വിഷാദരോഗ(depression)ത്തിനും അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)ത്തിനും ഡോ. ലിസ്മില്ലര്‍ സ്വാനുഭവത്തില്‍നിന്ന് രൂപപ്പെടുത്തിയ പതിനാലുദിവസത്തെ മരുന്നില്ലാ ചികിത്സയായ മനോനിലചിത്രണം (Mood Mapping) ഒന്‍പതാം ദിവസം നമ്മുടെ ബോധനനിലവാരം മനോനിലയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വിവരിക്കുന്നു. നാം ഇതുവരെ പഠിച്ചുവച്ച കാര്യങ്ങള്‍ പ്രസാദാത്മകമായി ജീവിക്കാന്‍ നമ്മെ സഹായിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുചെയ്യണം?
ഉത്കണ്ഠാകുലരും നിരാശിതരുമെങ്കില്‍ നമുക്ക് ഒന്നും പഠിക്കാനാവില്ല. ശാന്തിയില്‍ മാത്രമാണ് ക്രിയാത്മകമായ പഠനം നടക്കുക. നാം, എന്നാല്‍, പഠിച്ചതു മുഴുവന്‍ ഉത്കണ്ഠാകുലരാകാനാണെങ്കില്‍ എന്തുചെയ്യാം? പ്രസാദാത്മകതയിലേക്കുള്ള വഴിതിരിയല്‍ അത് അസാധ്യമാക്കും. പഴയ 'അറിവുകളെ' നമുക്ക് കുടഞ്ഞുകളഞ്ഞേ പറ്റൂ. പഠിച്ചെടുത്തതുപോലെ അതു പറിച്ചെറിഞ്ഞേ പറ്റൂ. പുതിയ 'അറിവു' കൊണ്ട് പകരം വെച്ചേ മതിയാകൂ.
മനോനില മാറാന്‍ ശാന്തരാകേണ്ടിയിരിക്കുന്നു. നിങ്ങളുടെ 'അറിവ്' ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്ക് ശാന്തരാകാം. നിങ്ങളുടെ വര്‍ത്തമാനകാലത്തെ, ഭാവിയെ അങ്ങനെ നിങ്ങള്‍ക്ക് പൊളിച്ചെഴുതാം, പ്രസാദാത്മകമായ വഴിയില്‍.
വീണ്ടും പഠനം
അന്വേഷണകുതുകികളാണ് മനുഷ്യര്‍ പൊതുവേ. ചോദ്യം ചോദിച്ചും ഉത്തരം കണ്ടെത്തിയുമാണ് നാം 'അറിവ്'നേടുക. നാം ചോദിക്കുന്ന ചോദ്യങ്ങളും അതിനു ലഭിക്കുന്ന ഉത്തരങ്ങളും ഓരോ സന്ദര്‍ഭത്തെയും പ്രശ്നത്തെയും എങ്ങനെ സമീപിക്കണമെന്ന് തീരുമാനിക്കുന്നു. ഉദാഹരണത്തിന്, "എന്‍റെ ജന്മദിനത്തിനു മാത്രമെന്താ എപ്പോഴും മഴ?" എന്ന ചോദ്യത്തിന് ഞാന്‍ ഭാഗ്യംകെട്ട കുട്ടിയായതിനാല്‍ എന്ന നിഷേധാത്മകമായ മറുപടി ലഭിച്ചേക്കാം. കാരണം ആ ചോദ്യത്തില്‍ തന്നെ നിഷേധാത്മകമായ മറുപടി അടങ്ങിയിരിക്കുന്നു എന്നതുതന്നെ.
'ഭാഗ്യഘടകം'(The Luck Factor ) എന്ന പുസ്തകമെഴുതിയ റിച്ചാര്‍ഡ് വൈസ്മാന്‍(Richard Wiseman) ആളുകളുടെ ചിന്താഗതി അവരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കുമെന്ന് പറയുന്നു. നിര്‍ഭാഗ്യര്‍ എന്നു നാം സ്വയം കരുതുന്നുവെങ്കില്‍ നിര്‍ഭാഗ്യം സംഭവിക്കുകതന്നെ ചെയ്യും. ഭാഗ്യശാലികളാകാന്‍ ഭാഗ്യശാലികളെന്നു തന്നെ കരുതണം. പ്രസാദാത്മക, 'ഭാഗ്യാത്മക' ഉത്തരം കിട്ടാന്‍ അതിനാല്‍ അതിനു പറ്റുന്ന ചോദ്യം ചോദിക്കണം. അതിനുള്ള ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ രൂപപ്പെടണം. "ജന്മദിനത്തിന് പൂന്തോട്ടം നനയ്ക്കേണ്ടി വരുന്ന സൊല്ല എന്നും എനിക്ക് ഒഴിവായികിട്ടുന്നതെന്തുകൊണ്ട്?' എന്ന് ചോദിച്ചുകൂടേ? 'കാരണം നിങ്ങള്‍ ഭാഗ്യം ചെയ്ത കുട്ടിയാണ്' എന്ന വിളിച്ചുണര്‍ത്തുന്ന മറുപടി നിങ്ങള്‍ക്ക് ലഭിക്കും.
നിങ്ങളുടെ ചിന്താഗതി നിങ്ങളുടെ മനോനിലയെ മൗലികമായി സ്വാധീനിക്കും.
ആധികാരിക ചോദ്യങ്ങള്‍ ചോദിക്കുക
ചോദ്യം ചോദിച്ചും ഉത്തരം തേടി കണ്ടെത്തിയും മനുഷ്യമനസ്സ് പഠിക്കുന്നു. ആധികാരികമായ ചോദ്യങ്ങള്‍ ജീവിതത്തിലെ ശുഭകാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. എന്‍റെ സഹോദരിക്ക് എന്നെക്കാള്‍ ശമ്പളം എങ്ങനെ കിട്ടുന്നു? എന്ന തരത്തിലുള്ള നിഷേധാത്മക ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നാല്‍ നിഷേധാത്മക മറുപടികള്‍ മാത്രം കിട്ടിക്കൊണ്ടിരിക്കും. പകരം, "ഇന്നത്തെ ദിവസം നന്നാക്കാന്‍, ചുറ്റുമുള്ളവര്‍ക്ക് നല്ലത് എന്തെങ്കിലും ചെയ്യാന്‍" എന്താ വഴി എന്നു ചോദിച്ചാലോ? പ്രസാദാത്മക ഉത്തരം കിട്ടും. തീര്‍ച്ച. ധനാത്മകമായ ഉത്തരങ്ങള്‍ ലഭിക്കാവുന്ന ആധികാരിക ചോദ്യങ്ങള്‍ കരുത്തും ആത്മവിശ്വാസവും ആനന്ദവും സമ്മാനിക്കുന്ന ധനാത്മക, പ്രസാദാത്മക ഉത്തരം നല്‍കും. അതു നിങ്ങളുടെ മനോനില(Mood) പ്രസാദാത്മകമാക്കും.
ചോദിക്കുന്നതിനു മുന്‍പും പിന്‍പും നിങ്ങളുടെ മനോനില രേഖപ്പെടുത്തി ആധികാരിക ചോദ്യങ്ങളുടെ സാംഗത്യം നിങ്ങള്‍ക്ക് അളക്കാം എങ്കില്‍ നിങ്ങളുടെ നോട്ട്ബുക്ക് എടുത്തുകൊള്ളുക. ഓരോ ദിവസവും ഒന്നോ രണ്ടോ ചേദ്യങ്ങള്‍ സ്വയം ചോദിക്കുക. കിട്ടുന്ന ഉത്തരം നോട്ട്ബുക്കില്‍ പകര്‍ത്താം. മനോനില ചിത്രണം ചെയ്യാന്‍ കൂടി ഓര്‍ക്കുക. ആധികാരിക ചോദ്യം കൊണ്ടുവരുന്ന മാറ്റം നിങ്ങള്‍ അപ്പോള്‍ അറിയും.
ചോദിക്കുക
* എന്തുകൊണ്ട് ഇന്നു ഞാന്‍ കൃതജ്ഞതാഭരിതനാകണം?
* എന്ത് നേടണം ഇന്ന്?
* എന്ത് പഠിക്കണം ഇന്ന്?
* എന്ത് സംഭാവന നല്‍കണം ഇന്ന്?
നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ഏതാണ്ട് ഇങ്ങനെയായിരിക്കാം.
* എന്‍റെ അടുത്ത കൂട്ടുകാരിയുടെ ജന്മദിനം ഇന്നെന്ന് ഓര്‍മ്മിക്കാന്‍ കഴിഞ്ഞു. രാവിലെ തന്നെ ആശംസ നേരാന്‍ കഴിഞ്ഞതില്‍ നന്ദിയുണ്ട്.
* വിദേശത്തു പോകുന്ന ബന്ധുവിനെ അതിനു മുമ്പ് കണ്ട് യാത്ര പറയാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥതയുണ്ട്.
* ഇന്ന് പച്ചക്കറിത്തോട്ടം വൃത്തിയാക്കാന്‍ എനിക്കു കഴിഞ്ഞു.
* മുടങ്ങിക്കിടന്ന എഴുത്ത് ഇന്ന് പുനരാരംഭിക്കാന്‍ കഴിഞ്ഞു.
* മാറ്റിവച്ചിരുന്ന പുസ്തകം വായിക്കാന്‍ തുടങ്ങി.
* പുതിയ ബിസിനസ്സ് സാധ്യതകളെക്കുറിച്ച് ചിന്തിച്ചത് ഫലപ്രദമായി.
* രോഗബാധിതനായ സുഹൃത്തിനൊപ്പം ചെലവഴിക്കാന്‍ ഇന്നത്തെ ദിവസം മാറ്റിവച്ചു.
പിടികിട്ടിയോ? എന്നെ വിശ്വസിക്കാം. ആഘോഷിക്കാന്‍ എപ്പോഴും എന്തെങ്കിലും ഉണ്ടാവും.
(തുടരും)