news-details
എഡിറ്റോറിയൽ

മുഖക്കുറിപ്പ്

ഒരിക്കല്‍ കിട്ടിയ എസ്. എം. എസ് ഏകദേശം ഇങ്ങനെയായിരുന്നു: ധനികനായ ഒരപ്പന്‍ മകനെയും കൂട്ടി ഗ്രാമത്തിലെ ദരിദ്രരെ കാണാന്‍പോയി. മടങ്ങിയെത്തിയപ്പോള്‍ ഒരു വിലയിരുത്തല്‍ അപ്പനാവശ്യപ്പെട്ടു. അതിനു മകന്‍റെ മറുപടി: "നമ്മുടെ വീട്ടില്‍ ഒരു പട്ടി; അവര്‍ക്കത് നാലെണ്ണമുണ്ട്. നമുക്കു കുളിക്കാന്‍ ചെറിയൊരു നീന്തല്‍ക്കുളം; അവര്‍ക്കാണെങ്കില്‍ വലിയൊരു നദി. നമുക്കുള്ളത് ബള്‍ബുകള്‍, അവര്‍ക്കുള്ളത് നക്ഷത്രങ്ങള്‍. നമ്മള്‍ ഭക്ഷണം കടയില്‍നിന്നു വാങ്ങുന്നു; അവരോ അതു കൃഷിചെയ്യുന്നു." അപ്പോള്‍ ആരാണു ദരിദ്രര്‍, ആരാണു സമ്പന്നര്‍?

സംസ്കാരത്തെ സംബന്ധിച്ചും സമാനമായ ചോദ്യമുയരുന്നുണ്ട്: ആരാണ് പരിഷ്കൃതന്‍, ആരാണ് അപരിഷ്കൃതന്‍? തെയ്യാര്‍ ദെ ഷാര്‍ദാന്‍ പറയുന്നത്, മനുഷ്യസംസ്കാരം പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും ഒടുക്കം അതു ക്രിസ്തുവിലെത്തിച്ചേരുമെന്നുമാണ്. അപ്പോള്‍ അദ്ദേഹം പറയാതെ പറയുന്ന കാര്യം എന്താണ്? ആദിവാസിയുടെ സംസ്കാരത്തെക്കാള്‍ ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കുന്നത് ഏറെ പരിണമിച്ച ആധുനികസംസ്കാരം ആണെന്നല്ലേ? ഇതിനൊരു മറുചോദ്യം 'മഴയുടെ വീട്' എന്ന പുസ്തകത്തിലുണ്ട്: "ആറ്റോമിക് സെന്‍ററിന്‍റെ പ്ലാന്‍ തയ്യാറാക്കുന്ന ആധുനിക മനുഷ്യനോ, അതോ ദാഹം ശമിപ്പിക്കുന്ന നദികള്‍ തങ്ങളുടെ സഹോദരങ്ങളാണെന്നു പറയുന്ന സിയാറ്റില്‍ ഗോത്രത്തലവനോ പരിണമിച്ച മനുഷ്യന്‍?"

ആത്മീയതയുടെ തലത്തിലും ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരുടേതാണ് ശരിയായ ആത്മീയത: ആധുനികന്‍റെയോ ആദിവാസിയുടെയോ? ഇസ്ലാമിന്‍റെയും യഹൂദമതത്തിന്‍റെയും വേരുകള്‍ ഉറച്ചിരിക്കുന്നത് ഗോത്രസമൂഹ ആത്മീയതയിലാണ്. "നമുക്കെങ്ങനെയാണു ഭൂമി വില്ക്കാനാകുക? വായുവും വെട്ടവും നക്ഷത്രവും എങ്ങനെയാണ് വില്ക്കുക?" എന്ന ആദിവാസി മൂപ്പന്‍റെ ചോദ്യത്തിന്‍റെ അലകള്‍ ലേവ്യര്‍ 25:23ലുണ്ട്: "ഭൂമി എക്കാലത്തേയ്ക്കുമായി വില്ക്കരുത്. കാരണം അതിന്‍റെയുടമസ്ഥന്‍ ഞാനാണ്. നിങ്ങളോ പരദേശികളും സഞ്ചാരികളുമത്രേ." 'റോബിന്‍സണ്‍ ക്രൂസോ' എന്ന നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച സിനിമയില്‍ ഒരാദിവാസി പറയുന്നത് ഇതാണ്: "നിങ്ങള്‍ പറയുന്നത് നിങ്ങളുടെ ദൈവം അതുല്യനും ബലവാനും അതേസമയം കാണപ്പെടാത്തവനുമാണെന്നാണ്. പക്ഷേ, ഞാന്‍ പറയുന്നത് എന്‍റെ ദൈവം എല്ലായിടത്തുമുണ്ടെന്നാണ്. ആത്മാക്കള്‍, മുതലകള്‍, മരങ്ങള്‍ ഒക്കെയിലൂടെയും അവിടുത്തെ സ്വരം ഞാന്‍ കേള്‍ക്കുന്നു." ഈശ്വരനെക്കുറിച്ചു പറയാന്‍ പക്ഷികളോടും ആല്‍മണ്ട്മരത്തോടും അപേക്ഷിച്ച അസ്സീസിയിലെ ഫ്രാന്‍സിസിനും ഈ ആദിവാസിക്കുമിടയില്‍ ഏറെ അകലമുണ്ടോ? ആചാരങ്ങള്‍ തമ്മില്‍പ്പോലും സമാനതകള്‍ കാണാനുണ്ട്. ഒരു ആദിവാസിക്കഥ ഇങ്ങനെയാണ്: ഗോത്രഭൂമി അളന്നുതിരിച്ച് സര്‍വേക്കല്ലിടാന്‍ വന്ന സര്‍ക്കാരുദ്യോഗസ്ഥനോട് "നിങ്ങള്‍ വസന്തകാലത്തു വരൂ" എന്നു മൂപ്പന്‍ പറയുന്നു. അതിനു കാരണം ആരാഞ്ഞപ്പോള്‍ മറുപടി ഇതായിരുന്നു: "ഞങ്ങളുടെ സ്ഥലത്തിന്‍റെ അതിര്‍ത്തിയില്‍ പിതാക്കന്മാരുടെ അസ്ഥികള്‍ കുഴിച്ചിട്ടുണ്ട്. അവയുടെ മേലെ ചെടികളും നട്ടിട്ടുണ്ട്. വസന്തത്തില്‍ അവ പൂക്കും. അപ്പോള്‍ അതിര്‍ത്തി നിശ്ചയിക്കല്‍ എളുപ്പമാകും." ബൈബിളില്‍ സമാനമായ ഒരാചാരത്തെക്കുറിച്ചുള്ള പ്രതിപാദ്യം ഉല്‍പത്തി 50:25 ലുണ്ട്: ഈജിപ്തില്‍ കഴിയുന്ന ജോസഫ്, താന്‍ മരിച്ചുകഴിയുമ്പോള്‍, തന്‍റെ അസ്ഥികള്‍ പിതാക്കന്മാരെ അടക്കിയ മണ്ണിലെത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. ജോഷ്വ 24:32-ല്‍ ആ ആവശ്യം നിറവേറ്റപ്പെട്ടുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. 'അദാമാ' (മണ്ണ്, ഭൂമി)യില്‍ നിന്നാണ് ആദാം ഉണ്ടായതെന്നു പഠിപ്പിക്കുന്ന ബൈബിളിനോടു ചേര്‍ന്നുനില്ക്കുന്നത് ആരാണ്: മണ്ണിനു രോഗംപിടിച്ചാല്‍ മനുഷ്യനുമതു പിടിക്കുമെന്നു പറയുന്ന ആദിവാസിസമൂഹമോ, അതോ മണ്ണില്‍ മാര്‍ബിള്‍സൗധങ്ങള്‍ ഉയര്‍ത്തുന്ന ആധുനിക സമൂഹമോ? ആര, ആരെയാണു മാനസാന്തരപ്പെടുത്തേണ്ടത്?

'റൂട്സ്' എന്ന ചരിത്രവസ്തുത ഏറെയുള്ള നോവലില്‍ കുണ്ട കിന്‍റെയുടെ അപ്പന്‍ അവനു പേരിടുന്ന രംഗമുണ്ട്. രാത്രിയില്‍, ഒരു വെളിമ്പ്രദേശത്തേക്കു കുഞ്ഞിനെ എടുത്തുകൊണ്ടുപോയി, അവനെ മുകളിലേക്കുയര്‍ത്തിപ്പിടിച്ച് അപ്പന്‍ പറയുകയാണ്: "നോക്കൂ കുഞ്ഞേ മുകളിലേക്ക്. അവിടുന്നു മാത്രമാണു നിന്നേക്കാള്‍ വലിയവന്‍." എന്നിട്ട് കുഞ്ഞിന്‍റെ കാതുകളില്‍ അപ്പന്‍ അവന്‍റെ പേര് ഓതുന്നു. കാരണം, അതാദ്യം കേള്‍ക്കേണ്ടത് അവനാണ്. ഇത്രയ്ക്കും സ്വാഭിമാനം കാത്തുസൂക്ഷിച്ചവരെയാണ് ഐതിഹ്യങ്ങള്‍ അസുരരെന്നും മതങ്ങള്‍ അന്ധവിശ്വാസികളെന്നും ആധുനികര്‍ അപരിഷ്കൃതരെന്നും വിളിച്ചത്. അങ്ങനെ അവര്‍ നാമകരണം ചെയ്യപ്പെട്ടതോടെ പരിഷ്കൃതര്‍ക്കു കാര്യങ്ങള്‍ എളുപ്പമായി. കുണ്ട കിന്‍റെ വിറകെടുക്കാന്‍ കാട്ടില്‍ പോയപ്പോള്‍ എവിടെനിന്നോ ഒരു വല വന്നു മുകളില്‍വീഴുകയാണ്. പിന്നീട് സായിപ്പ് അയാളെ കൂച്ചിക്കെട്ടി അമേരിക്കയിലെത്തിക്കുന്നു. ഭൂമിയിലെല്ലായിടത്തും ഇതേ കഥകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഇന്ത്യന്‍ ജനതയുടെ എട്ടുശതമാനം ആദിവാസികളാണ്. പക്ഷേ ഡാമിന്‍റെയും മൈനിങ്ങിന്‍റെയും ഒക്കെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ നാല്പതു ശതമാനവും അവരാണെന്നാണു വാള്‍ട്ടര്‍ ഫെര്‍ണാണ്ടസ് പറയുന്നത്. അതില്‍ എഴുപത്തഞ്ചു ശതമാനവും ഇനിയും പുനരധിവസിക്കപ്പെട്ടിട്ടില്ലത്രേ. വേട്ടക്കാരനായ പരിഷ്കൃതനും വേട്ടയാടപ്പെടുന്ന അപരിഷ്കൃതനും. എട്ടു കൈകളിലും ആയുധമേന്തിയ കാളിയും നിസ്സഹായനായി വീണുകിടക്കുന്ന മഹിഷാസുരനും. വാളു വീശുന്ന വെളുത്ത മാലാഖയും പ്രതിരോധിക്കാന്‍ നീണ്ടനഖങ്ങള്‍ മാത്രമുള്ള കറുത്തപിശാചും.

നിരന്തരം വേട്ടയാടപ്പെടുന്നവര്‍ എന്താണു ചെയ്യേണ്ടത്? ചര്‍ച്ചകള്‍ നമുക്കുള്ളതാണ്. പത്തുലക്ഷം മനുഷ്യരെ കുടിയിറക്കിവിട്ടിട്ട് അണകെട്ടി കറണ്ടുണ്ടാക്കി, ഫാന്‍ കറക്കി, അതിന്‍റെ താഴെയിരിക്കുന്ന എനിക്കും രാജസ്ഥാന്‍ മാര്‍ബിളിനെക്കുറിച്ചു ചിന്തിക്കുന്ന നിനക്കും ചര്‍ച്ചചെയ്യാന്‍ സാവകാശവും സൗകര്യവുമുണ്ട്. പക്ഷേ 'കുറത്തി'ക്കതിനാകില്ല. അതുകൊണ്ട് അത്രസുഖകരമല്ലാത്ത കാര്യങ്ങളേ അവള്‍ക്കു പറയാനുള്ളൂ: "മുല പറിച്ചു വലിച്ചെറിഞ്ഞീ പുരമെരിക്കും ഞാന്‍. മുടി പറിച്ചു വലിച്ചടിച്ചീ കുലമടക്കും ഞാന്‍." 2010 മാര്‍ച്ചിലെ ഔട്ട്ലുക് മാസികയില്‍ മാവോയിസ്റ്റുകളെക്കുറിച്ച് അരുന്ധതിറോയിയുടെ 32 പേജുള്ള ലേഖനമുണ്ട്. കൂട്ടത്തില്‍ കൂറെ ഫോട്ടോകളും: പിഞ്ചിക്കീറിയ തുണികള്‍, ചാലുകീറിയ മുഖങ്ങള്‍, പനിപിടിച്ച കണ്ണുകള്‍. എന്താണ് അവര്‍ ചെയ്യേണ്ടത്? ഉത്തരം പറയുന്നതിനുമുമ്പ് ഇതൊന്നു സങ്കല്പിച്ചുനോക്കൂ: രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന നിങ്ങളുടെ വീട് പോലീസ് വളയുന്നു: വലിച്ചെറിയപ്പെടുന്ന തുണികളോടും പാത്രങ്ങളോടുമൊപ്പം നിങ്ങളും വെളിയിലേക്ക്. ഇനി പറയൂ, നിങ്ങളെന്തായിരിക്കും ചെയ്യുക?

'പരിഷ്കൃത'രുടെ യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ആദിവാസികള്‍ക്കാകില്ലായിരിക്കാം. അവര്‍ പരാജയപ്പെടുന്നതോടെ, പക്ഷേ ഈ ഭൂമിയും പരാജയപ്പെടുമെന്ന് ഏകദേശം ഉറപ്പായിക്കൊണ്ടിരിക്കുകയാണ്. ഭൂമി എഴുന്നേറ്റുനിന്ന് അന്ത്യവിധി നടത്തിയാല്‍ ആരായിരിക്കും ശിക്ഷിക്കപ്പെടുക? ഉത്തരം ഒരാദിവാസി തരുന്നുണ്ട്: "ഞങ്ങള്‍ ഒരു മൃഗത്തെ കൊന്നാല്‍ അതു മൊത്തം തിന്നും. താമസിക്കാന്‍ ചെറിയ ഗുഹകള്‍ മതി ഞങ്ങള്‍ക്ക്. മരങ്ങള്‍ കുലുക്കിയാണു ഞങ്ങള്‍ പഴങ്ങള്‍ ശേഖരിക്കുന്നത്. നിങ്ങാളാകട്ടെ മണ്ണ് ഉഴുതുമറിക്കുന്നു, നെടുങ്കന്‍ മരങ്ങള്‍ വെട്ടിത്താഴെയിടുന്നു, എല്ലാറ്റിനെയും കൊല്ലുന്നു. ഈ ഭൂമിയുടെ ആത്മാവിന് എങ്ങനെയാണു നിങ്ങളെ ഇഷ്ടപ്പെടാനാകുക?" സുവിശേഷഭാഗ്യം പറയുന്നത്, സൗമ്യരായ മനുഷ്യര്‍ ഈ ഭൂമി സ്വന്തമാക്കുമെന്നാണ്. വിമാനത്തിലും മോട്ടോര്‍ വാഹനത്തിലും തീവണ്ടിയിലും ചീറിപ്പായുന്ന ആധുനികനോ, നഗ്നപാദനായി ഈ മണ്ണില്‍ നടക്കുന്ന ആദിവാസിയോ സൗമ്യന്‍? ആരായിരിക്കും ഭൂമി സ്വന്തമാക്കുക? ആരെയായിരിക്കും ഭൂമി സ്വന്തമായി കരുതുക? സൗമ്യതയ്ക്ക് ആത്മീയപരിവേഷം നല്കി പരിഷ്കൃതര്‍ രക്ഷപ്പെടാന്‍ നോക്കുന്നു.

You can share this post!

പൂര്‍ണസന്തോഷം

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts