news-details
മറ്റുലേഖനങ്ങൾ

മടിയും തടിയും കുടവയറും

ഒരിക്കല്‍ എനിക്കൊരു സമ്പൂര്‍ണ്ണ വൈദ്യപരിശോധനയ്ക്കു വിധേയനാകേണ്ട സന്ദര്‍ഭമുണ്ടായി. ഏകദേശം പത്തുവര്‍ഷങ്ങള്‍ക്കുമുന്‍പ്. ഒരു ഐ. റ്റി. കമ്പനിയില്‍നിന്ന് ജോലിക്കുള്ള ഓഫര്‍ വന്നു. ഉദ്യോഗാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമെന്നു സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എല്ലാ പ്രമുഖ സ്ഥാപനങ്ങളും തങ്ങളുടെ നിയമനവ്യവസ്ഥയില്‍ ഇക്കാര്യം നിര്‍ബന്ധമായും ആവശ്യപ്പെടാറുള്ളതാണല്ലോ.

കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ അപ്പോളോ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തി. ആവശ്യത്തിലേറെ തടിയും വയറുമുള്ള എനിക്കു യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നായിരുന്നു എന്‍റെ ധാരണ. ഭക്ഷണമാണെങ്കില്‍, എല്ലാത്തരവും നന്നായി അകത്താക്കുന്നുണ്ടുതാനും. അക്കാര്യത്തില്‍ പ്രത്യേക നിയന്ത്രണമോ നിബന്ധനകളോ പാലിക്കാറുമില്ല. എല്ലാ ടെസ്റ്റുകളും നടത്തി. രക്തസമ്മര്‍ദ്ദം 140/90 ആണെന്നത് ഒരു പ്രശ്നമായി. ആരോഗ്യപരിപാലനത്തിലും ഭക്ഷണനിയന്ത്രണത്തിലും വിദ്യാസമ്പന്നര്‍ക്കുപോലും യാതൊരു ശ്രദ്ധയുമില്ലെന്നു ഡോക്ടര്‍ ഉത്കണ്ഠപ്പെട്ടു. അല്പം വൈമനസ്യത്തോടെയാണ് അദ്ദേഹം എനിക്കു സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കിയത്.

പരിക്ഷീണിതനായി പുറത്തിറങ്ങിയ ഞാന്‍ എന്നോടുതന്നെ ഒരു ശപഥം ചെയ്തു. ഇത്തരമൊരവസ്ഥ ഇനിമേല്‍ എന്‍റെ ജീവിതത്തിലുണ്ടാകാന്‍ അനുവദിക്കില്ല. ഔദ്യോഗിക ജീവിതത്തിനു മാത്രമല്ല ശിഷ്ടായുസ്സിനുകൂടി ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണല്ലോ എന്‍റെ അശ്രദ്ധ? അമിതാഹാരം നിയന്ത്രിച്ചു. ഭക്ഷണകാര്യം ചിട്ടപ്പെടുത്തി. സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയുമൊക്കെ സംഘടിപ്പിച്ച് വ്യായാമം തുടങ്ങി. അതിന്‍റെയൊക്കെ ഫലമായി എന്‍റെ ശരീരഭാരം 18 കിലോഗ്രാം കുറയ്ക്കാന്‍ സാധിച്ചു.

നിങ്ങളില്‍ എത്രപേര്‍ക്ക് ഇത്തരമൊരവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകുമെന്ന് എനിക്കറിയില്ല. എങ്കിലും ഒന്നു വ്യക്തമായി പറയാം, ആഹാരത്തിലെ ധാരാളിത്തമാണ് ഭൂരിപക്ഷത്തിന്‍റെയും ആരോഗ്യപ്രശ്നങ്ങളുടെ ഹേതു. അശ്രദ്ധയോ അജ്ഞതയോ ഒക്കെയാവാം ഇതിനു പിന്നിലുള്ളത്. ആഹാരത്തിലൂടെ ഉള്ളിലെത്തുന്ന ഊര്‍ജ്ജം എത്ര കലോറിയാണോ, അതിലും വളരെ തുച്ഛമായ കലോറി ഊര്‍ജ്ജമേ നമ്മുടെ ശരീരത്തില്‍നിന്നും പുറത്തുപോകുന്നുള്ളൂ. അമിത ഊര്‍ജ്ജം ഉള്ളില്‍ത്തന്നെ കെട്ടിക്കിടക്കുകയാണ്. പ്രതിപ്രവര്‍ത്തനത്തിന് അവസരം കിട്ടാതെ അതു കൊഴുപ്പോ, ഗ്ലൂക്കോസോ മറ്റോ ആകുന്നു.

മനുഷ്യശരീരത്തെ ഒരു യന്ത്രത്തോട് ഉപമിക്കാം. എത്ര പ്രവര്‍ത്തിക്കുന്നുവോ അത്രയും പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുന്ന യന്ത്രം. പക്ഷേ ഇന്ന് അതു പ്രവര്‍ത്തിക്കുന്നില്ല; പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നുമില്ല. എന്തിനും ഏതിനും ഇലക്ട്രിക് ഉപകരണങ്ങള്‍ ലഭ്യമാണല്ലോ. മനുഷ്യന്‍ ചെയ്തിരുന്ന ജോലികളൊക്കെ ഇന്ന് അത്തരത്തിലുള്ള യന്ത്രങ്ങള്‍ക്കു കൈമാറിയിരിക്കുന്നു. കായികാദ്ധ്വാനം പാടേ നിരസിക്കപ്പെട്ടിരിക്കുന്നു. ഒഴിവാക്കപ്പെടുന്ന അദ്ധ്വാനം കൊഴുപ്പും അമിതവണ്ണവും വിളിച്ചുവരുത്തുന്നുവെന്ന് ആരും തിരിച്ചറിയുന്നില്ല.

മാര്‍ക്കറ്റ് ഒരുപക്ഷേ നിങ്ങളുടെ താമസസ്ഥലത്തിന് അടുത്തായിരിക്കാം. എന്നാല്‍ അവിടെവരെ നടന്നുപോയി പച്ചക്കറിയോ മറ്റ് നിത്യോപയോഗ സാധനങ്ങളോ വാങ്ങാന്‍ എത്രപേര്‍ തയ്യാറാകുന്നുണ്ട്? ജീവിതത്തിന് തിരക്കേറിക്കൊണ്ടിരിക്കുന്നു. അതിനൊപ്പം ജീവിതരീതി വേഗതയുള്ളതാകണം. ഇത്തിരി നടന്നുപോയാല്‍ അത്രയും സമയം മെനക്കേടാണല്ലോ! ചെറുപ്രായത്തില്‍ എത്രമാത്രം ഭക്ഷണം കഴിച്ചിരുന്നുവോ അതേ അളവുതന്നെ പ്രായം മുന്നോട്ടുചെല്ലുമ്പോഴും അകത്താക്കുന്നു.

ഇപ്പോഴത്തെ കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ. ഏറിയ പങ്കും പൊണ്ണത്തടിയന്മാരാണ്. പണ്ടത്തെ കുട്ടികള്‍ കൈയില്‍ കിട്ടുന്നതെന്തും വലിച്ചുവാരി തിന്നുന്നവരായിരുന്നു. ഓടിച്ചാടി  നടന്നിരുന്ന അവരുടെ ഉള്ളിലെത്തുന്ന ഊര്‍ജ്ജത്തിനു പ്രതിപ്രവര്‍ത്തനം നടത്താനുള്ള അവസരവും ഉണ്ടായിരുന്നു. അക്കാരണത്താല്‍ത്തന്നെ അവര്‍ പൊണ്ണത്തടിയന്മാരായില്ല. എന്‍റെ ബാല്യകാലംതന്നെ എടുക്കാം. രണ്ടുകിലോ ഭാരമുള്ള പുസ്തകസഞ്ചിയും ചുമന്ന് ദിവസവും 12 കിലോമീറ്റര്‍ നടന്നാണ് ഞാന്‍ സ്കൂളില്‍പ്പോയിരുന്നത്. അതിലൂടെ കിട്ടുന്ന ആരോഗ്യം പാര്‍ക്കിലിരുന്നു മൊബൈല്‍ ഫോണ്‍ സംഗീതം ആസ്വദിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് എങ്ങനെ ലഭിക്കും? ആ കാലഘട്ടത്തില്‍ അതിജീവനത്തിനു കായികാദ്ധ്വാനം കൂടിയേ തീരുകയുള്ളായിരുന്നു. വീട്ടുമുറ്റത്തുനിന്ന് ഓട്ടോയില്‍ കയറി സ്കൂള്‍ അങ്കണത്തില്‍ ചെന്നിറങ്ങുന്ന എന്‍റെ മോന്‍റെ പരാതി വളരെ വിചിത്രമാണ്. ക്ലാസ്സ് മുറിയിലെത്താന്‍ നട (Step) കയറണമെന്നതാണ് അവന്‍റെ വലിയ സങ്കടം. അവന്‍റെ പിഞ്ചുശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അങ്ങനെയെങ്കിലും അല്പം ഉരുകിത്തീരുമല്ലോ എന്നായിരുന്നു എന്‍റെ ആശ്വാസം. ദിവസവും അരമണിക്കൂറെങ്കിലും സൈക്കിള്‍ ചവിട്ടണമെന്നു ഞാന്‍ അവനോടു നിര്‍ദ്ദേശിച്ചപ്പോള്‍ അവന് എന്നോട് ഈര്‍ഷ്യയാണ് തോന്നിയത്.

ബര്‍ഗേര്‍സ്, പീസ, ചിപ്സ്, കേക്ക് തുടങ്ങിയ റെഡിമെയ്ഡ് ആഹാരസാധനങ്ങള്‍ കുട്ടികള്‍ക്കു നല്‍കണമെന്ന ചിന്തയ്ക്കു മാറ്റം വരണം. ചെറുപ്പക്കാരായ മാതാപിതാക്കള്‍ അവര്‍ എത്ര അഭ്യസ്തവിദ്യരാണെങ്കില്‍പ്പോലും തങ്ങളുടെയും കുട്ടികളുടെയും ആഹാരക്രമത്തെക്കുറിച്ചോ കായികപ്രവര്‍ത്തനങ്ങളെക്കുറിച്ചോ ബോധവാന്മാരാകുന്നില്ല. ഇത് ഏറെ ആശങ്കാജനകമാണ്. അമിതവണ്ണം കാരണം തുഴഞ്ഞു തുഴഞ്ഞു നടക്കുന്ന  കുട്ടികളെക്കാണുമ്പോള്‍, ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട് നമ്മുടെ രാഷ്ട്രം രോഗബാധിതമായ ഒരു തലമുറയ്ക്കാണോ ജന്മം നല്കുന്നതെന്ന്?

വിവാഹം, ജന്മദിനം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ നാം ആര്‍ത്തിയോടെ അകത്താക്കുന്ന വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്നതു ശാസ്ത്രീയമായ യാതൊരു മുന്‍കരുതലും ഇല്ലാത്ത പാചകക്കൂട്ടുകള്‍ ആണ്. ആവശ്യത്തിലധികം എണ്ണയും നെയ്യും മധുരവും കൊഴുപ്പുമൊക്കെ അടങ്ങിയ വിഭവങ്ങള്‍. എത്ര കലോറി ഊര്‍ജ്ജമാണ് നമ്മുടെ ശരീരത്തിലേക്ക് ഇതുവഴി പ്രവേശിക്കുന്നതെന്ന് ആ അവസരത്തില്‍ ആരും ചിന്തിക്കാറില്ലല്ലോ. ഇന്‍സുലിന്‍ ഗ്രന്ഥികളില്‍ പഞ്ചസാര കട്ടപിടിക്കുന്നു. ആഹാരം പോലെ മരുന്നും നിത്യവും കഴിക്കേണ്ട അവസ്ഥ വരുന്നു. ഇന്‍സുലിന്‍ ഗ്രന്ഥികള്‍, വൃക്കകള്‍ എന്നിവയുടെ തകരാറുകള്‍ക്കെല്ലാം മരുന്നും വൈദ്യനുമായി മുന്നേറുന്ന മനുഷ്യന്‍ കുടുംബത്തിനും സമൂഹത്തിനും ചിലപ്പോള്‍ ഒരു ഭാരമാകാം. അത്തരം ജീവിതം അര്‍ത്ഥശൂന്യമാകും.

വളരെ വൈകിയാണെങ്കിലും സമൂഹം ഇപ്പോള്‍ പുകയില ഉപയോഗത്തെ നിയന്ത്രിച്ചിട്ടുണ്ട്. പൊതു ഇടങ്ങളില്‍ പുകവലി നിരോധിച്ചു. ഭക്ഷണസാധനങ്ങളുടെ ആകര്‍ഷകമായ പായ്ക്കറ്റുകളുടെ പുറത്തും റസ്റ്റോറന്‍റുകളുടെ മുന്‍പിലും ഓരോ വിഭവത്തിലും ചേര്‍ത്തിരിക്കുന്ന ഘടകങ്ങളും അവയുടെ കലോറിയും രേഖപ്പെടുത്തേണ്ടതാണ്. അതൊക്കെ ശ്രദ്ധിക്കുന്നത് സമയം കളയലല്ല, ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതു ഭരണകൂടങ്ങളാണ്.

പണ്ടൊക്കെ വീടുകളില്‍ തലച്ചുമടായി പലഹാരവും കൊണ്ടെത്തുന്നവരുണ്ടായിരുന്നു. അമിതലാഭക്കൊതിയോടെ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. അവര്‍ പുറത്തിറക്കുന്ന സ്വാദിഷ്ടവിഭവങ്ങളും മധുരക്കോളയുമൊക്കെ ശരീരത്തിലെ ഓരോ കോശത്തിനും എത്രമാത്രം ഹാനികരമാണ്! ഇത്തരം വിഭവങ്ങളെ ബഹിഷ്കരിക്കാന്‍ സമൂഹം തയ്യാറാകണം. അമിത കൊഴുപ്പും ഉയര്‍ന്ന കലോറിയും ഊര്‍ജ്ജവുമടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ എല്ലാവരും വര്‍ജ്ജിക്കണം. ആരോഗ്യപരിരക്ഷയ്ക്ക് ഉതകുന്ന ശാരീരിക വ്യായാമം ശീലമാക്കണം.

ശിലായുഗത്തില്‍ ഇന്നത്തേതുപോലെയുള്ള വിവിധയിനം ആഹാരക്കൂട്ടുകള്‍ ലഭിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ അന്ന് ഇന്നത്തേമാതിരിയുള്ള അസുഖങ്ങളും ഇല്ലായിരുന്നു. രോഗവിമുക്ത ആരോഗ്യസമൂഹത്തിലേക്കു വളരാന്‍ ഉണരുക... പ്രവര്‍ത്തിക്കുക..

You can share this post!

സോഷ്യല്‍ മീഡിയ അഡിക്ഷന്‍

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts