news-details
മറ്റുലേഖനങ്ങൾ

സ്ത്രീ, ഇരുപത്തിയെട്ട്, അവിവാഹിത

കല്യാണപ്രായമായ മകളെ ഇനിയും വിവാഹം ചെയ്ത് അയക്കാത്ത അച്ഛനുമേലുള്ള അമ്മയുടെ ശകാരവര്‍ഷം കേട്ടുകൊണ്ടാണ് എന്‍റെ ഓരോ പ്രഭാതവും കണ്ണുതുറക്കുക. ബന്ധുവീടുകളിലെ കുട്ടികള്‍ - എന്‍റെ സമപ്രായക്കാരും പ്രായത്തില്‍ ഇളപ്പമുള്ളവരും - വിവാഹിതരും ഒന്നോ അതില്‍ അധികമോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയവരുമാണ്. എന്‍റെ പഠനത്തെയും ജോലിയെയും പിന്‍തുണക്കുന്നവരെങ്കിലും 'വിവാഹപ്രായം കഴിഞ്ഞവള്‍' എന്ന ചുറ്റുപാടുകള്‍ മുദ്രകുത്തിയ ഒരു മകളുമായി ഈ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ എന്‍റെ മാതാപിതാക്കള്‍ നന്നെ പ്രയാസപ്പെടുന്നുണ്ട്.

എല്ലാദിവസവും ഷൂസിന്‍റെ ലെയിസ് കെട്ടി ജോഗിങ്ങിനിറങ്ങുമ്പോള്‍ നല്ല അയല്‍ക്കാരുടെ ആകുലതകള്‍ പിറുപിറുക്കലുകളായി എന്നിലേയ്ക്കെത്താറുണ്ട്. "ആ കുട്ടിക്ക് തടി കൂടുതലാണ്. അതുകൊണ്ടാ അവളുടെ വിവാഹം നടക്കാത്തത്. രാവിലത്തെ ഈ നടത്തം തന്നെ വണ്ണം കുറയ്ക്കാനും, ഒരു വരനെ കണ്ടെത്താനുമാണ്". അന്യജാതിക്കാരനായ ആരോ ഒരാളുമായി ഞാന്‍ പ്രണയത്തിലാണെന്നായിരുന്നു ബന്ധുക്കളുടെ സംശയം. അവര്‍ അത് അച്ഛനോട് നേരിട്ടു ചോദിക്കുകയും ചെയ്തു.

ബന്ധത്തില്‍പ്പെട്ട ഒരു കുട്ടിയുടെ വിവാഹത്തിനുപോയി എങ്കിലും അവിവാഹിതയാകയാല്‍ പല ചടങ്ങുകളിലും പ്രവേശനം നിഷേധിക്കപ്പെട്ട്, കലുഷിതമായ മനസ്സിനെ ശാന്തമാക്കാന്‍ ശ്രമിച്ച് ഞാനിരിക്കുമ്പോള്‍ നൂറായിരം ചോദ്യങ്ങള്‍ മനുഷ്യരൂപം പൂണ്ട് എന്‍റെ മുന്‍പിലെത്തി, വിവാഹബന്ധത്തില്‍, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്നതില്‍, അവരെ വളര്‍ത്തുന്നതില്‍, ഒരു പുരുഷന്‍റെ തണലില്‍ ആയിരിക്കുന്നതില്‍ താല്പര്യമുണ്ടോ എന്ന്. ഉത്തരം എന്നു തോന്നിച്ച ആശയം നാവിന്‍തുമ്പിലേക്ക് എത്തിയപ്പോഴേക്കും ആള്‍ക്കൂട്ടത്തില്‍ നിന്നും ഉപദേശത്തിന്‍റെ വളകിലുക്കം. ഫേഷ്യല്‍ ചെയ്ത് മുഖത്തിന്‍റെ ഈ നിറം ഒന്നു മാറ്റിയെടുക്ക്, വിവാഹതടസ്സങ്ങള്‍ മാറും. അല്ലെങ്കില്‍ ദേവി പ്രീതിക്കായി വ്രതമെടുക്ക് വിവാഹം നടക്കും എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങള്‍. ഇതേ സമയം മറ്റൊരു കൂട്ടം എന്‍റെ മാതാപിതാക്കള്‍ക്കു ചുറ്റും ഉണ്ടായിരുന്നു, അവര്‍ കണ്ടെത്തിയ അനുയോജ്യരായ പുരുഷന്മാരുടെ പേരുവിവരങ്ങളുമായി.

ഒരു ലാസിക് സര്‍ജറി നടത്തിയാല്‍ മാറാവുന്ന പ്രശ്നങ്ങളേ എന്‍റെ കണ്ണിനുള്ളൂ എന്നും അതോടെ വിവാഹകമ്പോളത്തില്‍ എന്‍റെ വില ഉയരും എന്നുമായി എന്‍റെ ഡോക്ടര്‍.

പ്രശ്ന പരിഹാരത്തിനായി എന്‍റെ മാതാപിതാക്കള്‍ ഒരു ജോത്സ്യനെ കണ്ടു. ജാതകത്തിലെ കുജദോഷം കാരണമാണ് വിവാഹം നടക്കാത്തത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം. ദോഷം മാറാനായി ഒരു പ്രത്യേക പൂജ നടത്താമെന്നും എന്നിരുന്നാലും നവംബറില്‍ വിവാഹം നടന്നില്ലെങ്കില്‍ പിന്നീടൊരിക്കലും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവിവാഹിതരായിരിക്കുന്നതിനെ സംബന്ധിച്ച് ഈ സമൂഹം കണ്ടെത്തുന്ന കാരണങ്ങളൊക്കെയും തികച്ചും ന്യായമാണ്. പക്ഷെ ഞാന്‍ ഇന്ന് അവിവാഹിതയായിരിക്കുന്നത് വിവാഹം വേണ്ട എന്ന തീരുമാനത്താലാണ്. എന്‍റെ തൊഴില്‍ മേഖലയുടെ പലവശങ്ങളെയും ചേര്‍ത്തുവച്ച് ഞാന്‍ എടുത്ത തികച്ചും വ്യക്തിപരമായ ഒരു തീരുമാനം. വിവാഹിതയാവണം എന്ന തോന്നലില്ല എന്നതിനപ്പുറം എന്തെങ്കിലും ഒരു കാരണം ഞാന്‍ കണ്ടെത്തി നല്കേണ്ടതുണ്ടോ? സുമംഗലിയാവണം എന്ന ചിന്തയുണ്ടാകുമ്പോള്‍, ജീവിതം പങ്കിടാന്‍ പറ്റിയ ഒരാളെ കണ്ടെത്തുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ എന്‍റെ ഈ തീരുമാനങ്ങള്‍ മാറ്റിയെന്നും വരാം.

ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെപ്പറ്റി എനിക്ക് കൃത്യമായ ധാരണകളുണ്ട്. ജോലിയുടെ തിരക്കുകള്‍ കഴിഞ്ഞ് കിട്ടുന്ന ഒഴിവുവേളകളില്‍ ഭാഗ്യം അത്രമേല്‍ തുണക്കാത്ത കുഞ്ഞുങ്ങളെ ഞാന്‍ പഠിപ്പിക്കാറുണ്ട്. ഈ മഹാനഗരത്തിന്‍റെ തിരക്കുകളിലൂടെ അവരുമായി ഒരു യാത്ര പോകണം എന്നു ചിന്തിച്ചുതുടങ്ങുമ്പോള്‍ അവിവാഹിതയായ ഒരു കൂട്ടുകാരിയുടെ കൂടെ തങ്ങളുടെ കുഞ്ഞുങ്ങളെ യാത്രയാക്കാന്‍ ചില മാതാപിതാക്കളെങ്കിലും മടിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു.

വിവാഹം സ്ത്രീയെയും പുരുഷനെയും സംബന്ധിക്കുന്നതാണ്. എന്നിട്ടും വിവാഹിതനല്ലാത്ത ഒരു പുരുഷന് ഒരിക്കലും അവിവാഹിതയായ ഒരു സ്ത്രീ നേരിടേണ്ടിവരുന്ന ഒറ്റപ്പെടുത്തലിലൂടെ കടന്നുപോകേണ്ടിവരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. സ്ത്രീ-പുരുഷ അനുപാതത്തിലെ പ്രകടമായ മാറ്റങ്ങള്‍ പുരുഷന്മാരെയാണ് കൂടുതല്‍ ബാധിക്കുക.

വിവാഹം നടക്കാന്‍ പുരുഷന്മാര്‍ വ്രതം നോല്‍ക്കുന്ന ഒരു കാലത്തിനായി കാത്തിരിക്കാം. 

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts