ഭാവിയെപ്പറ്റിയുള്ള ആശങ്കകളും പ്രതീക്ഷകളും നിറഞ്ഞ ആവേശജന്യമായ മറ്റൊരു തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു നാം. മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന ഒരു പ്രത്യേക ഘടകം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ആവേശിച്ചിട്ടുണ്ടെന്നറിയുന്നു.
ആ പുതിയ ഘടകം ഇതുവരെ നമ്മുടെ രാഷ്ട്രീയം കണ്ടിട്ടില്ലാത്ത തരം ചില വ്യക്തിത്വങ്ങളാണ്. രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന പലരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോട് ചേരുന്നതും, ചിലര്‍ സ്വതന്ത്രരായി മത്സരിക്കുന്നതും ഇതിനോടകം പലപ്പോഴും നാം കണ്ടിരിക്കുന്നു. സ്വതന്ത്രമായ മനസ്സും ചിന്താഗതികളുമുള്ള കുറച്ചധികം പേരെ മത്സരരംഗത്ത് എത്തിച്ചതിന് ആം ആദ്മി പാര്‍ട്ടിക്ക് നന്ദി.
നഗ്മ ഗുല്‍പാങും കിരണ്‍ ഖേറും സ്മൃതി ഇറാനിയും രാഖി ശ്രാവന്തും ഒക്കെ ഉള്‍പ്പെടുന്ന സിനിമാക്കാരുടെ ശ്രേണി മാധ്യമശ്രദ്ധയെ കാന്തം കണക്ക് ആകര്‍ഷിക്കുന്നുണ്ടെങ്കിലും മത്സരരംഗത്തുള്ളവരുടെ ആ വലിയ നിരയില്‍ നിന്നും എന്നെ ആകര്‍ഷിച്ചത് മൂന്ന് സ്ത്രീകളാണ്.
ഞാന്‍ പരിചയപ്പെടുത്താന്‍ പോകുന്ന മൂന്ന് സ്ത്രീകളും പ്രശസ്തരാണ്, ഒപ്പം വ്യത്യസ്തരും. പതിറ്റാണ്ടുകളായി ഇവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ ഇവര്‍ക്ക് അംഗീകാരങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. നിരന്തരമായി അഭിമുഖം ചെയ്യപ്പെടുന്നവരും വാര്‍ത്തകളില്‍ നിറയുന്നവരുമാണവര്‍.
ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ഇവരുടെ കാല്‍വെപ്പ് സവിശേഷമായ ഒരു മാറ്റത്തിന്‍റെ തുടക്കമാണ്. ഇവര്‍ വിജയിക്കുമോ ഇല്ലയോ എന്നതിനേക്കാള്‍ പ്രധാനം സമൂഹത്തില്‍ മാറ്റം വരുത്താനായി പ്രത്യയശാസ്ത്രങ്ങളുമായി നിരന്തര സംവാദത്തിലേര്‍പ്പെട്ടിരിക്കുന്ന ഈ സ്ത്രീകളെ കേള്‍ക്കാനും അവരുടെ കണ്ണിലൂടെ ചുറ്റുപാടുകളെ കാണാനും കഴിയുക എന്നതാണ്.
ഛത്തീസ്ഗഡില്‍ നിന്നുള്ള സോണി സോറി, ജാര്‍ഖണ്ഡില്‍ നിന്നുള്ള ദയാമണി ബര്‍ള , മേധ പട്കര്‍ എന്നിവരാണ് ആ മൂന്നു സ്ത്രീകള്‍.
ഈ മൂവരില്‍ വായനക്കാരന് അധികം പരിചയമില്ലാത്ത പേര് സോണി സോറി എന്ന 39-കാരി സ്കൂള്‍ അധ്യാപികയുടേതായിരിക്കും. 2011 ലാണ് ഛത്തിസ്ഗഡിലെ ബാസ്ത്തറിനടുത്ത് ജബേലി എന്ന ഗ്രാമത്തിലെ ഈ അദ്ധ്യാപിക മാധ്യമങ്ങളില്‍ നിറയുന്നത്. മാവോയിസ്റ്റ് എന്നു മുദ്രകുത്തി പോലീസ് അറസ്റ്റു ചെയ്തു. ക്രൂരപീഡനങ്ങള്‍ക്കൊടുവില്‍ അവളുടേതല്ലാത്ത ഒരു കുമ്പസാരം എഴുതിയുണ്ടാക്കി അതില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ സോണി വിസമ്മതിച്ചു. അതിന്‍റെ പേരില്‍ നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. സുപ്രീം കോടതി ജാമ്യം അനുവദിച്ച അവളുടെ മേല്‍ ചുമത്തപ്പെട്ട ആറ് കേസുകളില്‍ ഇനിയും രണ്ടെണ്ണം കൂടി പരിഗണിക്കാനുണ്ട്. തെരഞ്ഞെടുപ്പ് ചിലവേറിയതു തന്നെ. സോണി സോറിയുടെ ബാങ്ക് അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് മൂന്നുനാല് നൂറുരൂപാ നോട്ടുകള്‍, കൃത്യമായി പറഞ്ഞാല്‍ 424 രൂപാ. പക്ഷെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന നാള്‍ മുതല്‍ സംഭാവനകളായി പണം എത്തിത്തുടങ്ങി. എന്നിട്ടും ഇലക്ഷന്‍ കമ്മീഷന്‍ പ്രചരണാര്‍ത്ഥം ഓരോ സ്ഥാനാര്‍ത്ഥിക്കും അനുവദിച്ചിട്ടുള്ള 70 ലക്ഷം രൂപ എന്നതിലേക്ക് എത്തിയിട്ടില്ല. നിയോജകമണ്ഡലത്തിന്‍റെ വലിപ്പം പരിഗണിച്ചാല്‍ സമ്മതിദായകരെ തന്‍റെ പേരും പാര്‍ട്ടി ചിഹ്നവും അറിയിക്കാന്‍ പോലും ഈ പണം തികയില്ല.
മറ്റൊരു ശ്രദ്ധേയ വ്യക്തിത്വം ജാര്‍ഖണ്ഡിന്‍റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ ദയാമണി ബര്‍ള ആണ്. ഖുന്‍ലിയില്‍ നിന്നും ജനവിധി തേടുന്ന ദയാമണി ബര്‍ള -ക്ക് ഉരുക്കുവനിത എന്ന പേര് ചാര്‍ത്തപ്പെടുന്നത് Arcetor Metal എന്ന കുത്തക ഭീമനുമായുള്ള തുറന്ന പോരാട്ടത്തിനൊടുവിലാണ് 40 ഗ്രാമങ്ങളിലായി താമസിക്കുന്ന ജനങ്ങളെ കുടിയിറക്കി ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് നിര്‍മ്മാണ ശാല ഉണ്ടാക്കാനുള്ള ശ്രമത്തെ ദയാമണി ചെറുത്തു തോല്പിച്ചത്. കുടിയിറക്കപ്പെടുമായിരുന്ന ഇവിടുത്തെ ജനങ്ങള്‍ ദയാമണിക്ക് വോട്ടു ചെയ്യുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ശ്രദ്ധയര്‍ഹിക്കുന്നത് ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തീരുമാനങ്ങളെ, നിയമ ഭേദഗതികളെ സ്വാധീനിക്കുന്ന അവരുടെ പുതിയ സമരമുറയാണ്.
ആമുഖമാവശ്യമില്ലാത്ത മേധാ പട്കര്‍, നര്‍മ്മദാ ഡാമിനെതിരേ പതിറ്റാണ്ടുകള്‍ നീണ്ട അവരുടെ പോരാട്ടം ഡാം ഇല്ലാതാക്കിയില്ല എങ്കിലും വികസനവും സുസ്ഥിര വികസനവും തമ്മില്‍ ഒടുങ്ങാത്ത ഒരു സംവാദത്തിന് വേദിയുണ്ടാക്കി.
1980 മുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മേധ പട്കറെയും അവരുടെ പ്രവര്‍ത്തനങ്ങളെയും പറ്റി ഒന്നും അറിയാത്ത ആളുകള്‍ പാര്‍ക്കുന്ന ഗൗതം നഗര്‍ ഉള്‍പ്പെടുന്ന മുംബെ നോര്‍ത്ത് ഈസ്റ്റിലെ ആം ആദ്മി സ്ഥാനാര്‍ത്ഥിയാണ് മേധ.
ഇന്ത്യയിലാകമാനം സ്വാധീനമുള്ള ആളായിട്ടും ബാനര്‍ ഉണ്ടാക്കാനോ, പോസ്റ്ററുകള്‍ കൊണ്ട് വഴിയോരം നിറക്കാനോ, പ്രചാരണം നടത്താനോ മേധാ പട്കര്‍ക്ക് ആളും അര്‍ത്ഥവും നന്നേ കുറവാണ്. ഇന്നും നിയോജക മണ്ഡലത്തില്‍ റ്റി.വി കാണുന്നവര്‍ക്ക് മാത്രമാണ് മേധയുടെ മുഖവും ചിഹ്നവും തിരിച്ചറിയാനാവുന്നത്.
ഞാന്‍ ആദ്യം സൂചിപ്പിച്ചതുപോലെ ഈ വനിതകള്‍ വിജയിക്കുമോ ഇല്ലയോ എന്നതല്ല വിഷയം. അവരുടെ സാന്നിധ്യം തന്നെ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇന്ത്യന്‍ ജനാധിപത്യം ഏതാനും ചില കുടുംബങ്ങളുടെ സ്വത്തല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍... കുറ്റവാളികളും അഴിമതിക്കാരും കൈയാളേണ്ടതല്ല ഇന്ത്യന്‍ രാഷ്ട്രീയം എന്ന തിരുത്തലാണത്... മതഭ്രാന്തന്മാര്‍ വാഴ്ത്തേണ്ടതല്ല ഇന്ത്യന്‍ പാരമ്പര്യം എന്ന താക്കീതാണത്... ആസുരമായ ഒരു കാലത്തില്‍ പ്രതീക്ഷയുടെ വെള്ളിനൂലുകളാണ് ഈ സ്ത്രീകള്‍
കടപ്പാട്: ദ ഹിന്ദു