news-details
മറ്റുലേഖനങ്ങൾ

പൊതു ഇടങ്ങളുടെ രാഷ്ട്രീയം

ഏറ്റവും കുറച്ചു ഭരിക്കുന്ന സര്‍ക്കാരാണ് നല്ല സര്‍ക്കാരെന്നു പറഞ്ഞത് ഹെന്‍റി ഡേവിഡ് തോറോ ആണ്. സര്‍ക്കാര്‍ കുറച്ചുമാത്രം ഭരിച്ചാല്‍ മതിയെങ്കില്‍ ബാക്കി ഭരണം ജനങ്ങള്‍ സ്വയം നിര്‍വ്വഹിക്കണം. അത്തരം ഭരണനിര്‍വ്വഹണമാണ്, യഥാര്‍ത്ഥത്തില്‍ ഭരിക്കുകയാണെന്ന് പ്രഖ്യാപിക്കാതെയും സ്വയമറിയാതെയും പൊതു ഇടങ്ങള്‍ വഴി നടന്നുകൊണ്ടിരുന്നത്. പൊതു ഇടങ്ങളിലൂടെ ജനകേന്ദ്രീകൃത രാഷ്ട്രീയം ഒരു അന്തര്‍ധാരയായി നിലനിന്നിരുന്നു. പൊതു ഇടങ്ങള്‍ മറ്റു പലതിനും വഴിമാറിയപ്പോള്‍ നഷ്ടപ്പെട്ടതു ജനങ്ങളുടെ രാഷ്ട്രീയശാക്തീകരണത്തിന്‍റെ വഴികളിലൊന്നാണ്. രാഷ്ട്രീയവും മതപരവും വംശീയവുമായ വിഭാഗീയതകള്‍ വെടിഞ്ഞ് മനുഷ്യന്‍ എന്ന നിലയ്ക്കു സാഹോദര്യത്തോടെ ഒത്തുകൂടാനും കൂട്ടായ്മയോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആനന്ദിക്കാനും ദുഃഖിക്കാനും കലഹിക്കാനും ഉള്ള വേദികളെയും സന്ദര്‍ഭങ്ങളെയുമാണ് ഞാന്‍ പൊതു ഇടങ്ങള്‍ എന്നു വിവക്ഷിക്കുന്നത്. ആധുനിക മനുഷ്യനു മറ്റു പലതിനോടുമൊപ്പം ഇതും നഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കാന്‍ ഏറെ ബുദ്ധി ആവശ്യമില്ല. ഈ നഷ്ടപ്പെടലിന്‍റെ രാഷ്ട്രീയ സ്വഭാവമാണ് ആദ്യം സൂചിപ്പിച്ചത്.

വ്യക്തിക്ക് അര്‍ത്ഥവത്തായ സുരക്ഷിതത്വം നല്‍കാന്‍ കഴിയുന്നത് അവന്‍റെ ചുറ്റുമുള്ള സമൂഹത്തിനാണോ വിദൂരമായ ഭരണകൂടത്തിന്‍റെ സംവിധാനങ്ങള്‍ക്കാണോ? വ്യക്തിയിലെ സാമൂഹ്യ ഉത്തരവാദിത്വബോധത്തെയും നീതിബോധത്തെയും ഉണര്‍ത്താനും സക്രിയമാക്കാനും കഴിയുന്നത് ചുറ്റുവട്ട സമൂഹത്തിനാണോ കേന്ദ്രീകൃതമായ അധികാരരൂപങ്ങള്‍ക്കാണോ? വ്യക്തിയിലെ സര്‍ഗ്ഗാത്മകതയെ വികസിപ്പിക്കാന്‍ കഴിയുന്നത് അവനിലെ അല്ലെങ്കില്‍ അവളിലെ സ്വത്വത്തിന് ഇടം ലഭിക്കുന്ന ചെറുസമൂഹങ്ങളിലെ ബന്ധങ്ങള്‍ക്കാണോ, വിഭാഗീയ ചിന്തകളാല്‍ ആവേശഭരിതരാവുന്ന ആള്‍ക്കൂട്ടങ്ങളിലെ ഒറ്റയ്ക്കു നില്‍പ്പിനാണോ? വ്യക്തിയുടെ ആദ്ധ്യാത്മിക വികാസം നടക്കുന്നത് അവന് അല്ലെങ്കില്‍ അവള്‍ക്കു ചുറ്റുമുള്ള വ്യക്തികളുമായി അതിര്‍വരമ്പുകള്‍ വയ്ക്കാതെ ഇടപെടുമ്പോഴാണോ, കമ്പോള നിയമങ്ങള്‍ക്കനുസൃതമായി പെരുമാറുമ്പോഴാണോ? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടല്ലാതെ പൊതു ഇടങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് നമുക്കു ചിന്തിക്കാനാവില്ല.

പൊതു ഇടങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ മറ്റെന്താണ് പ്രത്യക്ഷപ്പെടുന്നത്? എന്തും വാടകയ്ക്ക് ലഭിക്കുന്ന സംവിധാനങ്ങളും എന്തിനും ദല്ലാളന്മാര്‍ വേണ്ടിവരുന്ന സംവിധാനങ്ങളും തന്നെയാണ് നമ്മുടെ മുന്നിലെത്തുന്നത്. ആദ്യത്തേതിന് ഹയറിംഗ് എന്നും രണ്ടാമത്തേതിന് കണ്‍സള്‍ട്ടന്‍സി എന്നും പറയും. ആംഗലേയപദങ്ങള്‍കൊണ്ട് ഈ സംവിധാനങ്ങള്‍ക്ക് ഒരു മാന്യത കൈവരുന്നുമുണ്ടല്ലോ. നമ്മുടെ നാട്ടിന്‍പുറങ്ങളിലെ വിവാഹങ്ങളും മറ്റു ചടങ്ങുകളും അയല്‍ക്കാര്‍ ഒത്തുകൂടി പന്തല്‍കെട്ടി മേശ, കസേര, കൊട്ട,  വട്ടി, പാത്രങ്ങള്‍ എല്ലാം അയല്‍വീടുകളില്‍നിന്ന് സംഘടിപ്പിച്ച് ആഘോഷമായി നടത്തിയിരുന്ന കാലം പോയി. എല്ലാ ലൊട്ടുലൊടുക്കുകളും വാടകയ്ക്ക് കൊടുക്കുന്ന ഹയറിംഗ് സ്ഥാപനങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍പ്പോലും നിരനിരയായി സ്ഥാനം പിടിച്ചത് ഒരു സൗകര്യമായി നമുക്കു തോന്നുന്നു. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പണമുണ്ടാക്കിയാല്‍ മതിയല്ലോ എന്നു നാമാശ്വസിക്കുന്നു. തന്‍റെ അയല്‍ക്കാരനെ സ്വന്തമാക്കി നിലനിര്‍ത്തുന്നതിലും സൗകര്യപ്രദം അതാണെന്നു നമുക്കു തോന്നുന്നു. അയല്‍ക്കാരനെ സ്വന്തമാക്കി നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ അയല്‍ക്കാരനും സ്വന്തമായിരിക്കണമല്ലോ. അതൊരു പൊല്ലാപ്പാണെന്ന് ആരൊക്കെയോ നമ്മളെ നിരന്തരം പഠിപ്പിക്കുന്നു. അപരന്‍ എന്‍റെ ശത്രു എന്ന തത്ത്വശാസ്ത്രം വിദ്യാലയങ്ങളിലും ദേവാലയങ്ങളിലുംവരെ നിറഞ്ഞുനില്‍ക്കുന്നു. അപരന്‍ തനിക്ക് മത്സരിക്കാനും അസൂയപ്പെടാനുമുള്ളവന്‍ മാത്രമാണെന്ന് നമ്മുടെ മനസ്സുകളില്‍ ആരോ നിരന്തരം മന്ത്രിക്കുന്നു. നാം ജീവിക്കുന്ന സമൂഹത്തില്‍ ഒരു വ്യക്തി എന്ന നിലയ്ക്ക് നമുക്കൊരസ്തിത്വം ആവശ്യമില്ല. മറിച്ച് നാം നിലനില്‍ക്കുന്ന കമ്പോളത്തില്‍ ഒരു ഉപഭോക്താവ് എന്ന നിലയില്‍ നമുക്കൊരു അസ്തിത്വം ഉണ്ടായാല്‍ മതി എന്നും നമ്മെ പലരും പലതും നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. ജീവിക്കുക എന്നത് ജൈവികമായ ഒന്നും നിലനില്‍ക്കുക എന്നത് ജഡികമായ ഒന്നുമാണ്. ആദ്യത്തേതിന് സമരസപ്പെട്ടുപോകലും രണ്ടാമത്തേതിന് മത്സരിച്ച് ഇടം കണ്ടെത്തലും ആവശ്യമാണെന്ന ഒരു ധ്വനിയുമുണ്ട്. ആദ്യത്തേതിന്‍റെ രാഷ്ട്രീയസ്വഭാവം ഉള്ളില്‍നിന്നുള്ള ഭരണവും രണ്ടാമത്തേതിന്‍റെ രാഷ്ട്രീയസ്വഭാവം പുറമെനിന്നുള്ള ഭരണവുമാണ്. കാരണം സമരസപ്പെടലില്‍ ഒരു റഫറിക്ക് സ്ഥാനമില്ല; എന്നാല്‍ മത്സരത്തില്‍ അതുണ്ടുതാനും.

അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കുക എന്നത് ഇന്നു നമ്മുടെ ലക്ഷ്യമല്ല; അഥവാ നാമതു ലക്ഷ്യം വയ്ക്കുന്നുണ്ടെന്നു പറയുമെങ്കില്‍ അതിന്‍റെ അര്‍ത്ഥം വേറെയായിരിക്കും. അര്‍ത്ഥത്തിന് സമ്പത്ത് എന്ന ഒരു അര്‍ത്ഥവുമുണ്ടല്ലോ. ജീവിതത്തെ സംബന്ധിച്ച് സമഗ്രമായ വീക്ഷണമുള്ളവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്‍റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ധാരണയുണ്ടാവും. മനുഷ്യജീവിതത്തിന് തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന സാധാരണ ജന്തുവികാരങ്ങള്‍ക്ക് അപ്പുറത്ത് രാഷ്ട്രീയവും ആദ്ധ്യാത്മികവും ബൗദ്ധികവും സാംസ്കാരികവുമൊക്കെയായ വിവിധ തലങ്ങളുണ്ട്. സര്‍വ്വതല സ്പര്‍ശിയായ ഒരു ജീവിതമാണ് അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം. ശരിയായ ജീവിതാനന്ദം അപ്പോഴാണ് ലഭിക്കുക. രാഷ്ട്രീയപാര്‍ട്ടി സമ്മേളന സ്ഥലത്തെ ആള്‍ക്കൂട്ടത്തിലൊരാളാകുമ്പോള്‍, പോളിംഗ്ബൂത്തിലെ നീണ്ട ക്യാമ്പിലൊരാളാകുമ്പോള്‍ ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ രാഷ്ട്രീയമാനത്തിന് എന്തു പ്രകാശനമാണുണ്ടാവുക? തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ആള്‍ദൈവങ്ങളുടെ കാല്‍പ്പാദങ്ങളിലും  ഭൗതികദുഃഖങ്ങളുടെയും മോഹങ്ങളുടെയും ഭാണ്ഡക്കെട്ടുകള്‍ അഴിച്ചുവച്ച് ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടങ്ങളിലോ, ചട്ടപ്പടി ആചാരാനുഷ്ഠാനങ്ങളുടെ നിര്‍വ്വഹണങ്ങളിലോ ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ ആത്മീയതലത്തിന് പ്രകാശനം ലഭിക്കുമോ?

ഒരു വ്യക്തിയുടെ സ്വത്വപ്രകാശനത്തിന് പരമാവധി അവസരം ലഭിക്കുക അവനെ അറിയുന്ന അവന്‍ അറിയുന്ന ചെറുസമൂഹങ്ങളിലാവും. അത്തരം ചെറുസമൂഹങ്ങളുടെ മുളപൊട്ടലുകളും വളര്‍ച്ചകളും വിടര്‍ച്ചകളും പൂത്തുലയലുകളും നടക്കുന്ന ഇടങ്ങളാണ് പൊതു ഇടങ്ങള്‍. സ്വത്വപ്രകാശനത്തിന്‍റെ രാഷ്ട്രീയ അര്‍ത്ഥം എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തി ജീവിക്കുന്ന സമൂഹത്തിന്‍റെപൊതുവായ കാര്യങ്ങളിലും ആ സമൂഹത്തിലെ ഇതരവ്യക്തികളുടെ കാര്യങ്ങളിലും അഭിപ്രായ രൂപീകരണം നടത്തുക, പങ്കാളിയാവുക, വിലയിരുത്തലുകളും വിമര്‍ശനങ്ങളും നടത്തുക, ചെറുത്തുനില്പുകള്‍ നടത്തുക എന്നെല്ലാമാണ്. പൊതുവില്‍ നാം രാഷ്ട്രീയത്തെ കാണുന്നത് ഭരണകൂടങ്ങളുമായി ബന്ധപ്പെട്ടു മാത്രമാണ്. എന്നാല്‍ ഭരണകൂട ബാഹ്യമായ ഒരു രാഷ്ട്രീയവും നിലനില്‍ക്കുന്നുണ്ട്. ഭരണകൂടത്തിന്‍റെ സ്വഭാവങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഭരണകൂടബന്ധിതമല്ലാത്ത രാഷ്ട്രീയത്തിനും വലിയ പങ്കുണ്ട്. ജനങ്ങള്‍ക്ക് അവര്‍ ജീവിക്കുന്ന ഇടങ്ങളില്‍ ഭരണകൂടത്തെ ആശ്രയിക്കാതെയും ഭരണകൂടത്തെപ്പറ്റി ചിന്തിക്കാതെയും എത്രമാത്രം മുന്നോട്ടുപോകാന്‍ കഴിയുമെന്നത് ആ ജനസമൂഹത്തിന്‍റെ രാഷ്ട്രീയസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യമാണ്. ഈ അര്‍ത്ഥത്തില്‍ ജനങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നത് സ്വാഭാവികമായും ഭരണകൂടത്തിന്‍റെ സ്വഭാവം നിയന്ത്രിക്കുന്ന ഘടകമായിരിക്കും.

മുമ്പ് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളില്‍ ഏറെയും നിര്‍വ്വഹിക്കപ്പെട്ടിരുന്നത് പൊതുജനങ്ങളുടെ കൂട്ടായ്മകളില്‍നിന്നും സമാഹരിക്കപ്പെട്ടിരുന്ന എല്ലാ അര്‍ത്ഥത്തിലുമുള്ള ശേഷികള്‍ കൊണ്ടായിരുന്നു. അന്ന് ഭരണകൂടങ്ങള്‍ അത്രകണ്ട് അപ്രസക്തങ്ങളായിരുന്നു. ഇന്ന് ജനങ്ങളുടെ കൂട്ടായ്മയുടെ ഇടങ്ങള്‍ ഹയറിംഗ്കാരും കണ്‍സള്‍ട്ടന്‍സിക്കാരും കയ്യേറിയപ്പോള്‍ കൂട്ടായ്മ എന്നതു ബിവറേജസ് ഔട്ട്ലറ്റുകള്‍ക്കു മുമ്പിലും മാവേലിസ്റ്റോറുകള്‍ക്കു മുമ്പിലും ഉയര്‍ന്നുകേള്‍ക്കുന്ന ജനങ്ങളുടെ ആരവങ്ങള്‍ മാത്രമായി. ഇവിടെ ഭരണകൂടങ്ങള്‍ ജനജീവിതത്തില്‍ നിരന്തര സാന്നിദ്ധ്യമായി. ഭരണകൂടങ്ങള്‍ എന്നു പറഞ്ഞാല്‍ അതിന്‍റെ പ്രായോഗികാര്‍ത്ഥം ഭരണകൂടങ്ങളെ അകത്തുനിന്നും പുറത്തുനിന്നും മുന്നില്‍നിന്നും പിന്നില്‍നിന്നും നിയന്ത്രിക്കുന്നവര്‍ എന്നുതന്നെയാണ്. ഇവിടെ ജനങ്ങള്‍ രാഷ്ട്രീയമായി ദുര്‍ബ്ബലരാവുകയാണ് ചെയ്തത്. ഇതിന്‍റെ അര്‍ത്ഥം പൊതു ഇടങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയ പ്രാപ്തിയുടെ സമ്മേളനസ്ഥലങ്ങള്‍ കൂടിയായിരുന്നു എന്നതാണ്.

എങ്ങനെ പൊതു ഇടങ്ങളും അവയുടെ രാഷ്ട്രീയ ദൗത്യങ്ങളും തിരികെ പിടിക്കാം എന്ന് ഈ മുടിവിന്‍റെ കാലത്ത് പലരും ആലോചിക്കുന്നുണ്ട്. പൊതു ഇടങ്ങള്‍ വീണ്ടെടുക്കാന്‍ വന്നുചേരുന്ന പല അവസരങ്ങളും ജനങ്ങളുടെ രാഷ്ട്രീയ ശാക്തീകരണത്തെ ഭയപ്പെടുന്നവര്‍ കൗശലപൂര്‍വ്വം അട്ടിമറിക്കുന്നുണ്ട്. ഏറ്റവും നല്ല ഉദാഹരണം പൗരന്മാരുടെ ഭരണഘടനാപരമായ പൊതു ഇടമായി നിലവില്‍വന്ന ഗ്രാമസഭകളെ ഭരണകൂടം തന്ത്രപരമായി ആനുകൂല്യ വിതരണ വേദികള്‍ മാത്രമാക്കി മാറ്റിക്കൊണ്ട് രാഷ്ട്രീയാധികാരപരമായി നിര്‍വീര്യമാക്കിയതാണ്. കഞ്ഞിപ്പാടത്തെ ഋഷി തുല്യനായ ഒരു പള്ളിക്കൂടം വാധ്യാര്‍ രൂപപ്പെടുത്തിയെടുത്ത അയല്‍ക്കൂട്ട സങ്കല്പത്തെ മത-രാഷ്ട്രീയ സംഘടനകള്‍ ഏതെല്ലാം വിധത്തിലാണ് മലീമസമാക്കുന്നതെന്ന് നാം കണ്ടുകൊണ്ടാണിരിക്കുന്നത്.

ഭരണകൂട ആശ്രിതത്വവും കമ്പോള ആശ്രിതത്വവും കഴിയുന്നത്ര ഒഴിവാക്കാന്‍ വിവിധ രംഗങ്ങളില്‍ നടക്കുന്ന ശ്രമങ്ങളെ പുതിയ കാലത്തിനു ചേര്‍ന്ന മനുഷ്യക്കൂട്ടായ്മകളുടെ സാമൂഹികരൂപങ്ങള്‍ മെനയുന്ന തലത്തിലേക്കു വികസിപ്പിക്കേണ്ടതുണ്ട്. മനുഷ്യസ്നേഹികളായ പൊതു പ്രവര്‍ത്തകരുടെ ശ്രദ്ധ പതിയേണ്ട ഒരു രംഗമാണിത്. പൊതു ഇടങ്ങളും അവയുടെ രാഷ്ട്രീയ ദൗത്യങ്ങളും വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts