വിദ്യാസമ്പന്നനും മിടുമിടുക്കനുമായ ഒരു യുവാവ് ഒരു വലിയ കമ്പനിയുടെ മാനേജര്‍ തസ്തികയിലേയ്ക്ക് ജോലിക്കപേക്ഷിച്ചു.
ആദ്യത്തെ ഇന്‍റര്‍വ്യൂ പാസായി. അടുത്ത ഇന്‍റര്‍വ്യൂവിനു ശേഷം ഡയറക്ടറാണ് തീരുമാനമെടുക്കുന്നത്.
സെക്കന്‍ററി സ്കൂള്‍തലം മുതല്‍ പോസ്റ്റ്ഗ്രാജ്വേറ്റ് റിസര്‍ച്ച് വരെയുള്ള അയാളുടെ നേട്ടങ്ങള്‍ അതിവിശേഷമെന്ന് കരിക്കുലം വിറ്റ ചൂണ്ടിക്കാട്ടി.
"നിങ്ങള്‍ക്ക് സ്കൂളില്‍വച്ച് എന്തെങ്കിലും ഫീസാനുകൂല്യം ലഭിച്ചിരുന്നോ?" ഡയറക്ടര്‍ ചോദിച്ചു.
"ഇല്ല" അയാളുടെ മറുപടി.
"സ്കൂള്‍ ഫീസ് മുഴുവനും അച്ഛന്‍ തന്നെയാണോ നല്‍കിയിരുന്നത്?" അടുത്ത ചോദ്യത്തിന്‍റെ മറുപടി ഇപ്രകാരമായിരുന്നു.
"എനിക്ക് ഒരുവയസ്സുള്ളപ്പോള്‍ എന്‍റെ അച്ഛന്‍ മരിച്ചുപോയതാണ്. പിന്നെ എല്ലാം നടത്തിപ്പോന്നത് അമ്മ തനിയെയാണ്."
"അമ്മ എവിടെയാണ് ജോലി ചെയ്തിരുന്നത്?" വീണ്ടും ഡയറക്ടറുടെ ചോദ്യം.
"അമ്മ ഒരു അലക്കുകാരിയായിരുന്നു." അയാള്‍ ഉത്തരം നല്‍കി.
യുവാവിന്‍റെ കൈത്തലം ഒന്നു നിവര്‍ത്തിക്കാണിക്കാമോ എന്ന് ഡയറക്ടര്‍ ചോദിച്ചു. അയാള്‍ കാട്ടിയ കൈകള്‍ വളരെ മൃദുവും പാടുകളില്ലാത്തതുമായിരുന്നു.
"ഇന്നേവരെ എപ്പോഴെങ്കിലും വസ്ത്രങ്ങള്‍ കഴുകാന്‍ അമ്മയെ സഹായിച്ചിട്ടുണ്ടോ?" അടുത്ത ചോദ്യം.
"ഒരിക്കലുമില്ല. അമ്മ എപ്പോഴും എന്നോട് പഠിക്കാനും കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനുമാണ് ആവശ്യപ്പെട്ടിരുന്നത്, തന്നെയുമല്ല, എന്നേക്കാള്‍ വേഗത്തില്‍ അമ്മയ്ക്ക് തുണിയലക്കാനാകുമായിരുന്നു." യുവാവിന്‍റെ മറുപടി.
അപ്പോള്‍ ഡയറക്ടര്‍ പറഞ്ഞു: "മടങ്ങിപ്പോയി അമ്മയുടെ അടുത്തുചെന്ന് അവരുടെ കൈകള്‍ കഴുകിക്കൊടുക്കൂ. എന്നിട്ട് നാളെ രാവിലെ എന്നെ വന്നുകാണുക."
തനിക്ക് ജോലി ലഭിക്കാനുള്ള സാധ്യത കൂടിയിരിക്കുന്നെന്ന് അയാള്‍ക്കു തോന്നി. വീട്ടിലെത്തിയ അയാള്‍ അമ്മയോട് കരങ്ങള്‍ നീട്ടിത്തരാന്‍ സന്തോഷത്തോടെ ആവശ്യപ്പെട്ടു. അവര്‍ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും കൈകള്‍ മകനുനേരെ നീട്ടിക്കൊടുത്തു.
യുവാവ് അമ്മയുടെ കൈകള്‍ മെല്ലെ കഴുകാനാരംഭിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. കാരണം, അന്നാണ് അയാളാദ്യമായി അറിയുന്നത്, തന്‍റെ അമ്മയുടെ കൈത്തലം വളരെ ചുക്കിച്ചുളിഞ്ഞതും വിണ്ടുകീറിയ മുറിവുകളോടുകൂടിയതുമാണെന്ന്. ചില വിള്ളലുകള്‍ അവര്‍ക്ക് നല്ല വേദനയുളവാക്കിയിരുന്നതിനാല്‍ കഴുകുമ്പോള്‍ ആ സ്ത്രീ വല്ലാതെ വിറച്ചുപോയി.
ഈ കൈകളാണല്ലോ തനിക്ക് പഠനഫീസ് നല്‍കാനായി എന്നും തുണികഴുകിയിരുന്നതെന്ന് അയാളോര്‍ത്തു. തന്‍റെ പഠനമികവിനും ഡിഗ്രികള്‍ക്കും വിലയായി അമ്മയ്ക്കു ലഭിച്ചതാണ് ഈ മുറിവുകള്‍. ആ കൈകള്‍ വൃത്തിയാക്കിയശേഷം യുവാവ് അവിടെ ശേഷിച്ചിരുന്ന മുഷിഞ്ഞ വസ്ത്രങ്ങളെല്ലാമെടുത്ത് അലക്കി.
ആ രാത്രി അമ്മയും മകനും ഏറെനേരം സംസാരിച്ചിരുന്നു.
അടുത്തദിവസം യുവാവ് ഡയറക്ടറുടെ ഓഫീസിലേയ്ക്കു പോയി. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതു കണ്ട് ഡയറക്ടര്‍ ചോദിച്ചു: "ഇന്നലെ നിങ്ങള്‍ വീട്ടില്‍പ്പോയി എന്താണ് ചെയ്തതെന്നും അതിലൂടെ പഠിച്ചതെന്തെന്നും എന്നോടു പറയാമോ?"
"ഞാന്‍ അമ്മയുടെ കൈകള്‍ കഴുകി. പിന്നെ അവിടെയുണ്ടായിരുന്ന തുണികളും അലക്കി." അയാള്‍ മറുപടി പറഞ്ഞു: "ദയവായി നിങ്ങളുടെ അനുഭവം ഒന്നു വിശദീകരിക്കാമോ?" ഡയറക്ടര്‍ ആവശ്യപ്പെട്ടു. യുവാവ് പറഞ്ഞു തുടങ്ങി.
"ഒന്ന്, എന്താണ് അംഗീകാരമെന്ന് ഇപ്പോള്‍ ഞാനറിയുന്നു. എന്‍റെ അമ്മയെക്കൂടാതെ എനിക്ക് ഒരു വിജയവും ഉണ്ടാകുമായിരുന്നില്ലെന്ന് ഞാനംഗീകരിക്കുന്നു.
രണ്ട്, എത്ര ബുദ്ധിമുട്ടേറിയ കാര്യമാണ് എന്തെങ്കിലും ലഭിക്കുന്നത് എന്ന്, അമ്മയോടു ചേര്‍ന്ന് ജോലി ചെയ്യുകയും സഹായിക്കുകയും ചെയ്തതിലൂടെ ഞാന്‍ തിരിച്ചറിയുന്നു.
മൂന്ന്, കുടുംബബന്ധങ്ങളുടെ പ്രാധാന്യവും മൂല്യവും എത്ര വലുതെന്ന് ഞാന്‍ മനസ്സിലാക്കുന്നു."
ഇതുകേട്ട് ഡയറക്ടര്‍ പ്രതിവചിച്ചു:
"ഞാനെന്‍റെ മാനേജര്‍ക്കുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ച ഗുണങ്ങള്‍ ഇവയൊക്കെത്തന്നെ. മറ്റുള്ളവരുടെ സഹായത്തെ മാനിക്കുന്ന, അവരുടെ കഷ്ടപ്പാടുകളെ തിരിച്ചറിയുന്ന, ജീവിതത്തില്‍ ധനത്തേക്കാളേറെ മൂല്യവത്തായത് ഇവയൊക്കെയെന്ന് മനസ്സിലാക്കുന്ന ഒരു മാനേജരെയാണ് ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. നിങ്ങളെ അപ്പോയ്ന്‍റ് ചെയ്തിരിക്കുന്നു."
പിന്നീട് ഈ ചെറുപ്പക്കാരന്‍ കഠിനാധ്വാനത്തിലൂടെ തന്‍റെ കീഴ്ജീവനക്കാരുടെ പ്രീതി സമ്പാദിച്ചു. എല്ലാ ജീവനക്കാരും ശുഷ്കാന്തിയോടെ അയാളോടൊപ്പം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കമ്പനിയുടെ പ്രവര്‍ത്തനം വിസ്മയാവഹമായ വിധം മെച്ചപ്പെട്ടു.
ആവശ്യമായതെല്ലാം മുടക്കം കൂടാതെ ലഭിക്കുകയും ആവശ്യത്തിലേറെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന കുട്ടി ഒരു തരം 'അവകാശ സ്ഥാപന മനോഭാവം' ഉള്ളവനും എപ്പോഴും താന്‍ ഒന്നാമനായിരിക്കണമെന്ന് വാശിപിടിക്കുന്നവനുമായി മാറാനിടയുണ്ട്. തന്‍റെ മാതാപിതാക്കളുടെ അധ്വാനത്തെക്കുറിച്ച് അവന്‍ പരിപൂര്‍ണ്ണ അജ്ഞനായിരിക്കും. ഒരു തൊഴിലില്‍ പ്രവേശിച്ചാലോ, മറ്റുള്ളവര്‍ തന്നെമാത്രം ശ്രവിക്കണമെന്ന് നിര്‍ബന്ധം കാണിക്കും. അവന്‍ ഒരു മാനേജരാണെങ്കില്‍ ഒരിക്കലും തന്‍റെ കീഴ്ജീവനക്കാരുടെ പ്രയാസങ്ങളെപ്പറ്റി ബോധവാനാകില്ലെന്നു മാത്രമല്ല എപ്പോഴും അവരെ കുറ്റപ്പെടുത്തിക്കൊണ്ടുമിരിക്
ഒന്നു ചിന്തിച്ചുനോക്കൂ, നമ്മള്‍ ഇത്തരം മാതാപിതാക്കളാണോ? എങ്കില്‍ നാം മക്കളോട് കാണിക്കുന്ന സ്നേഹം യഥാര്‍ത്ഥ ഗുണമുള്ളതോ അതോ അവരെ നശിപ്പിക്കാനുതകുന്നതോ?
നിങ്ങളുടെ കുട്ടിക്കു താമസിക്കാന്‍ വലിയ ബംഗ്ലാവും കഴിക്കാന്‍ വിശിഷ്ടഭോജനവും കേട്ടുരസിക്കാന്‍ പിയാനോ സംഗീതവും കണ്ടാസ്വദിക്കാന്‍ ബിഗ്സ്ക്രീന്‍ ടി.വിയുമൊക്കെ നിങ്ങള്‍ക്കു നല്‍കാനായേക്കും. എന്നിരുന്നാലും നിങ്ങള്‍ കള പറിക്കുമ്പോള്‍ അതൊന്ന് എക്സ്പീരിയന്‍സ് ചെയ്യാന്‍ അവനെയും അനുവദിക്കൂ. ആഹാരശേഷം സഹോദരങ്ങളോടൊത്ത് പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ ഒരവസരം നല്‍കൂ. ഒരു സഹായിയെ വയ്ക്കാന്‍ പണമില്ലാഞ്ഞിട്ടാവണമെന്നില്ല ഇതു നിങ്ങള്‍ ചെയ്യേണ്ടത്, മറിച്ച് നിങ്ങളുടെ മക്കളെ നേരാംവണ്ണം സ്നേഹിക്കേണ്ടതുകൊണ്ടാണ്. എത്ര ധനികനായിരുന്നാലും ശരി ഒരു കാലത്ത് തങ്ങള്‍ക്കും പ്രായമാകുമെന്നും മുടിനരയ്ക്കുമെന്നും അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. എല്ലാറ്റിനുമുപരി എങ്ങനെയാണ് ഒരു അധ്വാനത്തെ വിലമതിക്കേണ്ടതെന്നും ബുദ്ധിമുട്ടുകളെ എങ്ങനെ മനസ്സിലാക്കണമെന്നും ഒന്നിച്ചുപ്രവര്‍ത്തിച്ച്, ഒന്നിച്ചു നേടുന്നത് എങ്ങനെയെന്നും നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതുണ്ട് എന്നതത്രേ സുപ്രധാന കാര്യം.തൊട്ടറിയേണ്ട ചില യാഥാര്‍ത്ഥ്യങ്ങള്‍