news-details
മറ്റുലേഖനങ്ങൾ

ഈ തെരുവിലെ രക്തം കാണൂ!

നാം ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? ഏതായാലും 21-ാം നൂറ്റാണ്ടിലല്ല എന്നു തോന്നുന്നു. കാരണങ്ങള്‍ പലതാണ്. ഓരോ ദിവസവും പത്രങ്ങളിലും വാര്‍ത്തകളിലും നിറയുന്ന ശിശുരോദനങ്ങളും മൃതദേഹങ്ങളും ഏതോ ഗോത്രവൈരത്തിന്‍റെ ഇരുണ്ടകാലത്തെ പ്രതിഫലിപ്പിക്കുന്നു. ഇനിയും മനുഷ്യത്വത്തിലേക്ക് വളരാന്‍ കഴിയാത്ത നികൃഷ്ടജീവികളുടെ പിടിയില്‍ ലോകം അകപ്പെട്ടിരിക്കുന്നുവോ... എന്ന സന്ദേഹം. യുക്രൈന്‍, പാലസ്തീന്‍, മണിപ്പൂര്‍... എല്ലാം ഒരേ കഥയുടെ ഭിന്നതുടര്‍ച്ചകള്‍... നിര്‍മ്മിതബുദ്ധിവരെയെത്തിനില്‍ക്കുന്ന മനുഷ്യപുരോഗതിയുടെ പടവില്‍ ഇപ്പോഴും കടന്നുകയറുന്നത് ഹിംസയുടെ രക്തനിറം.

കാരണങ്ങള്‍ പലതും പറയാം എന്നാല്‍ മാനവികതയുടെ പരാജയം എന്നതാണ് സത്യം. മതം, രാഷ്ട്രീയം. ഭൂമി എല്ലാം ഹിംസക്കു ഹേതുവാകുന്നു. വെട്ടിപ്പിടിക്കുന്നവനും വിട്ടുകൊടുക്കുന്നവനും കാലയവനികയില്‍ മറയാനുള്ളവര്‍. എന്നിട്ടും നാം കുഞ്ഞുങ്ങളുടെ മിഴികളില്‍ കണ്ണീരും ഭയവും നിറയ്ക്കുന്നു. പരിഹാരം എന്ത്? ആരാണ് അതിനായി പരിശ്രമിക്കുക? ചോദ്യങ്ങളുടെ ഒരു പരമ്പര നമുക്കു മുന്നിലുണ്ട്. ഹിംസ ഹിംസയെ മാത്രമേ പ്രസവിക്കൂ. അങ്ങനെ സമാധാനം കൊണ്ടുവരാന്‍ സാധ്യമല്ല. ഒരു തരത്തില്‍ എല്ലാവരും പരാജയപ്പെടുകയാണ്. കൊന്നും വെന്നും നേടുന്നതൊന്നും ആത്യന്തികമല്ല. നാമാരും ചിരംജീവികളുമല്ല. ഈ ഭൂമി ഭാവിതലമുറകള്‍ക്കും അവകാശപ്പെട്ടതാണ്. ആ ബോധവും ഉത്തരവാദിത്വവും നമുക്കുണ്ടാവണം.

മതമാണ് ഹിംസയ്ക്കു ഹേതുവാകുന്നതെങ്കില്‍ അതു തിരുത്തപ്പെടണം. രാഷ്ട്രീയമാണ് കാരണമെങ്കില്‍ അത് മാറ്റണം. ഭൂമിയാണ് കാരണമെങ്കില്‍ അതു പരിഹരിക്കപ്പെടണം. ഒപ്പമിരുന്ന് സംസാരിച്ച് എല്ലാം പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മനുഷ്യനെന്നനിലയില്‍ നാം പരാജതിരാകും. ഭാഷ വിദ്വേഷത്തിനുവേണ്ടിയല്ല, കൂട്ടിയിണക്കാന്‍ ഉപയോഗിക്കണം. ഏകഭാഷണത്തിന് പകരം സംഭാഷണം പുരോഗമിക്കട്ടെ. ആധുനികലോകബോധം ആര്‍ജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുരോഗമിക്കുന്നു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ആത്യന്തികശക്തികള്‍ എന്നൊന്നില്ല. ഭൗതികമായി വികസിക്കുമ്പോള്‍ ആ വികാസം മനസ്സിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും ഉണ്ടാവണം.

നൂറുകോടിയോളം മനുഷ്യര്‍ പട്ടിണികിടക്കുന്ന ലോകത്തിലാണ് യുദ്ധം എന്ന ആര്‍ഭാടം കൊണ്ടാടുന്നത് എന്ന് ഓര്‍ക്കേണ്ടതല്ലേ? അടരാടി കൂടുതല്‍ വിശക്കുന്നവരെ സൃഷ്ടിക്കാം. അല്ലെങ്കില്‍ നമുക്ക് വിശപ്പിനെതിരെ യുദ്ധം ചെയ്യാം. ഏതാണ് മാനുഷികമായ ശരി എന്നതല്ലേ പ്രധാനം. ആയുധം വാങ്ങുന്നതിനു പകരം ലോകശക്തികള്‍ ഭക്ഷണം വാങ്ങി നല്‍കിയാല്‍ ലോകം വിശപ്പില്ലാത്തതാവില്ലേ? വിശപ്പിനും കണ്ണീരിനും ഉത്തരമായ യുദ്ധം എന്നതില്‍ ആര്‍ക്കാണ് സംശയം? ആഗോളതാപനത്താല്‍ ഉരുകിത്തീരൂകയോ വിനാശത്തിലേക്കടുക്കുകയോ ചെയ്യുന്ന ഭൂമിയില്‍ മനുഷ്യവംശത്തിന്‍റെ, അധികാരികളുടെ ഉത്തരവാദിത്വം എന്താണ്? സ്വധര്‍മ്മം അനുഷ്ഠിക്കാന്‍ നാം തയ്യാറായാല്‍ ഭൂമി എത്ര സുന്ദരമാകും! അങ്ങനെയല്ലേ അപരന്‍റെ ശബ്ദം സംഗീതമായി മാറുന്നത്! പക്ഷേ, ഇതെല്ലാം സ്വപ്നങ്ങളായ് അവശേഷിക്കുന്നു എന്ന വസ്തുതയാണ് ചിന്തിപ്പിക്കുന്നവരെ ക്ഷീണിപ്പിക്കുന്നത്. എങ്കിലും എല്ലാം മനോഹരമാകും. മറ്റൊരു ജീവിതം സാധ്യമാണ് എന്ന സ്വപ്നമെങ്കിലും ഇല്ലെങ്കില്‍ സാധാരണക്കാര്‍ എങ്ങനെ അതിജീവിക്കും?

അപവിദ്വേഷത്തിന്‍റെ സന്ദേശങ്ങള്‍ ലോകം മുഴുവന്‍ വ്യാപിക്കുന്നത് നാം കാണുന്നു. മതം, ജാതി, നിറം, രാഷ്ട്രീയം.. അങ്ങനെ വിദ്വേഷത്തിനു കാരണങ്ങള്‍ നിരവധിയാണ്. സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പ്രസരിപ്പിക്കേണ്ട മതങ്ങള്‍ ഒരു പറ്റം ആളുകള്‍ അപരവിദ്വേഷത്തിനായി ദുരുപയോഗിക്കുന്നു. എല്ലാ മതങ്ങളുടെയും അടിസ്ഥാനം യഥാര്‍ത്ഥത്തില്‍ ഒന്നാണ്. വ്യത്യാസങ്ങള്‍ സ്ഥൂലതലത്തില്‍ മാത്രം. എന്നാല്‍ ഭിന്നതകള്‍ പെരുപ്പിച്ച് പലരും കലഹം സൃഷ്ടിക്കുന്നു. അപരവിദ്വേഷത്തിലൂടെ നേട്ടം കൊയ്യുന്നവരെ തിരിച്ചറിഞ്ഞ് മാറ്റിനിര്‍ത്തിയില്ലെങ്കില്‍ ഒരിക്കലും സമാധാനം ഉണ്ടാവില്ല. ഇവിടം നരകമാക്കി സ്വര്‍ഗത്തിലെത്താന്‍ പരിശ്രമിക്കുന്നവരെ തിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രക്തത്തിന്‍റെ നിറം ഭൂപടത്തില്‍ നിറയും. ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം പുരോഗമിക്കുമ്പോള്‍ ഗുണാത്മകമായി മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ ആശയങ്ങള്‍ കാലഹരണപ്പെടും. പലപ്പോഴും കാലത്തിനു യോജിക്കാത്ത വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കുടുക്കിയിട്ട് മനുഷ്യനെ അടിമയാക്കുന്നവര്‍ തന്നെയാണ് കലഹത്തിന്‍റെ വിത്തുകള്‍ വിതയ്ക്കുന്നത്. വികസിക്കുന്നതിനു പകരം ചുരുക്കുന്ന മനസ്സുകള്‍ നരകത്തിന്‍റെ വക്താക്കളായി തിന്മയുടെ വിത്തുകള്‍ വിതയ്ക്കുന്നു.

ആഗോളീകരണത്തിന്‍റെ വേലിയേറ്റത്തില്‍ പലതും മാറിമറിഞ്ഞു. എന്നാല്‍ മതമൗലികവാദത്തിന്‍റെ വളര്‍ച്ചയും ഈ കൂട്ടത്തില്‍ സംഭവിച്ചു. കോര്‍പറേറ്റ്വല്‍ക്കരണവും പുത്തന്‍ സാമ്പത്തികനയങ്ങളും വലിയ അസന്തുലിതാവസ്ഥയാണ് ലോകത്ത് സൃഷ്ടിച്ചത്. ഇതോടൊപ്പം ലോകത്തിന്‍റെ ഫല ഭാഗങ്ങളിലും മൗലികവാദങ്ങളും പെരുകിവന്നു. ലാഭം മാത്രം ലക്ഷ്യമാക്കുന്ന പുതിയ സാമ്പത്തികശക്തികള്‍ക്ക് ഒരു തടസ്സവും കൂടാതെ മുന്നേറാന്‍ സാധിക്കുന്നത് ഒരു വലിയ വിഭാഗം ആളുകള്‍ മതതീവ്രവാദത്തിലേക്കും മൗലികവാദത്തിലേക്കും പോകുന്നതുകൊണ്ടാണ്. എല്ലാം വലിയ പദ്ധതികളുടെ ഭാഗമാണ് എന്നുകൂടി നാം തിരിച്ചറിയേണ്ടതുണ്ട്.

നമുക്ക് കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിയില്ലേ? കഴിയേണ്ടതില്ലേ? ഇനിയും ആ കണ്ണുകള്‍ നിറയാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം മനുഷ്യവംശത്തിനില്ലേ? ഇപ്പോള്‍ പല പക്ഷം പിടിക്കുന്നവര്‍ ദുര്‍ബലരുടെ, വേദനിക്കുന്നവരുടെ, നീതിയുടെ പക്ഷത്തു നില്‍ക്കേണ്ടതുണ്ട്. മനുഷ്യന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യനേ സാധിക്കൂ. ഇനിയും യുദ്ധങ്ങള്‍ താങ്ങാന്‍ ഭൂമിക്കും മനുഷ്യനും സാധിക്കില്ല. ഈ ഭൂമി എല്ലാവര്‍ക്കും അവകാശപ്പെട്ടതല്ലേ? ഒരാള്‍ക്ക് എത്ര ഭൂമി വേണം! എന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്. അധികാരികളും മതാധികാരികളും ശരിയായ ഉത്തരവാദിത്വം ഏറ്റെടുക്കണം. സംവാദത്തിന്‍റെ തിരുത്തലിന്‍റെ പാതയില്‍ കടന്നുവരണം.

'ഈ തെരുവിലെ രക്തം' കാണാതെ നമുക്ക് എങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കും. ദേശകാലങ്ങള്‍ക്കപ്പുറത്തല്ലേ മാനവയാതനകള്‍. ഇനിയും ഇത് വര്‍ധിപ്പിക്കാനാണോ നാം ശ്രമിക്കേണ്ടത്. 'സബര്‍മതി ദൂരെയാണ്' എങ്കിലും അശാന്തിതീരം. മുന്നിലുണ്ട് എന്ന പ്രത്യാശ നഷ്ടമായാല്‍ ജീവിതം അസുന്ദരമാകും... 

You can share this post!

തീര്‍ത്ഥാടനം

സഖേര്‍
അടുത്ത രചന

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്‍

ജോസ് ഉള്ളുരുപ്പില്‍
Related Posts