news-details
മറ്റുലേഖനങ്ങൾ

മനസ്സിലെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ മനുഷ്യന്‍റേയും

ഈസ്ററര്‍ ദിനത്തിലാണ് ഇത് എഴുതുന്നത്. കുരിശില്‍ തറയ്ക്കപ്പെട്ട ജീവന്‍ കൂടുതല്‍ കാരുണ്യത്തോടെയും നന്മയോടെയും ഉയിര്‍ത്തെണീറ്റ ദിവസമാണിത്. മാനവ ചരിത്രത്തിലെ ഏറ്റവും മഹനീയമായ ആ ജീവിതത്തിനും മരണത്തിനും മുന്നില്‍ പ്രണാമം.

ചരിത്രത്തില്‍ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ പ്രവാചകന്മാരും സ്വന്തം ജീവിതം സന്ദേശമാക്കിയവരാണ്. അവര്‍ മൊഴിഞ്ഞ ഓരോ വാക്കിനും ഓരോ പ്രവര്‍ത്തിക്കും ആഴത്തിലുള്ളതും പല മാനങ്ങളുള്ളതുമായ അര്‍ത്ഥങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ അര്‍ത്ഥത്തിന്‍റെ പുറംതോട് മാത്രമേ പലപ്പോഴും നാം കാണാറുള്ളൂ എന്നതാണ് ഏറേ കഷ്ടം.

ഉയിര്‍ത്തെഴുന്നേല്പ് എന്നത് കുരിശില്‍ മരിച്ച  ജീസസ് ക്രൈസ്റ്റ് മൂന്നാം നാള്‍ കല്ലറയില്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്കുയരുന്നതിന്‍റെ ദൃശ്യങ്ങളായി മാത്രമേ നമുക്ക് ഓര്‍ക്കാന്‍ സാധിക്കാറുള്ളൂ. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ ജീസസ് നമ്മിലേക്ക് പകര്‍ന്ന ജീവിതത്തിന്‍റെ പൊരുളുകളുടെ ആന്തരികാര്‍ത്ഥത്തിലേക്ക് അധികം ആരും കടന്നുചെല്ലാറില്ല. അതറിയുമ്പോള്‍ മാത്രമേ ഈസ്റ്ററിന്‍റെ മഴവില്‍ മനോഹാരിത നമുക്ക് അനുഭവിക്കാന്‍ സാധിക്കൂ.

നീതിയും സത്യവും കാരുണ്യവുമായിരുന്നു ക്രൈസ്റ്റ്. ആ ജീവനില്‍ നിന്ന് ഒഴുകിക്കൊണ്ടേയിരുന്നത് അവ മാത്രമായിരുന്നു. ജീസസിനെ കുരിശിലടിച്ചതിന്‍റെ ആന്തരികാര്‍ത്ഥം ഭൂമിയിലെ ഈ മൂന്ന് നന്മകളെ നിഷ്കാസനം ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ മൂന്ന് നന്മകളും ഒരു ശക്തിക്കും ഇല്ലാതാക്കാന്‍ സാധിക്കുന്നതല്ല, എന്നതല്ലേ മൂന്നാംനാള്‍ സംഭവിച്ച ഉയിര്‍പ്പിന്‍റെ ഉള്‍പ്പൊരുള്‍? എത്ര വലിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയും തലയുയര്‍ത്തുന്ന പുല്‍നാമ്പുകളെ പോലെ, തപിക്കുന്ന ഭൂമിയെ തലോടുന്ന കുളിര്‍കാറ്റുപോലെ അവ എപ്പോഴും ഇവിടെയുണ്ടാകും. അടിച്ചമര്‍ത്തുന്നതിനും പിടിച്ചുകെട്ടുന്നതിനും അനുസരിച്ച് കൂടുതല്‍ ശക്തിയോടെ ഉയിര്‍ത്തു വരും. കാരണം അവയ്ക്ക് ഈ ഭൂമിയേക്കാള്‍ പ്രായമുണ്ട്.

കുരിശ് എന്നത് മനുഷ്യജീവിതമാണ് എന്നു പറയാറുണ്ട്. സ്വന്തം ജീവിതവും പിറകില്‍ കെട്ടിവച്ചാണ് ഓരോ മനുഷ്യനും ഇഴഞ്ഞിഴഞ്ഞ് കയറുന്നത്. ഒരാള്‍ക്കും അതില്‍നിന്നും മോചനമില്ല. എന്നാല്‍ ഈ കുരിശ് ക്ഷമയോടെയും സഹനത്തോടെയും ചുമക്കുന്നവര്‍ക്കൊക്കെ ഒരു ഉയിര്‍പ്പുമുണ്ട്. അതറിഞ്ഞുകൊണ്ട് ചുമക്കുമ്പോഴാണ് ജീവിതം ഒരു ധ്യാനം ആകുന്നത്.

ഓരോ ദിനവും ഒരു ഉയിര്‍പ്പാക്കാന്‍ സാധിച്ചാല്‍ ജീവിതം പോലെ മറ്റൊരു മനോഹരമായ കലയുണ്ടാവില്ല, ഈ ഭൂമിയില്‍. ഒരു പുതിയ ദിനത്തിലേക്ക് കിടക്ക വിട്ടുണരുന്നത് ഉയിര്‍ത്തെഴുന്നേല്പ്പായി സങ്കല്പിക്കുക. കൂടുതല്‍ നന്മയിലേക്കും സ്നേഹത്തിലേക്കും സഹനത്തിലേക്കും കാരുണ്യത്തിലേക്കുമുള്ള ഉയര്‍ത്തെണീക്കല്‍. അപ്പോള്‍ നമുക്കെന്നും ഈസ്റ്ററാകും. മനുഷ്യനൊഴിച്ച് ഭൂമുഖത്തെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ഓരോ ദിനവും പുതുതാണ്. നമ്മള്‍ മാത്രമാണ് ഒരു തോളില്‍ പോയദിനങ്ങളുടെ ഭാണ്ഡവും മറുതോളില്‍ വരാനിരിക്കുന്ന ദിനങ്ങളിലേക്കുള്ള സ്യൂട്ട് കേസുമായി ഉണര്‍ന്ന് എണീക്കുന്നത്. അതുകൊണ്ട് നാം വിതയ്ക്കുന്നു. കൊയ്യുന്നു. കൂട്ടിവെയ്ക്കുന്നു. എപ്പോഴും ടെന്‍ഷനടിക്കുന്നു, രോഗികളാവുന്നു. ജീവിതത്തിന്‍റെ ഭംഗികള്‍ കാണാതെ പോവുന്നു.

ഇത്തവണ ഈസ്റ്റര്‍ദിന സന്ദേശമായി ഫ്രാന്‍സിസ് മാര്‍പാപ്പാ പറഞ്ഞിരിക്കുന്നത് അനാവശ്യമായി ആഹാരപദാര്‍ത്ഥങ്ങള്‍ നശിപ്പിക്കരുത് എന്നാണ്. അടുത്തകാലത്ത് ഞാന്‍ കേട്ട ഏറ്റവും അര്‍ത്ഥമുള്ള വാക്കുകള്‍. ആഹാരത്തിനായി ലോകത്തിലെ വലിയൊരു ഭാഗം ജനങ്ങളും കഷ്ടപ്പെടുമ്പോള്‍ മറുഭാഗത്ത് അനാവശ്യമായി ആഹാരപദാര്‍ത്ഥങ്ങള്‍ നശിപ്പിക്കപ്പെടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആഹാരം കളയാതിരിക്കാന്‍ ഏറേ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാന്‍. ആവശ്യമുളളതേ വാങ്ങാറുള്ളൂ. കഴിച്ച് ബാക്കി ഇടാറില്ല. നാം കളയുന്ന ഓരോ വറ്റും പട്ടിണി കിടക്കുന്ന ആരുടെയോ അന്നമാണ് എന്ന ബോധ്യം! അതിലും മഹത്തായ മറ്റെന്ത് നന്മയുണ്ട് നമുക്ക് കാത്തുവയ്ക്കാനായി? ഒരു നുള്ള് ഭക്ഷണം നാവില്‍ വയ്ക്കുമ്പോള്‍ പട്ടിണി കിടന്ന് തളരുന്ന മനുഷ്യന്‍റെ മുഖം മനസ്സില്‍ തെളിയുന്നതിനേക്കാള്‍ എന്തു കാരുണ്യമുണ്ട് നമുക്ക് അടുത്ത തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാനായി?  ദീനമായ ആ മുഖത്തിന്‍റെ ഛായകളായിരിക്കും ജീസസിന് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

നമ്മുടെ മനസ്സ് ഓരോ ദിവസവും ഈ ബോധ്യങ്ങളുടെ നന്മയിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ. 

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts