1982 മെയ്മാസം. അന്ന് ഞാനും കുടുംബവും കര്‍ണ്ണാടകയിലായിരുന്നു. പുതുമഴ പെയ്തൊഴിഞ്ഞതിനുശേഷമുള്ള ഒരു മനോഹര പ്രഭാതം. ഭര്‍ത്താവ് എന്നെയും കുട്ടികളെയും കൂട്ടി മാണ്ഡ്യയിലൂടെ ഒരു പ്രഭാതസവാരിക്കിറങ്ങി. പഴയൊരു ഫിയറ്റ് കാറിലാണ് യാത്ര. വിദേശനിര്‍മ്മിത എ. സി. കാറുകളൊന്നും നമ്മുടെ നിരത്തുകളില്‍ അന്നെത്തിയിട്ടില്ലായിരുന്നു. 60 കി. മീ. സ്പീഡില്‍പോലും പറക്കുകയാണെന്ന് തോന്നിപ്പിച്ചു. അവധി ദിവസം ആഘോഷിക്കാനെന്ന പേരിലാണ് യാത്രയെങ്കിലും ആര്‍ക്കിടെക്റ്റായ ഭര്‍ത്താവിനു വേറെയും ചില ലക്ഷ്യങ്ങളുണ്ട്. കെട്ടിടങ്ങള്‍ പണിയുന്ന സൈറ്റ് സന്ദര്‍ശിക്കണം, പുതിയ സൈറ്റുകള്‍ കണ്ടെത്തണം അങ്ങനെ പലപല ബിസിനസ്സ് കാര്യങ്ങള്‍. പലപ്പോഴും വഴിയരികില്‍ നനഞ്ഞൊലിക്കുന്ന കുടക്കീഴില്‍ അദ്ദേഹത്തെ കാത്ത് ഞാനും കുഞ്ഞുങ്ങളും മണിക്കൂറുകള്‍ തള്ളിനീക്കിയിട്ടുണ്ട്.
"ഒരു സെക്കന്‍ഡ്, ഈ സൈറ്റിലെ പണി എവിടെവരെയായെന്ന് ഒന്നു നോക്കട്ടെ." ആര്‍ക്കിടെക്റ്റിന്‍റെ ഉത്തരവാദിത്വം ഉണര്‍ന്നു. അദ്ദേഹം കാറില്‍നിന്നിറങ്ങി നടന്നുകഴിഞ്ഞു. വിളഞ്ഞുകിടക്കുന്ന കരിമ്പിന്‍ തോട്ടത്തിനപ്പുറത്തുള്ള സൈറ്റ് അവിടെനിന്നാല്‍ കാണാം. വര്‍ക്കേഴ്സ് കാത്തുനില്‍പ്പുണ്ടായിരുന്നു. ഇനി ഒരു മണിക്കൂറെങ്കിലും കഴിയണം അദ്ദേഹം തിരിച്ചുവരണമെങ്കില്‍.
ഞാനും മക്കളും കാറില്‍ നിന്നിറങ്ങി. ഇന്ത്യയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണുകണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ഇടയ്ക്കൊരു കാളവണ്ടി അതിലെ കടന്നുപോയി. നഗരകാഴ്ചകള്‍ മാത്രം കണ്ടുവളര്‍ന്ന ഞങ്ങള്‍ക്ക് ഗ്രാമത്തിന്‍റെ കാഴ്ചകള്‍ കൗതുകവും ഉന്മേഷവും പകര്‍ന്നു.
അപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്. കരിമ്പിന്‍തോട്ടത്തില്‍ നിന്നും സാവധാനം നടന്നുവരുന്ന കര്‍ഷകന്‍. ചെളിപുരണ്ട വസ്ത്രങ്ങള്‍, ചുളിവുവീണ മുഖം. കൈയില്‍ കരിമ്പിന്‍ തണ്ടുകളും അരിവാളുമുണ്ട്. 'ഓ നാശം, ഞങ്ങള്‍ക്ക് കരിമ്പു വാങ്ങിക്കാന്‍ താല്‍പര്യമില്ലെന്ന് ഇയാളെ എങ്ങനെയൊന്നു പറഞ്ഞു മനസ്സിലാക്കും... ഇനിയിപ്പം ഞാന്‍ ഇതു വാങ്ങിയില്ലെങ്കില്‍ എനിക്കു തലക്കനമാണെന്നോ, പിശുക്കാണെന്നോ ഒക്കെ ഇയാള്‍ വിചാരിക്കില്ലേ?' ആകെപ്പാടെ ഒരു പിരിമുറുക്കം. ഭാഷ അറിയാന്‍ പാടില്ലാത്തതിന്‍റെ തിക്കുമുട്ടല്‍.
അയാള്‍ എന്‍റെ അടുത്തെത്തി. നേരെനോക്കി പുഞ്ചിരിച്ചുകൊണ്ട് കരിമ്പിന്‍ തണ്ടുകള്‍ നീട്ടി. ഞാനും ചിരിച്ചു. 'വേണ്ട, വേണ്ട' എന്ന് ആംഗ്യഭാഷയില്‍ പറഞ്ഞു.
അയാള്‍ തലയാട്ടി. ഇപ്പോഴും ചിരിക്കുന്നുണ്ട്. കൈയില്‍ നീട്ടിപ്പിടിച്ച കരിമ്പിന്‍ തണ്ടുകളും. അയാള്‍ സാവധാനം അരിവാള്‍ നിലത്തുവച്ചു. കാറിനപ്പുറത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ വാത്സല്യത്തോടെ നോക്കി. 'കരിമ്പിന്‍ തണ്ട് ഈമ്പിയീമ്പിത്തിന്നാന്‍ നല്ല രസമാണെന്ന്' അവരെ അഭിനയിച്ചു കാണിച്ചു. ആ ആറു വയസ്സുകാരിക്കും എട്ടു വയസ്സുകാരിക്കും സംഗതി പിടികിട്ടിയെന്നു തോന്നുന്നു.
അയാള്‍ കരിമ്പിന്‍ തണ്ടുകള്‍ കാറിനു മുകളില്‍ വച്ചു. കാശൊന്നും വേണ്ടായെന്ന് ആംഗ്യം കാണിച്ചു. 'അപ്പോപ്പിന്നെ ഇയാള്‍ക്കെന്താണാവോ വേണ്ടത്?' ഞാന്‍ അതിശയിച്ചു.
'ഇത് കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണ്' അയാള്‍ അവ്യക്തമായി പറഞ്ഞതിന്‍റെ അര്‍ത്ഥം ഞാന്‍ വായിച്ചെടുത്തു.
നഗരങ്ങളിലെ ബിസിനസ്സ് മാത്രമെ ഞാനതുവരെ കണ്ടു ശീലിച്ചിരുന്നുള്ളൂ. ഒരു ദരിദ്രനാരായണന് ഇങ്ങനെയൊരു സമ്മാനം നല്കാനുള്ള മനസ്സുണ്ടാകുമെന്ന് ഞാന്‍ സ്വപ്നംപോലും കണ്ടിട്ടില്ല. ആ ഗ്രാമീണന്‍റെ കനിവിന്‍റെ മുമ്പില്‍ ഞാന്‍ ലജ്ജിതയായി. അതുവരെ വച്ചുപുലര്‍ത്തിയിരുന്ന മുന്‍വിധികള്‍ തിരുത്തപ്പെട്ടു. ആ മനുഷ്യന്‍ വലിയൊരു സന്ദേശമാണ്, പാഠമാണ് എനിക്കു നല്കിയത്; 'നിങ്ങള്‍ക്കുള്ളതെന്താണെങ്കിലും അടുത്തെത്തുന്ന അപരിചിതനുമായും പങ്കുവയ്ക്കുക. തിരികെ ഒന്നും പ്രതീക്ഷിക്കാതെ...'
കടപ്പാട്: ദ ഹിന്ദു