news-details
മറ്റുലേഖനങ്ങൾ

ആരുടെ പ്രശ്നങ്ങള്‍? ആരുടെ വേദനകള്‍?

വിയര്‍പ്പില്‍ കുളിച്ച ഒരു ചൂടുകാലം ഓര്‍മ്മയിലെത്തുന്നു. അന്നു ചെന്നൈയിലായിരുന്നു.  എത്ര വെള്ളം കുടിച്ചിട്ടും ഫാനിന്‍റെ താഴെയിരുന്നു കാറ്റുകൊണ്ടിട്ടും ഒരു രക്ഷയുമില്ല. ചൂടിനെപ്പറ്റി പരാതി പറഞ്ഞു, പരിഭവിച്ചു. അങ്ങനെയുള്ള ഒരുദിവസം ജനലിലൂടെ ഞാന്‍ വെളിയിലേക്കു നോക്കി. അടുത്തുള്ള ബീച്ച് കാണാം. അവിടെ ആളുകള്‍ ഏതോ കെട്ടിടം പണിയുകയാണ്. പൊള്ളുന്ന വെയിലത്തുനിന്ന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും പണിയുകയാണ്.

അതിനു മൂന്നു ദിവസം മുമ്പാണ് ഒരു മെലിഞ്ഞ പെണ്‍കുഞ്ഞ് ഒരു മേസ്തിരിയുടെ അടുത്തുനിന്ന് പകലുമുഴുവന്‍ പണിയുന്നത് കണ്ടത്. ചൂടുമുഴുവന്‍ അവള്‍ തലയിലേറ്റുവാങ്ങുന്നുണ്ടായിരുന്നു. ഒരു നിമിഷംപോലും ഒന്നിരുന്നു കണ്ടില്ല. പകലുമുഴുവന്‍ അവര്‍ ഇരുവരും അവിടെയുണ്ടായിരുന്നു. അവരെന്തായിരിക്കുമോ കഴിച്ചത്? അവള്‍ക്കെത്ര പ്രായം കാണും? പള്ളിക്കൂടത്തില്‍ പോകുന്നുണ്ടാകുമോ? തീരെ സാധ്യതയില്ല. മതിയായ ഭക്ഷണം അവര്‍ക്കു കിട്ടുന്നുണ്ടാകുമോ? അതും സംശയമാണ്. ചൂടുമുഴുവന്‍ കൊണ്ടുള്ള പണികൊണ്ട് അവള്‍ നേടുന്ന കൂലിയെത്രയായിരിക്കും? നാം നമുക്കുവേണ്ടിത്തന്നെ ഒരുദിവസം ചെലവിടുന്നതിലും കുറവാകാനാണു സാധ്യത.

"മനഃസാക്ഷിയില്ലാത്ത രാഷ്ട്രമാണ് നമ്മുടേത്," ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞു. മറ്റിടങ്ങളില്‍ മൃഗങ്ങളെക്കൊണ്ടുപോലും ചെയ്യിക്കാത്ത, യന്ത്രങ്ങള്‍ ഉപയോഗിച്ചുമാത്രം ചെയ്യുന്ന പണികള്‍ ഇന്ത്യയില്‍ മനുഷ്യരെക്കൊണ്ടു ചെയ്യിക്കുന്നു. പട്ടിണിയാണ് അവരെക്കൊണ്ട് അതു ചെയ്യിക്കുന്നത്. അവര്‍ അവരെക്കുറിച്ചുതന്നെ കരുതുന്നത് തങ്ങള്‍ ഭാഗ്യവാന്മാരാണെന്നാണ്. കാരണം ഒന്നുമില്ലാത്തവരെ വച്ചുനോക്കുമ്പോള്‍ അവര്‍ക്കൊരു ജോലിയും കുഞ്ഞുങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണം കൊടുക്കാനായി കുറച്ചു പൈസയും കിട്ടുന്നുണ്ടല്ലോ.

ചെന്നൈയിലുള്ള ഒരു സുഹൃത്ത് എന്നോടു പറഞ്ഞത് ഇതാണ്: "ഒരു ജോലിക്കുവേണ്ടി കെഞ്ചിക്കൊണ്ടാണ് ആളുകള്‍ വരിക. ഗ്രാമങ്ങളിലൊക്കെ കൊടിയപട്ടിണിയാണ്. അതുകൊണ്ട് അവര്‍ കിട്ടുന്ന എന്തു പണിയും ചെയ്യാന്‍ തയ്യാറാണ്. ഇരുപത്തിയഞ്ചു രൂപ ദിവസക്കൂലിക്കുകൂടി അവര്‍ ജോലി ചെയ്യും."

ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെന്ന് നമ്മുടെ നേതാക്കന്മാരൊക്കെ നമ്മെ പറഞ്ഞു ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത് എന്താണ്? അമ്പലത്തെക്കുറിച്ചുള്ള തര്‍ക്കം തീര്‍ക്കുക, വിദേശ ഭീഷണിയെ ചെറുക്കുക തുടങ്ങിയവയല്ലേ? എല്ലാ തുറന്ന ചര്‍ച്ചകളും ഇല്ലാതാക്കുന്ന മറ്റൊരു വിഷയമാണ് ഭീകരത. പക്ഷേ ഇവയൊന്നും മിക്ക ആളുകളുടെയും മുഖ്യവിഷയമേയല്ല. അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭീകരമായത് വിശപ്പും തൊഴിലില്ലായ്മയും അവകാശങ്ങള്‍ ചവിട്ടിത്തേയ്ക്കുന്ന തരത്തിലുള്ള അഴിമതി ഭരിത ഭരണകൂടവുമാണ്.

ഡോക്ടറേറ്റിനു പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ന്യാസ വൈദികന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു: "ദരിദ്രരോടൊപ്പമുള്ള എന്‍റെ പ്രവര്‍ത്തനം സന്ന്യാസപരിശീലന കാലഘട്ടത്തെക്കാള്‍ കൂടുതല്‍ ആത്മീയതയില്‍ വളരാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. പാവപ്പെട്ട മനുഷ്യര്‍ ആത്മഹത്യ ചെയ്തു പോകാത്തത് എന്തുകൊണ്ട് എന്ന് ഞാന്‍ അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്. അങ്ങേയറ്റം ക്രൂരവും ബുദ്ധിമുട്ടേറിയതുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് എവിടെനിന്നാണ് ഉള്‍ക്കരുത്ത് കിട്ടുന്നത്? ആ ഉള്‍ക്കരുത്താണ് യഥാര്‍ത്ഥ ആത്മീയത; അല്ലാതെ നമ്മുടെ ചില കാട്ടിക്കൂട്ടലുകളല്ല." ആ സുഹൃത്ത് പാവപ്പെട്ടവര്‍ എങ്ങനെയാണ് പരസ്പരം സഹായിക്കുന്നതെന്നു എന്നോട് വിശദീകരിച്ചു. ഒരാള്‍ ജയിലില്‍ അകപ്പെട്ടാല്‍, അയാള്‍ പുറത്തുവരുന്നതുവരെ അയല്‍പക്കക്കാര്‍ അയാളുടെ കുടുംബത്തിന്‍റെ സകല ആവശ്യങ്ങളിലും സഹായിക്കാനുണ്ടാകും. "അച്ചന്മാരുടെയോ സന്ന്യാസികളുടെയോ ഇടയില്‍ അത്തരമൊരു സഹകരണം ഞാന്‍ കണ്ടിട്ടില്ല," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ മദ്ധ്യസ്ഥന്മാരുടെ സഹായത്തോടെ തുറന്ന ചര്‍ച്ച നടക്കും. അങ്ങനെയാണ് അവര്‍ -മുസ്ലീമുകളും ക്രിസ്ത്യാനികളും- തര്‍ക്കങ്ങള്‍ പരിഹരിക്കുക. ചര്‍ച്ചക്കൊടുവില്‍ ആളുകള്‍ കൈകൊടുക്കുകയും ഒരുമിച്ച് വിരുന്നുകഴിക്കുകയും അങ്ങനെ അനുരഞ്ജനം ആഘോഷിക്കുകയും ചെയ്യും. "ഇത്തരം അനേകം സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയായതിനുശേഷം കുമ്പസാരക്കൂടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ യാന്ത്രികവും പൊള്ളയായതുമായ ആചാരമായിട്ടാണ് എനിക്കനുഭവപ്പെടുന്നത്," അദ്ദേഹം പറഞ്ഞുതീര്‍ത്തു.

സുവിശേഷപ്രസംഗകര്‍ പാവപ്പെട്ടവരുമായി അടുത്തിടപെഴകുമ്പോള്‍, പ്രസംഗകരില്‍ സംഭവിക്കുന്ന മാനസാന്തരത്തെക്കുറിച്ച് വിമോചന ദൈവശാസ്ത്രജ്ഞര്‍ പറയാറുണ്ട്. "പാവപ്പെട്ടവരാല്‍ നാം സുവിശേഷവല്‍ക്കരിക്കപ്പെടണം" എന്ന പ്രയോഗം നാം കേട്ടിട്ടുണ്ടാകുമല്ലോ.

മത സംബന്ധിയായ ഒട്ടുമിക്ക എഴുത്തുകളിലും സ്ത്രീകള്‍ ഒഴിവാക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നതിനെക്കുറിച്ച് സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞര്‍ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കുവേണ്ടി ഒരുപാടു നിയമങ്ങള്‍ ഉണ്ടാക്കാനാണ് ഇവിടെ എല്ലാവരും ശ്രമിച്ചിട്ടുള്ളത്. ചരിത്രനിര്‍മ്മിതിയില്‍ ഏര്‍പ്പെടാന്‍ അവര്‍ ഇനിയും അനുവദിക്കപ്പെട്ടിട്ടില്ല.

എല്ലാ ദിവസവും  ചില മനുഷ്യര്‍ ഇവിടെ മൃഗങ്ങളെപ്പോലെ പരിഗണിക്കപ്പെടുന്നുണ്ട്. അവര്‍ക്കൊരു ചരിത്രവുമില്ല. അവരുടെ അപമാനവീകരിക്കപ്പെട്ട ജീവിതവും അകാലമരണവും ആര്‍ക്കും ഒരു വിഷയവുമല്ല.

'വലിയ' മനുഷ്യരുടെ ചെറിയ ഇഷ്ടക്കേടുകളും നിരാശകളും ബുദ്ധിമുട്ടുകളും ഇവിടെ വലിയ വാര്‍ത്തയാണ്. അതേസമയം 'ചെറിയ' മനുഷ്യരുടെ നിരാശ നിറഞ്ഞ ജീവിതാവസ്ഥ ആര്‍ക്കും വാര്‍ത്തയല്ല. അത്യാഡംബരത്തിനുവേണ്ടിയുള്ള സാധനങ്ങളുണ്ടാക്കി വില്ക്കുന്നതാണ്, വലിയ വിലയില്ലാത്ത മരുന്നുകളും ഭക്ഷണവും നിര്‍മ്മിക്കുന്നതിനെക്കാള്‍ ലാഭകരം.

സഭ പൊതുവെയും, പ്രത്യേകിച്ച് മൂന്നാം ലോകരാഷ്ട്രങ്ങളിലും വളരെ പ്രബലയാണ്. ഒരുപാട് പണവും സ്ഥാപനങ്ങളും സഭയ്ക്കു സ്വന്തമായുണ്ട്. അധികാരങ്ങളും അവകാശങ്ങളും സഭ ആസ്വദിക്കുന്നുമുണ്ട്. ഉപഭോഗസംസ്കാരത്തിനും സകലതിനെയും തകര്‍ക്കുന്ന മാത്സര്യബുദ്ധിക്കും ബദല്‍ സാക്ഷ്യമായി  ഈ സഭയ്ക്കു നില്‍ക്കാനായില്ലെങ്കില്‍, ഒരു പ്രസക്തിയുമില്ലാത്ത വെറുമൊരു അലങ്കാരമായി സഭ അധഃപതിക്കും. സഭ സഭയാകണമെങ്കില്‍, അവള്‍ പാവപ്പെട്ടവരുടെ സഭയാകണം. അവളുടെ രൂപവും ഭാവവും ആകുലതകളും ജീവിതശൈലിയും പ്രസംഗവും സാക്ഷ്യവും പാവപ്പെട്ടവരുടേതു പോലെയാകണം.

എങ്ങനെയാണ് ഒരാള്‍ ശരിയായ തീരുമാനങ്ങളില്‍ എത്തുകയെന്നതിനെക്കുറിച്ച് മഹാത്മാഗാന്ധി പറഞ്ഞിട്ടുള്ളത് മിക്കവര്‍ക്കും അറിയാമായിരിക്കുമല്ലോ? "നിങ്ങള്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും പാവപ്പെട്ട ഒരു മനുഷ്യനെ മനസ്സില്‍ കൊണ്ടുവരിക. നിങ്ങള്‍ എടുക്കാന്‍ പോകുന്ന തീരുമാനം അയാളെ എങ്ങനെയാണു ബാധിക്കുക എന്നു സ്വയം ചോദിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് എന്താണു ചെയ്യേണ്ടതെന്നു ബോധ്യമാകും."

എനിക്കും നിങ്ങള്‍ക്കും ഈ രീതിയില്‍ തീരുമാനങ്ങളെടുക്കാന്‍ ആകട്ടെ. പ്രത്യേകിച്ചും പൊതുവായുള്ള ഫണ്ടുകള്‍ വിനിയോഗിക്കുന്ന കാര്യത്തിലും വിവിധ സേവനങ്ങള്‍ക്കായി ആളുകളെ നിയോഗിക്കുമ്പോഴും നാം ജോലി ചെയ്യേണ്ട സ്ഥലം തെരഞ്ഞെടുക്കുമ്പോഴും നമുക്കുവേണ്ടിയും  പാവപ്പെട്ടവര്‍ക്കുവേണ്ടിയും ചെലവഴിക്കുന്ന തുകയുടെ അനുപാതം നിര്‍ണ്ണയിക്കുന്ന കാര്യത്തിലുമൊക്കെ ഗാന്ധിജിയുടെ ഈ മാനദണ്ഡം ഒന്നുപയോഗിച്ചിരുന്നെങ്കില്‍.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts