news-details
മറ്റുലേഖനങ്ങൾ

അസ്തമയം സുന്ദരമായ ഉദയം

കിഴക്കും പടിഞ്ഞാറും അറിയില്ലെങ്കില്‍  രാവിലെയും വൈകുന്നേരവും സ്ഥലം അപരിചിതനായ ഒരാള്‍ കാണുന്നത് ഒരേ ശോഭയാണ്. ഞായര്‍ എന്ന പദത്തിന് സൂര്യന്‍ എന്ന അര്‍ത്ഥമുണ്ട്. സൂര്യന്‍ പടിയുന്ന സ്ഥലമായിരിക്കണം പടിഞ്ഞാറ് ആയത്. ഏതായാലും അസ്തമയസൂര്യന്‍റെ ശോഭ അത്യാഹ്ലാദകരമാണ്. പ്രതീക്ഷക്ക്, ഉയിര്‍പ്പിന് ഇതില്‍പ്പരം എന്ത് അടയാളമാണ് പ്രകൃതി നമുക്കു നല്‍കേണ്ടത്.

എത്ര ശാന്തസുന്ദരം. ഭൂമി മുഴുവന്‍ ചൂടാറുന്നു. ചെറിയ കാറ്റ് വീശുന്നു. എല്ലാം ശാന്തമാകുന്നു. ഒരു സംഗീത ശ്രുതിമാധുര്യത്തില്‍ ലയിച്ചു മാഞ്ഞു പോകുന്നു.

സൂര്യന്‍ അസ്തമിക്കുന്നത് എത്ര ശാന്തമായാണ്. എത്ര ശോഭയോടെയാണ്. നാളെ ഞാന്‍ ഉദിക്കും എന്ന ഉറപ്പാണത്. ആ ബോധ്യമാണ് അസ്തമയത്തെ അത്രമാത്രം സൗന്ദര്യമുള്ള താക്കുന്നത്.

യേശുവിന്‍റെ മരണവും ഉയിര്‍പ്പും മനുഷ്യരാശിക്ക് നല്‍കുന്ന പ്രതീക്ഷ അസ്തമയ സൂര്യ ന്‍റേതാണ്. എല്ലാ സഹനങ്ങളും കടന്നുപോകുകയും ഉയിര്‍പ്പ് വന്നുചേരുകയും ചെയ്യും എന്ന പ്രതീക്ഷയാണത്. പഴയൊരു സുകൃതജപം ഓര്‍ത്തുകൊണ്ട് വിഷയത്തിലേക്ക് വരാം. അമ്മാമ പഠിപ്പിച്ചതാണ്. മാളിയേക്കല്‍ ലോന ഭാര്യ, അന്നമ്മ. എന്നാല്‍ അമ്മാമ പേരെഴുതുമ്പോള്‍ കെ.പി.അന്നമ്മ എന്നേ എഴുതൂ. കൂനംപ്ലാക്കല്‍ പൗലോസ് മകള്‍ അന്നമ്മ.  22-ാം വയസ്സില്‍ രണ്ടു പെണ്‍കുട്ടികളുടെ അമ്മയും വിധവയുമായി. 88-ാം വയസ്സില്‍ ഇവിടം വിട്ടു പോകും വരെ അമ്മാമ നിത്യവും എത്രയോ വട്ടം ഈ സുകൃതജപം ഉരുവിട്ടിരിക്കും: "ദുഃഖശനിയാ ഴ്ചയും വിശ്വസിച്ച മാതാവേ! എന്നെയും വിശ്വസിക്കാന്‍ പഠിപ്പിക്കണമേ." ഏറ്റവും ശാന്തമായിരുന്നു അമ്മാമയുടെ വിടവാങ്ങല്‍.

എന്തൊരു ശോഭയിരുന്നു ആ മുഖത്ത്. അസ്തമയസൂര്യനെ പോലെ ശാന്തം, ദീപ്തം.
അസ്തമയസൂര്യനും ഉദയസൂര്യനും ഒരു പോലെയാണ് തേജസ്സ്. പ്രഭാതസന്ധ്യ, പ്രദോഷ സന്ധ്യ എന്നാണ്, പൊതുവാക്ക് സന്ധ്യയാണ്: സന്ധിപ്പിക്കുന്നത്, ചേര്‍ക്കപ്പെടുന്നത്. രാത്രിയും പകലും ജനനവും മരണവും രണ്ടിനും ഒരേ നിറം. പ്രകൃതി അങ്ങനെയാണ്. മനുഷ്യനും അതിന്‍റെ ഭാഗമാണ്.

യേശുവിന്‍റെ ജനനവും ഉയിര്‍പ്പും അതു തന്നെയല്ലേ നമ്മോടു പറയുന്നത്. ചെടി - വിത്ത്- ചെടി. എന്നാല്‍ മനുഷ്യര്‍ക്ക് ജനനം - മരണം - ജനനം - ഇതാണ് പ്രപഞ്ചനീതി. എന്നാല്‍ വാര്‍ദ്ധക്യവും മരണവും ഇവ  തനിക്ക് ഒരിക്കലും സംഭവിക്കരുതേ എന്നാണ് മനുഷ്യന്‍റെ ആഗ്രഹം.

ഇക്കഴിഞ്ഞ നോമ്പുകാലത്ത് ഞാന്‍ ഏറെ ശ്രദ്ധിച്ചത് വാര്‍ദ്ധക്യമാണ്. എന്തെന്നാല്‍ അപ്പനും അമ്മയും വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്നു. ഞാനും ആ വഴിയിലാണ്.

വൃക്ഷത്തിന് വാര്‍ഷിക വലയം കൂടും പോലെ ഓരോ വര്‍ഷം കഴിയുംതോറും നാം ഫിനിഷിംഗ് പോയിന്‍റിലേക്ക് എത്തുകയാണല്ലോ?

'എന്‍റെ ദേശം കാണ്മതിന്നായ് ഞാന്‍ തനിയേ പോകുന്നു.'

മരണത്തെക്കുറിച്ച് ഇത്രയും മനോഹരമായ സങ്കല്പം ഒരു പക്ഷേ ക്രിസ്ത്യാനിക്കു മാത്രമേ കാണൂ.

എന്നാലും വാര്‍ദ്ധക്യം എങ്ങനെ ആഘോഷ മാക്കാം എന്നു നമുക്ക് അറിഞ്ഞുകൂടാ!
എന്തൊരു നീളമായുസ്സിന്, മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളില്‍!

വൃദ്ധനും വൃദ്ധയും-ശ്വാസകോശത്തിനെ
ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന കാണാക്കയ്യു
കുത്തിപ്പിടിക്കുന്ന നേരവും കാത്തവര്‍,
ഒട്ടുചുമന്ന കുടങ്ങളെന്നേ വീണു
പൊട്ടിത്തകര്‍ന്നും ജലം ചോര്‍ന്നു വറ്റിയും.

ഒറ്റയ്ക്കിരിപ്പൂ മരക്കൊത്തുകള്‍ പോലെ
ഒട്ടും തിരിച്ചു നടക്കുവാനാവാതെ.
വിജയലക്ഷ്മിയുടെ 'ദ്വീപുകള്‍' എന്ന കവിതയിലെ വരികളാണിത്.
വാര്‍ദ്ധക്യം ശാപമായെണ്ണുന്നവര്‍.
വാര്‍ദ്ധക്യം രണ്ടാം ബാല്യം എന്നു പറയാറുണ്ട്.
മനസ്സിന് വയസ്സാകുന്നതാണ് അപകടം. മരണംവരെ മനസ്സിനെ ഉയിര്‍പ്പിന്‍റെ പ്രതീക്ഷയില്‍ നിര്‍ത്താന്‍ കഴിയലാണ് പ്രധാനം. മനസ്സില്‍ അവസാന നിമിഷം വരെ പ്രണയം സൂക്ഷിക്കാന്‍ നാം ചെറുപ്പത്തിലെ ശീലിക്കേണ്ടതുണ്ട്. അവനവനോടും ചുറ്റു പാടിനോടുമുള്ള പ്രണയം.
പ്രണയത്തിലായിരിക്കുക; അപ്പോള്‍ നല്ല തെല്ലാം നമ്മിലേക്ക് ഒഴുകിയെത്തും. അതാണ് പ്രപഞ്ച നിയമം. യേശു പഠിപ്പിച്ചതും അതാണ്.

'നീ സ്വയം സ്നേഹിക്കുക;
അതുപോലെ മറ്റുള്ളവരെ സ്നേഹിക്കുക.'
വാര്‍ദ്ധക്യത്തില്‍ ആദ്യം നഷ്ടപ്പെടുത്തുന്നത് സ്വയം സ്നേഹിക്കാനുള്ള കഴിവാണ്. അതോടെ മറ്റുള്ളവരെ സ്നേഹിക്കാനുള്ള കഴിവും നഷ്ടപ്പെടുന്നു. പിന്നെ പരാതിയും പരിഭവങ്ങളും രോഗവും പല്ലുകടിയും കൂട്ടിരിക്കുന്നു.

ചിലര്‍ നൂറുവയസ്സിലും ആറുവയസ്സുകാരെ പോലെ സ്വയം സന്തോഷിക്കുകയും മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതു കണ്ടിട്ടില്ലേ - സ്വയം സ്നേഹിക്കാനുള്ള ശക്തി നഷ്ടപ്പെടുത്താത്തവരാണവര്‍. വൃദ്ധസദനങ്ങള്‍ പെരുകുന്നതിനെ പറ്റിയും മക്കള്‍ മാതാപിതാക്കളെ ഒഴിവാക്കുന്നതിനെപറ്റിയും നമ്മള്‍ വല്ലാതെ ആകുലപ്പെടുകയും നിരന്തരം ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്. തീര്‍ച്ചയായും ഉപഭോഗ സംസ്കാരത്തിന്‍റെ കാലത്ത് ഉപയോഗം കഴിഞ്ഞാല്‍ ആവശ്യമില്ലാത്തത് വലിച്ചെറിയുക സാധാരണം. നമ്മള്‍ നമ്മുടെ കുഞ്ഞുങ്ങളെ എത്രത്യാഗം സഹിച്ചും നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ പാടുപെടുമ്പോള്‍ തന്നെ മതാപിതാക്കളെ ഒഴിവാക്കാനും ശ്രമിക്കുന്നത് സ്വാഭാവികമാകുന്നു. മക്കളില്‍ നിന്ന് തങ്ങള്‍ക്ക് ഇനി നല്ല കാലം വരാന്‍ ഉണ്ട് എന്ന പ്രതീക്ഷയിലാണ് നമ്മുടെ വാര്‍ദ്ധക്യം. മക്കളാകാട്ടെ, സമൂഹമാകട്ടെ അപ്പനമ്മമാര്‍ (വൃദ്ധര്‍) അവര്‍ക്കുള്ളതൊക്കെ തന്നു കഴിഞ്ഞു ഇനി അവരില്‍ നിന്ന് ഒന്നും കിട്ടാനില്ല എന്ന തിരിച്ചറി വിലാണ്. എന്നാല്‍ വൃദ്ധരെ സംരക്ഷിക്കണം എന്ന പൊതു പറച്ചിലുണ്ട്.

എന്നാല്‍ ശാരീരികമായ അവശതകളെക്കാള്‍ തന്നെ ഇനി ഒന്നിനും കൊള്ളില്ല എന്ന മനസ്സിന്‍റെ പ്രതീക്ഷയറ്റു പോകുന്നതാണ് വാര്‍ദ്ധക്യത്തെ ഇത്ര മാത്രം അരക്ഷിതവും ആനന്ദരഹിതവുമാക്കുന്നത്. ഉത്ഥാനം നമുക്ക് പ്രതീക്ഷ നല്‍കേണ്ടത് ജീവിതത്തിലും മരണത്തിലും കൂടിയാണ്.

അതിനാല്‍ വാര്‍ദ്ധക്യവും ഉത്ഥാനത്തിന്‍റെ പ്രതീക്ഷയാല്‍ നിറയ്ക്കാന്‍ വാര്‍ദ്ധക്യത്തിലെത്തും മുമ്പുതന്നെ ഒരാള്‍ പരിശീലിക്കേണ്ടതുണ്ട്. എന്തെങ്കിലും മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ ഉള്ളവര്‍ക്കു മാത്രമേ സന്തോഷവും സമാധാനവും ലഭിക്കു ന്നുള്ളു. പണം മാത്രമല്ല. എത്ര കൊടുത്താലും തീരാത്ത അക്ഷയപാത്രമാണ് ഓരോ ജീവനിലും സര്‍വ്വേശ്വരന്‍ നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ അത് ഉപയോഗിക്കാന്‍ നാം ഇനിയും പരിശീലിച്ചിട്ടില്ല. വളരെ സൂക്ഷിച്ചാണ് നമ്മളത് കരുതിവെക്കുന്നത്. അമൂല്യമായ സമ്പത്താണ് എന്നറിയാം അതു കൊണ്ട് വളരെ അത്യാവശ്യത്തിനേ ഉപയോഗിക്കൂ. തനിക്ക് എന്തെങ്കിലും ഭൗതികമായി ലാഭമുണ്ടാകുമെങ്കിലെ ഒരു പുഞ്ചിരി പോലും ചെലവഴിക്കൂ. തനിക്ക് എല്ലാ സുഖങ്ങളും ഉണ്ടെങ്കിലേ ചിരിക്കാന്‍ കഴിയു എന്നാണ്. നമ്മള്‍ മറ്റുള്ളവര്‍ക്ക് ഒരു പുഞ്ചിരി നല്‍കുമ്പോള്‍ എത്ര സങ്കടത്തിലായാലും അവരും അറിയാതെ പുഞ്ചിരിക്കും. പ്രശ്നങ്ങള്‍ ഭാരരഹിതമാകുന്നത് അപ്പോള്‍ നമ്മള്‍ അറിയും. ചിരിക്കാന്‍ മറന്നു പോകുന്നു എന്നതാണ് മനുഷ്യന്‍റെ പൊതുവായ കുഴപ്പം.  ഒരു കൊച്ചുകുഞ്ഞ് ചിരിക്കുന്നതു കാണുമ്പോള്‍ എങ്ങിനെയാണ് നമുക്ക് സന്തോഷം കിട്ടുന്നത്. ആ കുഞ്ഞ് നമുക്ക് എന്തെങ്കിലും തരുന്നുണ്ടോ? എന്നിട്ടും നമ്മള്‍ നോക്കിനിന്ന് സന്തോഷിക്കും. കുഞ്ഞിനെ സന്തോഷിപ്പിക്കും. ചിരി ഒരു ഉയിര്‍പ്പാണ്. ഓരോ സങ്കടങ്ങളില്‍ നിന്നുമുള്ള ഉയിര്‍പ്പ്. അങ്ങനെ ജീവിതത്തെ ഒരു പക്ഷിത്തൂവല്‍ പോലെ ഭാരരഹിതമായി കൊണ്ടുപോകാന്‍ മനുഷ്യനെ ശക്തിപ്പെടുത്തുന്നതാണ് ആത്മീയത. പുറത്തല്ല ഉള്ളിലാണ് തന്‍റെ ശക്തിയെന്ന് സ്വയം തിരിച്ചറിയുന്നതാണ് ആത്മീയ പരിശീലനങ്ങള്‍. സ്വയംഭൂവായി നമ്മില്‍ തന്നെ നിറയുന്ന സ്നേഹത്തെ ഉപയോഗപ്പെടുത്താന്‍ ശൈശവം മുതല്‍ പരിശീലനം ആവശ്യമാണ്.

ഭാരതീയ ജീവിതശൈലിയില്‍ അങ്ങനെ ഒരു പരിശീലനത്തിന്‍റെ ഭാഗമായിട്ടാണ് മനുഷ്യായുസ്സിനെ നാല് ഘട്ടങ്ങളായി തിരിച്ചിരുന്നത്. ഓരോ ദിവസവും അന്നന്നത്തേക്കുള്ള ഭാരം ചുമന്നാല്‍ മതി എന്നാണത്.

ശൈശവം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം.

വിദ്യാര്‍ത്ഥി, ഗൃഹസ്ഥം, സംന്യാസം, വാനപ്രസ്ഥം. 100 വയസ്സിനെ നാല് ഘട്ടങ്ങളായി തിരിച്ചാല്‍ ആദ്യത്തെ 25 വര്‍ഷം ജീവിതം പരിശീലിക്കുന്നു (വിദ്യ). പിന്നെ 25 വര്‍ഷം കുടുംബമായി കുഞ്ഞുങ്ങളെ ജനിപ്പിച്ച് വളര്‍ത്തുന്നു. അടുത്ത 25 വര്‍ഷം സംന്യാസം ലൗകിക ജീവിതത്തിന്‍റെ ആസക്തികളെ ഉപേക്ഷിക്കുന്നു. പിന്നെ പരിപൂര്‍ണ്ണമായ സമര്‍പ്പണമാണ്, വാനപ്രസ്ഥം. പരമ ചൈതന്യത്തില്‍ പൂര്‍ണ്ണമായി ലയിച്ചുചേരുക.

ഇത്രയും വലിയ ജീവിതം ജീവിക്കാനുള്ള പരിശീലനമാണ് ഒരാള്‍ക്ക് നല്കുന്ന വിദ്യാഭ്യാസം. അത് തൊഴില്‍ നേടാനുള്ള ഉപാധിമാത്രമല്ല. ഇപ്പോള്‍ നമുക്കു കിട്ടുന്ന വിദ്യാഭ്യാസം കൊണ്ട് നമ്മളെല്ലാം തൊഴിലാളികളായി മാറുകയാണ്. തൊഴില്‍ അന്വേഷിച്ച് നടക്കുകയണ്. അങ്ങനെ ഒരു തൊഴില്‍ കിട്ടിയാലോ ജീവിതം മുഴുവന്‍ ആ തൊഴിലാണ്. എന്നിട്ട് അതില്‍നിന്ന് എന്തെങ്കിലും സമാധാനമോ സന്തോഷമോ വാര്‍ദ്ധക്യത്തിലേക്ക് കൂട്ടു വരുന്നുണ്ടോ? ആശുപത്രിയില്‍ കൊടുക്കാനുള്ള പണം സൂക്ഷിച്ചിട്ടുണ്ടാകും. അല്ലാതെ എന്തുണ്ടാകും.

ഒരു അമ്പതു വയസ്സു കഴിഞ്ഞാലെങ്കിലും ഒരാള്‍ തന്‍റെ സന്തോഷങ്ങള്‍ എന്തെന്നു തിരിച്ചറിയുകയും അതിലേക്ക് തന്‍റെ ജീവിതത്തെ മാറ്റിയെടുക്കുകയും വേണം. എങ്കിലേ നമ്മില്‍ സന്തോഷമുണ്ടാകൂ. ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ കഴിയൂ.

പറഞ്ഞു വന്നത് എന്തെങ്കിലും കൊടുക്കാന്‍ ഉള്ളവരുടെ അടുത്തേക്ക് മാത്രമേ ആളുകള്‍ വരൂ. വാര്‍ദ്ധക്യത്തില്‍ ശരീരത്തിന് ശക്തി ക്ഷയിക്കും. എന്നാല്‍ മനസ്സിന്‍റെ ശക്തി കൂട്ടിക്കൊണ്ടുവരണം. മറ്റുള്ളവരില്‍ നിന്ന് വാങ്ങുന്നതിലധികം എപ്പോഴും കൊടുക്കാന്‍ കഴിയുക എന്നതാണ് സന്തോഷത്തിന്‍റെ അടിസ്ഥാനഘടകം. കൊടുക്കും തോറും ഏറുന്ന ഒരു വസ്തു മാത്രമേയുള്ളൂ സ്നേഹം, സന്തോഷം. അതിന് പണചെലവില്ല. എന്നാല്‍ ഇന്ന് ഉപഭോഗസംസ്കാരം നമ്മെ പഠിപ്പിച്ചത് പണമുണ്ടെങ്കില്‍ സമാധാനം കിട്ടും,  സന്തോഷം കിട്ടും എന്നാണ്. അപ്പോള്‍ നമ്മള്‍ പണമുണ്ടാക്കുകയാണ്. പണം സന്തോഷം കൊണ്ടുവരും എന്നാണ്. എന്നാല്‍ നമുക്കു ചുറ്റും സമ്പന്നര്‍ ധാരാളമുണ്ട്. സന്തോഷമുള്ളവരോ?

വാര്‍ദ്ധക്യത്തില്‍ എനിക്ക് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ എന്തുണ്ട് എന്ന് യൗവ്വനത്തില്‍ത്തന്നെ തീരുമാനിക്കേണ്ടതുണ്ട്. പണം മാത്രമല്ല. സ്നേഹവും, സന്തോഷവും സാന്ത്വനവുമെല്ലാം പ്രായമായവരില്‍ നിന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതു കൊടുക്കാന്‍ വയസ്സ് തടസ്സമാകേണ്ടതില്ല. പലപ്പോഴും അതു കിട്ടാതെ വരുമ്പോഴാണ് കുടുംബങ്ങളില്‍ പല്ലുകടിയുണ്ടാകുന്നത് - ഓരോ സമയങ്ങളില്‍ പിന്‍മാറേണ്ട ഇടങ്ങളാണ് മുകളില്‍ പറഞ്ഞ നാലു ഘട്ടങ്ങള്‍.

കുഞ്ഞുങ്ങള്‍ വളര്‍ന്നു കഴിഞ്ഞാല്‍ അവരെ വ്യക്തികളായി തന്നെ കാണാന്‍ കഴിയണം. 'തന്നോളമായാല്‍ താന്‍ എന്നു വിളിക്കണം' എന്നാണ്. പിന്നെ അവരുടെ കാര്യങ്ങളില്‍ നിന്ന് അല്പാല്പമായി വിടുതല്‍ നേടുകയും അവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുകയും നമ്മള്‍ നമ്മുടെ ജീവിതം ജീവിക്കാന്‍ തുടങ്ങുകയും വേണം.-നിവൃത്തിയുണ്ടെങ്കില്‍ ഒരു കൊച്ചു വീടുണ്ടാക്കി മാതാപിതാക്കള്‍ അങ്ങോട്ടു മാറുക എന്ന താണ് ശരി എന്നു ഞാന്‍ കരുതുന്നു- പരസ്പരം  വ്യക്തികളായി ബഹുമാനിച്ചുകൊണ്ട് ജീവിക്കാന്‍ അതാണ് നല്ലത്. സംന്യാസം. ആ സമയം പൂര്‍ണ്ണമായും സ്വന്തമിഷ്ടങ്ങളെ തിരിച്ചുപിടിക്കാനുള്ള കാലമാണ്. നമ്മള്‍ നമ്മടെ ഇഷ്ടങ്ങളിലും സന്തോഷത്തിലും ജീവിക്കുമ്പോള്‍ ആ സന്തോഷം, അതിന്‍റെ അലകള്‍ അതിലെ കടന്നുപോകുന്നവരെ കൂടി സന്തോഷമുള്ളവരാക്കും. തേനുള്ളിടത്തേക്ക് തേനീച്ച തനിയെ വരും.

ഇന്ന് സംഭവിക്കുന്നത് മറിച്ചാണ്. മക്കളും വൃദ്ധരായ മാതാപിതാക്കളും ഒരുപോലെ സംഘര്‍ഷത്തിലാണ്. ഇത്തിരി ഒന്നു മാറി ചിന്തിച്ചാല്‍ മാറാവുന്നതേയുള്ളൂ ഇന്ന് കാണുന്ന വാര്‍ദ്ധക്യത്തിന്‍റെ അനാഥത്വം. കെട്ടുപാടില്‍ നിന്ന് പുറത്തു കടക്കേണ്ടത് ആദ്യം മദ്ധ്യവയസ്സ് പിന്നിട്ട മാതാപിതാക്കളാണ്.

കുഞ്ഞുങ്ങള്‍ക്കുവേണ്ടി കുടുംബത്തിനു വേണ്ടി മാറ്റിവെച്ച മോഹങ്ങളും സ്വപ്നങ്ങളും പുറത്തെടുത്ത് ജീവിക്കാന്‍ തുടങ്ങുക. പുതിയ ബാല്യം കൈവന്ന സുഖമായിരിക്കും അപ്പോള്‍.

മക്കളുടെ കുഞ്ഞുങ്ങള്‍ ഒരിക്കലും സ്വന്തം കുഞ്ഞുങ്ങളല്ല. സ്വന്തം കുഞ്ഞുങ്ങള്‍ തന്നെ പ്രായ പൂര്‍ത്തിയായല്‍ അവര്‍ പിന്നെ നമ്മുടെ കുഞ്ഞുങ്ങളല്ല. ആ തിരിച്ചറിവ് പ്രധാനമാണ്. ആ സ്വാതന്ത്ര്യമാണ് പിന്നെ നമ്മെയും അവരെയും സന്തോഷത്തോടെ ജീവിക്കാന്‍ സഹായിക്കുക. കുടുംബ ജീവിതത്തോടൊപ്പം  ഒരു പൊതു ജീവിതം കൂടെ ഉണ്ടാകുമ്പോഴാണ് ജീവിതം ജീവിതമാകുക.

തീരെ ശാരീരികമായും മാനസികമായും തളര്‍ന്നു പോകുന്ന വാര്‍ദ്ധക്യത്തില്‍ സമൂഹം മുഴുവന്‍ കൂട്ടാകുന്നതും അങ്ങനെയാണ്. അപ്പോഴാണ് അസ്തമയസൂര്യനെ പോലെ നിറശോഭയോടെ ഭൂമിക്കു മുഴുവന്‍ കുളിര്‍മ്മ പകര്‍ന്ന് പിരിഞ്ഞുപോകാന്‍ മനുഷ്യര്‍ക്കു കഴിയുക. അപ്പോള്‍ മാത്രമാണ് ജീവിതം ഉദയത്തിന് ഉയിര്‍പ്പിന് നമ്മള്‍ അവകാശികളാ കുക.

ഞാനിത് എഴുതിത്തീരുമ്പോള്‍ സൂര്യന്‍ അസ്തമയശോഭയോടെ ഭൂമിയെ തന്‍റെ കരങ്ങള്‍ കൊണ്ടു തഴുകുകയാണ്. ഞാന്‍ നാളെ വരാം. നീ ശാന്തമായി ഉറങ്ങൂ എന്നു പറഞ്ഞ്. ഇങ്ങനെ ഒരു വേര്‍പാടാണ് ഞാന്‍ കൊതിക്കുന്നത് -എന്‍റെ അമ്മാമ അങ്ങനെയാണ് എന്‍റെ കയ്യില്‍ കിടന്ന് അലൗകികമായൊരു പുഞ്ചിരിയോടെ മേഘമാലകളിലേക്ക് കയറിപ്പോയത്. യേശുവിന്‍റെ ഉയിര്‍പ്പ് തന്നെയാണ് ആ പെണ്‍കിടാവിന് മരണത്തില്‍ കൂട്ടായത്. ജീവിതത്തിലും കൂട്ടായത്.

ഓരോരുത്തരും സ്വന്തം ഇഷ്ടങ്ങളും ഇടങ്ങളും കൂടി കണ്ടെത്തി ജീവിക്കാന്‍ പരിശീലിക്കുക.
അമ്മാമയുടെ ആ സുകൃതജപമാണ് ഇപ്പോഴും എന്‍റെ ആശ്വാസം. ഇത് ദിവസവും ഉരുവിട്ടു നോക്കൂ... നിങ്ങളെയും അത് കണ്ണീരിന്‍റെ പാനപാത്രത്തില്‍ നിന്ന് ഉയിര്‍പ്പിന്‍റെ ആനന്ദത്തിലേക്ക് എത്തിക്കും. 

You can share this post!

സാഹസം

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts