"ഞാനൊരു നുണയനായിരുന്നു. എന്‍റെ ബീജം നുണ ജനിപ്പിക്കുവോളം ഞാനൊരു നുണയനായി ജീവിച്ചു... ഇതെന്‍റെ വിധിയാണെന്നു ഞാന്‍ നിശ്ചയിച്ചു. നുണയ്ക്കായി അഭിഷിക്തനായവനാണ് ഞാന്‍. എന്‍റെ തലയില്‍ നടക്കുന്നത് വിശദീകരിക്കുക പ്രയാസമാണ്." ഞാന്‍ എന്നോടു പറഞ്ഞു: "നീ എപ്പോഴും കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു; സത്യമല്ലാത്തത് കണ്ടുപിടിച്ചു; പക്ഷേ, അവ പിന്നെ സത്യമായി... നീ അതിമനോഹരമായ രാജ്യം സൃഷ്ടിച്ചു; പിന്നെ നീ ഒരു അതിസുന്ദരപ്രേതത്തെ പ്രേമിച്ചു; അവളൊരിക്കലും എഴുതാത്ത കത്തുകള്‍ അവളെക്കൊണ്ട് നീ എഴുതിച്ചു; അവ വായിച്ചവര്‍ ഹര്‍ഷോന്മാദത്തിലേക്കു വീണു; അവരില്‍ അത് ഒരിക്കലും എഴുതാത്ത അവളും ഉണ്ടായിരുന്നു. അവര്‍ ചക്രവര്‍ത്തിനിയായിരുന്നു. ഏറ്റം സത്യസന്ധയായിരുന്ന അവളോട് നീ സത്യസന്ധനാകാന്‍ നടത്തിയ നിന്‍റെ ഏക ശ്രമവും പരാജയപ്പെട്ടു. ആരും ഒരിക്കലും വിശ്വസിക്കാത്തതും ഉണ്ടായിക്കാണണമെന്ന് ആഗ്രഹിക്കാത്തതും നീ ഉണ്ടാക്കി. അതുകൊണ്ട് ഇനി ദുഃശകുനങ്ങളുടെ ലോകത്തിലേക്ക് നീ പിന്‍വലിയുക. അവിടെയെങ്കിലും നീ എന്തുമാത്രം ഗ്രഹപ്പിഴക്കാരനാണ് എന്നു നിശ്ചയിക്കാന്‍ കഴിയും".
ഇത് സാഹിത്യത്തിലെ ഒരു ഗ്രഹപ്പിഴക്കാരന്‍റെ കഥയാണ് (Umberto Eco, Baudolino). ചരിത്രത്തിലുണ്ട് ഇങ്ങനെ വെളിച്ചപ്പാടും കവിയുമായ ദുഃശ്ശകുനങ്ങള്‍. അവര്‍ ഇല്ലാത്തതു കാണുന്നു; വിശ്വസിക്കാനാവാത്തത് കാണിക്കുന്നു, പറയുന്നു. പിന്നെ അതൊക്കെ സത്യമാകുന്നു. സത്യമാകുമ്പോഴൊക്കെ ഈ "നുണ"ക്കാരുടെ ഗ്രഹപ്പിഴയുടെ എല്ലാ പിഴകളും ഏറ്റ് കാലം ചെയ്തിരിക്കും. പിന്നെ അവര്‍ക്ക് സ്മാരകം പണിയാം.
ഇങ്ങനെ ചിലര്‍ പണ്ട് ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞു. സാമാന്യബോധമുള്ളവര്‍ ചിരിച്ചു. കൃഷിക്കാര്‍ ഇന്നും ഭൂമി പരന്നതാണ് എന്ന ഉറപ്പില്‍ വെള്ളം ഒഴുകാന്‍ തോടുകള്‍ ഉണ്ടാക്കുന്നു. ഗലിലിയോക്ക് ഈ ഗ്രഹപ്പിഴ കാര്യമായി പറ്റി. സൂര്യനല്ല ഭൂമിയാണ് കറങ്ങുന്നത് എന്ന സാമാന്യബോധത്തിന്‍റെ തല തിരിഞ്ഞ കോപ്പനിക്കിയന്‍ വിപ്ലവം അദ്ദേഹം പറഞ്ഞു. മാത്രമല്ല അതു കാണിക്കാന്‍ അദ്ദേഹം ടെലസ്കോപ്പുമുണ്ടാക്കി. അതിലൂടെ നോക്കിയ സമകാലികര്‍ എന്തു പറഞ്ഞു? നുണയന്‍, വെറും തട്ടിപ്പ്.
ഗലിലിയൊ ഉണ്ടാക്കിയ ടെലസ്കോപ്പിലൂടെ നോക്കിയ ഒരു ശാസ്ത്ര വിദ്യാര്‍ത്ഥിയുടെ സാക്ഷ്യമുണ്ട്. കെപ്ളറിന്‍റെ ശിഷ്യനായിരുന്ന ഹോര്‍ക്കി (Horky) യുണ്ടായിരുന്നു ഗലിലിയൊ താന്‍ പറയുന്ന സത്യം ടെലസ്കോപ്പിലൂടെ നോക്കിക്കാണാന്‍ വിളിച്ചുകൂടിയ ശാസ്ത്രജ്ഞന്മാരില്‍. ഹോര്‍ക്കി എഴുതി "ഏപ്രില്‍ 24, 25 (1610) തീയതികളിലെ രാത്രിയൊ പകലൊ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഗലിലിയോയുടെ ഉപകരണം ആയിരം വട്ടം ഞാന്‍ പരീക്ഷിച്ചു; താഴെ ഉള്ളവയിലും ഉന്നതത്തിലുള്ളവയിലും. താഴെ അത് അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. പക്ഷേ, ആകാശത്ത് അത് ഒരുവനെ കബളിപ്പിക്കുന്നു. കാരണം സ്ഥിരമായി നില്ക്കുന്ന ചില നക്ഷത്രങ്ങള്‍ രണ്ടായി കാണുന്നു. എനിക്കു സാക്ഷികളായ വളരെ ഉന്നതരായ ശാസ്ത്രജ്ഞരും പണ്ഡിതരുമുണ്ട്... അവരെല്ലാം ഈ ഉപകരണം വഞ്ചിക്കുന്നു എന്നു സമ്മതിച്ചു... അതു ഗലിലിയോയെ നിശ്ശബ്ദനാക്കി. 26-ാം തീയതി അതിരാവിലെ അദ്ദേഹം ദുഃഖിതനായി പോയി." അദ്ദേഹത്തിനു വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. ഗ്രഹങ്ങളെക്കുറിച്ച് വ്യത്യസ്തമായി കണ്ടവന്‍റെ ഗ്രഹപ്പിഴ. കത്തോലിക്കാസഭയാണ് ഈ പ്രശ്നത്തില്‍ തികച്ചും യുക്തിസഹമായി പെരുമാറിയത് എന്ന് പണ്ഡിതര്‍ ഇന്നും പറയുന്നു. സഭയുടെ "ഗലിലിയോക്കെതിരായ കുറ്റപത്രം യുക്തിസഹമായിരുന്നു. അതു മാറ്റി എഴുതണമെന്നു പറയുന്നത് അവസരവാദപരവും കാഴ്ചപ്പാട് രാഹിത്യവുമാണ്" പോള്‍ ഫയറാബന്‍റ് എഴുതി (Paul Feyeraband, Against Method).
എന്തുകൊണ്ട് ഗലിലിയൊ നുണയനും തട്ടിപ്പുകാരനുമായി? മൂക്കില്ലാരാജ്യത്ത് മുറിമൂക്കന് വരുന്ന ഗ്രഹപ്പിഴ. പ്രവാചകര്‍ക്കും കവികള്‍ക്കും ഇതു തന്നെ സംഭവിക്കാം. മുമ്പേ പറക്കുന്ന പക്ഷികള്‍ കാണുന്നത് പിറകിലുള്ളവര്‍ കാണുന്നില്ല. പിമ്പേ പറക്കുന്നവര്‍ മുന്‍പേ പറന്നു കണ്ടവനെ ഭ്രാന്തനാക്കി തുറങ്കിലടക്കും. യേശുവിനും ഇതു സംഭവിച്ചു. അവനും ഗ്രഹപ്പിഴയുടെ കുരിശിലേറി. അവന്‍റെ സ്വര്‍ഗ്ഗരാജ്യം നുണയും വിശ്വസിക്കാനാവാത്തതുമായി. ഒരു കരണത്തടിച്ചവനെ മറുകരണം കാണിക്കണം എന്നത് സാമാന്യ ബോധം നശിച്ചതിന്‍റെ തെളിവായി. സത്യത്തിന്‍റെ അവതാരമെന്ന് അവകാശപ്പെട്ടവനെ അവര്‍ നുണയനായി കണ്ടു (ജോണ്‍ 8:44). യേശു അവരോട് പറഞ്ഞത് എന്നും സത്യമായി നിലകൊള്ളുന്നു: നിങ്ങള്‍ പ്രവാചകരെ കൊല്ലുന്നു; പിന്നെ അവര്‍ക്ക് ശവകുടീരങ്ങള്‍ പണിയുന്നു (മത്താ. 23:25). സത്യം ആദ്യം വെളിവാക്കുന്നവന് നുണയന്‍റെ കുരിശു പേറേണ്ടിവരും.