news-details
മറ്റുലേഖനങ്ങൾ

കുപ്പീലെ ഭൂതത്തെ ആരാണു കൊന്നത്?

അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന ഒരു ന്യൂസ്ലെറ്റര്‍ കുറച്ചുപേരുടെ സഹായത്തോടെ ഞാന്‍ നടത്തിവരികയാണ്. 2014ലെ പുതുവര്‍ഷപ്പതിപ്പില്‍ കുട്ടികളുടെ സെക്ഷനില്‍ അവരുടെ ലേഖനങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഒരു വിഷയം കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പുതുവര്‍ഷ സവിശേഷതയുമായി പൊരുത്തപ്പെടുന്ന ഒന്നായിരുന്നു അത്. മാറ്റം വരുത്തേണ്ടതുണ്ടെന്നു നിങ്ങള്‍ കരുതുന്ന ഒരു കാര്യത്തെക്കുറിച്ച് 150-200 വാക്കുകളില്‍ എഴുതുക.

എട്ടു ലേഖനങ്ങളാണു കിട്ടിയത്. ഒരെണ്ണമൊഴികെ ബാക്കിയെല്ലാം കൈകാര്യം ചെയ്തത് കാലാവസ്ഥാ വ്യതിയാനം, വൃത്തിയുള്ള റോഡുകള്‍, ട്രാഫിക്, മലിനീകരണം, മൃഗങ്ങളോടു നാം കാണിക്കുന്ന അനാസ്ഥ തുടങ്ങിയ വിഷയങ്ങളായിരുന്നു! 9നും 11നും ഇടയ്ക്കു പ്രായമുള്ള കുട്ടികളായിരുന്നു ഇവരെന്നുകൂടി ഓര്‍ക്കണം. 'ഗംഭീരം!' എന്നല്ലാതെ എന്തുപറയാന്‍?

നന്നായി ചിന്തിക്കുന്ന നമ്മുടെ പുതുതലമുറയുടെ ബുദ്ധിപൂര്‍വമായ വിശകലനങ്ങളും പ്രശ്നപരിഹാരങ്ങളുമെല്ലാം തുടര്‍ന്നു വായിക്കാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു. എങ്കിലും ഞാനറിയാതെ ചിന്തിച്ചുപോയി: ഈ കുട്ടികള്‍ കുപ്പിയിലടച്ച് കൂടെക്കൊണ്ടുനടക്കുന്ന ആ പഴയ ഭൂതത്തിനെത്തു പറ്റി? സൂപ്പര്‍മാനും മറ്റനേകം അത്ഭുതകഥകള്‍ക്കും എന്തുപറ്റി?

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെങ്കില്‍ ഈ കുട്ടികള്‍ ആരും കാണാതെ ഏതെങ്കിലും മൂലകളില്‍ പോയിരുന്ന് വലിയ ബന്ധമൊന്നുമില്ലാത്ത ചില കാര്യങ്ങള്‍ തുന്നിച്ചേര്‍ത്ത് ഒരു കഥ മെനഞ്ഞുണ്ടാക്കാന്‍ ശ്രമിക്കുമായിരുന്നു. എവിടെപ്പോയി ആ കല്പനാവൈഭവം? എങ്ങനെയാണ് അതു തീര്‍ന്നുപോയത്? ഇതെല്ലാം സംഭവിച്ചത് നമ്മുടെ മൂക്കിനു തൊട്ടുതാഴെയാണ്. എന്നിട്ടും ഒന്നും നാം അറിഞ്ഞതേയില്ല.

എനിക്ക് ഈ കുട്ടിക്കാലം ലോലിപോപ്പുകള്‍ കായ്ച്ചുനിന്ന മരങ്ങളെ സ്വപ്നംകണ്ട കാലമാണ്; ജന്മദിനത്തില്‍ ആഘോഷിക്കാനായി ചന്ദ്രനില്‍ പോയ കാലം, ഹോംവര്‍ക്കു ചെയ്യാന്‍ സൂപ്പര്‍മാന്‍ വരണമെന്നു പ്രാര്‍ത്ഥിച്ച കാലം, വര്‍ഷത്തില്‍ ആറുമാസവും അവധിയായിരിക്കണേ എന്നാഗ്രഹിച്ച കാലം - ഇവയെല്ലാമായിരുന്നു അത്. കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചുകൂട്ടിയ കാര്യങ്ങളുമുണ്ട് അക്കൂട്ടത്തില്‍. ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കാനായി ഒരു ഭാഗ്യടിക്കറ്റ്  അടിക്കുന്നതും ഏറ്റവും പുതിയ കളിക്കോപ്പ് ആന്‍റി വാങ്ങിത്തരുന്നതും ഒക്കെ അവയില്‍ ചിലതാണ്. ആഗോളതാപനത്തെക്കുറിച്ച് എന്തെങ്കിലും അക്കാലത്ത് അറിയാമായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല. പ്രായോഗികതയുടെയും യാഥാര്‍ത്ഥ്യബോധത്തിന്‍റെയും അതിര്‍വരമ്പുകളാല്‍ നിയന്ത്രിക്കപ്പെടാതെ സങ്കല്പലോകത്ത് ആവോളം വ്യാപരിക്കാന്‍ കഴിഞ്ഞ സ്വര്‍ണക്കാലമാണത്. യഥാര്‍ത്ഥലോകത്തെക്കാള്‍ എത്ര കോരിത്തരിപ്പിക്കുന്നതായിരുന്നു ആ കാല്പനികലോകം!

നമ്മുടെ പുതുതലമുറയിലെ കുഞ്ഞുങ്ങളും അവരുടേതായ ശൈലിയില്‍ ഈ സങ്കല്പലോകത്തു വ്യാപരിക്കുന്നുണ്ട്. പക്ഷേ സ്കൂളില്‍നിന്നും വീട്ടില്‍നിന്നുമുള്ള സ്വാധീനങ്ങള്‍ അവരെ വല്ലാതെ പരുവപ്പെടുത്തിയിരിക്കുന്നു. അവരുടെ രക്ഷിതാക്കളുടെ കണ്ണുകളിലൂടെയല്ലാതെ അവര്‍ക്കു കാണാനാകുന്നില്ല. യുക്തിവിചാരംകൊണ്ടു തടഞ്ഞുനിര്‍ത്തിയും അഭിനന്ദനങ്ങളാല്‍ പ്രലോഭിപ്പിച്ചും അവരെപ്പോഴും സ്മാര്‍ട്ടായി കാണപ്പെടാന്‍ നിര്‍ബന്ധിതരാകുന്നു.

അധ്യയനത്തിലും പിന്നീടുള്ള ജീവിതത്തിലും എന്നും ഒന്നാമനാകാന്‍ വേണ്ടി നാം നമ്മുടെ കുട്ടികളെ സഹായിച്ചു സഹായിച്ച്, ഈ ലോകജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ വല്ലാതെ നമ്മള്‍ കുട്ടികളുടെ മുമ്പില്‍ തുറന്നുവച്ചു. ഇന്നത്തെ കാലം സര്‍ഗ്ഗാത്മകതയുടെ പ്രാധാന്യം നന്നായി മനസ്സിലാക്കുന്നവരാണ്. തലച്ചോറിലെ യുക്തിയുടെയും ഭാവനയുടെയും മേഖലകളെ ബാലന്‍സുചെയ്തുകൊണ്ടു പോകേണ്ടതിന്‍റെ ആവശ്യകതയും ഇക്കാലം ഗ്രഹിച്ചിട്ടുണ്ട്.

നമ്മുടെ കുഞ്ഞുങ്ങള്‍ യഥാര്‍ത്ഥ ലോകത്തെ അറിയുകയും അനുഭവിക്കുകയും ചെയ്താല്‍ മാത്രം പോരാ, ഒപ്പം കൃത്യമായ പാറ്റേണിനപ്പുറത്തും ചിന്തിക്കാനും അനുഭവിക്കാനും കൂടി നമ്മുടെ കുഞ്ഞുങ്ങള്‍ക്കാകുമെന്നു നമുക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കില്‍, സര്‍ഗാത്മകത ആവശ്യമുള്ള ജോലികള്‍ക്കും കലാസൃഷ്ടികള്‍ക്കും നമ്മുടെ സമൂഹത്തില്‍ വലിയ ഇടിവു സംഭവിച്ചേക്കാം. മനസ്സിനെ ഹഠാദാകര്‍ഷിക്കുന്ന പരസ്യങ്ങളും നമ്മെ പിടിച്ചുനിര്‍ത്തുന്ന കഥകളും പുതിയ പുതിയ ഉത്പന്നങ്ങളും ആരിനി നിര്‍മ്മിക്കുമെന്ന് ഇടക്ക് ആലോചിച്ചുപോകാറുണ്ട്.

സര്‍വ്വവിജ്ഞാനകോശങ്ങളും ശാസ്ത്രകഥകളും വായിക്കുന്നതിനിടയ്ക്ക് ചില അത്ഭുതകഥകള്‍കൂടി വായിക്കാന്‍ നമ്മുടെ കുട്ടികള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. അങ്ങനെ അവരുടെ ഭാവനാവൈഭവത്തിന് ചിറകു വയ്ക്കട്ടെ. 'കുപ്പീലെ ഭൂതത്തെ രക്ഷിക്കുക' എന്നോതി, അവബോധം സൃഷ്ടിക്കാന്‍ ഒരു പ്രചരണജാഥ നടത്തിയാലും കുഴപ്പമില്ല എന്നാണ് എന്‍റെ അഭിപ്രായം.

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts