നമ്മുടെ അനുദിന സംഭാഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സന്ദേശവും ഉപരിസന്ദേശവും തമ്മിലുള്ള ബന്ധം, അത്തരം സംഭാഷണങ്ങളിലൂടെ പരസ്പരബന്ധം പുലര്‍ത്താനും പരസ്പരം നിയന്ത്രിക്കാനുമുള്ള ശ്രമങ്ങള്‍ തുടങ്ങിയവ നാം മുന്‍ലക്കങ്ങളില്‍ കണ്ടതാണ്. ഈ സങ്കീര്‍ണ്ണമായ ഘടകങ്ങള്‍ നിമിത്തമാണ് അതുവരെ ഓര്‍മയില്‍ കൂട്ടിവച്ചിരിക്കുന്ന വിമര്‍ശനങ്ങളുടെ കൂമ്പാരത്തിലേക്ക് ഒരു ചെറുതീപ്പൊരിയാകുന്ന തിരുത്തലോ നിര്‍ദ്ദേശമോ വീണുകഴിയുമ്പോള്‍ അത് അഗ്നിയായി ആളിപ്പടരുക. ഉദാഹരണത്തിന്, ഒരു ദിവസം മേരി പാത്രങ്ങള്‍ കഴുകുകയായിരുന്നു. വാഷ്ബേസിനില്‍ വീഴുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഡ്രെയിനേജിലേക്കു പോകാതെ തടഞ്ഞുനിര്‍ത്തുകയും വെള്ളം മാത്രം പോകാന്‍ അനുവദിക്കുകയും ചെയ്യുന്ന ഒരു കപ്പ് കൃത്യമായി വയ്ക്കാന്‍ പലതവണ ശ്രമിച്ചിട്ടും മേരിക്കായില്ല. അതു കമഴ്ന്നു വീഴുകയാണ്. അങ്ങനെ വാഷ്ബേസിനില്‍ വെള്ളം കെട്ടുന്നു. "കുറച്ചുപാത്രങ്ങളല്ലേ ഉള്ളൂ. എല്ലാം കഴുകിയിട്ട്, ഭക്ഷണാവശിഷ്ടങ്ങള്‍ പെറുക്കിയെടുത്തിട്ട്, വെള്ളം ഒരുമിച്ചുതുറന്നുവിട്ടാല്‍ മതിയല്ലോ" എന്നാണ് അപ്പോള്‍ അവള്‍ വിചാരിച്ചത്. ആ സമയത്താണു മെല്‍വിന്‍ അതുവഴി വന്നത്, ബേസിനില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതു കണ്ട അയാള്‍ പറയുന്നു: "കപ്പു നേരെ വയ്ക്കൂ. അല്ലെങ്കില്‍ വെള്ളം പോകില്ല."
നിഷ്കളങ്കമായ ഒരു നിര്‍ദേശം. അതിനോടു മേരിക്കുവേണമെങ്കില്‍ ഇങ്ങനെ മറുപടി പറയാം: "ഞാനതു നേരെവയ്ക്കാന്‍ കുറേതവണ നോക്കി. പക്ഷേ മറിഞ്ഞുവീഴുകയാണ്. ഏതായാലും കുറച്ചു പാത്രമല്ലേയുള്ളൂ. അതുകൊണ്ട് തത്കാലം ഞാനതു പോട്ടെന്നു വച്ചു." അല്ലെങ്കില്‍ ഇങ്ങനെയും മറുപടി പറയാം: "ഏതുസമയത്തും നിങ്ങളെന്തിനാണ് ഞാന്‍ ചെയ്യുന്നത് നോക്കി വിലയിരുത്തുന്നത്? ഞാന്‍ ചെയ്യുന്നതില്‍നിന്നു വിഭിന്നമായാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നുള്ള നിരന്തരമായ ഉപദേശം എനിക്ക് അങ്ങേയറ്റം അരോചകമാണ്." മേരിക്ക് അപ്പോള്‍ ഈ രണ്ടാമത്തെ കാര്യമാണ് ശരിക്കും തോന്നിയത്. ഉള്ളില്‍ തോന്നിയ അരിശം നിയന്ത്രിക്കാന്‍ അവള്‍ ഇത്തിരി സമയമെടുക്കുകയും ചെയ്തു.
മേരി പക്ഷേ, പറഞ്ഞത് മറ്റൊന്നാണ്. അതോര്‍ത്ത് അവള്‍ക്കുതന്നെ അത്ഭുതം തോന്നി. താനങ്ങനെ ചെയ്തതിനു കൃത്യമായ കാരണമുണ്ടെന്നാണ് അവള്‍ വാദിച്ചത്: "ബേസിനില്‍ വെള്ളം കെട്ടിനിര്‍ത്തിയാല്‍, അതു വൃത്തിയാക്കാന്‍ കൂടുതല്‍ എളുപ്പമുണ്ടാകും." കപ്പു നേരേ വയ്ക്കാന്‍ ശ്രമിച്ചിട്ടു പരാജയപ്പെട്ടപ്പോള്‍ അവള്‍ അങ്ങനെയങ്ങു ചിന്തിച്ചുപോയി എന്നതു ശരിയാണ്. അതാണ് അപ്പോള്‍ അവള്‍ പറഞ്ഞതും. താന്‍ അങ്ങനെ ചെയ്തതിനുപിന്നില്‍ കൃത്യമായ കാരണമുണ്ടെന്നു മേരി വാദിച്ചതോടെ, അതു ശരിയല്ലെന്നു വാദിക്കാന്‍ മെല്‍വിനും തോന്നുകയാണ്.
"ബേസിനില്‍ ഭക്ഷണാവശിഷ്ടങ്ങളോടെ വെള്ളം നിറഞ്ഞാല്‍, അതുമുഴുവന്‍ വൃത്തികേടാകും." മെല്‍വിന്‍റെ ഈ വാദത്തിന് മേരി മറുപടിയൊന്നുംപറഞ്ഞില്ല. അവര്‍ക്കറിയാം, ഇനി സംസാരിച്ചാല്‍ അതു ചൂടേറിയ തര്‍ക്കമായി മാറും.
ഈ സംഭാഷണത്തിലുടനീളം മേരിയും മെല്‍വിനും ശ്രദ്ധ ചെലുത്തിയത് എന്തിലാണ്? കൈമാറ്റം ചെയ്യപ്പെട്ട സന്ദേശത്തില്‍: പാത്രം കഴുകുമ്പോള്‍ വാഷ്ബെയിസിനിലെ കപ്പ് കമഴ്ത്തി വയ്ക്കണമോ അതോ മലര്‍ത്തിവയ്ക്കണമോ? ഇവിടെ യുദ്ധങ്ങളുണ്ടാകുന്നുണ്ട്; മനുഷ്യര്‍ മരിക്കുന്നുണ്ട്; ഒരപകടമോ രോഗമോ ആ കുടുംബത്തെ ഏതുനിമിഷവും കശക്കിയെറിഞ്ഞേക്കാം. വാഷ്ബേസിനില്‍ കപ്പ് ഇരിക്കേണ്ടത് എങ്ങനെയെന്നുള്ളത് ഒരു വിഷയമേ ആകേണ്ടതല്ല. പക്ഷേ, സംഭാഷണം ശരിക്കും കപ്പിനെക്കുറിച്ചല്ലല്ലോ, മറ്റുചിലതല്ലേ?
താന്‍ ആ കപ്പ് അങ്ങനെയല്ല വയ്ക്കേണ്ടത് എന്ന് മാത്രമാണ് പറഞ്ഞതെന്നാണു മെല്‍വിന്‍റെ ചിന്ത. ആ ഒരു സംഭവം മാത്രമെടുത്താല്‍ അതു ശരിയാണുതാനും. എന്നാല്‍, ഒരു സന്ദേശത്തിനു അകമ്പടിയായി ഒരുപാട് ഉപരിസന്ദേശങ്ങള്‍കൂടിയുണ്ട് എന്നതാണു സത്യം. മെല്‍വിന്‍റെയും മേരിയുടെയും ബന്ധത്തിന്‍റെ നീണ്ട ചരിത്രത്തിന്‍റെ പശ്ചാത്തലത്തിലേ അതു വ്യക്തമാകുകയുള്ളൂ. ആ പശ്ചാത്തലത്തില്‍നിന്നു നോക്കുമ്പോള്‍ മെല്‍വിന്‍ പറഞ്ഞത് മേരി കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടോ എന്നുള്ളതിനെക്കുറിച്ചുള്ള അയാളുടെ വിധി പ്രസ്താവമാണ്.
