും തോറ്റിയുണര്‍ത്തുന്ന അള്‍ത്താരകള്‍ ആവര്‍ത്തിക്കുന്നുവെങ്കിലും കന്യകയുടെ ക്രിസ്തുമസ് എനിക്കു ആവേശമാണ്.

എലിസബത്തിനെ കാണാന്‍ ബദ്ധപ്പെട്ടു സഞ്ചരിക്കുന്ന മറിയം പെണ്‍കൂട്ടുകെട്ടിന്‍റെ നേര്‍സാക്ഷ്യമാണ്. ശുശ്രൂഷിക്കുന്ന ആ സൗഹൃദത്വത്തെയും ബന്ധുത്വത്തെയും കാലം കെടുത്തിക്കളയാതെ സൂക്ഷിച്ചുവച്ചിരിക്കുന്ന ഓര്‍മ്മകളായി ക്രിസ്തുമസ് തന്‍റെ വരവറിയിക്കുന്നു. പരസ്പരം ആദരിച്ചും അഭിനന്ദിച്ചും അംഗീകരിച്ചും തുഷ്ടരാകുന്ന ആ സ്ത്രീകളെ കാണുമ്പോള്‍ പെണ്ണിന്‍റെ ശത്രു പെണ്ണെന്ന ആണ്‍കോയ്മയുടെ പാഠങ്ങള്‍ തിരുത്തപ്പെടുന്നു. അതിനാല്‍ ക്രിസ്തുമസ് എനിക്കു സൗഹൃദത്തിന്‍റെ പെണ്‍ഭാഷ്യമാണ്. അപരഭാഷ്യങ്ങളുടേതായ പാഠങ്ങളാല്‍ വിരസവും മലിനവുമായ ലോകത്തു നിന്നുകൊണ്ട് പുതിയ നോട്ടങ്ങളെ ആവശ്യപ്പെടുന്ന ക്രിസ്തുമസ് ഒരു ധ്യാനമാണ്.

ജ്ഞാനവൃദ്ധരായ ഹന്നായും ശീമോനും അറിവിന്‍റെ പാഠപുസ്തകങ്ങളായി തുറന്നിരിക്കുമ്പോള്‍ ക്രിസ്തുമസ് കേവലാഹ്ലാദങ്ങളുടെ സില്‍ക്കുതൂവാലയല്ല. അത് പ്രവചനങ്ങളില്‍ ആഹ്ലാദം മുറിച്ചിട്ട ചോരത്തുള്ളികളെ ഒപ്പിയെടുക്കുന്ന പരുക്കന്‍ കൈലേസാണ്. അമ്മമാരുടെ നെഞ്ചിനെ പിളര്‍ക്കുന്ന ജ്ഞാനരൂപമായ മക്കളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനാല്‍ ക്രിസ്തുമസ് കരളിനെ പിളര്‍ക്കുന്ന അനുഭവമാണ്. ഒരു ശരാശരി ജീവിതത്തിന്‍റെ ശീതളഛായയിലൂടെ മക്കള്‍ നടന്നുപോകാന്‍ പ്രാര്‍ത്ഥിക്കുന്ന ശരാശരിക്കാരിയായ എന്നിലെ അമ്മയ്ക്കു മുന്‍പില്‍ പിളര്‍ന്ന നെഞ്ചകവുമായി നില്‍ക്കുന്ന യുവമാതാവിനെ ക്രിസ്തുമസ് മുന്നില്‍നിര്‍ത്തുമ്പോള്‍ ക്രിസ്തുമസ് എനിക്കു പ്രവാചകത്വത്തിലെ യാതനാഭരിതമായ അറിവനുഭവമാണ്. ക്രിസ്തുമസ് ജ്ഞാനത്തിന്‍റെ പുതുഭാഷ്യമാണ്. പുതുഘടനകളുടെ നിര്‍മ്മിതിയെ ലക്ഷ്യമിടുന്നവയാണ്  ദൈവത്തിന്‍റെ അറിവു പദ്ധതികള്‍. അവയുടെ ജ്ഞാനസ്വരമായ ക്രിസ്തുമസ് എനിക്കു ഗുരുകൃപയാണ്. നെഞ്ചുപിളര്‍ക്കുന്ന പ്രവചനങ്ങളുടെ ധന്യതയില്‍ ക്രിസ്തുമസ് പൊളിച്ചെഴുത്തിന്‍റെ ആഴങ്ങളെ മുഴക്കുന്നു.

ശിശുവിനെ കാണാന്‍ ഓടിയെത്തുന്ന ഇടയന്മാര്‍ പ്രത്യാശയുടെ നിറക്കാഴ്ചയാണ്. അധ്വാനത്തിന്‍റെ പകലിനുശേഷം വന്നെത്തുന്ന കുളിരുറൂന്ന രാത്രിയില്‍ ദൈവപദ്ധതിയുടെ സവിശേഷമുഖം ഞാന്‍ ദര്‍ശിക്കുന്നു. അരമനകളും വഴിയമ്പലങ്ങളും നിഷേധിച്ച ദിവ്യജനനത്തിനു സാക്ഷ്യംവഹിക്കാനെത്തിയ ഇടയന്മാര്‍ ദൈവാനുഭവത്തിലെ പ്രത്യാശാപാഠമാണ്.

ദൈവപുത്രനെത്തേടി അരമനയിലെത്തിയ ജ്ഞാനികള്‍ വിവേകപൂര്‍ണ്ണമല്ലാത്ത അറിവിന്‍റെ പ്രശ്നം വെളിപ്പെടുത്തുന്നു. വഴികാട്ടിയായ നക്ഷത്രത്തെ മറന്ന് അരമനകളില്‍ ദൈവപുത്രനെ തിരഞ്ഞ ഇക്കൂട്ടരുടെ അറിവു ചരിത്രത്തിലുടനീളം ആവര്‍ത്തിക്കുന്നു. ദൈവപദ്ധതിയെക്കുറിച്ച് അക്കാദമിക് സമൂഹം പുലര്‍ത്തിപ്പോരുന്ന അനാസ്ഥാഭരിതമായ ജ്ഞാനത്തെ വിദ്വാന്‍മാരുടെ (ശാസ്ത്രിമാരുടെ) കൊട്ടാരസന്ദര്‍ശനം ഓര്‍മ്മിപ്പിക്കുന്നു. ദരിദ്രരോടു പക്ഷംചേരുന്ന ദൈവപദ്ധതിയെ തിരിച്ചറിയാന്‍ ലോകത്തിന്‍റെ അറിവുവഴികള്‍ മാത്രംപോരാ. ദൈവാനുഭവചരിത്രത്തിന്‍റെ അടരടരുകളില്‍ നിസ്വജനതയോടുള്ള ദൈവത്തിന്‍റെ പക്ഷംചേരല്‍ തിരിച്ചറിയപ്പെടാതെ പോകുമ്പോള്‍ ക്ഷണിച്ചുവരുത്തപ്പെടുന്ന മഹാപാതകങ്ങള്‍ക്കുദാഹരണമാണ് ഹേറോദേസിന്‍റെ ശിശുഹത്യ. വിവേകരഹിതമായ വിവരവിനിമയങ്ങള്‍ മാത്രമായിപ്പോകുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് ലജ്ജ വളര്‍ത്തുന്നതായി ക്രിസ്തുമസ് മാറുന്നു. മര്‍ദ്ദിതരുടെ സുവിശേഷമാണ് അറിവ് എന്ന ചിന്തയെ ക്രിസ്തുമസ് അവതരിപ്പിക്കുന്നു.  വഴികാട്ടിയായ നക്ഷത്രത്തെ മറക്കാന്‍ പ്രേരിപ്പിച്ച കൊട്ടാരങ്ങള്‍ ഇന്നും അറിവിന്‍റെ വഴികളില്‍ വഴിമുടക്കികളായി നില്ക്കുന്നുവെന്ന് ക്രിസ്തുമസ് എന്നെ ശാസിക്കുന്നു.

ഭൂമിയില്‍ സന്മനസ്സുള്ള മനുഷ്യര്‍ക്കു സമാധാനം ആശംസിച്ച മാലാഖമാര്‍ ഇന്നും എന്നും അതാവര്‍ത്തിക്കുന്നത് ഇടയ്ക്കെങ്കിലും ഞാന്‍ കേള്‍ക്കാറുണ്ട്. സമാധാനം വേണമെങ്കില്‍ സന്മനസ് അനിവാര്യമാണ്. സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടുമെന്നു പുല്‍ത്തൊഴുത്തിലെ ശിശു മുതിര്‍ന്നപ്പോള്‍ ഉദ്ഘോഷിക്കുന്നുണ്ടല്ലോ. സന്മനസ്സ്, സമാധാനം, ദൈവപുത്രത്വം എന്നിവയുടെ പരസ്പരബന്ധം ഇനിയും പൊരുളുതിരിഞ്ഞുവരാത്ത ദിവ്യരഹസ്യമായി സ്ഥിതിചെയ്യുന്നുവെന്ന് വര്‍ത്തമാനകാല ലോകക്രമത്തെ ക്രിസ്തുമസ് ജാഗരൂകമാക്കുന്നു. തരതമഭേദം കൂടാതെ എല്ലാറ്റിനെയും കരുതാനും നന്മ വിതയ്ക്കാനും വിളമ്പാനുമുള്ള ശേഷിയെ വെല്ലുവിളിച്ചു കൊണ്ട് നമ്മുടെ ലോകബോധം നില്ക്കുമ്പോള്‍ സമാധാനത്തിനായുള്ള ആവേശമായും അലച്ചിലായും ക്രിസ്തുമസ് അനുഭവപ്പെടുന്നു. വേവലാതികളും പകയും കണ്ണീരും വീണ രക്തനിലങ്ങളിലൂടെ പോകുമ്പോള്‍ സമാധാനത്തിന്‍റെ നീരൊഴുക്കിലേയ്ക്ക് ഞങ്ങളെ നയിക്കണമേ എന്ന പ്രാര്‍ത്ഥനയായി ക്രിസ്തുമസ് ശേഷിക്കുന്നു.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts