പ്രാര്‍ഥിക്കേണ്ടത് എങ്ങനെയെന്നു കാണിച്ചു തരുന്ന ഉപമകളായി പൊതുവേ പരിഗണിക്കപ്പെ ടുന്ന രണ്ട് ഉപമകളെക്കുറിച്ചുള്ള പഠനമാണ് ഈ ലേഖനം.
ശല്യപ്പെടുത്തുന്നവനും ഉറങ്ങുന്നവനും (ലൂക്കാ 11:5-8)
ഉറക്കത്തിലായ കൂട്ടുകാരനെ രാത്രിയില്‍ ചെന്ന് അപ്പത്തിനുവേണ്ടി ഉണര്‍ത്തുന്നവന്‍റെ ഉപമ പി.ഒ.സി. ബൈബിളില്‍ കൊടുത്തിരിക്കുന്നത് "പ്രാര്‍ഥനയുടെ ശക്തി" എന്ന തലക്കെട്ടോടെ യാണ്. ഈയൊരു തലക്കെട്ടിനു കാരണം ഉപമക്കു ശേഷം വരുന്ന പ്രാര്‍ഥനയെക്കുറിച്ചുള്ള വാക്യങ്ങ ളാകണം. ലൂക്കാ 11:9-13 തുടങ്ങുന്നത് ഇങ്ങനെ യാണ്: "ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും..." ഇതേ ഭാഗം ചെറിയ വ്യത്യാസങ്ങളോടെ മത്തായിയുടെ സുവിശേഷത്തിലുമുണ്ട്(7:7-11). അവിടെയും തലക്കെട്ട് "പ്രാര്‍ഥനയുടെ ശക്തി" എന്നുതന്നെ. എന്നാല്‍, മത്തായിയില്‍ ഈ ഭാഗത്തിനു തൊട്ടു മുമ്പുള്ളത് "അന്യരെ വിധിക്കരുത്" (മത്താ. 7:1-6) എന്ന ഭാഗമാണ്. ഈ താരതമ്യത്തില്‍നിന്നു നമുക്കു മനസ്സിലാകുന്നത്, പ്രാര്‍ഥനയെക്കുറിച്ചുള്ള യേശു വിന്‍റെ ഉദ്ബോധനത്തിന്‍റെ പശ്ചാത്തലം ഏതെന്ന കാര്യത്തില്‍ സുവിശേഷങ്ങള്‍ തമ്മില്‍ വ്യത്യാസമു ണ്ടെന്നാണല്ലോ. അപ്പോള്‍, "ചോദിക്കുവിന്‍, നിങ്ങ ള്‍ക്കു ലഭിക്കു"മെന്ന യേശുപാഠത്തിന്‍റെ പശ്ചാത്ത ലമായി, രാത്രിയില്‍ അപ്പത്തിനുവേണ്ടി വരുന്നയാ ളെക്കുറിച്ചുള്ള ഉപമ എഴുതിച്ചേര്‍ത്തത് ലൂക്കാ തന്നെയാകണം എന്നുവരുന്നു. ഈ ഉപമയും തുടര്‍ ന്നുള്ള വാക്യങ്ങളും ലൂക്കായുടെ സുവിശേഷ ത്തില്‍ കാണുന്ന അതേ ക്രമത്തിലാണു യേശു പറഞ്ഞതെന്നു കരുതുന്നതില്‍ കഴമ്പില്ലെന്ന് അങ്ങനെ നമുക്ക് അനുമാനിക്കാം. ഇവയില്‍ നിന്നൊക്കെ നാം എത്തിച്ചേരുന്നത്, നമ്മുടെ ഉപമയെ (ലൂക്കാ 11:5-8) തുടര്‍ന്നു വരുന്ന വാക്യങ്ങ ളുടെ (ലൂക്കാ 11:9-13) വെളിച്ചത്തിലേ വായിക്കാ നാകൂ എന്നതു നിര്‍ബന്ധമുള്ള കാര്യമല്ല എന്ന നിഗമനത്തിലാണ്. ഉപമയും ഉപമയ്ക്കു ശേഷമുള്ള ഭാഗവും വേര്‍തിരിക്കാനാവാത്ത വിധത്തില്‍ ഒരൊറ്റ യൂണിറ്റായി യേശുവിന്‍റെ കാലംമുതലേ നില നിന്നിരുന്നു എന്നു കരുതാനാകില്ല.
ശ്രദ്ധ അര്‍ഹിക്കുന്ന മറ്റൊരു കാര്യം, "ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും ..." എന്ന ഭാഗത്തെ ക്രിയാപദങ്ങളൊക്കെ പ്രാര്‍ഥനയുടെ നൈരന്തര്യത്തെ സൂചിപ്പിക്കുന്നവയാണ് എന്നതാണ്. ഗ്രീക്കുഭാഷയില്‍ കാണുന്ന ക്രിയാപദങ്ങളെ അതേ പടി പരിഭാഷപ്പെടുത്തിയാല്‍, ചോദിച്ചുകൊണ്ടേയിരിക്കുക, അന്വേഷിച്ചുകൊണ്ടേയിരിക്കുക, മുട്ടിക്കൊണ്ടേയിരിക്കുക എന്നിങ്ങനെയാണു നാം വായിക്കേണ്ടത്. എന്നാല്‍, നമ്മുടെ ഉപമയിലെ കിടക്കയിലായിരിക്കുന്ന ആള്‍ വാതിലില്‍ മുട്ടിയവന്‍റെ ആവശ്യം നിരാകരിക്കുന്നതിന്‍റെ ഒരു സൂചനയുമില്ല. അതുകൊണ്ടുതന്നെ വാതില്‍ക്ക ലുള്ള മുട്ടല്‍ തുര്‍ച്ചയായുള്ള മുട്ടലല്ല. തുടര്‍ച്ചയായി പ്രാര്‍ഥിക്കണമെന്നതല്ല ഈ ഉപമയുടെ ഫോക്കസ് എന്ന് അങ്ങനെ നമുക്കു വ്യക്തമാകുന്നു.
ശ്രോതാക്കളില്‍നിന്ന് "ഇല്ല" എന്നയുത്തരം പ്രതീക്ഷിക്കുന്ന പല ചോദ്യങ്ങളും സുവിശേഷങ്ങളില്‍ ഉടനീളം നാം കാണുന്നുണ്ട്: "മകന്‍ അപ്പം ചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിലുണ്ടോ" (മത്താ. 7:9)? "തന്‍റെ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ അതിനെ പിടിച്ചു കയറ്റാത്തവര്‍ നിങ്ങളിലാരാണ്"(മത്താ. 12:11)? "ഗോപുരം പണിയാന്‍ ഇച്ഛിക്കുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്നു നോക്കാത്തവന്‍ നിങ്ങളില്‍ ആരുണ്ട്" (ലൂക്കാ 14:28)? "തന്‍റെ നൂറിലൊരാടിനെ നഷ്ടപ്പെട്ടാല്‍ ... അതിനെ കണ്ടുകിട്ടുവോളം തേടിപ്പോകാത്തത് നിങ്ങളിലാരാണ്"(ലൂക്കാ 15:4)? "നിങ്ങളുടെ ഭൃത്യന്‍ വയലില്‍നിന്നു തിരിച്ചുവരുമ്പോള്‍ നീ ഉടനെ വന്നു ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ"(ലൂക്കാ 17:7)? ഈ ചോദ്യങ്ങളുടെ യെല്ലാം ഉത്തരം സുവ്യക്തമാണല്ലോ. ഇത്തരം "ചെറിയ" കാര്യങ്ങളില്‍നിന്ന് "വലിയ" കാര്യങ്ങളി ലേക്ക് ശ്രോതാക്കളെ കൂട്ടിക്കൊണ്ടുപോകുന്ന യേശുവിനെ സുവിശേഷങ്ങളില്‍ നാം പലതവണ കണ്ടുമുട്ടുന്നുണ്ട്. അപ്പം ചോദിക്കുന്ന മകന് നിങ്ങള്‍ അതുതന്നെ കൊടുക്കുമെങ്കില്‍ അതിലുമെത്രയോ അധികമായി നല്ല കാര്യങ്ങള്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ചെയ്തുതരുമെന്ന് മത്താ. 7:11. കുഴിയില്‍ വീണ ആടിനെ സാബത്തു ദിനം രക്ഷിക്കുന്നതു ശരിയാണെങ്കില്‍ അതിലുമെത്രയോ ശരിയാണ് സാബത്തില്‍ മനുഷ്യനെ സഹായിക്കു ന്നതെന്ന് മത്താ. 12:12. നഷ്ടപ്പെട്ട ആടിനെ തേടി ഇടയന്‍ പോകുമെങ്കില്‍ അതിലുമെത്രയോ താല്‍പര്യത്തോടെ പിതാവ് പാപികളെ തേടി അലയുമെന്ന് ലൂക്കാ 15:7. ചെറിയ വസ്തുതകളില്‍ നിന്ന് വലിയ വസ്തുതകളിലേക്ക് കേള്‍വിക്കാരെ ആനയിക്കുന്ന കര്‍ത്താവിനെയാണ് ഈ സുവിശേഷ ഭാഗങ്ങളിലെല്ലാം നാം കാണുന്നത്.
നമ്മുടെ ഉപമയിലെ ആദ്യ മൂന്നു വാക്യങ്ങള്‍ (ലൂക്കാ 11:5-7) ഒരൊറ്റ വാക്യമായിട്ടാണ് ഗ്രീക്കു ബൈബിളില്‍ നാം വായിക്കുന്നത്. നിങ്ങളിലാരെങ്കിലും ഒരതിഥിക്ക് അപ്പം കൊടുക്കുന്നതിനുവേണ്ടി ഒരു സുഹൃത്തിനെ അയാളുടെ ഉറക്കത്തില്‍ ശല്യപ്പെടുത്തിയാല്‍, അയാള്‍ നിങ്ങളെ സഹായി ക്കാതിരിക്കുമോ എന്നാണു ഏകദേശ ചോദ്യം. ഇതി നുള്ള ഉത്തരവും വളരെ വ്യക്തമാണ്: ഒരിക്കലും സഹായിക്കാതിരിക്കില്ല. സൗഹൃദത്തിന്‍റെ പേരില ല്ലെങ്കില്‍പോലും നിങ്ങളുടെ നാണമില്ലായ്മയുടെ യെങ്കിലും പേരില്‍ ആ സുഹൃത്ത് നിങ്ങളെ സഹായിക്കുകതന്നെ ചെയ്യും. (നിര്‍ബന്ധമെന്നാണ് പി.ഒ.സി. ബൈബിളിലെ പരിഭാഷ. പക്ഷേ, അനൈദൈയിയ എന്ന ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം നാണമില്ലായ്മ എന്നാണ്. ആവശ്യക്കാരന് ഔചിത്യ ബോധമില്ലല്ലോ.) അങ്ങനെയെങ്കില്‍, ഒരിക്കലും ഉറങ്ങാതിരിക്കുന്ന ദൈവം തന്നെ ആശ്രയിക്കുന്ന വരെ എത്രയോ കൂടുതലായി സഹായിക്കും എന്ന താണു നമ്മുടെ ഉപമയുടെ പാഠം. ഉപമയിലെ ഓരോ കഥാപാത്രത്തെയും വേറെ വേറെയെടുത്ത് വിശകലനം ചെയ്യുമ്പോഴല്ല, പിന്നെയോ കഥയെ ആകമാനം പരിഗണിക്കുമ്പോഴാണ് ഉപമയുടെ സന്ദേശം വ്യക്തമാകുക. അതിലെ സുഹൃത്തിനെ പ്പോലെ ദൈവവും ഉറക്കത്തിലാണെന്നു പഠിപ്പിക്കാനല്ലല്ലോ ഉപമ ശ്രമിക്കുന്നത്. കഥയിലെ സുഹൃത്തിനെ ശല്യപ്പെടുത്തിയതുപോലെ നമ്മള്‍ ദൈവത്തെ ശല്യപ്പെടുത്തണമെന്നും ഉപമ പഠിപ്പിക്കുന്നില്ല. ഓരോ കഥാപാത്രത്തെയുമല്ല, കഥയെ മുഴുവനായിട്ടുമാണ് വ്യാഖ്യാനിക്കേണ്ടത്.
നമ്മുടെ ഉപമയുടെ പശ്ചാത്തലം കര്‍തൃപ്രാര്‍ഥനയാണ് (ലൂക്കാ 11:1-4). അന്നന്നത്തെ അപ്പത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയും അതിലുണ്ടല്ലോ. ഇത്തരം പ്രാര്‍ഥനകള്‍ പിതാവ് തള്ളിക്കളയുമോ? അതിനുള്ള ഉത്തരമാണ് നമ്മുടെ ഉപമ. ആകുല തകൊണ്ട് ആയുസ്സിന്‍റെ ദൈര്‍ഘ്യം കൂട്ടാനാ കുമോയെന്ന് ലൂക്കാ 12:25 ല്‍ ചോദ്യമുണ്ട്. ഉത്തരം "ഇല്ല" എന്നുതന്നെയാണല്ലോ. കിളികളെയും ലില്ലികളെയും ദൈവം സംരക്ഷിക്കുന്നു. അപ്പോള്‍ അതിലുമെത്രയോ അധികമായി നമ്മെ ദൈവം പരിപാലിക്കുമെന്നും നാം അവിടെ വായിക്കുന്നു. സമാനമായ സന്ദേശമാണ് നാം ഇവിടെ പരിഗ ണിക്കുന്ന ഉപമയും നല്‍കുന്നത്. ഒരിക്കലും ഉറങ്ങാ ത്തവനാണ് ദൈവം. "നിന്‍റെ കാല്‍ വഴുതാന്‍ അവി ടുന്ന് അനുവദിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കംതൂങ്ങുകയില്ല. ഇസ്രായേലിന്‍റെ കാവല്‍ ക്കാരന്‍ മയങ്ങുകില്ല; ഉറങ്ങുകയുമില്ല" (സങ്കീ. 121: 3-4). ഉറങ്ങിപ്പോയ ഒരു സുഹൃത്തുപോലും നിങ്ങ ളെ സഹായിക്കാന്‍ സന്നദ്ധനാകുമെങ്കില്‍ അതിലു മെത്രയോ കൂടുതലായി ഉണര്‍ന്നിരിക്കുന്ന ദൈവം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉത്തരം തരും!
വിധവയും ന്യായാധിപനും (ലൂക്കാ 18:1-8)
നിരന്തരമായി നാം പ്രാര്‍ഥിക്കണമെന്നതാണ് ഈ ഉപമയുടെയും സന്ദേശമെന്ന രീതിയിലാണ് പൊതുവേ വ്യാഖ്യാനങ്ങള്‍ കണ്ടിട്ടുള്ളത്. ഉപമ യുടെ ആമുഖവാക്യത്തില്‍നിന്ന് ഒറ്റനോട്ടത്തില്‍ അങ്ങനെ തോന്നുന്നതില്‍ വലിയ തെറ്റുപറ യാനുമാകില്ല. എങ്കിലും ഉപമയുടെ പശ്ചാത്തലം പരിഗണിക്കുമ്പോള്‍ കഥയുടെ ഊന്നല്‍ മറ്റൊന്നാ ണെന്നു നമുക്ക് അറിയാന്‍ പറ്റും.
നമ്മുടെ ഉപമയുടെ തൊട്ടുമുമ്പുള്ള സുവിശേഷ ഭാഗം മനുഷ്യപുത്രന്‍റെ വരവിനെക്കുറിച്ചും ദൈവരാജ്യത്തിന്‍റെ സംസ്ഥാപനത്തെക്കുറിച്ചു മാണല്ലോ പഠിപ്പിക്കുന്നത് (ലൂക്കാ 17:20-35). മനുഷ്യപുത്രന്‍റെ നാളുകളിലൊന്ന് കാണാന്‍ ശിഷ്യന്മാര്‍ ആഗ്രഹിച്ചെങ്കിലും അതു സംഭവിക്കി ല്ലെന്നും (ലൂക്കാ 17:22) അതുകൊണ്ടുതന്നെ ആളുകള്‍, നോഹിന്‍റെയും ലോത്തിന്‍റെയും നാളുക ളിലേതുപോലെതന്നെ, തീറ്റയും കുടിയും വാങ്ങലും വില്‍പനയും നടലുമൊക്കെയായി കഴിയുമെന്നും (ലൂക്കാ 17:26,28) പ്രസ്തുത ഭാഗത്തു നാം വായിക്കുന്നു.
അങ്ങനെ പ്രതീക്ഷ മങ്ങിയ കാലത്തും കര്‍ത്താ വില്‍ വിശ്വസിക്കുന്നവര്‍ പ്രതീക്ഷ നഷ്ടപ്പെടു ത്താതെ ദൈവരാജ്യത്തിന്‍റെ സംസ്ഥാപനത്തിനായി പ്രാര്‍ഥനയോടെ കാത്തിരിക്കണമെന്നാണ് നമ്മുടെ ഉപമ നമ്മെ പഠിപ്പിക്കുന്നത്. ഉപമയുടെ ഒടുക്കം കാണുന്ന രണ്ടു വാക്യങ്ങളും ഈ വ്യാഖ്യാനത്തെ ശരിവയ്ക്കുന്നുണ്ട് : "ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാ തിരിക്കുമോ? അവിടുന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ? ഞാന്‍ നിങ്ങളോടു പറയുന്നു, 'ദൈവം വേഗത്തില്‍ അവര്‍ക്കു നീതി നടത്തിക്കൊടുക്കും"'(ലൂക്കാ 18:7-8). അപ്പോള്‍, എപ്പോഴും പ്രാര്‍ഥിക്കണമെന്നതല്ല ഉപമയുടെ ഫോക്കസ്, പിന്നെയോ ഭഗ്നാശരാകാതെ ദൈവരാ ജ്യത്തിന്‍റെ വരവിനായി കാത്തിരിക്കണം എന്ന താണ് ഉപമയുടെ പാഠം. (കൈവെടിയാത്ത പ്രതീക്ഷ പ്രാര്‍ഥനയായി പ്രതിഫലിക്കുമെന്നതും വസ്തുതയാണ്.)
ഏറ്റവും കൂടുതല്‍ ചൂഷണം അനുഭവിക്കുന്ന വരെന്ന രീതിയില്‍ വിധവകള്‍, അനാഥര്‍, പരദേശികള്‍ എന്നീ മൂന്നു കൂട്ടരെക്കുറിച്ച് ഒരുമി ച്ചുള്ള പരാമര്‍ശങ്ങള്‍ പഴയനിയമത്തില്‍ പലയിട ങ്ങളിലും കാണാം (ഉദാ: പുറപ്പാട് 22:22; നിയമാവര്‍ ത്തനം 10:18; 24:17; മലാക്കി 3:5). യഹൂദ സമൂഹ ത്തില്‍ ഭര്‍ത്താവു മരിച്ച ഭാര്യക്ക് അയാളുടെ സ്വത്തി ല്‍നിന്ന് ഒരു വിഹിതവും അനുവദിക്കപ്പെട്ടിരുന്നില്ല. ഭര്‍തൃവീട്ടില്‍ വേലക്കാരുടെ നിലയിലേക്ക് വിധ വകള്‍ തരംതാഴ്ത്തപ്പെട്ടിരുന്നു. പിതൃഗൃഹത്തി ലേക്കു മടങ്ങണമെങ്കില്‍ ഭര്‍തൃകുടുംബം കല്യാണ വേളയില്‍ ഭാര്യാവീട്ടിലേക്കു കൊടുത്ത പണം മടക്കിക്കൊടുക്കേണ്ടതുണ്ടായിരുന്നു. പൊതുവെ ഇവയെല്ലാം ബുദ്ധിമുട്ടേറിയതായിരുന്നതു കൊണ്ട് അടിമകളായി വില്‍ക്കപ്പെടുക എന്നതായിരുന്നു പല വിധവകളുടെയും തലേവര.
ഇത്തരം വിധവകളോട് അങ്ങേയറ്റത്തെ പരിഗണന കാണിക്കുന്ന ദൈവത്തെയാണു നാം പ്രഭാഷകന്‍റെ പുസ്തകത്തില്‍ കണ്ടുമുട്ടുന്നത്. "അനാഥന്‍റെ പ്രാര്‍ഥനയോ വിധവയുടെ പരാതി കളോ അവിടുന്ന് അവഗണിക്കുകയില്ല. തന്‍റെ കണ്ണീരിനു കാരണമായവനെതിരായി വിധവ വിലപിക്കുമ്പോള്‍ അവളുടെ കവിളിലൂടെ കണ്ണീര്‍ ഒഴുകുകയില്ലേ?.... കര്‍ത്താവു വൈകുകയോ സ്വസ്ഥനായിരിക്കുകയോ ഇല്ല" ( പ്രഭാ. 35:17-19). ഈ ദൈവത്തിന്‍റെ നേര്‍വിപരീതമാണ് നമ്മുടെ ഉപമ യിലെ ന്യായാധിപന്‍. നീതി തൊട്ടുതേച്ചിട്ടില്ലാത്ത അയാള്‍പോലും എന്നാല്‍ ആരുമല്ലാത്ത ആ വിധവയ്ക്കു നീതി നടത്തിക്കൊടുക്കുമെങ്കില്‍, നീതി മാനായ ദൈവം തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് ഉറപ്പായും നീതി നടത്തിക്കൊടുക്കുകതന്നെ ചെയ്യും - ഇതാണ് നമ്മുടെ ഉപമയുടെ പാഠം.
ദൈവരാജ്യത്തിന്‍റെ വരവിനെക്കുറിച്ചുള്ള ഉറപ്പും ആ വരവിനുമുമ്പുള്ള കാലവിളംബവും തമ്മിലുള്ള വൈരുദ്ധ്യത്തെ പ്രതീക്ഷകൊണ്ട് മറികടക്കാനുള്ള ശ്രമങ്ങള്‍ ബൈബിളില്‍ പലയി ടങ്ങളിലും കാണാം. "വെളിപാടു നിശ്ചിതസമയ ത്തിനായി കാത്തിരിക്കുന്നു; ആ സമയം അടുത്തു കൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. താമസിച്ചാലും അതിനായി കാത്തിരിക്കുക; അതു നിശ്ചയമായും വരും, താമസിക്കുകയില്ല" (ഹബക്കൂക്ക് 2:3). "കര്‍ത്താവിന്‍റെ പുനരാഗമനം വരെ ദീര്‍ഘക്ഷമയോടെ ഇരിക്കുക. ഭൂമി നല്‍കുന്ന മെച്ചമായ വിളവിനായി മുന്‍മഴയും പിന്‍മഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കര്‍ഷകന്‍ കാത്തിരിക്കുന്നത്! നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കര്‍ത്താവിന്‍റെ വരവു സമീപിച്ചിരി ക്കുകയാല്‍ നിങ്ങള്‍ സ്ഥിരചിത്തരാകുക" (യാക്കോബ് 5:7-8).
വിധവയുടെയും ന്യായാധിപന്‍റെയും ഉപമ അടിസ്ഥാനപരമായി ഈ പ്രതീക്ഷയിലേക്കാണ് ശ്രോതാക്കളെ ക്ഷണിക്കുന്നത്. വാക്കുകളുടെ ധാരാളിത്തമുള്ള പ്രാര്‍ഥനകളെ യേശു പുച്ഛിച്ചു തള്ളിയത് നമുക്ക് അറിയാവുന്നതാണ് (മത്തായി 6:7). അതുകൊണ്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രാര്‍ഥിക്കണമെന്നല്ല ഈ ഉപമ പഠിപ്പിക്കുന്നത്. നീതി നിറവേറ്റാന്‍ ദൈവം കാലതാമസമെടുക്കു മ്പോഴും അവിടുന്ന് ഒടുക്കം ഇടപെടുകതന്നെ ചെയ്യും എന്ന ഉറപ്പില്‍ ജീവിക്കാനാണ് ഉപമ നമ്മോട് ആവശ്യപ്പെടുന്നത്.
ഉപസംഹാരം
പ്രാര്‍ഥനയെക്കുറിച്ചുള്ള ഉപമകളായി ഈ രണ്ടുപമകളേയും പൊതുവെ വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍, ഇവ രണ്ടും എങ്ങനെ പ്രാര്‍ഥി ക്കണമെന്നല്ല പ്രധാനമായും പഠിപ്പിക്കുന്നത്. പിന്നെയോ നാം ആരോടു പ്രാര്‍ഥിക്കുന്നുവോ ആ ദൈവത്തിന്‍റെ പ്രധാന ഭാവമായ വിശ്വസ്തതയുടെ ചിത്രങ്ങളാണ് ഈ രണ്ടുപമകളും വായനക്കാരുടെ മുമ്പില്‍ വരച്ചുകാണിക്കുന്നത്. ദൈവം നമ്മുടെ ആവശ്യങ്ങളോട് ഉറപ്പായും പ്രതികരിക്കുകതന്നെ ചെയ്യും. കാലവിളംബം നേരിട്ടാലും പ്രതീക്ഷയോടെ നമുക്കു കാത്തിരിക്കാം.