ഇപ്പറഞ്ഞത് മേരിക്കു വ്യക്തമായി മനസ്സിലാകും. അതേയളവില്‍ മെല്‍വിന് അതു മനസ്സിലാകണമെന്നില്ല. നമ്മള്‍ വിമര്‍ശിക്കുന്നവരാണോ വിമര്‍ശിക്കപ്പെടുന്നവരാണോ എന്നതിനെ ആശ്രയിച്ച് നമ്മുടെ കാഴ്ചവട്ടം വ്യത്യസ്തമായിരിക്കും. വിമര്‍ശിക്കുന്നയാള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശത്തില്‍ മാത്രം ശ്രദ്ധിക്കുന്നു: "ഞാന്‍ ഒരു നിര്‍ദ്ദേശം വച്ചുവെന്നല്ലേയുള്ളൂ? അതിന്‍റെ പേരിലെന്താണിത്ര പിരിമുറുക്കം?" വിമര്‍ശിക്കപ്പെടുന്നയാള്‍ പക്ഷേ, വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഉപരിസന്ദേശത്തോടാണു പ്രതികരിക്കുന്നത്. മേരി ഇങ്ങനെയാണു പ്രതികരിച്ചത് എന്നിരിക്കട്ടെ: "ഞാന്‍ എന്താണു ചെയ്യേണ്ടതെന്ന് എപ്പോഴും നിങ്ങള്‍ ഉപദേശിക്കുകയാണ്." അതിനു മെല്‍വിന്‍റെ മറുപടി ഉറപ്പായും ഇപ്രകാരമാകുമായിരുന്നു: "എന്‍റെ വായൊന്നു തുറക്കാന്‍ പോലും ഇവിടെ സ്വാതന്ത്ര്യമില്ല."
ഇതോടൊപ്പം പറയേണ്ട മറ്റൊരു സംഗതികൂടിയുണ്ട്: പരസ്പരബന്ധം നിലനിര്‍ത്താനോ പരസ്പരനിയന്ത്രണം ചെലുത്താനോ ഉള്ള ശ്രമമാണ് അത്. മെല്‍വിന്‍ വിചാരിക്കുന്നത് അവനും അവളും ഒരേ ടീമിലായതുകൊണ്ട് ചില നിര്‍ദ്ദേശങ്ങള്‍ നല്കുന്നതില്‍ തെറ്റില്ല എന്നാണ്. വാഷ്ബേസിനില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവന്‍തന്നെ വേണമല്ലോ അതു ശരിയാക്കാനും. അവരിരുവരുടെയും ജീവിതങ്ങള്‍ അത്രമേല്‍ പരസ്പരബന്ധിതമാണ്. പക്ഷേ മേരിയുടെ വീക്ഷണത്തില്‍ താന്‍ പാത്രം കഴുകുന്ന രീതിപോലും മാറ്റണമെന്ന അഭിപ്രായമുള്ളയാളാണ് മെല്‍വിന്‍. മേരിക്കു മെല്‍വിന്‍, തന്നെ നിയന്ത്രിക്കാന്‍ സദാ ശ്രമിക്കുന്നയാളാണ്. തന്‍റെ അടുക്കളയിലെ ബോസാണു മേരിക്കു മെല്‍വിന്‍.
തന്‍റെ പ്രതികരണം മെല്‍വിന്‍ നല്കിയ ഉപരിസന്ദേശത്തോടാണെന്നു പിന്നീടു മേരിക്കു വിശദീകരിക്കാവുന്നതേയുള്ളൂ. അതു മനസ്സിലാക്കി, മെല്‍വിനു താന്‍ നല്കുന്ന നിര്‍ദ്ദേശങ്ങളുടെയും തിരുത്തലുകളുടെയും എണ്ണം കുറയ്ക്കാന്‍ നോക്കാം. മറ്റൊരു മാര്‍ഗം, താന്‍ ഉപരിസന്ദേശത്തിനു ആവശ്യത്തില്‍ കൂടുതല്‍ അര്‍ത്ഥം നല്കുകയാണെന്നു സ്വയം തിരിച്ചറിഞ്ഞ്, മെല്‍വിന്‍ പറഞ്ഞ ആ സന്ദേശത്തില്‍ മാത്രം മേരി ശ്രദ്ധയൂന്നുക എന്നുള്ളതാണ്. ഇതേ രീതിയില്‍ ആവശ്യമുള്ള മറ്റു സന്ദേശങ്ങളെയും പരിഗണിക്കുക, അല്ലാത്തവയെ തള്ളിക്കളയുക. ഇരുവരും കൈമാറുകയും പ്രതികരിക്കുകയും ചെയ്യുന്ന സന്ദേശങ്ങളെക്കുറിച്ചും ഉപരിസന്ദേശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായാല്‍, പിന്നീട് അവര്‍ക്കു തങ്ങളുടെ സംസാരരീതിയെക്കുറിച്ചു പരസ്പരം സംസാരിക്കാനാകും. അതുവഴി തങ്ങളുടെ സംസാരരീതിയില്‍ മാറ്റം വരുത്താനും അപമാനമോ മുറിവോ ഉണ്ടാക്കുന്നതു തടയാനുമാകും.
"ചെമ്മീന്‍ ഫ്രൈ കഴിച്ചാലോ?
ഡേവിസും ഐറിനും ഹോട്ടലിലിരുന്നു മെനുകാര്‍ഡ് നോക്കുകയാണ്. തനിക്കൊരു ബീഫ് ഫ്രൈ വേണമെന്ന് ഡേവിസ്. "ചെമ്മീന്‍ ഫ്രൈ കാര്‍ഡില്‍ ഉള്ളതു ശ്രദ്ധിച്ചോ?" എന്ന് ഐറിന്‍. അപ്രതീക്ഷിതമായിരുന്നു ഡേവിസിന്‍റെ മറുപടി: "ഞാന്‍ കഴിക്കുന്നതിനെച്ചൊല്ലിയുള്ള നിന്‍റെയീ വിമര്‍ശനം ഒന്നു നിര്‍ത്തുമോ, പ്ലീസ്?"
ഷോക്കേറ്റപോലെയായിരുന്നു ഐറിന്‍. "അതിനു ഞാനെന്തു വിമര്‍ശനമാണു നടത്തിയത്? മെനുവിലുള്ള മറ്റൊരു ഐറ്റം കാണിച്ചുതന്നതു മാത്രമല്ലേയുള്ളൂ?"
"ചെമ്മീന്‍ ഫ്രൈ ഉള്ളതു ശ്രദ്ധിച്ചോ" എന്നത് സന്ദേശത്തിന്‍റെ തലത്തില്‍നിന്നുമാത്രം നോക്കിയാല്‍ ഒരു വിമര്‍ശനമല്ല. തന്‍റെ ഭര്‍ത്താവു ശ്രദ്ധിക്കാതെപോയ ഒന്നിലേക്കുള്ള സ്നേഹപൂര്‍വ്വമായ ക്ഷണമാണ് അത്. എന്നാല്‍, കുറച്ചുനാളെത്തെയെങ്കിലും ബന്ധമുള്ള രണ്ടുവ്യക്തികള്‍ തമ്മിലുള്ള സംഭാഷണം അവരുടെ തുടര്‍ബന്ധത്തിന്‍റെ ഭാഗമാണ്. താന്‍ ഒരുപാടു മാംസാഹാരം കഴിക്കുന്നുവെന്ന്, ഒരുപാട് ഐസ്ക്രീം കഴിക്കുന്നുവെന്ന്, എല്ലാം ഒരുപാട് കഴിക്കുന്നുവെന്ന് ഐറീന്‍ തന്നെപ്പറ്റി ചിന്തിക്കുന്നുണ്ടെന്ന് ഡേവിസിനറിയാം.
അവരുടെയിടയിലുള്ള ബന്ധത്തിന്‍റെ ഒരു പ്രത്യേകമുഖമാണല്ലോ ഇത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ നിന്നാണ് ഡേവിസ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അങ്ങനെ വരുമ്പോള്‍ താന്‍ തെരഞ്ഞെടുത്ത ഭക്ഷണം അവള്‍ ശ്രദ്ധിച്ചുവെന്നത് തന്‍റെ ഭക്ഷരീതിയെ അവള്‍ എപ്പോഴും എതിര്‍ക്കുന്നുവെന്ന കാര്യമാണ് ഡേവിസിനെ ഓര്‍മ്മപ്പെടുത്തുന്നത്. ഐറീന്‍ അയാളോട് ഇപ്രകാരം ചോദിക്കുന്നുവെന്നിരിക്കട്ടെ, "ശരിക്കും താങ്കള്‍ക്ക് ഐസ്ക്രീം വേണോ?" ചോദ്യം ഇതാണെങ്കിലും മുന്‍പറഞ്ഞ കാര്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഡേവിസ് കേള്‍ക്കുന്നത് ഇതായിരിക്കും: "വേണ്ട, ഐസ്ക്രീം താങ്കള്‍ കഴിക്കേണ്ട." താന്‍ ചെയ്യുന്നകാര്യം അംഗീകരിക്കപ്പെടുന്നില്ലെന്ന തോന്നല്‍ ഉണ്ടാകുന്നത് പറഞ്ഞ വാക്കുകളില്‍ നിന്നല്ല, പിന്നെയോ അവരുടെ പൊതുബന്ധത്തിന്‍റെ ചരിത്രത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഉപരിസന്ദേശത്തില്‍ നിന്നാണ്.
മെനുകാര്‍ഡിലെ ചെമ്മീന്‍ ഫ്രൈ ചൂണ്ടിക്കാണിച്ചപ്പോള്‍ ഐറിന്‍ ചിലപ്പോള്‍ ഒരു വിമര്‍ശനവും ഉദ്ദേശിച്ചിരുന്നില്ലായിരിക്കാം. ഒരു പക്ഷേ ഡേവിസിന്‍റെ ചോയിസ് അവള്‍ അംഗീകരിക്കുന്നില്ലെന്നുമാകാം അര്‍ത്ഥം. (അവളതുപക്ഷേ, തുറന്നു സമ്മതിച്ചേക്കില്ല) നാം ഒരു കാര്യം എതിര്‍ക്കുന്നു എന്നുപറയാതെതന്നെ പറയാനുള്ള എളുപ്പമാര്‍ഗ്ഗമാണല്ലോ ചോദ്യം ചോദിക്കുക എന്നത്. (ഉദാ: ചീട്ടുകളിക്കാന്‍ പോകുന്ന ഭര്‍ത്താവിനോട് "ചീട്ടുകളിക്കു പോകുവാണോ? " എന്ന ഭാര്യയുടെ ചോദ്യം) നേരെ പറയുന്നതിനുപകരം 'വളഞ്ഞ' മാര്‍ഗ്ഗമായ ചോദ്യം ചോദിക്കലിലൂടെ തന്‍റെ ചെയ്തികളോടുള്ള എതിര്‍പ്പ് മറ്റേയാള്‍ പ്രകടിപ്പിക്കുകയാണെന്ന് ഒരാള്‍ എത്രകണ്ടു തിരിച്ചറിയുന്നുവോ അത്രകണ്ട് അതു രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കും മുറിവുകള്‍ക്കും കാരണമാകും. തന്‍റെ നിഷ്കളങ്കമായ ഒരു പരാമര്‍ശത്തോടുള്ള അങ്ങേയറ്റം അനാവശ്യമായ ഒരു പ്രതികരണമായിട്ടാണ് ഡേവിസിന്‍റെ പ്രതികരണത്തെപ്പറ്റി ഐറിനു തോന്നുന്നത്. അതേസമയം തന്‍റെ ആഹാരശൈലിയെ കുറ്റപ്പെടുത്തിയിട്ട്, അങ്ങനെ ചെയ്തില്ലെന്നു വാദിക്കുന്ന ഐറിനെയാണ് ഡേവിസ് കാണുന്നത്. ഡേവിസ് ചെമ്മീനായിരുന്നു ഓര്‍ഡര്‍ ചെയ്തത് എന്നിരിക്കട്ടെ. അപ്പോള്‍ അവള്‍, " ഇതാ മെനുവില്‍ ബീഫ് ഫ്രൈ ഉണ്ടല്ലോ " എന്നും പറയുമായിരുന്നോ? സാധ്യത തീരെ കുറവാണ്. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളില്‍, പ്രഖ്യാപിക്കപ്പെട്ട ഒരു തീരുമാനത്തിനുപകരമായി വയ്ക്കപ്പെടുന്ന നിര്‍ദ്ദേശം ആ തീരുമാനത്തോടുള്ള എതിര്‍പ്പായി വ്യാഖ്യാനിക്കപ്പെടാവുന്നതാണ്.
തുടക്കത്തില്‍ കണ്ട വാഷ്ബേസിന്‍ പ്രശ്നത്തിനും ഈ പ്രശ്നത്തിനും സമാനതകളേറെയുണ്ടെങ്കിലും ഈ പ്രശ്നം കൂടുതല്‍ ഗൗരവമുള്ളതാണ്. ഡേവിസിന്‍റെ ആരോഗ്യവും ജീവന്‍തന്നെയും അപകടകരമായ അവസ്ഥയിലാണെന്ന് ഐറിന് അറിയാം. അയാളുടെ കൊളസ്ട്രോള്‍ അളവ് വളരെ ഉയര്‍ന്നതാണ്. അയാളുടെ അപ്പന്‍ പ്രായമെത്തുന്നതിനുമുമ്പേ ഹൃദയസ്തംഭനം വന്നു മരിച്ചതാണ്. ഡേവിസ് കുറച്ചു മാംസാഹാരമേ കഴിക്കാവൂ എന്ന ഐറിന്‍റെ വാദത്തില്‍ കഴമ്പുണ്ട്. അവള്‍ക്ക് അയാളെ സ്നേഹമാണ്; ഇരുവരുടെയും ജീവിതങ്ങള്‍ ഇഴചേര്‍ന്ന് കിടക്കുന്നതുമാണ്. ഇതാണ് കുടുംബജീവിതത്തിന്‍റെ ഒരു വിരോധാഭാസം- അവരിരുവരും വളരെയടുത്തിരിക്കുന്നു എന്നതിനര്‍ത്ഥം ഒരാള്‍ മറ്റേയാളുടെ കാര്യത്തില്‍ തത്പര/തത്പരന്‍ ആണെന്നാണ്. അയാളെന്തുചെയ്യുന്നുവെന്നതും അയാള്‍ക്കെന്തു സംഭവിക്കുന്നുവെന്നതും അവള്‍ക്കു ശ്രദ്ധിക്കാതിരിക്കാനാവില്ല. പക്ഷേ, അത് കൈകടത്തലായും എതിര്‍പ്പായും ഒക്കെ വ്യാഖ്യാനിക്കപ്പെടാനുള്ള അവസരങ്ങളും അനേകമാണ്.
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇതാണ് പരസ്പരബന്ധത്തിന്‍റെയും പരസ്പരനിയന്ത്രണത്തിന്‍റെയും വൈരുദ്ധ്യം. നിയന്ത്രണത്തിന്‍റെ ധ്രുവത്തില്‍നിന്നു നോക്കിയാല്‍ ഐറിന്‍ കൈകടത്തുന്നവളും കാര്യങ്ങളെ വിമര്‍ശിക്കുന്നവളുമാണ്. ബന്ധത്തിന്‍റെ ധ്രുവത്തില്‍ നിന്നു നോക്കിയാല്‍ ഇരുവരുടെയും ജീവിതം ഇഴചേര്‍ന്നിരിക്കുന്നു എന്ന അവളുടെ ബോദ്ധ്യമാണു ശ്രദ്ധയില്‍പ്പെടുന്നത്. ഒരാള്‍ നമ്മോട് വളരെ ചേര്‍ന്നിരിക്കുന്നതുകൊണ്ട്, നമ്മെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. നാം തമ്മിലുള്ള ഗാഢമായ ബന്ധം നിമിത്തം അയാളുടെ വിമര്‍ശനത്തെ വളരെ ഗൗരവത്തോടെ നാം കാണുകയും ചെയ്യുന്നു. അങ്ങനെയാണ് കുടുംബബന്ധങ്ങളില്‍ കോപത്തിലേക്കു നയിക്കുന്ന അനിഷ്ടങ്ങള്‍ ഉണ്ടാകുക.
" ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല" എന്നു പറഞ്ഞ് ഐറിന്‍ എതിര്‍ക്കുമ്പോള്‍ പറഞ്ഞ ഉപരിസന്ദേശത്തെ തള്ളിക്കളയുകയും പറഞ്ഞ സന്ദേശത്തെമാത്രം ആശ്രയിക്കുകയുമാണ് അവള്‍. നമ്മളതു ചെയ്യുന്നത് ഒരു വഴക്ക് ഒഴിവാക്കാനും അതേസമയം പറയാനുള്ളത് പറയാനും വേണ്ടിയാണ്. മിക്ക കേസുകളിലും അതുശരിയാണ്; പക്ഷേ, മറ്റേയാള്‍ തിരിച്ചറിഞ്ഞ അതിലെ ഉപരിസന്ദേശത്തെ എതിര്‍ക്കുന്നതിലോ അവഗണിക്കുന്നതിലോ ന്യായീകരണമില്ല. നാം പറഞ്ഞവാക്കുകള്‍ക്കപ്പുറത്ത് കാര്യങ്ങള്‍ വായിച്ചെടുക്കുന്ന ഒരാളോട് നാം പറഞ്ഞതിന്‍റെ മാത്രം ന്യായാന്യായങ്ങള്‍ വാദിക്കുന്നതില്‍ കാര്യമായ കഴമ്പില്ല. എപ്പോഴും വിമര്‍ശിക്കപ്പെടുകയെന്നത് നമ്മെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍, നമ്മെ ശരിക്കും ഭ്രാന്തുപിടിപ്പിക്കുന്നത് അവര്‍ പറഞ്ഞതിലെ വ്യംഗ്യാര്‍ത്ഥത്തെക്കുറിച്ച് നാം സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവരതുനിഷേധിക്കുന്നതാണ്. അവര്‍ പറഞ്ഞതും നമ്മള്‍ കേട്ടതും തമ്മില്‍ പൊരുത്തമില്ലാതെ പോകുന്നു എന്നിടത്താണ് വാദപ്രതിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നത്.
പരസ്പരബന്ധത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും തലത്തില്‍ നിന്നുകൂടി കാര്യങ്ങളെ ഒന്നു വിലയിരുത്തുക. ഒരാള്‍ ചെയ്യുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെടുന്നത് അയാളുടെ കാര്യത്തില്‍ കൈകടത്തലാണ്. അതേസമയം പരസ്പരബന്ധം നിമിത്തമാണു അതു സംഭവിക്കുന്നത്. അയാള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളെയായിരിക്കും അതേറ്റവും കൂടുതല്‍ ബാധിക്കുന്നത്. അത്രമാത്രം ഇഴചേര്‍ന്നതാണ് ഇരുജീവിതങ്ങളും എന്നതുകൊണ്ടാണ് ഈ നിയന്ത്രണം കൂടുതല്‍ ഉണ്ടാകുന്നത്.
ഇരുവരുടെയും ബന്ധം ദീര്‍ഘനാളത്തെയായതുകൊണ്ട് ഉപരിസന്ദേശത്തെക്കുറിച്ച് ഇരുവരും സംസാരിക്കുന്നതാണ് നല്ലത്. ഡേവിസിന്‍റെ ആരോഗ്യത്തില്‍ തനിക്ക് ആകുലതയുണ്ടെന്ന് ഐറിന്‍ സമ്മതിക്കേണ്ടതുണ്ട്. ഈ ആകുലതയുടെ കാരണങ്ങളും അവള്‍ പറയേണ്ടതാണ്. അങ്ങനെ, ഒരു തര്‍ക്കം ഒഴിവാക്കാനുള്ള സാധ്യതയേറും.