മരണം സുനിശ്ചിതം എന്നറിയുന്നവര്‍ 'ഞാന്‍ രക്ഷപെടുമോ' എന്ന് ചോദിച്ചു പോകും. പ്രത്യേകിച്ചും 'ജീവനിലേക്കു നയിക്കുന്ന വാതില്‍ ഇടുങ്ങിയതും വഴിവീതികുറഞ്ഞതുമാണ്; അതുകണ്ടെത്തുന്നവരോ ചുരുക്കം' എന്ന് (മത്താ. 7:14) യേശുതന്നെ പറയുമ്പോള്‍. 'അവസാനത്തെ തുട്ടുവരെ കൊടുക്കാതെ നീ പുറത്തുവരില്ല' (ലൂക്ക 12:59) എന്നാണല്ലോ മുന്നറിയിപ്പ്. 'പൂര്‍വ്വാധികം ഭയത്തോടും വിറയലോടുംകൂടെ സ്വന്തം രക്ഷയ്ക്കുവേണ്ടി അധ്വാനിക്കുവിന്‍' (ഫിലി. 2:12) എന്ന് ഉപദേശവും. സ്വന്തം പാപങ്ങള്‍ക്കു മാത്രമല്ല പൂര്‍വ്വീകരുടെ പാപങ്ങള്‍ക്കും പരിഹാരം ചെയ്യണം എന്നുകൂടി കേള്‍ക്കുമ്പോള്‍ ആരാണ് വിറക്കാത്തത്.
അതുകൊണ്ട് ചിലര്‍ സ്വയം രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. പലതരത്തിലുള്ള ശുദ്ധീകരണക്രിയകളിലും നോമ്പ്, ഉപവാസം, തീര്‍ത്ഥാടനം, ഭക്താനുഷ്ഠാനങ്ങള്‍, ദണ്ഡവിമോചനം എന്നിവയിലുമൊക്കെ അവര്‍ ആശ്വാസം കണ്ടെത്തുന്നു.
ചിലരെ അത് ദൈവത്തിലേക്കടുപ്പിക്കുന്നു. തന്‍റെ രക്ഷകന്‍ ജീവിച്ചിരിക്കുന്നു (ജോബ് 19:25) എന്നതിലാണ് ജോബിന്‍റെ ആശ്വാസം. ദൈവം തന്നെയാണ് രക്ഷകനെന്ന് വേദപുസ്തകത്തിലൂടനീളം കാണാം (ഏശ. 41:14, 49:26, 43:14, 44:6, 54:8, 63:16, സങ്കീ. 3:8, 35:9, 68:20, യോഹ 2:9, റോമ 1:16) മക്കളുടെ കരച്ചില്‍ കേള്‍ക്കുന്നവനും ശക്തമായ ഇടപെടലിലൂടെ അവരെ തേനുംപാലും ഒഴുകുന്ന നാട്ടിലേക്കു നയിക്കുന്നവനും, എല്ലാ പ്രതിബന്ധങ്ങളെയും പരാജയപ്പെടുത്തി കൂടെപ്പോകുന്ന രക്ഷകനുമായിട്ടാണല്ലോ ഇസ്രായേല്‍ ദൈവത്തെ അറിഞ്ഞത്.
ഐശ്വര്യ പൂര്‍ണ്ണമായ ജീവിതമാര്‍ഗ്ഗം ദൈവം അവരെ പഠിപ്പിച്ചെങ്കിലും ദൈവത്തെ മറന്ന്, സ്വാര്‍ത്ഥതക്കടിമപ്പെട്ട് നാശത്തിന്‍റെ വഴിയിലൂടെ പോയപ്പോള്‍ അവരെ നേര്‍വഴിയിലേക്കു നയിക്കാന്‍ പ്രവാചകന്മാരെ അയച്ചു. എന്നിട്ടും എല്ലാം ശരിയാകാത്തതിനാല്‍ 'രക്ഷകനായ ദൈവത്തിന്‍റെ നന്മയും സ്നേഹവും നിറഞ്ഞ കാരുണ്യം' (തിമോ. 3:4) എല്ലാവരുടെയും രക്ഷക്കായി (1 തിമോ. 4:10, ജോണ്‍ 3:16-17) മനുഷ്യനായി ജനിച്ചു. ദൈവം കാരുണ്യവാനാണെന്നും രക്ഷിക്കുന്ന സ്നേഹമാണെന്നും വാക്കാലും പ്രവൃത്തിയാലും പ്രവാചകനെപ്പോലെ വെളിപ്പെടുത്തി. കല്പനകളും നിയമങ്ങളും സ്നേഹത്തിലേയ്ക്കു ഒതുക്കി. എല്ലാവരും ദൈവത്തെപ്പോലെ സ്നേഹിക്കുന്നവരാകണമെന്നും മാനവസേവയാണ് ഈശ്വരസേവയെന്നും പഠിപ്പിച്ചു. സ്ഥലകാലങ്ങളും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും അപ്രസക്തമാക്കി. തികച്ചും വ്യത്യസ്തമായ ഈ ദര്‍ശനവും, പാപികളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ആദരിച്ചു കൊണ്ടുള്ള ജീവിതവും അന്നത്തെ ഭക്തരും, പണ്ഡിതരും, മതാധികാരികളും ശക്തമായി എതിര്‍ത്തു. കൊള്ളരുതാത്തവനായി അവര്‍ യേശുവിനെ അതിക്രൂരമായി വധിച്ചു. ദൈവം യേശുവിനെ മരണത്തില്‍ നിന്നും രക്ഷിച്ചില്ലെങ്കിലും ഉത്ഥാനത്തിലൂടെ വിജയശ്രീലാളിതനാക്കി.
ദൈവം ആഗ്രഹിക്കുന്നത് എല്ലാവരും 'നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിച്ച് ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കണ'മെന്നാണ്. (തീമോ 2:12). എങ്കിലും തന്നില്‍ പാപമില്ലെന്ന് ആര്‍ക്കുപറയാനാകും. അതുകൊണ്ട് നമ്മള്‍ രക്ഷിക്കപ്പെടുന്നത് 'നമ്മുടെ നീതിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടല്ല. പിന്നെയോ, അവിടുത്തെ കാരുണ്യംമൂലമാണ്" (തിമോ. 3:5).
സൃഷ്ടിച്ച ദൈവംതന്നെയാണ് നമ്മുടെ രക്ഷകന്‍. നിരന്തരം ദൈവം നമ്മെ രക്ഷിച്ചുകൊണ്ടിരിക്കയാണ്. നമ്മുടെ രക്ഷയില്‍ നമ്മളെക്കാള്‍ താല്പര്യം ദൈവത്തിനാണ്. നമ്മുടെ സല്‍പ്രവൃത്തികളില്‍ ദൈവം സന്തോഷിക്കുന്നു. ("കൊളളാം വിശ്വസ്തനായ....") നമ്മുടെ വീഴ്ചയില്‍ ദൈവം ദുഃഖിക്കുന്നു ('മൃതനായിരുന്നു...'). മാനസാന്തരം ദൈവം ആഘോഷിക്കുന്നു (ലൂക്കാ 15:32). നമുക്കു വഴിതെറ്റുമ്പോള്‍ ദൈവം നമ്മെ അന്വേഷിച്ചിറങ്ങുന്നു. നമ്മുടെ എല്ലാ കടങ്ങളും ദൈവം മോചിക്കുന്നു.
നമ്മുടെ രക്ഷയില്‍ ദൈവം തന്നെ അതീവശ്രദ്ധാലുവായതിനാല്‍ നമ്മള്‍ ആകാംഷാഭരിതരാകേണ്ടതില്ല. പകരം നമ്മള്‍ ശ്രദ്ധിക്കേണ്ടത് എത്ര പേരേ നമുക്കു രക്ഷിക്കാനാകും എന്നതിലാണ്. വിശപ്പില്‍ നിന്ന്, രോഗത്തില്‍ നിന്ന്, ചൂഷണത്തില്‍ നിന്ന്, എനിക്കാരുമില്ലാ എന്ന തോന്നലില്‍ നിന്ന്, മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുന്നതിലായിരിക്കട്ടെ നമ്മുടെ മുഖ്യ ശ്രദ്ധ (മത്താ. 6:33). അതിനുവേണ്ടി വാഴ്ത്തപ്പെട്ട റോമേരോയെപ്പോലെ, റാണി മരിയായെപ്പോലെ ജീവത്യാഗം ചെയ്യുന്നവര്‍ നിത്യം ജീവിക്കും (യോഹ. 12:25).
നിത്യജീവന്‍ മരണാനന്തരം മാത്രമല്ല, ഇപ്പോള്‍തന്നെ ആസ്വദിക്കേണ്ടതാണ്. എപ്പോഴും നമ്മോടൊപ്പമുള്ള (ഏശ. 43:1-2), മത്താ: 25:20). ദൈവത്തോടുകൂടിയുള്ള ദൈവത്തിലുള്ള ജീവിതമാണ് നിത്യജീവന്‍. യാതൊന്നിനും അപഹരിക്കാനാകാത്ത സമാധാനമാണ് ദൈവത്തിന്‍റെ വാഗ്ദാനം (യോഹ. 14:27, 16:20).
മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്ന നമ്മള്‍ ഈ ജീവിതത്തിലും വിശ്വസിക്കുന്നു. ജീവിക്കാന്‍ മറക്കരുത് നല്ലതുകാണാന്‍, ശ്രുതിമധുരമായതു കേള്‍ക്കാന്‍, രുചിയുള്ളതും ഉചിതവുമായത് ഭക്ഷിക്കാന്‍. വായുവിന്‍റെയും അമ്മ ഭൂമിയുടെയും സ്പര്‍ശം അനുഭവിക്കാന്‍. 'നന്നായിരിക്കുന്നു' എന്ന് ദൈവം തന്നെ സാക്ഷ്യപ്പെടുത്തിയ ദാനമായ മനോഹരവും അതിശയകരവുമായ ഈ ലോകം നമ്മള്‍ ആസ്വദിക്കണം. ആശ്ചര്യത്തോടെ നോക്കി നില്‍ക്കണം. അതല്ലേ ദൈവത്തെ പ്രീതിപ്പെടുത്തുക, മഹത്ത്വപ്പെടുത്തുക?
എല്ലാവരും രക്ഷപെടണം, ആരും നശിച്ചുപോകരുത് (മത്താ. 18:14, യോഹ. 6:39) എന്നാണ് ദൈവതിരുമനസ്സെങ്കിലും നമുക്കും ഉത്തരവാദിത്വമുണ്ട്. പിതാവിന്‍റെ സ്നേഹം അനുഭവിച്ചിട്ടുള്ളവര്‍ പിതാവിന്‍റെ ഇഷ്ടമല്ലേ ചെയ്യൂ. നല്ലതെന്തെന്ന് ദൈവം നമുക്കു കാണിച്ചു തന്നിട്ടുണ്ട് (ലൂക്ക. 6:8). ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട നമ്മുടെ ഹൃദയത്തിനും അതറിയാം. ഉചിതമായതെന്തെന്ന് തിരിച്ചറിയാന്‍ വിവേകവും, അത് ചെയ്യാനുള്ള സ്വാതന്ത്ര്യവും കടമയും നമുക്കുണ്ട്. തിന്മ ചെയ്യാന്‍ മനസ്സാക്ഷി അനുവദിക്കില്ല. തിന്മ ചെയ്താല്‍ മനസ്സാക്ഷി നമ്മെ അസ്വസ്ഥരാക്കും. തിന്മ ആകര്‍ഷണീയമായി തോന്നിയാലും അത് നമ്മളെയും മറ്റു പലരെയും വേദനിപ്പിക്കുമെന്നറിയാത്ത വിഢികളല്ലല്ലോ നമ്മള്‍. മാത്രമല്ല, നല്ല സുഹൃത്തുക്കളും സമൂഹവും വേണ്ട പരിരക്ഷ നല്‍കുകയും ചെയ്യുന്നു.
എന്നാലും നമ്മുടെ രക്ഷ നമ്മുടെ നേട്ടമല്ല, സമ്പാദ്യമല്ല, പരിശ്രമങ്ങള്‍ക്കു പ്രതിഫലവുമല്ല. നമ്മുടെ രക്ഷ ദൈവത്തിന്‍റെ കാരുണ്യം മൂലമാണ് (തിമോ 3:5, സങ്കീ 130: 3-4) ദൈവത്തിന്‍റെ സ്നേഹപൂര്‍വ്വമായ ദാനമാണ്. ദൈവമാണ് നമ്മുടെ രക്ഷകന്‍, നമ്മുടെ ആശ്രയം (ഏശ. 12:2, സങ്കീ. 31).