news-details
മറ്റുലേഖനങ്ങൾ

ജെവരപ്പെരുമന്‍ പറഞ്ഞു "അവന്‍ (ജോഗി) പറയുന്നത്  കൈപ്പാടിനിവിടെ ആകെ ഉണ്ടായിരുന്ന ഒറക്ക് കെടുത്തീന്നാ....! എന്നോട് കൊറേ ചോദിച്ചു -  ഏടട്യ പെരുമാ കൈപ്പടാന്‍ന്ന്. പറഞ്ഞു കൊടുക്ക്വാണേ, കൈപ്പാടനെ പിടിച്ചു കൊടുത്താ കിട്ട്ന്ന് സമ്മാന നെല്ലിന്‍റെ കൊറച്ച് തരാന്ന്. ഞാങ്കാട്ടിക്കൊടുത്തു, എന്‍റെ തല പൊളിച്ചു നോക്കാമ്പറഞ്ഞു. അതിനാത്ത് കൈപ്പാടനും ഈരേം നിക്കാനെടം കിട്ടാണ്ട് പായുന്നുണ്ടെന്ന് പറഞ്ഞു." (Baby K.J., Mavelimanram P 132)

ജൈവനിര്‍മ്മിതിയുടെ പ്രാഗ്രൂപങ്ങളിലേക്ക് തിരികെ നടന്നാല്‍ കാലത്തിന്‍റെ പരിണാമ പ്രക്രിയയില്‍ കൈമോശം വന്ന സ്വത്വത്തെ - സ്നേഹത്തെ അതിന്‍റെ നിഷ്ക്കളങ്കതയില്‍ നിനക്ക് വീണ്ടെടുക്കാനാകും. വീണ്ടെടുപ്പിന്‍റെ ഈ പ്രക്രിയയില്‍ കണ്ണി ചേരേണ്ടത് വികസനക്കുതിപ്പുകളുടെ അതിവേഗങ്ങളില്‍ ഭൂമിയിലെ ഇടംപോലും നഷ്ടമായ ഒരു കൂട്ടം ആദിമനിവാസികളാണ്. അവരുടെ സംസ്കാരവും തനിമയും നിഷ്ക്കളങ്കതയുടെയും നന്മയുടെയും ബാലപാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നില്‍ക്കാന്‍ ഇടമില്ലാതെ അലയാന്‍ വിധിക്കപ്പെടുമ്പോഴും സ്വമേധയാ അലഞ്ഞ കാലത്തിന്‍റെ വിശുദ്ധി കൈമോശം വരാതിരിക്കാന്‍ ആഗ്രഹിക്കുന്ന കൂട്ടരാണിവര്‍. ഇന്ന് കേരളത്തിലെ ആദിമനിവാസികളുടെ വംശങ്ങള്‍ അതിജീവനത്തിന്‍റെ നേര്‍ത്ത നൂല്‍പ്പാലങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ "കാടര്‍" എന്ന പ്രാക്തന ഗോത്രവിഭാഗത്തിന്‍റെ കഥകളും അവരുടെ വാഴച്ചാല്‍ ഊരിലെ ആദ്യവനിതാ മൂപ്പത്തി ഗീതയുടെ (കേരളത്തിലെ രണ്ടാമത്തെ) സ്വപ്നങ്ങളും തികച്ചും കാലിക പ്രസക്തമാണ്. നിങ്ങള്‍ എത്രകാലം ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം. ഈ ഇരുപത്തിയൊന്‍പത് വയസ്സുകാരിയുടെ ജീവിതത്തെ നേര്‍രേഖയില്‍ വായിച്ചു പഠിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.
തന്‍റെ സ്വപ്നങ്ങളും കഥകളും ജീവിതവും അസ്സീസിക്കായി പങ്കുവെയ്ക്കാന്‍ ഗീത തയ്യാറായി. ഒരു ദീര്‍ഘസംഭാഷണത്തിന് അവസരം ചോദിക്കാന്‍ ചാലക്കുടി ബസ്സ്സ്റ്റാന്‍റില്‍ വച്ച് കണ്ടുമുട്ടുമ്പോള്‍ നാട്ടിലെത്തുമ്പോഴൊക്കെ തന്നെ അസ്വസ്ഥതപ്പെടു ത്തുന്ന തലവേദനയുടെ വിങ്ങലില്‍ ആയിരുന്നവര്‍. പിറ്റേന്ന് അതിരാവിലെ വാഴച്ചാലില്‍ അവരുടെ വീട്ടുമുറ്റത്ത് എത്തുമ്പോള്‍ അസ്വസ്ഥതകളെയൊക്കെ കാടിന് കൊടുത്ത് ഊര്‍ജ്ജം തിരികെ വാങ്ങിയ തികച്ചും വ്യത്യസ്തയായ ഒരാളെയാണ് കാണാന്‍ കഴിഞ്ഞത്. ഇന്ന് കേരളത്തിന്‍റെ സാമൂഹിക സാംസ്കാരിക തലങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന പത്തു സ്ത്രീകളെ തെരഞ്ഞെടുത്താല്‍ അവരിലൊരാള്‍ ഗീതയായിരിക്കും എന്നതിന് തര്‍ക്കമില്ല. ഈ ചോദ്യങ്ങള്‍ - ഉത്തരങ്ങള്‍ എന്തിന്? ആര്‍ക്ക്? അസ്സീസി മാസിക? തുടങ്ങി എല്ലാം വളരെ കൃത്യമായി മനസ്സിലാക്കി ബോദ്ധ്യം വന്നതിനുശേഷമാണ് ഗീത മനസ്സു തുറന്നത്.

