news-details
മറ്റുലേഖനങ്ങൾ

സംസാരിക്കുന്നവനാണ് മനുഷ്യന്‍

സംസാരിക്കുന്ന മൃഗമാണു മനുഷ്യന്‍. 'ചിന്തിക്കുന്ന മൃഗമാണ് മനുഷ്യന്‍' എന്ന നിര്‍വചനത്തെക്കാളും സമഗ്രമാണ് ഈ നിര്‍വചനം. മനുഷ്യന്‍ മനുഷ്യനാകണമെങ്കില്‍ ലോകവും ശരീരവും വേണമെന്നതുപോലെതന്നെ ഭാഷയും കൂടിയേ തീരൂ.

ഭാഷയുപയോഗിച്ചാണ് മനുഷ്യന്‍ സംവേദനം നടത്തുന്നത്. സംവേദനമുപയോഗിച്ചാണ് അവന്‍ സമൂഹജീവിയായി വര്‍ത്തിക്കുന്നത്, ബന്ധങ്ങള്‍ നിര്‍മ്മിക്കുന്നത്. സംവേദനം ഒരേസമയം ഒരാളെ വെളിപ്പെടുത്താനും മറച്ചുവയ്ക്കാനും ഉപയോഗിക്കാം. ശരീരമെന്നതുപോലെ സംവേദനവും ഒരാളെ വെളിവാക്കാനാണ് പ്രാഥമികമായി  ഉപയോഗിക്കപ്പെടുന്നത്. ഒപ്പം, യഥാര്‍ത്ഥമായുള്ള എന്നെ മറച്ചുവയ്ക്കാനും സംവേദനത്തിനാകും. പ്രചാരണത്തിനും പരസ്യത്തിനുമായി ഉപയോഗിക്കപ്പെടുന്ന ഭാഷ പലതും മറച്ചുവയ്ക്കാനുള്ള ഭാഷയാണ്. അധരങ്ങളില്‍ നിന്നുതിരുന്ന പല വാക്കുകളും ഹൃദയത്തെ മറച്ചുവയ്ക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.

മനുഷ്യന്‍റെ ജീവിതം മുഴുവനും സംവേദനാത്മകമാണ്. പറയുന്ന വാക്കുകള്‍ ഉപയോഗിച്ചു മാത്രമല്ല, പറയാത്ത വാക്കുകള്‍ ഉപയോഗിച്ചും ഒരാള്‍ക്കു സംസാരിക്കാം. അടയാളങ്ങളും ആംഗ്യങ്ങളും ഉപയോഗിച്ചു സംസാരിക്കാം, അവയില്ലാതെയും സംസാരിക്കാം. നിശ്ശബ്ദതയിലൂടെ ഒരാള്‍ക്കു സംവേദനം നടത്താം. ഒരാളുടെ മുഴുവന്‍ ജീവിതവും സംസാരിക്കുകയാണ്. ഞാനെന്താണോ എന്തൊക്കെയല്ലയോ, എനിക്കു ചെയ്യാനാവുന്നതും അല്ലാത്തവയുമായവ എന്തെല്ലാമാണോ അവയെല്ലാം ഉപയോഗിച്ച് എനിക്കു സംവദിക്കാം. സംവേദനം അങ്ങനെയാണ് മനുഷ്യാസ്തിത്വത്തിന്‍റെ അവിഭാജ്യഘടമാകുന്നത്.

സംവേദനത്തില്‍ കേള്‍വിയും പ്രതികരണവും അടങ്ങിയിരിക്കുന്നു. പ്രപഞ്ചം മനുഷ്യനോടു സംസാരിച്ചുകൊണ്ടേയിരിക്കുന്നു. പ്രപഞ്ചത്തിന്‍റെ ഭാഷയില്ലാത്ത സംസാരത്തിനു ഭാഷ നല്കുന്നത് മനുഷ്യനാണ്. "ഈ പുഷ്പം സുന്ദരമാണ്," എന്നു ഞാന്‍ പറയുമ്പോള്‍ എന്നോട് ആ പൂവ് പറഞ്ഞതിനു ശബ്ദം നല്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. പുഷ്പം എന്നോട് അതിന്‍റെ സൗന്ദര്യത്തെക്കുറിച്ചു പറയുന്നു. ഒരു കവി യാഥാര്‍ത്ഥ്യത്താല്‍ ഗ്രസിക്കപ്പെട്ടു കഴിയുമ്പോഴാണ് കവിതയെഴുതുന്നത്. പ്രപഞ്ചം എന്നെ സംസാരിക്കാന്‍ പ്രാപ്തനാക്കുന്നതിന്‍റെ തോതനുസരിച്ചാണ് എനിക്കു സംസാരിക്കാനാകുന്നത്.

ഭാഷയ്ക്ക് അതിന്‍റേതായ ഒരു സ്വാതന്ത്ര്യമുണ്ട്. എഴുത്തുകാരനില്‍നിന്നും സംസാരിക്കുന്നവനില്‍നിന്നും വിഭിന്നമായി അതിന് ഒരു നിലനില്പുണ്ട്. ഭാഷ മനുഷ്യനുണ്ടാക്കിയതല്ല; അത് ആവിര്‍ഭവിക്കാന്‍ മനുഷ്യന്‍ നിമിത്തമായതു മാത്രമാണ്. ഭാഷ എങ്ങനെ രൂപപ്പെടുമെന്നതിനെ സംബന്ധിച്ചോ, അത് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിനെ സംബന്ധിച്ചോ ഒരുവന് ഒരു നിയന്ത്രണവുമില്ല. ഒരാള്‍ ഒരു കാര്യം എഴുതിയാല്‍, എഴുതപ്പെട്ടതിന് എഴുത്തുകാരനില്‍നിന്നു വ്യതിരിക്തമായ ഒരസ്തിത്വം ലഭിക്കുകയായി. എഴുതിയ ആളുടെ ഇംഗിതത്തിനുമപ്പുറം അതിന് അര്‍ത്ഥം ലഭിക്കുന്നു.

ഭാഷയെ പൊതുവായിട്ട് മിത്തിക്കല്‍ ഭാഷയെന്നും ലോജിക്കല്‍ ഭാഷയെന്നും തരംതിരിക്കാം. കൃത്യതയും വ്യക്തതയുമാണ് ലോജിക്കല്‍ ഭാഷയുടെ പ്രത്യേകതകള്‍. "ഇപ്പോള്‍ 450ഇ ചൂടുണ്ട്" എന്നത് ലോജിക്കല്‍ ഭാഷയാണ്. അതിന് അതു പറയുന്നതിനപ്പുറം അര്‍ത്ഥതലങ്ങളില്ല. മിത്തിക്കല്‍ ഭാഷ ഭാവനാഭരിതമാണ്, വ്യക്തമായ അതിര്‍രേഖകള്‍ അതു സൃഷ്ടിക്കുന്നില്ല. അതു കഥകളും കവിതകളും പഴമൊഴികളും ഒക്കെ ഉപയോഗിക്കുന്നു. അതു പ്രതീകാത്മക ഭാഷയാണ്.

ഭാഷാപരതയെന്നത് മനുഷ്യന്‍റെ നാവിനെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല, അവന്‍റെ മുഴുവന്‍ അസ്തിത്വത്തെയും ബാധിക്കുന്ന ഒരു കാര്യമാണ്. മനുഷ്യന്‍ അവന്‍റെ സമഗ്രതയില്‍ സംവേദനം നടത്തുന്നു. സംവേദനത്തിലൂടെയാണ് അവന്‍ അവനാകുന്നത്.

You can share this post!

പരീക്ഷണം

ഫാ. വര്‍ഗീസ് സാമുവല്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts