പറഞ്ഞതിനേക്കാള്‍ ഒട്ടേറെ കഫ്കയുടെ കഥകള്‍ പറഞ്ഞു വയ്ക്കുന്നുണ്ടെന്നത് സുവിദിതം. ഫ്രാന്‍സ് കഫ്ക നമുക്കുമുന്നില്‍ ഒരു നിബന്ധനയോ ആമന്ത്രണമോ വയ്ക്കുകയാണ്: "ഈ കഥകള്‍ മനസ്സിലാക്കണമെങ്കില്‍ നിങ്ങള്‍ എന്നെ മനസ്സിലാക്കുക. എന്‍റെ ജീവിതത്തിലേക്കും സ്വഭാവത്തിലേക്കും ആകുലതകളിലേക്കും സ്വപ്നങ്ങളിലേക്കും കടക്കുക." നമുക്ക് ആ വാതായനത്തിലൊന്നു മുട്ടിനോക്കാം.
അപ്രാപ്യനും അന്തര്‍മുഖനും ഏകാന്തതടവിനു വിധിക്കപ്പെട്ടവനെപ്പോലെ സ്വന്തം ആന്തരികജീവിതത്തില്‍ ആമഗ്നനും ആയ ഒരുവനെയാണു നാം കഫ്കയില്‍ കാണുക. ജീവിതത്തിന്‍റെ ആദ്യമുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ മാതാപിതാക്കളോടും മൂന്നു സഹോദരിമാരോടുമൊപ്പം അന്നത്തെ ഓസ്ടോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായ ബൊഹീമിയയുടെ തലസ്ഥാനമായ പ്രാഗിലെ ജൂതകോളനിയിലാണ് അദ്ദേഹം വസിച്ചത്. ഹീബ്രുവില്‍ പേര് ആംഷെല്‍. കഫ്കയുടെ പൂര്‍വികപരമ്പരയില്‍ പലരും വന്യമായ സ്വപ്നങ്ങള്‍ക്കു വശംവദരായവര്‍. കഫ്കയുടെ അച്ഛന്‍ തുണിയുടെ മൊത്തവ്യാപാരക്കാരനായിരുന്നു. ദൃഢഗാത്രനും ശക്തനും പ്രായോഗികമതിയുമായ അദ്ദേഹത്തിനു മുന്നില്‍ ലജ്ജാലുവും ചിന്താകുലനുമായ പുത്രന്‍ തീവ്രമായ അന്യവത്കരണത്തിനും അപകര്‍ഷത്തിനും ഇരയായി. സിനഗോഗും പള്ളിക്കൂടവും കല്പനാകുതുകിയും ഏകാകിയുമായ ഫ്രാന്‍സിസിന് വിരസമായ ശിക്ഷകള്‍ മാത്രമായിരുന്നു. ചെക്കുഭാഷയല്ല ജര്‍മ്മനാണ് സ്കൂളില്‍ പഠിക്കേണ്ടിവന്നത്. എവിടെയും അധീശത്വത്തിന്‍റെ കടന്നുകയറ്റങ്ങള്‍.
അദ്ധ്യാപകരും മാതാപിതാക്കളും തന്നെ താനല്ലാതാക്കി എന്നതിന്‍റെ പേരില്‍ പില്‍ക്കാലത്ത് അവരോട് തീരാത്ത അമര്‍ഷമുണ്ടായിരുന്നു കഫ്കയ്ക്ക്. 1919-ല്‍ "അച്ഛനുള്ള കത്ത്" അദ്ദേഹം രചിച്ചു. അതു പിതാവിന് അയച്ചുകൊടുക്കുന്നതിനു പകരം സുഹൃത്തും വിശ്രുത എഴുത്തുകാരനുമായ മാര്‍ക്സ് ബ്രോഡിനാണ് അയച്ചുകൊടുത്തത്. തന്‍റെ ബാല്യത്തില്‍ കൈമുതലാകേണ്ടിയിരുന്ന ഇച്ഛാശക്തിയെ ഉന്മൂലനം ചെയ്തവനാണച്ഛന്‍ എന്ന് അതില്‍ കഫ്ക സ്വപിതാവിനെ കുറ്റപ്പെടുത്തി. "താങ്കളുടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ വിക്കാനും വിറയ്ക്കാനും തുടങ്ങി. താങ്കളുടെ മുന്നില്‍ എനിക്ക് ചിന്തയും സംസാരവും നഷ്ടപ്പെട്ടു." അച്ഛനെ എപ്പോഴും പിന്തുണച്ചതിന്‍റെ പേരില്‍ അമ്മയോടും കഫ്കയ്ക്ക് വെറുപ്പായിരുന്നു. അച്ഛന്‍റെ വ്യാപാരശാലയില്‍ പോയി പണിയെടുക്കാത്തത് കഫ്ക പണിയാക്കള്ളനായതുകൊണ്ടാണെന്നുവരെ അവര്‍ കുറ്റപ്പെടുത്തി. മകന്‍റെയുള്ളിലെ സര്‍ഗ്ഗശക്തിയുടെ തിരത്തള്ളലൊന്നും ജനയിതാക്കളിരുവരും കണ്ടതേയില്ല. മടിച്ചുമടിച്ചാണു കഫ്ക നിയമപഠനം പൂര്‍ത്തിയാക്കിയത്. കിട്ടിയ ജോലിയാകട്ടെ, ഒരു അപകട ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ഗുമസ്തനായിട്ട്. ഉച്ചതിരിഞ്ഞ് രണ്ടുമണിവരെ ജോലി. ബാക്കി സമയം തന്‍റെ ഇഷ്ടപ്പെട്ട പ്രവൃത്തിയായ വായനയ്ക്കും എഴുത്തിനും മാത്രമായി കഫ്ക നീക്കിവച്ചു. ഇത് അലസതയാണെന്നാണ് മാതാപിതാക്കള്‍ വ്യാഖ്യാനിച്ചത്. ഉച്ചകഴിഞ്ഞുള്ള സമയം അച്ഛനെ സഹായിക്കണമെന്നവര്‍ ശഠിച്ചു. 1912-ല്‍ അച്ഛന്‍ രോഗാവസ്ഥയിലായപ്പോള്‍ കഫ്കയ്ക്ക് അതിനു വഴങ്ങേണ്ടിയും വന്നു. പക്ഷേ അദ്ദേഹം ആ ജോലിയില്‍ തികച്ചും അസന്തുഷ്ടനായിരുന്നു. കച്ചവടം അദ്ദേഹത്തിനിണങ്ങുന്ന ഒന്നായിരുന്നില്ല. ഇരട്ടജോലി തന്‍റെ എഴുത്തുകാരനാകുക എന്ന സ്വപ്നത്തെ കൊല്ലുകയാണെന്ന് കഫ്ക തിരിച്ചറിഞ്ഞു. 1915-ല്‍ അച്ഛനോടു കലഹിച്ച് കഫ്ക ജോലിയും ഭവനവും ഉപേക്ഷിച്ചു. നഗരത്തിരക്കിനു നടുവിലാണെങ്കിലും ഒറ്റയ്ക്കൊരു കുടുസ്സുമുറിയില്‍ കഫ്ക ആദ്യമായി സ്വകാര്യതയുടെയും സ്വാതന്ത്ര്യത്തിന്‍റെയും ആനന്ദമറിഞ്ഞു. ഇപ്പോള്‍ പകലിന്‍റെ രണ്ടാംപകുതി എഴുത്തിനായി അദ്ദേഹത്തിനു വീണ്ടുകിട്ടി.
എഴുത്ത് ഉപജീവനോപാധിയായിരുന്നില്ല കഫ്കയ്ക്ക്. അതൊരുതരം അതിജീവനോപാധിയായിരുന്നു. രചനാ പ്രക്രിയയെ "ഒരുതരം പ്രാര്‍ത്ഥന" എന്നാണദ്ദേഹം വിശേഷിപ്പിച്ചത്. ജീവിതത്തിലെ വിഷാദ പങ്കിലമായ പരാജയബോധത്തിനു നടുവില്‍ -അത് കഫ്കയുടെ നിതാന്തഭാവമായിരുന്നു- അമൂല്യമായ നിര്‍വൃതിയുടെ കൊച്ച് ഇടവേളകള്‍ എഴുത്തിലൂടെ കഫ്കയ്ക്ക് വീണുകിട്ടി. എഴുത്തിന്‍റെ ചിറകിലേറി പലപ്പോഴും അദ്ദേഹം രാത്രി മുഴുവന്‍ മിഴിതുറന്നിരുന്നു. ഭീതിദമായ നോവുകളും സുഖങ്ങളും ആ രാവുകളില്‍ കഫ്ക അനുഭവിച്ചു. ജോലിയെക്കാളേറെ എഴുത്താണ് കഫ്കയുടെ ആരോഗ്യം കാര്‍ന്നുതിന്നുകൊണ്ടിരുന്നത്.
ഏതാനും സുഹൃത്തുക്കള്‍ മാത്രമാണ് കഫ്കയ്ക്ക് ഉണ്ടായിരുന്നത്. റില്‍ക്കെയും മാക്സ്ബ്രോഡും അവരില്‍പ്പെടും. യഹൂദരുടെ തനതായ യിദ്ദിഷ് നാടകവേദിയിലും 'സയനിസ്റ്റ്' വിമോചനപ്രസ്ഥാനത്തിലുമൊക്കെ കഫ്കയെ പങ്കെടുപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ കഫ്കയുടെ സ്വാതന്ത്ര്യദാഹം ഭൗതികമായ ഒന്നായിരുന്നില്ല. സോദ്ദേശ നാടകങ്ങളോ രാഷ്ട്രീയപ്രസ്ഥാനങ്ങളോ അതിനുള്ള മാര്‍ഗ്ഗവും ആയിരുന്നില്ല. സൗഹൃദങ്ങളും സംഘംചേരലുമെല്ലാം തന്‍റെ സ്വകാര്യവിഹ്വലതകളുടെ വിഭ്രമാത്മക പ്രകാശനത്തിന് വിഘാതമായാണ് അദ്ദേഹം കണ്ടത്. സംഗീതംപോലും കഫ്കയ്ക്ക് അരോചകമായാണ് അനുഭവപ്പെട്ടത്. സംഗീതത്തില്‍ ആവിഷ്കൃതമാകുന്ന ലയം കേവലം ഒരു സങ്കല്പം മാത്രമാണെന്നും അപശ്രുതികളുടെ സങ്കലനമാണ് ജീവിതമെന്നും കഫ്ക വിശ്വസിച്ചു. പതിനായിരങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ ഗ്യാസ് ചെയ്ംബറുകളില്‍ അടച്ചു കൊല്ലാനുള്ള വാറന്‍റ് ഒപ്പിട്ടശേഷം ഹിറ്റ്ലര്‍ വാഗ്നറുടെ സംഗീതത്തില്‍ ആമഗ്നനായി ശയിച്ചിരുന്നു എന്നത് ഇതോടുകൂടി വായിക്കണം.
സസ്യഭക്ഷണ പ്രിയനും മദ്യം തൊടാത്തവനും ആയിരുന്നെങ്കിലും ദുര്‍ബ്ബലമായ ശ്വാസകോശങ്ങളും ഹൃദയവുമായിരുന്നു കഫ്കയുടേത്. അടഞ്ഞ മുറികളും നിരന്തരമായ എഴുത്തും ആരോഗ്യത്തിന്‍റെ അപചയം ത്വരിതപ്പെടുത്തി. 1917-ല്‍ കഫ്ക ക്ഷയരോഗബാധിതനായി. രോഗവും വേണ്ടപ്പെട്ടവരുമായുള്ള അകല്‍ച്ചയും ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിത്യവും കണ്‍മുന്നില്‍ കണ്ട ദുരന്തചിത്രങ്ങളും കഫ്കയെ ജീവിതത്തിന്‍റെ പ്രസന്ന ചിത്രങ്ങളുടെ നിരാസത്തിലെത്തിച്ചു. "ഞാന്‍ ഫ്രാന്‍സ് കഫ്കയോളം ഏകാന്തനായിരിക്കുന്നു" എന്നാണദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. "എന്തൊരു ദുര്‍ഭഗനായ ജീവിയാണു ഞാന്‍! ശൂന്യത, ശൂന്യത, ശൂന്യതമാത്രം! ജീര്‍ണ്ണത, ആത്മനാശം.... നരകത്തിന്‍റെ അഗ്നിജ്വാലകളില്‍ ഒന്നിന്‍റെ അഗ്രം തറതുളച്ചു കടന്നുവരുന്നു!" ജീവിതത്തിന്‍റെ ഈര്‍ച്ചവാള്‍ അനുദിനം കഫ്കയെ കീറിമുറിച്ചു. ഭാവനയുടെ ആധിക്യതയില്‍ പറന്നെത്തിയപ്പോഴൊക്കെ അഗാധമായ ഗര്‍ത്തങ്ങളിലേക്ക് അദ്ദേഹം ചരടറ്റുവീണു. "ഹാ കഷ്ടം! മരണമല്ല, മരിക്കല്‍ എന്ന ഈ അനന്തപീഡയാണ് ഭയാനകം!".
സ്ത്രീസാന്നിദ്ധ്യം അദ്ദേഹത്തിന് ഒരേ സമയം തീവ്ര ആസക്തിയും ശക്തമായ വിപ്രതിപത്തിയും ആയിരുന്നു. വേശ്യാത്തെരുവുകളില്‍ അദ്ദേഹം അലഞ്ഞുനടന്നു. ആരെങ്കിലും കൊതിപ്പിക്കുന്നൊരു നോട്ടം നോക്കിയാല്‍ അവിടെനിന്നും പറപറന്നു. സഹവസിക്കാനെന്നതിനെക്കാള്‍ സങ്കല്പിക്കാനാണ് പെണ്‍മ കൂടുതല്‍ ഉചിതം എന്ന് കഫ്ക കരുതി. "പരിമിതികളില്‍ നമ്മെ തളച്ചിടാനുള്ള കെണികളാണു സ്ത്രീകള്‍," കഫ്ക എഴുതി. "സ്ത്രീകളെ അപകടരഹിതരാക്കാനുള്ള ഏക ഉപായം സ്വമേധയാ ആ കെണിയില്‍ ചെന്നുവീഴുക മാത്രമാണ്!" പക്ഷേ അതിനുള്ള ധൈര്യം കഫ്കയ്ക്ക് കൈവന്നില്ല. ഫെലിസ് എന്ന പെണ്‍കുട്ടിയുമായി പ്രണയത്തില്‍ പതിക്കലും പ്രണയത്തില്‍നിന്നും പലായനം ചെയ്യലും ഇടകലര്‍ന്ന ഒരു പ്രതിഭാസം 1912-ല്‍ ആരംഭിച്ചു. അവളുടെ സ്ത്രൈണതയും മാതൃഭാവവും കഫ്കയെ വശീകരിച്ചു. അവളുമായുള്ള കത്തിടപാടുകള്‍ കഫ്കയുടെ സര്‍ഗ്ഗശക്തിയെ പുഷ്ക്കലമാക്കി. പക്ഷേ സ്ഥായിയായ ഭയം എപ്പോഴും വിലങ്ങുതടിയായി: "വിവാഹം ഏകാന്തതയുടെ അവസാനമാണ്. ഏകാന്തതയില്ലെങ്കില്‍ ഞാനില്ല!" അച്ഛനമ്മമാര്‍പോലും അപരിചിതരായിരിക്കെ ഏതു സ്ത്രീയും തനിക്കെന്നും അപരിചിതയായിരിക്കുമല്ലോ -ഇതായിരുന്നു കഫ്കയുടെ യുക്തി. ഫെലിസുമായി പലവട്ടം വിവാഹവാഗ്ദാനം നടത്തിയ അദ്ദേഹം ഓരോ തവണയും നിശ്ചയിക്കപ്പെട്ട വിവാഹത്തില്‍ നിന്നൊഴിഞ്ഞുമാറി.
ഇങ്ങനെ വിവാഹം ഉറപ്പിക്കലിന്‍റെയും ഉപേക്ഷിക്കലിന്‍റെയും പരമ്പര തുടരവേ 1917-ല്‍ ക്ഷയരോഗത്തിന്‍റെ ആദ്യസൂചനകള്‍ നല്‍കിക്കൊണ്ട് കഫ്ക രക്തം ഛര്‍ദ്ദിച്ചു. ഒരിക്കല്‍കൂടി നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തില്‍നിന്നും പിന്മാറാനൊരു കാരണമായിട്ടാണ് കഫ്ക ഇതിനെ കണ്ടത്. സാനിറ്റോറിയത്തില്‍ പ്രവേശിപ്പിക്കപ്പെട്ട് തിരിച്ചെത്തിയ കഫ്ക വിവാഹത്തിനു താന്‍ പ്രാപ്തനല്ലെന്നു ഫെലിസിനെ അറിയിച്ചു. 1920-ല്‍ മിലേന യെസെങ്കയുമായി ഒരു ബന്ധം രൂപപ്പെട്ടു. അതു കൂടുതലും കത്തു മുഖാന്തരമായിരുന്നു. അവള്‍ ഒരു അസന്തുഷ്ട ദാമ്പത്യത്തില്‍നിന്നും രക്ഷപെട്ടു വന്നവളായിരുന്നു. യഹൂദമതക്കാരി ആയിരുന്നുമില്ല. പല നിയമങ്ങളുടെയും ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചാണ് കഫ്ക ഈ ബന്ധം രഹസ്യമായി തുടര്‍ന്നത്. പക്ഷേ അവളുമൊത്തൊരു സുന്ദരജീവിതം സ്വപ്നംകണ്ടു കഫ്ക കാലം പോക്കവേ, തന്‍റെ മുന്‍ഭര്‍ത്താവുമായി അനുരഞ്ജനപ്പെട്ട് മിലേന കഫ്കയെ പെരുവഴിയില്‍ ഉപേക്ഷിച്ചുപോയി.
കഫ്കയുടെ "തീവയ്പുകാരന്‍" (The Stoker) എന്ന കഥ പരക്കെ അംഗീകരിക്കപ്പെട്ടു. "അമേരിക്ക" എന്ന അപൂര്‍ണ്ണ നോവലിന്‍റെ ആദ്യ അദ്ധ്യായമായി മാറി പിന്നീടാക്കഥ. യൂറോപ്പു വെറുത്ത് അമേരിക്കയിലെത്തി നിരവധി ജോലികളും സ്ത്രീകളും മാറിമാറി കടന്നുപോയ ഒരു യുവാവിന്‍റെ കഥയാണത്. അധികാരശ്രേണികളില്‍ നിന്നുള്ള സ്വതന്ത്രമായൊരു പലായനമാണിതിന്‍റെ സൂചിതാര്‍ത്ഥം. പിതൃഹത്യയെന്ന ആശയം പലരൂപത്തില്‍ കഫ്കയുടെ മനസ്സിലൂടെ കടന്നു പോയിരിക്കണം. "കരാമസോവ് സഹോദരന്മാ"രിലെ മിത്യയുടെ പ്രേതത്തെ ഒരു കുപ്പി മഷികൊണ്ട് ഉച്ചാടനം ചെയ്യാനാവാം കഫ്ക ശ്രമിച്ചുകൊണ്ടിരുന്നത്. ന്യായവിധിയിലും രൂപാന്തരത്തിലും ഒക്കെ ഈ ഇതിവൃത്തം കടന്നുവരുന്നു. ആത്യന്തികമായി ആ പിതൃസ്വരൂപം ഹിറ്റ്ലറിന്‍റെ രൂപംപൂണ്ട് യൂറോപ്പിനെയും ലോകത്തെത്തന്നെയും ആവേശിച്ചു. ഹതഭാഗ്യരായ യഹൂദജനതയുടെ പ്രേതം കാലേകൂട്ടി കഫ്കയെയും ആവേശിച്ചിരുന്നു.
കഫ്കയുടെ ജീവിതവുമായി ചേര്‍ത്തുവച്ച് ഏതാനും ചില കഥകളുടെ വായന നടത്തുന്നത് പുതിയ അര്‍ത്ഥതലങ്ങളിലേക്കു വഴിതെളിക്കും. "മാളം" (The Burrow) എന്നൊരു കഥയുണ്ട്. വളഞ്ഞു പുളഞ്ഞു നീണ്ടുപോകുന്ന ഒരു മാളം തുറക്കുകയാണൊരു ജീവി. ലോകത്തിലെ ശബ്ദങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും ഉള്ള അഭയമാണീ മാളം. "എന്‍റെ മാളത്തിന്‍റെ നിശ്ശബ്ദ നിശ്ചലതയാണ് അതിന്‍റെ ഭംഗി." വിവാഹത്തില്‍നിന്നും ഒളിച്ചോടുന്ന, നഗരത്തിരക്കില്‍ ശ്വാസംമുട്ടുന്ന കഫ്കയെ നമുക്കിവിടെ കാണാം. എഴുപത് പേജോളം പോകുമ്പോള്‍ കഥ പെട്ടെന്നങ്ങവസാനിക്കുന്നു - ഏതോ മഹാജന്തു മാളം ചവിട്ടി മെതിച്ചു കടന്നുപോയതുപോലെ. ഹനനവിദ്യാചതുരനായ മരണത്തെ ഇതില്‍പ്പരം ആലങ്കാരികമായി എങ്ങനെയാണവതരിപ്പിക്കുക? "അച്ഛനുള്ള കത്തിലും" "ഒരു നായയുടെ അന്വേഷണങ്ങളിലും" കഫ്ക സ്വയം കീടമായും മൃഗമായുമൊക്കെ സങ്കല്പിക്കുന്നുണ്ട്. സാഹിത്യത്തിലെ ആധുനികതയുടെ പശ്ചാത്തലത്തില്‍ ഇത്തരം സങ്കല്പങ്ങളുടെ സര്‍ റിയലിസ്റ്റിക് സ്വഭാവവും അതുളവാക്കുന്ന സ്വാരസ്യവും വാക്കുകള്‍ക്ക് എത്രയോ അതീതമാണ്! "രൂപാന്തര"ത്തിലാണ് പരിപക്വമായി ഈ പരികല്പന പ്രത്യക്ഷപ്പെടുന്നത്. "രൂപാന്തരത്തിലെ മഹാകീടത്തിനെന്നപോലെ കഫ്കയ്ക്കും മൃത്യു ഒരു മൃദുലേപനം പോലെ സാന്ത്വനപ്രദമായി തോന്നിയിരിക്കണം. മതത്തിന്‍റെ നൈതികതയും സദാചാരത്തിന്‍റെ പ്രസക്തിയും നഷ്ടപ്പെട്ട ഒരു കാലത്തിനെയല്ലേ നരകത്തിലെ പ്രവാസകാലം എന്നുവിളിക്കേണ്ടത്? "ശിക്ഷാസംഘാത"ത്തിലെ ഘാതകയന്ത്രത്തിന്‍റെ പൈശാചികത പിന്നീട് കഫ്കയുടെ മൂന്നു സഹോദരിമാരും അനുഭവിച്ചറിഞ്ഞു. നാസി തടങ്കല്‍പാളയങ്ങളിലാണു മൂവരുടെയും ജീവന്‍ പൊലിഞ്ഞത്. 1914-ല്‍ ആ കഥ രചിക്കുമ്പോള്‍ എന്തു പ്രവചന വരമാണോ ആവോ കഫ്കയെ പുല്‍കിയത്!
ക്രിസ്ത്യന്‍ ഭൂരിപക്ഷത്തിനു നടുവിലെ ഒരു യഹൂദന്‍റെ അരക്ഷിതാവസ്ഥയാണ് "കുറ്റവിചാരണ" യുടെയും "ദുര്‍ഗ്ഗ"ത്തിന്‍റെയും ആന്തരാര്‍ത്ഥം. ജോസഫ് കെ. യും കെ. യും കഫ്ക തന്നെ. "ഞാന്‍ വളയപ്പെട്ടിരിക്കുന്നുവെന്നതിന് സംശയമില്ല," കഫ്ക എഴുതി. സമൂഹം അതിന്‍റെ നിയമങ്ങളും വിലക്കുകളും ചേരിതിരിവുകളും കൊണ്ട് അവൈയക്തികമായൊരു വൈരിയായി കഫ്കയെ ഞെരിച്ചമര്‍ത്തി. "അപരനാണു നരകം" എന്ന സാര്‍ത്രിയന്‍ വചനം കഫ്കയുടെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയായി. ഔദ്യോഗിക ഭീകരതയും തരംതാണ മാധ്യമപ്രവര്‍ത്തനവും സത്യത്തെ എവ്വിധം വളച്ചൊടിക്കും എന്നത് യൂറോപ്പ് കണ്ടുതുടങ്ങുകയായിരുന്നു. കഫ്കയുടെ കഥകളിലെ കേന്ദ്രകഥാപാത്രങ്ങളോരോന്നും ആകുലചിത്തനും ചഞ്ചലമനസ്കനുമായി അലയാന്‍ വിധിക്കപ്പെട്ട വേട്ടമൃഗത്തിന്‍റെ മുന്നില്‍ ഇരയായി സ്വയം സമര്‍പ്പിക്കുക മാത്രം ഭാഗധേയമായി കല്‍പിക്കപ്പെട്ട, ആധുനിക മനുഷ്യന്‍റെ പ്രതിരൂപമാണ്. അഗ്രാഹ്യവും പ്രീതിപ്പെടുത്താനാവാത്തതുമായ ഏതോ ശക്തിക്കുമുന്നില്‍ ചെയ്തതോ ചെയ്യാത്തതോ, ചിന്തിച്ചതോ ചിന്തിക്കാത്തതോ ആയ കുറ്റങ്ങള്‍ക്ക് അധികാരത്തിന്‍റെ വാള്‍ത്തലപ്പില്‍ അവര്‍ സ്വജീവന്‍കൊണ്ട് കുങ്കുമം ചാര്‍ത്തുന്നു. അനിയന്ത്രിതമായൊരു പാപബോധമാണ് മനുഷ്യനെന്ന ഉത്കൃഷ്ടസൃഷ്ടിയുടെ സര്‍വ്വനാശത്തിനു കാരണം എന്ന് കഫ്ക പറഞ്ഞുതരുന്നു. ആ പാപബോധം സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതിലും മതങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്ന സത്യം കഫ്ക അറിഞ്ഞിരുന്നു. പീഡാസഹനത്തെ മഹത്ത്വീകരിക്കുമ്പോള്‍ പീഡകരില്ലാതെ പീഡയുണ്ടാവില്ല എന്ന സത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അബോധതലത്തില്‍ മര്‍ദ്ദകനും ആദര്‍ശവത്കരിക്കപ്പെടുന്നതങ്ങനെയാണ്. ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലുള്ളവരും അവരുടെ പിണിയാളുകളും തങ്ങളറിയാതെ ആ മഹത്ത്വീകൃത വേഷം എടുത്തണിയുന്നവരാണ്. ഇതാണ് യൂറോപ്യന്‍ ചരിത്രത്തിന്‍റെ വിരോധാഭാസം. സില്‍വിയ പ്ലാത്തിന്‍റെ "ഡാഡി" എന്ന കവിതയില്‍ "Every woman adores a Fascist"- ഓരോ സ്ത്രീയും ഒരു സ്വേച്ഛാധിപത്യമര്‍ദ്ദകനെ പൂജിക്കുന്നു - എന്ന വാക്യം ഈ തത്ത്വത്തിന്‍റെ സംഗ്രഹമാണ്. "യഹൂദന്‍ എന്ന ഇര" എന്ന സങ്കല്പം എത്രയോ നൂറ്റാണ്ടുകള്‍കൊണ്ട് യൂറോപ്പില്‍ വേരൂന്നിയതാണെന്നോര്‍ക്കുക. ക്രിസ്തുവിന്‍റെ പീഡാസഹനത്തിന് ക്രിസ്ത്യാനിയുടെ മറുഭാഷ്യം! തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, യഹൂദനായ ആദ്യ ഇര ക്രിസ്തുതന്നെയായിരുന്നു എന്നതു ചരിത്രം എന്നേ വിസ്മരിച്ചു കളഞ്ഞിരുന്നു!
"വേട്ടയാടപ്പെടുന്ന ആ ജീവി ഞാനാണ്!" കഫ്ക ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. കഥകളിലെയെല്ലാം അധികാരകേന്ദ്രം ലോകത്തിലെ തിന്മകള്‍ക്കുനേരെ കണ്ണടയ്ക്കുന്ന, അര്‍ത്ഥകനില്‍നിന്നും തെന്നിമാറുന്ന, ദൈവം തന്നെയല്ലേ എന്ന് അനുവാചകന്‍ സംശയിച്ചുപോകുന്നു. പ്രപഞ്ചരഹസ്യം പേറുന്ന വിധാതാവിന്‍റെ നീതിബോധം എപ്പോഴും വേട്ടക്കാരനനുകൂലമല്ലേ എന്ന് ഇര ആശങ്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. തത്ത്വശാസ്ത്രത്തിലെയും ദൈവശാസ്ത്രത്തിലെയും പ്രഹേളികകള്‍ക്ക് ഒരുത്തരമല്ല, ഒരു സഹചോദ്യം തന്നെയാണ് കഫ്ക ചോദിക്കുന്നത്. സംശയലേശമില്ലാതെ ലഭിക്കുന്ന ഉത്തരങ്ങള്‍ വിഴുങ്ങി തൃപ്തിയടയാന്‍ കഫ്കയുടെ കവിമനസ്സിനാകുമായിരുന്നില്ല. ആത്മീയമായൊരു സങ്കേതരാഹിത്യവും നിലയില്ലായ്മയും അനുഭവിച്ച ഒരു യൂറോപ്യന്‍ യഹൂദന്‍റെ നിലവിളിയാണ് കഫ്കയിലൂടെ നാം ശ്രവിക്കുന്നത്. ഒരു യഹൂദകവി പാടിയതുപോലെ, "ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമായിരുന്ന് ഞങ്ങള്‍ക്കു മതിയായി. ദയവായി ഇനി മറ്റൊരു ജനതയെ തെരഞ്ഞെടുത്താലും," എന്ന് കഫ്കയിലെ കവിയും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം.
കഫ്ക എന്നും മരണത്തെ കൊതിച്ചിരുന്നു. ഒപ്പം ഭയക്കുകയും ചെയ്തിരുന്നു. "ചിന്തകള്‍ ഒലിച്ചുപോകുന്നു. എന്‍റെ നരച്ച, പ്രത്യാശയറ്റ, കാരാഗൃഹം മാത്രം അവശേഷിക്കുന്നു. ഞാന്‍ ആത്മാഹൂതി ചെയ്താല്‍ അതില്‍ ഒരു തെറ്റും ഉണ്ടാവില്ല." ആദ്യം രക്തം ഛര്‍ദ്ദിച്ചപ്പോഴേ തന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നത് കഫ്ക കണ്ടു. പ്രതീക്ഷയില്ലാതെ അദ്ദേഹം ചികിത്സാവിധേയനായി: "മുപ്പത്തെട്ടു വര്‍ഷത്തെ പൊടി ഭീകരസത്വമായി എന്‍റെ ശ്വാസകോശം കീഴടക്കിയിരിക്കുന്നു." അവസാനനാളുകളില്‍ പ്രണയത്തിന്‍റെ ചൂടും ചൂരും ഡോറാ ഡൈമോണ്ട് എന്ന ഇരുപതുകാരിയിലൂടെ കഫ്ക വീണ്ടും അനുഭവിച്ചു. മരണമടുത്ത വേളയില്‍ മാതാപിതാക്കളുടെ സ്നേഹവും പരിചരണവും കഫ്കയെ തേടിയെത്തി. ഡോറ അന്ത്യനിമിഷംവരെ ശുശ്രൂഷിച്ചു കൂട്ടിരുന്നു. ജീവിതത്തില്‍ നിഷേധിക്കപ്പെട്ടതെല്ലാം മരണത്തില്‍ കഫ്കയ്ക്കു കൂട്ടായിവന്നു.
തന്‍റെ കൈയെഴുത്തുപ്രതികളെല്ലാം നശിപ്പിച്ചു കളയണമെന്നായിരുന്നു മാക്സ് ബ്രോഡിനോടുള്ള കഫ്കയുടെ അവസാനത്തെ അഭ്യര്‍ത്ഥന. സുഹൃത്തിന്‍റെ അന്ത്യാഭിലാഷം മാനിക്കണമോ എന്നു ശങ്കിച്ച് ബ്രോഡ് അവ കുറെക്കാലം പൂട്ടിവച്ചു. പക്ഷേ ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും മൂല്യവത്തായ സാഹിത്യം വെളിച്ചം കാണാതെ പോകുന്നത് കൊടിയ അനീതിയാവും എന്നുകണ്ട് പിന്നീട് അവ പ്രകാശനം ചെയ്തു. അല്ലായിരുന്നെങ്കില്‍ കുറ്റവിചാരണയും ദുര്‍ഗ്ഗവും മറ്റും ലോകം അറിയുമായിരുന്നില്ല. മൂല്യഭ്രംശത്തിന്‍റെ പേരില്‍ നാസികള്‍ നിരോധിച്ച കൃതികളില്‍ കഫ്കയുടേതും പെടും. മാന്ത്രികമായ കടന്നുകാണലും ഭ്രാന്തമായ ശക്തിയും ആയുധങ്ങളാക്കി വരാനിരിക്കുന്ന ഭീതിയുടെ കറുത്ത രാവുകളെ അവ വരച്ചുകാട്ടി. കവിയിലെ ആ പ്രവാചകനെയാണ് അധികാരം എക്കാലവും ഭയക്കുന്നത്.