? ഗീതയുടെ കുടുംബം

അച്ഛന്‍ കുരുമ്പയ്യന്‍, അമ്മ ഗിരിജ, സഹോദരങ്ങളില്‍ ഒരാള്‍ മരണമടഞ്ഞു. ഒരു സഹോദരിയുണ്ട്. പരസ്പരമുള്ള കൈത്താങ്ങുകളില്‍ കുടുംബം മുന്നോട്ടുപോകുന്നു. ജ്യേഷ്ഠന്‍റെയും സഹോദരിമാരുടെയും മക്കളൊക്കെ എനിക്ക് സ്വന്തം കുട്ടികളാണ്. സ്നേഹത്തിന്‍റെ ഈ ഇഴയടുപ്പം തന്നെയാണ് എന്നെ നിലനിര്‍ത്തുന്നത്.

? കുട്ടിക്കാലം - പഠനം

കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ക്ക് ജീവന്‍ വയ്ക്കുന്നത് ഈ ചാലക്കുടി പുഴയോടൊത്താണ്. പഠനം മൂന്നു വയസ്സു മുതല്‍ ഒന്‍പതാം ക്ലാസു വരെ വിവിധ സ്കൂള്‍ബോര്‍ഡിങ്ങുകളില്‍ ആയിരുന്നു. പഠനവും ജീവിതവും രണ്ടും രണ്ടായിത്തന്നെയായിരുന്നു. കാരണം ജീവിതം നിറഞ്ഞു നിന്നതും ആസ്വദിച്ചതും അവധിക്കാലത്ത് വാഴച്ചാലില്‍ വരുമ്പോഴാണ്. കുട്ടികളുടെ ചെറുസംഘങ്ങള്‍ രാവിലെ മുതല്‍ പുഴയില്‍ ചാടും. ഈറ്റയുടെ മുകളില്‍ കയറുന്നതു മുതല്‍ വെള്ളത്തിലോട്ടു ചാടുന്നതും മീന്‍ പിടിച്ചു സ്വയം പാചകം നടത്തുന്നതും ഒന്നും ഒരിക്കലും മറക്കാന്‍ പറ്റില്ല. പഠനകാലത്ത് പഠിക്കാന്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിനിയായിരുന്നെങ്കിലും മുന്നോട്ട്  കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പഠനത്തിന് എന്നെ സഹായിച്ച ചില അദ്ധ്യാപകര്‍ ഉണ്ടായിരുന്നു. അതില്‍ സിസ്റ്റര്‍ ജ്യോതി എടുത്തു പറയേണ്ട ഒരാളാണ്. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. പഠനത്തില്‍ കൈത്താങ്ങുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും തിരസ്ക്കരണങ്ങളും വളരെയുണ്ടായിട്ടുണ്ട്. "സണ്‍" എന്ന പദത്തിനര്‍ത്ഥം മകനാണോ, സൂര്യനാണോ എന്ന ആശയക്കുഴപ്പത്തിന് കയ്യടിച്ച് പൊട്ടിച്ചിട്ടുണ്ട് ഒരധ്യാപിക. ചെറിയ കൈത്തലം നീരുവന്ന് വീര്‍ത്ത് കൈകൂപ്പാന്‍പോലും പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഇന്ന് അവരോട് പരിഭവം ഒന്നുമില്ല. എങ്കിലും ഈ അധ്യാപകര്‍ ആരെയും അങ്ങനെ ഉപദ്രവിക്കരുതെന്ന അപേക്ഷമാത്രം.

ബാല്യത്തിലെ പഠനത്തെക്കാള്‍ ഉപരി കളികളാണ് എന്നെ ഞാനാക്കി മാറ്റിയതെന്ന് പറയാം. പത്താം ക്ലാസ് പഠനം തിരികെ വാഴച്ചാല്‍ ഊരില്‍ നിന്നായിരുന്നു. വീട്ടിലെ സാഹചര്യങ്ങള്‍ മൂലം വീട്ടിലിരുന്ന് പഠിക്കാന്‍ അത്ര സാധിച്ചില്ല. അതിനാല്‍ തന്നെ പത്താംതരം തോറ്റുപോയി. തുടര്‍ന്ന് ട്രൈബല്‍ പ്രൊമോട്ടറായി ഊരില്‍ ജോലിചെയ്തു തുടങ്ങി. ഡേറ്റാ കളക്ഷന്‍, ഊരിലെ മക്കള്‍ക്കാവശ്യമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരിചയപ്പെടുത്തല്‍ etc. ആ ജോലിയുടെ സാധ്യതകള്‍ ഞാന്‍ ആസ്വദിച്ച് ചെയ്തു. സെക്രട്ടറിയേറ്റ് കാണാന്‍ പോയതും ഞങ്ങളുടെ കാര്യങ്ങള്‍ ഉദ്യോഗസ്ഥതലങ്ങളില്‍ അറിയിച്ച് വേണ്ടത് ചെയ്തുകൊടുത്തതുമൊക്കെ ഈ കാലഘട്ടത്തിലാണ്.

? ആദ്യകാലഘട്ടങ്ങളില്‍ ഗീതയുടെ പ്രവര്‍ത്തനമേഖലകള്‍

പ്രധാനമായും എന്‍റെ കൂട്ടരെ നശിപ്പിച്ചതില്‍ ഒരു പങ്ക് ഇവിടുത്തെ തുരുത്തുകളില്‍ നാട്ടുവാസികള്‍ നടത്തിയിരുന്ന കള്ളവാറ്റും ചാരായവുമാണ്. ഞാനും ഞങ്ങളുടെ സ്ത്രീകളും കൂടി ഈ തുരുത്തുകളില്‍ പോയി അവരുടെ ഉപകരണങ്ങളും കോടയുമൊക്കെ നശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് അവരുടെ ഭീഷണി ഉണ്ടായപ്പോളും ഞാനെന്‍റെ ശരിയിലും സത്യത്തിലും ഉറച്ച് നിന്നു. ഫോറസ്റ്റുകാര്‍ ഞങ്ങളെ ഈ ആവശ്യങ്ങള്‍ക്കായി പിന്തുണച്ചിട്ടുണ്ട്.

? സ്വാധീനിച്ച വ്യക്തികള്‍

എന്‍റെ ജീവിതത്തില്‍ എന്‍റെ അച്ഛന്‍ കുരുമ്പയ്യനാണ് എന്നെ രൂപപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം. അദ്ദേഹത്തിന്‍റെ ലോകപരിചയം, സ്കൂളിലെ ഹെല്‍പ്പറെന്ന ജോലി, അദ്ദേഹത്തിന്‍റെ വിശാലമായ വ്യക്തിബന്ധങ്ങള്‍ പ്രത്യേകിച്ച് ആദിവാസി  മേഖലകളിലെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിച്ചിരുന്ന പലരുമായി അദ്ദേഹത്തിന് വളരെ അടുപ്പമുണ്ടായിരുന്നു. അവരുടെ സംഭാഷണങ്ങളും ചര്‍ച്ചകളും കേട്ടാണ് ഈ കാര്യങ്ങളെപ്പറ്റി അറിവ് ലഭിച്ച് തുടങ്ങിയത്.

റിവര്‍ റിസേര്‍ച്ച് സെന്‍ററിലെ ഡോ. ലത അനന്ത, ഉണ്ണിയേട്ടന്‍, ഡോ. സതീഷ്, ശാന്തി, കില യിലെ മോഹന്‍കുമാര്‍ സാര്‍ തുടങ്ങിയ പലരും എന്‍റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ലത ചേച്ചി എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം തന്നെയാണ്. എന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭം പിന്തുണ നല്‍കുന്ന അമ്മ, അമ്മ പറഞ്ഞുതരുമായിരുന്ന പഴയകഥകള്‍, പാട്ടുകള്‍, കലാരൂപങ്ങള്‍, സഹോദരങ്ങളുടെ പിന്തുണ, എന്‍റെ ആള്‍ക്കാര്‍ക്ക് എന്നിലുള്ള വിശ്വാസം ഇവയൊക്കെ എന്നെ രൂപപ്പെടുത്തിയ ഘടകങ്ങളാണ്.

? പഴയകഥകള്‍, പാട്ടുകള്‍, ഭാഷ...

പഴയകഥകള്‍ വൈകിട്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മ പറഞ്ഞുതരുമായിരുന്നു. പിന്നീട് പഴയവീടു മാറി പുതിയ വീട്ടിലേക്ക് (തെറ്റിദ്ധരിക്കരുത് പണി പൂര്‍ത്തിയാകാത്ത മൂന്ന് മുറി കെട്ടിടം) എത്തിയപ്പോള്‍  അമ്മ പഴങ്കഥകള്‍ പറയാതെയായി. പുതിയ ഒരു വീടിനെ അമ്മയ്ക്ക് ഉള്‍ക്കൊള്ളാന്‍ ആവാത്തത തുപോലെ പാട്ടുകളും കഥകളും മൗനത്തിന് വഴി മാറി.

കാടരുടെ ഭാഷ (മലയാളം, തമിഴ്, മറാത്തി ഇടകലര്‍ന്ന ഒരു പ്രത്യേക സംസാരരീതി. പേരോ ലിപികളോ അതിനില്ല) ഇന്ന് അന്യം വന്നുകൊണ്ടിരിക്കുന്നു. പുതിയ തലമുറയിലെ ഭൂരിഭാഗത്തിനും അത് വ്യക്തമായി അറിയില്ല.

? 'കാടര്‍' എന്ന പ്രാക്തന ആദിവാസി ഗോത്രത്തിന്‍റെ പ്രത്യേകതകള്‍

ഞങ്ങളുടെ പേരുതന്നെ മറ്റുള്ളവര്‍ വളരെ മോശമായി ഉപയോഗിക്കുന്നത് വേദന ഉണ്ടാക്കിയിട്ടുണ്ട്. മലയാള ഭാഷയില്‍പോലും 'കാടര്‍' എന്നതിന് വളരെ നെഗറ്റീവായ ഒരര്‍ത്ഥമാണ് നല്‍കിയിരിക്കുന്നത്. എന്താണീ കാട്? ആരാണ് ഈ കാടര്‍? ഞങ്ങള്‍ക്ക് അന്നം തരുന്ന സത്യമാണ് കാട്. അത് ഞങ്ങള്‍ക്ക് അമ്മയാണ,് ദൈവമാണ്. പൂജ ചെയ്ത് കാടിനോട് അനുവാദം ചോദിച്ച് മാത്രമേ അടിക്കാട് പോലും ഞങ്ങള്‍ വെട്ടൂ. കൃഷി ചെയ്ത് സ്ഥിരതാമസമാക്കുന്നതിന് മുന്‍പ് മനുഷ്യര്‍ കാട്ടില്‍ നിന്ന് കിട്ടുന്നത് ശേഖരിച്ച് ഉപജീവനം നടത്തിപ്പോരുന്നു. ഞങ്ങള്‍ ഇന്നും ആ ആദിസംസ്കാരം പിന്തുടരുന്നു എന്ന് വേണമെങ്കില്‍ പറയാം. വനവിഭവങ്ങള്‍ ശേഖരിച്ചും വനത്തില്‍ നിന്ന് ലഭിക്കുന്ന ആഹാരവുമായിരുന്നു ജീവിതമാര്‍ഗ്ഗം. ഇന്നത് ഒത്തിരിമാറി. ഒരര്‍ത്ഥത്തില്‍ അന്നം തരുന്ന സത്യമായ ഈ കാടിനെ പരുക്കേല്‍ക്കാതെ സംരക്ഷിക്കുന്ന, സ്നേഹിക്കുന്ന ഞങ്ങളാണ് കൂടുതല്‍ ശരി, നന്മയുള്ളവര്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അപ്പോള്‍ 'കാടര്‍' എന്നതിനര്‍ത്ഥം നിങ്ങള്‍ മാറ്റിയെഴുതുകയും പഠിക്കുകയും ചെയ്യേണ്ടി വരും. 'ബാംബൂ ബോയ്സ്' തുടങ്ങിയ സിനിമകളിലും സാഹിത്യരചനകളിലുമൊക്കെ തികച്ചും നിരുത്തരവാദിത്വപരവും അപകീര്‍ത്തികരവുമായാണ് ഞങ്ങളെയും ഞങ്ങളുടെ സംസ്കാരത്തെയും ഉപയോഗിച്ചിരിക്കുന്നത്. കാടിനും അതിന്‍റെ താളവും ഭംഗിയും അടുക്കും ഒക്കെയുണ്ട്. മറ്റ് എന്തിനെക്കാളും ജീവനെ കാട് നിലനിര്‍ത്തുന്നുണ്ട്.

? അങ്ങനെവരുമ്പോള്‍ കാടര്‍, കാടത്വം, കാടന്‍ തുടങ്ങിയ പദങ്ങള്‍ക്ക് പുതിയ അര്‍ത്ഥം നല്‍കേണ്ടേ?

വേണം. എങ്കിലേ മനുഷ്യന് അവശേഷിക്കുന്ന ഇത്തിരിപച്ചപ്പിനോട് സ്നേഹം തോന്നൂ.
? കാട് ഇന്ന് പലര്‍ക്കും കാണാനും യാത്ര പോകാനും നഗരജീവിതത്തിന്‍റെ തിരക്കുകളില്‍ നിന്ന് ആശ്വാസം തേടാനും മാത്രമുള്ള ഒന്നാണ്. അതിരപ്പള്ളി-വാഴച്ചാല്‍ പ്രദേശം ടൂറിസത്തിന്‍റെ സാധ്യതകള്‍ ഉപയോഗിക്കുന്ന സ്ഥലമാണ്. ഈ ടൂറിസത്തിന്‍റെ കാഴ്ചകളെപ്പറ്റി ഗീത എന്ത് പറയുന്നു

ടൂറിസം, ഒരഭിപ്രായവും പറയുന്നില്ല. ഒരഭിപ്രായത്തിന് യോഗ്യമായതൊന്നുമല്ല നടക്കുന്നത്. എന്തിനാണ് ഒരാള്‍ യാത്രപോകുന്നത്, പുതിയ കാഴ്ചകള്‍ കാണുന്നത്. തീര്‍ച്ചയായും അയാളുടെ ജീവിതത്തിന് കുറച്ചുകൂടി നന്മയും വെളിച്ചവും ഉണ്ടാകാനും പുതിയവ പഠിക്കാനുമാണെന്ന് ഞാന്‍ കരുതുന്നു.  ഇവിടെ വന്ന് ആള്‍ക്കാര്‍ കണ്ടുപൊയ്ക്കൊള്ളട്ടെ. പക്ഷേ അതവരെ കൂടുതല്‍ നന്മയും കരുതലുമുള്ളവരായി മാറ്റണം. യഥാര്‍ത്ഥത്തില്‍ ഇവിടെ ഇപ്പോള്‍ സംഭവിക്കുന്നത്, എന്തിനെന്നറിയാതെ ഇവിടെ വന്നിറങ്ങി ഞങ്ങളുടെ ഉള്ള നിഷ്കളങ്കതയെക്കൂടി ചൂഷണം ചെയ്ത് പരമാവധി മാലിന്യം വലിച്ചെറിഞ്ഞ് കടന്നുപോകുന്നവരാണ് ടൂറിസ്റ്റുകള്‍.

? മുഖ്യധാരാസമൂഹം/സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കാടര്‍ വരുന്നതിനെപ്പറ്റി

ഞാന്‍ കടയില്‍പോയാല്‍ ഒരു ചെറിയ മിഠായി കടലാസുപോലും പുറത്ത് കളയില്ല. അതെന്‍റെ ബാഗില്‍ തന്നെ ശേഖരിച്ച് പിന്നീട് നശിപ്പിക്കേണ്ട രീതിയില്‍ നശിപ്പിച്ചുകളയും. ഇത്ര ചെറിയ കാര്യം പോലും ചെയ്യാന്‍ പറ്റാത്ത, കൂട്ടാക്കാത്ത സമൂഹം ഇന്ന് ഞങ്ങളെ സംസ്കാരസമ്പന്നരാക്കണമെന്ന് പറയുമ്പോള്‍ പുച്ഛം തോന്നുന്നു. അല്ല എന്താണ് ഈ മുഖ്യധാര? രാഷ്ട്രീയക്കാര്‍ തരംപോലെ ഉച്ചരിക്കുന്ന അര്‍ത്ഥമില്ലാത്ത ഒരു പദം. ഞങ്ങളുടെ ഐഡന്‍റിറ്റിയില്‍ അഭിമാനം കൊള്ളുന്ന ഒരാളാണ് ഞാന്‍. ഞങ്ങളുടെ ഇടയില്‍ എല്ലാവരും അങ്ങനെയല്ല. കാരണം സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസം, ഇടപഴകുന്ന സമൂഹം അവയൊക്കെ ഈ തലമുറകളിലെ കുട്ടികളില്‍ ഒത്തിരി ഭയം സൃഷ്ടിക്കുന്നുണ്ട്. അത് ഇവരെ പുറകിലേക്ക് ഒതുങ്ങിക്കൂടാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മുഖ്യധാരാസമൂഹത്തിന്‍റെ പുറംപൂച്ചുകളോട് എനിക്ക് തികഞ്ഞ അവജ്ഞയാണ് ഉള്ളത്.

? ഇടയ്ക്കൊന്ന് തിരികെ വരാം. നമ്മള്‍ പറഞ്ഞുതുടങ്ങിയത് 'കാടര്‍ ' ഗോത്രവര്‍ഗ്ഗത്തിന്‍റെ ചില പ്രത്യേകതകളെപ്പറ്റിയാണ്. ആഹാരരീതി, ഉപജീവനം അതൊന്ന് കൃത്യമായി പറയാമോ?

പണ്ട് കാട്ടില്‍ നിന്ന് കിട്ടുന്ന കിഴങ്ങുകളും തേന്‍, ഈന്തല്‍ ഉപയോഗിച്ചുള്ള വിഭവങ്ങളുമൊക്കെയായിരുന്നു ഭക്ഷണം. മീന്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. പുഴയില്‍ നിന്ന് ആവശ്യത്തിനുള്ള മത്സ്യങ്ങള്‍ പിടിക്കുമായിരുന്നു. ഇന്ന് ആഹാരരീതിയില്‍ മാറ്റം വന്നു. കാട്ടില്‍ നിന്നും ലഭ്യമായ വിഭവങ്ങളുടെ അളവ് കുറഞ്ഞു. അരി ഞങ്ങള്‍ ഉപയോഗിച്ച് തുടങ്ങി, തേനടകൊണ്ട് പണ്ട് രുചികരമായ  വിഭവങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കുമായിരുന്നു.

? എന്താണ് ഗീതയുടെ രാഷ്ട്രീയ നിലപാടുകള്‍?

കക്ഷിരാഷ്ട്രീയത്തിലോ രാഷ്ട്രീയക്കാരുടെ പൊള്ളവാഗ്ദാനങ്ങളിലോ വിശ്വാസമില്ല. തീര്‍ച്ചയായും ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട്. അത് പ്രകൃതിയെ, മനുഷ്യനെ അറിയാനും സംരക്ഷിക്കാനുമുള്ള രാഷ്ട്രീയമാണ്. ഞങ്ങളുടെ കോളനികള്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വരുംകാലങ്ങളില്‍ ഞങ്ങളുടെ പ്രതിനിധികള്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. അതിനായി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.

? ഒത്തിരി ചര്‍ച്ചകളും കേസുകളും പഠനങ്ങളും നടന്നുകഴിഞ്ഞ, വരുമോ വരില്ലയോ എന്നാശങ്കയില്‍ നില്‍ക്കുന്ന അതിരപ്പള്ളി പദ്ധതിയെപ്പറ്റി ഗീതയുടെ നിലപാടുകള്‍ വ്യക്തമാക്കാമോ?

(അതിരപ്പള്ളി പദ്ധതിയുടെ സംക്ഷിപ്തനാള്‍വഴി - 1970കളുടെ അവസാനം ആരംഭിച്ച സര്‍വ്വേകളും 1986ല്‍ അതിരപ്പള്ളിയ്ക്ക് തന്നെയായി പദ്ധതി രൂപരേഖ തയ്യാറാക്കിയതുമാണ് തുടക്കം. തുടര്‍ന്ന് വനം-പരിസ്ഥിതിമന്ത്രാലയത്തിന്‍റെ അനുമതി നല്‍കലും നിഷേധവും കോടതിവിധികളും പാരിസ്ഥിതിക പ്രത്യാഘാതപഠനങ്ങളുമായി 2015 വരെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. അവസാനം 163 മെഗാവാട്ടിന്‍റെ പദ്ധതിക്ക് വീണ്ടും ജീവന്‍ വയ്പ്പിക്കാനുള്ള ഓട്ടത്തിലാണ് കെ.എസ്.ഇ.ബി.യും സര്‍ക്കാരും. ഈ പദ്ധതിക്കെതിരെ രണ്ട് പ്രാവശ്യം ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയയാളാണ് ഗീത)

പദ്ധതി ഒരിക്കലും ഇവിടെ നിലവില്‍ വരില്ല. ഞങ്ങളുടെ അവസാനശ്വാസം വരെ ഇതിനെതിരെ ഞങ്ങള്‍ പോരാടും. കണ്ണിമയ്ക്കുന്ന വേഗത്തില്‍ വികസനങ്ങള്‍ വരുമ്പോഴും കൂടും വീടും വിട്ട് അലയാന്‍ എന്നും വിധിക്കപ്പെടുന്നത് ഞങ്ങള്‍ തന്നെ. ചവിട്ടി നില്‍ക്കാനുള്ള ഇടം അന്യം വരുമ്പോഴും ഈ പുഴയും മത്സ്യങ്ങളും കാടും ഞങ്ങള്‍ക്ക് ഉപേക്ഷിക്കാനാവില്ല. ഇവിടെ കിടന്ന് മരിക്കാനും തയ്യാറാണ് ഞങ്ങള്‍.

? എത്ര ആദിവാസി കുടുംബങ്ങള്‍ ഈ പദ്ധതിയുടെ ആഘാതപ്രദേശങ്ങളിലുണ്ട്?

വാഴച്ചാലിലും പൊകലപാറയിലുമായി ഏകദേശം നൂറോളം കുടുംബങ്ങള്‍ പദ്ധതിയുടെ നേരിട്ടുള്ള ആഘാതപ്രദേശങ്ങളിലുണ്ട്.

? ഈ പദ്ധതി അതിരപ്പള്ളി വനംമേഖലയുടെ പാരിസ്ഥിതിക ജൈവവൈവിധ്യങ്ങളെ തകിടം മറിക്കുമെന്ന് വ്യക്തമാകുമ്പോഴും ഇതുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിനും കെ. എസ്. ഇ. ബി. യ്ക്കുമുള്ള താത്പര്യം. അതെപ്പറ്റി എന്ത് പറയുന്നു?

അവരുടെ സ്ഥാപിത  താല്പര്യങ്ങള്‍ എന്താണെന്ന് എനിക്കറിയില്ല. എങ്കിലും ഏതെങ്കിലും ചില ലാഭങ്ങള്‍ അവര്‍ക്ക് ഉണ്ടാകാം എന്ന് കരുതപ്പെടുന്നു. എന്‍റെ പരിമിതമായ ചിന്തയില്‍ പലപ്പോഴും തോന്നി യിട്ടുള്ളത് അനാവശ്യമായ വൈദ്യുതി പാഴാക്കല്‍ ഒഴിവാക്കിയാല്‍ തന്നെ (ആഡംബരത്തിനും ആകര്‍ഷണത്തിനുമായി ചെലവാക്കുന്ന വൈദ്യുതി) ഈ ഊര്‍ജ്ജപ്രതിസന്ധി ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയും. അതിനായി ചെറുവിരല്‍പോലും അനക്കാതെ വീണ്ടും ജലവൈദ്യുതിക്കായി ഒരുങ്ങുന്നതിന്‍റെ കാര്യം എനിക്ക് പിടികിട്ടുന്നില്ല. രാഷ്ട്രീയക്കാര്‍ പലപ്പോഴും ഞങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാണ്. ഇപ്പോള്‍ ഞാന്‍ പറയും നമ്മള്‍ അവരെ ചൂഷണം ചെയ്യണമെന്ന്. ഞങ്ങളുടെ നിഷ്കളങ്കതയെ സര്‍ക്കാരും രാഷ്ട്രീയക്കാരും ഒരുപാട് ചൂഷണം ചെയ്തിട്ടുണ്ട്.

? ചൂഷണത്തിന്‍റെ  കഥകള്‍ പ്രത്യേകിച്ച് ഗീതയ്ക്ക് അറിയാവുന്നവ.

ചൂഷണം പലരൂപത്തിനും ഭാവത്തിനും ആദികാലഘട്ടങ്ങള്‍ മുതല്‍ നിലനിന്നിരുന്നു. ഈ മേഖലകളിലെ എല്ലാ ഡാം (6 ഡാമുകള്‍ നിലവില്‍ ഈ പ്രദേശത്തുണ്ട്) നിര്‍മ്മാണവേളകളിലും പണിയെടുത്തവരാണ് ഞങ്ങളുടെ കൂട്ടര്‍. ഇവിടെയൊക്കെ സര്‍ക്കാര്‍ നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ ഇക്കാലമത്രയും വെറും നാലുപേര്‍ക്ക് മാത്രമേ ലഭ്യമായിട്ടുളളു. പണ്ട് "മാറ്റക്കട" എന്ന സംവിധാനം ഇവിടെ ഉണ്ടായിരുന്നു. കാട്ടില്‍ നിന്ന് കിട്ടുന്ന വിഭവങ്ങള്‍ ഈ കടയില്‍ കൊടുത്ത് അവിടെ നിന്നും നമുക്കാവശ്യമായ  മറ്റ് വസ്തുക്കള്‍ എടുക്കാം. ഇതില്‍ വലിയ നഷ്ടം ആദിവാസി അനുഭവിച്ചിരുന്നു. ഇന്നും പുഴമീനോ, വനവിഭവങ്ങള്‍ക്കോ ശരിയായ കൂലി ലഭിക്കുന്നില്ല.

? ആദിവസികളുടെ ഇടയില്‍ ഒരു മൂപ്പത്തി എന്ന നിലയില്‍ ഗീതയ്ക്കുള്ള സ്ഥാനം? ഇത്ര ചെറിയ പ്രായത്തിലുള്ളവരെ അവര്‍ അംഗീകരിക്കുമോ?

ഊരൂകൂട്ടം കൂടിയാണ് മൂപ്പനെ/മൂപ്പത്തിയെ തെരഞ്ഞെടുക്കുക. ഞങ്ങളുടെ കൂട്ടത്തില്‍ സ്ത്രീകളോടുള്ള സമീപനം പൊതുവെ ബഹുമാനപൂര്‍വ്വമുള്ളതാണ്. കഴിഞ്ഞ 14 വര്‍ഷങ്ങളിലെ എന്‍റെ പ്രവര്‍ത്തികളില്‍ അവര്‍ക്ക് വളരെ വിശ്വാസവും മതിപ്പും തോന്നിയതിനാലാണ് എന്നെ അവര്‍ തെരഞ്ഞെടുത്തത്. അവരെല്ലാം എന്നെ വളരെ നല്ല രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. പുരുഷന്മാര്‍ അവരുടെ പകലുള്ള മദ്യപാനം ഏറെക്കുറെ ഉപേക്ഷിച്ചു. ഏകദുഃഖം ഈ കഴിഞ്ഞ ഇലക്ഷന്‍ കാലഘട്ടത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ വശീകരണത്തിനിരയായി ഞങ്ങളില്‍ ചിലര്‍ എന്നെ തെറ്റിദ്ധരിച്ചു എന്നതാണ്. അത് ഉടനെ ശരിയാകുമെന്ന വിശ്വാസം  എനിക്കുണ്ട്.

? ഒരു മൂപ്പത്തി എന്ന നിലയില്‍ ഗീതയുടെ സ്വപ്നം?

എന്‍റെ ആളുകള്‍ക്ക് വിദ്യാഭ്യാസം വേണം. കാര്യങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കി സ്വയം തിരിച്ചറിഞ്ഞ് ആദിമനിവാസി എന്ന നിലയില്‍ അഭിമാനം കൊള്ളാവുന്ന ഒരു കാലം. അങ്ങനെയുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുത്തിട്ട് എനിക്ക് പിന്‍മാറണം. ഒപ്പം എല്ലാ തലങ്ങളിലും സ്വയം പര്യാപ്തത നേടണം.

? സ്വന്തം കുടുംബം, വിവാഹം

വിവാഹം ഞാന്‍ വേണ്ടെന്ന് വച്ചിരിക്കുന്നു. ഒരു കുടുംബത്തിന്‍റെ പ്രാരാബ്ധങ്ങളും ഉത്തരവാദിത്വങ്ങളും ഒരു വിവാഹിതയ്ക്കുള്ളതില്‍ കൂടുതല്‍ എനിക്കുണ്ട്. എന്‍റെ അമ്മയും സഹോദരങ്ങളും അവരുടെ മക്കളും എനിക്ക് നല്‍കുന്ന സ്നേഹം വളരെ വലുതാണ്. എന്‍റെ സമൂഹം, എന്‍റെ ഗോത്രം അവര്‍ക്കുവേണ്ടി ഞാനെന്‍റെ ജീവിതം മാറ്റി വച്ചിരിക്കുകയാണ്. (ഇത് പറയുമ്പോള്‍ പതിഞ്ഞതെങ്കിലും വാക്കുകളില്‍ കാരിരുമ്പിന്‍റെ നിശ്ചയദാര്‍ഢ്യം)

? ഇന്ന് ആദിവാസികള്‍ക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസത്തെപ്പറ്റി

വിദ്യാഭ്യാസരീതികളില്‍ സമൂലമായ മാറ്റം വരണം. എട്ട് വര്‍ഷമായി ഞാനൊരു അങ്കണവാടി ടീച്ചറാണ്. അവിടെ കുട്ടികള്‍ക്കുള്ള Theamatic Presentation  പഠനം വളരെ എളുപ്പമാക്കുന്നുണ്ട്. സമാനമായ രീതികള്‍ മുതിര്‍ന്ന ക്ലാസുകള്‍ക്ക് അനുയോജ്യമായി രൂപപ്പെടുത്തണം. അപ്പോഴേ അവര്‍ക്ക് അവരുടെ സംസ്കാരത്തെ തിരിച്ചറിയാനും അഭിമാനിക്കാനും പറ്റൂ. കുടുംബശ്രീയുടെ ഒക്കെ ഭാഗമായി കൈത്തൊഴിലുകള്‍, നെയ്ത്ത്, ബാം നിര്‍മ്മാണം ഒക്കെ ഞങ്ങള്‍ പഠിക്കുന്നുണ്ട്. ഇവയും വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി വരണം.

? ഇന്ന് കേരളത്തിലെ സാമൂഹിക സാംസ്കാരിക തലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്ന പത്ത് സ്ത്രീകളില്‍  ഒരാള്‍ ഗീതയാണെന്ന് പറയാം. ഈ സാഹചര്യത്തില്‍ എന്താണ് സ്ത്രീസമൂഹത്തോട് പറയാനുള്ളത്?

ഞങ്ങളുടെ ഇടയില്‍ സ്ത്രീ പീഡനങ്ങളോ മാനഭംഗങ്ങളോ നടന്ന ചരിത്രമില്ല. സ്ത്രീ സ്ത്രീയാ യാല്‍ മാത്രം മതി. പുറമെയുള്ള കെട്ടുകാഴ്ചകളില്‍ വീഴാതിരിക്കുക. ഈ ഭൂമിയോട്, മണ്ണിനോട്, മനുഷ്യനോട് ഇത്രയും സ്നേഹവും കരുതലും നല്‍കാന്‍ സ്ത്രീയ്ക്ക് മാത്രമേ പറ്റൂ.

വളരെ സൗമ്യമായ പതിഞ്ഞ ശബ്ദമുള്ള കൃശഗാത്രയായ ഈ സ്ത്രീ  ജൈവനിര്‍മ്മിതിയിലെ ആദിനിഷ്കളങ്കതയെ വീണ്ടെടുക്കാനുള്ള ഒരു കണ്ണിമാത്രമല്ല, ആ നിഷ്കളങ്കതകളെ ആയുധമാക്കാന്‍ മാത്രം ശക്തയാണിവര്‍. വാക്കുകളിലെ വാചാലതയും തത്വസംഹിതകളുമല്ല, നിശ്ചയദാര്‍ഢ്യവും വിചിന്തനങ്ങളുമാണ് ഇവരെ നയിക്കുന്നത്. മുഖ്യധാരാസമൂഹം നടത്തുന്ന കാട്ടികൂട്ടലുകളോട് പൊതുവെ അവജ്ഞമാത്രം. നില്‍ക്കാനുള്ള ഇടംപോലും ഇല്ലാതാകുന്ന ഇവര്‍ക്ക് എന്‍റെ സഹതാപത്തിന്‍റെ ആവശ്യമില്ല. അവകാശങ്ങള്‍ നേടാനുളള വഴികള്‍ അടയ്ക്കാതിരുന്നാല്‍ മതി. ഒപ്പം നമുക്ക് പഠിക്കാന്‍ ഏറെയുണ്ടീ പ്രാക്തന ഗോത്രസ്മൃതികളില്‍. തുറന്ന മനസ്സോടെ മാത്രം അതിനെ സ്വീകരിക്കാം. കുറിച്ചിട്ട വാക്കുകളില്‍ ഇവര്‍ ഒതുങ്ങുന്നില്ല എന്ന മുന്‍കൂര്‍ ജാമ്യത്തോടെ നിര്‍ത്താം. ഒരിക്കല്‍കൂടി ആ പഴയ ആദിവാസി സ്ത്രീയുടെ വാക്യം ആവര്‍ത്തിച്ചുകൊണ്ട്.

“If you have come to help me, you can go home again. But if you see my struggle as part of your own survival, then perhaps we can work together” -  A saying of Australian Aborgine Woman"

You can share this post!

'അറിവി'നെ പൊളിച്ചെഴുതുക

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts