"എന്‍റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുവിന്‍; ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍" ലൂക്കാ 6: 27.
നിങ്ങള്‍ ആരെങ്കിലുമായി സ്നേഹത്തിലാകുമ്പോള്‍ സംഭവിക്കുന്ന മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാവരേയും എല്ലാറ്റിനേയും നിങ്ങള്‍ പുതിയ കണ്ണുകളോടെ നോക്കുന്നു. മനഃപൂര്‍വം ശ്രമിക്കാതെതന്നെ നിങ്ങള്‍ ക്ഷമാശീലയും ഉദാരമനസ്കയും ഹൃദയാലുവും ഒക്കെയായിത്തീരുന്നു. നിങ്ങള്‍ കാഠിന്യത്തോടെയോ തരംതാഴ്ന്ന രീതിയിലോ ഇടപഴകുന്നില്ല. ആളുകളാവട്ടെ, നിങ്ങളോടും മധുരമായി പെരുമാറിത്തുടങ്ങുന്നു. നിങ്ങളുടെ ചുറ്റും സ്നേഹമസൃണമായ ഒരു ലോകം നിര്‍മ്മിക്കപ്പെടുന്നു.
നിങ്ങള്‍ അത്ര നല്ല മൂഡിലല്ലാതാകുന്ന സന്ദര്‍ഭത്തില്‍ എന്താണു സംഭവിക്കുന്നത്? നിങ്ങള്‍ വല്ലാത്ത ദേഷ്യത്തോടെയും സംശയത്തോടെയും ഭയത്തോടെയും ആളുകളെ വീക്ഷിക്കുന്നു. അതോടെ, മറ്റുള്ളവരും നിങ്ങളോട് അങ്ങനെതന്നെ പ്രതികരിക്കുന്നു. നിങ്ങളോടു പകയുള്ള ഒരു ലോകം നിങ്ങള്‍ക്കു ചുറ്റും നിങ്ങള്‍ സ്വയം സൃഷ്ടിക്കുന്നു.
എങ്ങനെയാണ് നിങ്ങളുടെ ചുറ്റും സന്തോഷപ്രദവും സ്നേഹമസൃണവും ശാന്തവുമായ ഒരു ലോകം സൃഷ്ടിക്കാനാകുക? അതിന് ലളിതസുന്ദരവും എന്നാല്‍ വേദനാജനകവുമായ ഒരു കല അഭ്യസിച്ചാല്‍ മതിയാകും. ആ കലയുടെ പേരാണ് കാഴ്ച.
1. നിങ്ങള്‍ക്കു പ്രകോപനമോ ദേഷ്യമോ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ നോക്കേണ്ടത് നിങ്ങള്‍ വെറുക്കുന്ന ആ വ്യക്തിയെയല്ല, നിങ്ങളെത്തന്നെയാണ്. ചോദിക്കേണ്ട ചോദ്യം, "എന്താണ് ഈ മനുഷ്യന്‍ ഇങ്ങനെ?" എന്നല്ല, "ഈ അസ്വസ്ഥത എന്നെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്?" എന്നാണ്.
ഇപ്പോള്‍തന്നെ ഇതൊന്നു ചെയ്തുനോക്കൂ. നിങ്ങള്‍ക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയെ മനസ്സില്‍ കൊണ്ടവുന്നിട്ട്, നിങ്ങളെ നോവിക്കുന്ന ഇക്കാര്യം നിങ്ങളോടുതന്നെ പറയുക: "ഈ ഇഷ്ടക്കേടിനു കാരണം അയാളല്ല, ഞാന്‍ തന്നെയാണ്." ഇത്രയും പറഞ്ഞിട്ട്, എങ്ങനെയാണ് നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതെന്നു കണ്ടെത്താന്‍ ശ്രമിക്കാം.
2. വളരെയേറെ സാധ്യതയുള്ള ഒരുകാര്യം, നിങ്ങളില്‍ വല്ലാതെ വെറുപ്പു സൃഷ്ടിക്കുന്ന അയാളിലെ ഒരു പ്രത്യേകത നിങ്ങളുടെ ഉള്ളില്‍ത്തന്നെയുണ്ടാകാമെന്നതാണ്. അതു മനഃപൂര്‍വം അടിച്ചമര്‍ത്തിയതുകൊണ്ട്, അപരന്‍റെ പേരില്‍ നിങ്ങളറിയാതെതന്നെ ആരോപിക്കുന്നതാകാം.
മിക്കപ്പോഴും ഇതു ശരിയായ വസ്തുതയാണ്. പക്ഷേ മിക്കവരും ഇത് തിരിച്ചറിയുന്നില്ലെന്നു മാത്രം. അപരനില്‍ കാണുന്ന കുറവ് നിങ്ങളുടെ അബോധമനസ്സില്‍ എവിടെയെങ്കിലും ഉണ്ടോയെന്ന് ഒന്നു പരതുക. നിങ്ങള്‍ക്കു നിങ്ങളെത്തന്നെ ചിലപ്പോള്‍ കണ്ടെത്താനായേക്കാം. അങ്ങനെ സംഭവിച്ചാല്‍ അപരനോടു തോന്നിയ ഇഷ്ടക്കേട് അയാളോടുള്ള നന്ദിയായി പരിണമിക്കും. കാരണം, നിങ്ങള്‍ക്കു നിങ്ങളെ അടുത്തറിയാന്‍ അയാള്‍ ഒരു നിമിത്തമായല്ലോ.
3. നിങ്ങള്‍ക്കു നോക്കാവുന്ന മറ്റൊരു കാര്യമിതാണ്: ഇഷ്ടക്കേടു തോന്നുന്ന ആ വ്യക്തിയുടെ വാക്കുകളും പ്രവൃത്തികളും നിങ്ങള്‍ ഒട്ടും കാണാന്‍ ഇഷ്ടപ്പെടാത്ത നിങ്ങളിലെ ഏതെങ്കിലും കാര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നുണ്ടോ?
പ്രവാചകരുടെയും മിസ്റ്റിക്കുകളുടെയും ജീവിതത്തിന്‍റെയും വാക്കിന്‍റെയും മുന്നില്‍ എത്ര മനുഷ്യരാണ് ഈര്‍ഷ്യകൊണ്ടു നിറഞ്ഞിട്ടുള്ളത്! കാരണം, അവര്‍ നമ്മെ വെല്ലുവിളിക്കുന്നവരാണ്.
4. വ്യക്തമായ വേറൊരു കാര്യം, നിങ്ങള്‍ക്ക് ഈര്‍ഷ്യ തോന്നുന്നത് ആ വ്യക്തി നിങ്ങളുടെ തലയിലിരിക്കുന്ന ചില പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതല്ലേ? നിങ്ങള്‍ക്ക് ഇഷ്ടക്കേടു തോന്നുന്ന അതേ വ്യക്തിയുടെ മുമ്പില്‍ മറ്റുചിലര്‍ എത്ര ശാന്തതയോടെയാണ് നില്ക്കുന്നത്? അവരിലൊന്നും ആ വ്യക്തി ഒരു പ്രകോപനവും ഉണ്ടാക്കുന്നില്ലല്ലോ. ഇതൊന്നു ധ്യാനിച്ചാല്‍ നിങ്ങളുടെ ഇഷ്ടക്കേട് അപ്രത്യക്ഷമാകും.
ആ വ്യക്തി ക്രൂരമോ അനീതിപരമായതോ ആയ പ്രവൃത്തി ചെയ്യുമ്പോള്‍, അയാളെ തീര്‍ച്ചയായും തിരുത്തേണ്ടതുണ്ട്. ഈര്‍ഷ്യകൂടാതെയാണു ആ ശ്രമം നടത്തുന്നതെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ഫലപ്രദമാകാനുള്ള സാധ്യതയില്ലേ? ഒരു ബോക്സറോ, ഒരു സ്പോര്‍ട്സ്മാനോ ദേഷ്യം കൊണ്ടു വല്ലാതെ വിറയ്ക്കുകയാണെങ്കില്‍, അയാള്‍ക്കു തന്‍റെ ചലനങ്ങളെ നിയന്ത്രിക്കാനാവില്ലെന്നതു നാം ശ്രദ്ധിച്ചിട്ടില്ലേ? അയാളുടെ കഴിവും പ്രാപ്തിയും വികാരങ്ങള്‍ക്ക് കീഴ്പ്പെട്ട് ക്ഷതമേല്ക്കുന്നു.
5. അവസാനമായി ഇക്കാര്യം കൂടി നിങ്ങള്‍ കാണുക: ഒരാള്‍ പ്രവര്‍ത്തിക്കുന്നത് അയാളുടെ ലോകജ്ഞാനത്തിന്‍റെയും അനുഭവത്തിന്‍റെയും അറിവിന്‍റെയും അജ്ഞതയുടെയും ഒക്കെ പശ്ചാത്തലത്തിലാണ്. ഒരാള്‍ ഒരു പ്രത്യേകരീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, അയാള്‍ക്ക് അങ്ങനെയല്ലാതെ പെരുമാറാന്‍ സാധ്യമല്ലായിരിക്കാം. ഒരാളെക്കുറിച്ച് എല്ലാമറിഞ്ഞാല്‍ ക്ഷമിക്കാതിരിക്കാന്‍ ആവില്ലെന്നു നാം കേട്ടിട്ടില്ലേ?
നിങ്ങള്‍ ഒരാളെ ശരിക്കും മനസ്സിലാക്കിയാല്‍, അയാളെ കുറ്റപ്പെടുത്താനാകില്ലെന്നും അയാള്‍ ബലഹീനനാണെന്നും നിങ്ങള്‍ തിരിച്ചറിയും. അതോടെ നിങ്ങളിലെ ഇഷ്ടക്കേട് ഇല്ലാതാകും.
ഉടന്‍തന്നെ, നിങ്ങള്‍ക്ക് അയാളോടു സ്നേഹത്തോടെ പെരുമാറാന്‍ പറ്റും. അയാള്‍ തിരിച്ച് നിങ്ങളെയും സ്നേഹിച്ചു തുടങ്ങും. നിങ്ങള്‍ക്കു ചുറ്റും സ്നേഹപൂര്‍ണ്ണമായ ഒരു ലോകം നിങ്ങള്‍ സൃഷ്ടിക്കും. സന്തോഷത്തോടെ അതില്‍ നിങ്ങള്‍ക്കു ജീവിക്കാനുമാകും.