news-details
മറ്റുലേഖനങ്ങൾ

ദേവാലയാനുഷ്ഠാനനിഷ്ഠ ഭക്തിയുടെ പ്രത്യക്ഷലക്ഷണമല്ല. സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന അധരസേവയും ഭക്തിയല്ല. അപരസുഖത്തെ ലക്ഷ്യമാക്കുന്ന ആത്മസുഖാന്വേഷണ കര്‍മ്മമാണ് ഭക്തി. ഏത് മനുഷ്യകര്‍മ്മവും ഈ അര്‍ത്ഥത്തില്‍ ഭക്തിയായി പരിണമിക്കും. രാഷ്ട്രീയ സാമൂഹിക ഗാര്‍ഹിക രംഗങ്ങളിലായി വ്യാപരിക്കുന്ന മനുഷ്യകര്‍മ്മങ്ങളേതും ഭക്തിയായി തീരും. സാഹിത്യകലാവിദ്യകള്‍ മാത്രമല്ല കാര്‍ഷികവൃത്തിയും തോട്ടിപ്പണിയും ഭക്തിതന്നെയാണ്. ഈ സത്യത്തെ വിസ്മരിച്ചുകൊണ്ട് ഭക്തിയെ ദേവാലയാനുഷ്ഠാനമാക്കി നാം തരംതാഴ്ത്തിയിരുന്നു.

ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കി മാറ്റുക എന്നതാണ് ഭക്തിയുടെ പ്രത്യേകലക്ഷണം. സ്വാഭാവികമായും ഭക്തന്‍ സ്വകര്‍മ്മത്തെ അനുക്ഷണം പരിശോധിക്കേണ്ടതുണ്ട്. ഭക്തിയുടെ അനുഷ്ഠാനം ആത്മപരിശോധനയിലാണ് അന്തര്‍ലീനമായിരിക്കുന്നത്. ഏതു മനുഷ്യകര്‍മ്മത്തിന്‍റെയും ലക്ഷ്യം ആത്മസുഖാന്വേഷണമാണ്. എന്നാല്‍ അപരസുഖത്തെ ലക്ഷ്യമാക്കിയില്ലെങ്കില്‍ ആത്മസുഖം പോലും ലഭിക്കില്ല എന്ന ബോദ്ധ്യമാണ് അപരസുഖത്തെ ലക്ഷ്യമാക്കുന്ന ആത്മസുഖാന്വേഷണമാക്കി ജീവിതത്തെ പരിവര്‍ത്തിപ്പിക്കുന്നത്.

ഈ കാര്യങ്ങള്‍ നിശ്ചയമുണ്ടായിരുന്നതുകൊണ്ടാണ് ലോകസേവനമാണ് ഈശ്വരപൂജയെന്ന് ഭാരതീയഋഷി പാരമ്പര്യം പ്രഖ്യാപിച്ചത്. അപരസുഖത്തെ ലക്ഷ്യമാക്കാത്ത ആത്മസുഖാന്വേഷി ലോകത്തെ തനിക്ക് മാത്രമായി സംഭരിച്ചു സ്ഥിരമായി സൂക്ഷിക്കാന്‍ ശ്രമിക്കും. സ്വാഭാവികമായും കൈയൂക്കിനെ ആശ്രയിച്ചുകൊണ്ട് ലോകത്തെ സംഭരിക്കാനാകും അയാള്‍ ശ്രമിക്കുക. അയാള്‍ക്ക് അപരനെ ശത്രുവോ, നരകമോ ആയിട്ടേ കാണാന്‍ കഴിയൂ. അയാളെ സംബന്ധിച്ചിടത്തോളം അപരന്‍ വധിക്കപ്പെടേണ്ടവനോ, ഒഴിവാക്കപ്പെടേണ്ടവനോ ആണ്. ഇങ്ങനെ ലോകഭോഗത്തെ കയ്യടക്കുന്നവനാണ് ജീവിതത്തെ ഉത്സവാഘോഷമാക്കി മാറ്റുന്നത്.

ഉത്സവങ്ങള്‍ ആര്‍ഭാടത്തോടെ ആഘോഷിക്കാനാകും ആരും ശ്രമിക്കുക. അധികാരത്തിലെ ആഘോഷം ഏകാധിപതിയെ സൃഷ്ടിക്കുന്നു. പദവികളിലെ ആഘോഷം ഉച്ചനീചഭേദവിചാരവും പണത്തിലെ ആഘോഷകാംക്ഷ ദാരിദ്ര്യവും പ്രശസ്തിയിലെ ആഡംബരങ്ങള്‍ നാണക്കേടും സൃഷ്ടിക്കുന്നു. ആര്‍ഭാടത്തെ വര്‍ജ്ജിക്കാനുള്ള ആഹ്വാനത്തോടെ മാത്രമേ മതത്തിന്   പ്രവര്‍ത്തിക്കാനാകും. ആര്‍ഭാടരഹിതമായ പ്രവര്‍ത്തനം തന്നെയാണ് ആത്മീയത. ആത്മീയതയില്‍ ആര്‍ഭാടം കലര്‍ന്നാല്‍ അത് വര്‍ഗീയതയായി മാറും. വര്‍ഗീയതയായി മാറുന്ന ആത്മീയതയില്‍ മതം ഈശ്വരനില്‍ നിന്നകലുകയും മനുഷ്യനു നരകം പണിയുകയും ചെയ്യും.

ആര്‍ഭാടം മിതവ്യയത്തെ നിഷേധിക്കുകയും അമിതവ്യയത്തെ അരിയിട്ടു വാഴിക്കുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ മിതവ്യയമാണ് ഈശ്വരന്‍. ആഹാരം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള എല്ലാ രംഗങ്ങളിലും
അതിവ്യയത്തെയും അവ്യയത്തെയും വര്‍ജ്ജിച്ചുകൊണ്ട് മിതവ്യയം പരിശീലിക്കുന്നതാണ് യഥാര്‍ത്ഥ മതാനുഷ്ഠാനം. 'ത്യക്തേനഭുഞ്ജിഥ' എന്ന ഉപനിഷത്ത് മന്ത്രവും ആകാശത്തിലെ പറവകളില്‍നിന്ന് വാഴ്വിന്‍റെ തത്ത്വം ഗ്രഹിക്കാന്‍ യേശുദേവന്‍ നല്‍കുന്ന ഉപദേശവും ദൈവനാമത്തില്‍ ഭുജിക്കണമെന്ന ഖുര്‍ആന്‍ സന്ദേശവും ലോകഭോഗത്തിന്‍റെ മിതവ്യയത്തെയാണ് വെളിവാക്കുന്നത്.

അതിവ്യയത്തിലും അവ്യയത്തിലും ത്യാഗമില്ല. അതിവ്യയം ധൂര്‍ത്തായതുകൊണ്ട് സംഭരിക്കുന്നതു മുഴുവന്‍ ലക്ഷ്യത്തിലെത്തിക്കാതെ വ്യയം ചെയ്യും. അവ്യയം അകര്‍മ്മമായതുകൊണ്ട് അതു ലുബ്ധായി പരിണമിക്കും. വാക്കുകളുടെ അതിവ്യയം അതിഭാഷണവും അവ്യയം അഭാഷണവുമായി പരിണമിക്കുമ്പോള്‍ മിതവ്യയം കവിതയായി തീരുന്നു. വാക്കുകളിലെ മിതത്ത്വമാണ് വാഗ്മിത്വം. ഋഷിയായ കവിയുടെ ലക്ഷണം വാക്കുകളുടെ മിതവ്യയമാണ്. ഋഷിത്വം അവകാശപ്പെടുന്ന മനുഷ്യനും മിതവ്യയശീലനായിരിക്കണം. ഋഷിത്വത്തിലേക്ക് നടന്നു കയറുന്ന മനുഷ്യനാണ് മതത്തിന്‍റെ സാക്ഷ്യം.

സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലാകെ പടര്‍ന്നുപിടിച്ച ആര്‍ഭാടാഭിനിവേശം മതത്തെയും വിഴുങ്ങുന്നു എന്നതാണ് ശോചനീയമായ കാര്യം. ആര്‍ഭാടമായി പരിണമിക്കുന്ന ഭക്തി ദൈവത്തെയും ഒരു സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉടമയായി സങ്കല്പിക്കുന്നു. അധികാരം, പണം, പദവി, പ്രശസ്തി എന്നിവയെല്ലാം യഥേഷ്ടം ലഭ്യമാക്കാവുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ്. ആ സൂപ്പര്‍ മാര്‍ക്കറ്റിലെ ഉടമയുമായുള്ള പങ്ക് വ്യാപാരത്തെയാണ് പൊതുവേ നാം ഭക്തി എന്നു വിശേഷിപ്പിക്കുന്നത്. അധികാരം ലഭിക്കാനും ലഭിച്ച അധികാരം തനിക്കും തന്‍റെ വംശത്തിനും വേണ്ടി പരിരക്ഷിക്കാനുമായി ഗുരുവായൂര്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രീയ നേതാവ് ദൈവത്തെയും മനുഷ്യരെയും ഒരുപോലെ പരിഹസിക്കുകയാണ്. അയാളെ സംബന്ധിച്ചിടത്തോളം ഭക്തി ഒരു ഉപഭോഗഉല്പന്നം മാത്രമാണ്. ഇതേ രീതിയിലുള്ള ഭക്തരെ വേളാങ്കണ്ണിയിലും മറ്റ് ദേവാലയങ്ങളിലും കണ്ടെത്താന്‍ കഴിയും.

രോഗം, ദാരിദ്ര്യം, മരണം എന്നിങ്ങനെയുള്ള ജീവിതക്ലേശങ്ങള്‍ക്ക് നടുവില്‍ നിസ്സഹായരായി നില്‍ക്കുന്ന സഹജീവികളെ നമ്മുടെ ഭക്തശിരോമണികളും മതമേധാവികളും ഒരുപോലെ വിസ്മരിക്കുന്നു എന്നതാണ്. പരിതാപാര്‍ഹമായ കാര്യം, ദാരിദ്ര്യം മൂലം ജീവനൊടുക്കേണ്ടിവരുന്ന ഹതഭാഗ്യരുടെ ജീവിതകഥ ഇപ്പോഴും പത്രങ്ങളിലെ ചരമകോളത്തില്‍ വായിക്കാന്‍ കഴിയും. നിരാലംബരും നിസ്സഹായരുമായ സഹജീവികളോട് സാഹോദര്യം പ്രഖ്യാപിക്കേണ്ട മതം ഇക്കഥകളൊന്നുമറിയുന്നില്ല എന്നതാണ് വസ്തുത. മതമേധാവികളും ലോകഭോഗങ്ങള്‍  കയ്യടക്കി സൂക്ഷിക്കാനുള്ള മത്സരത്തിലാണ്. ഓരോ മതാനുഷ്ഠാനവും മഹോത്സവമാക്കി ആഘോഷിക്കുകയാണ് നമ്മുടെ മതങ്ങള്‍ എല്ലാം തന്നെ. നമ്മുടെ ദേവാലയങ്ങളിലധികവും ദരിദ്രര്‍ക്ക് എതിരെ അബോധപൂര്‍വ്വം ഗൂഢാലോചന നടത്തുന്ന കേന്ദ്രങ്ങളായി അധപ്പതിക്കുന്നതും ഈ ആര്‍ഭാടാഭിനിവേശം മൂലമാണ്.

അഴിമതി, സ്വജനപക്ഷപാതം, കള്ളക്കടത്ത്, കരിഞ്ചന്ത, കള്ളുവ്യാപാരം എന്നിവകളെല്ലാം നാനാതുറകളില്‍ നടത്തുന്ന ഹീനമനസ്കരുടെ മലിനസമ്മേളനം ഓരോ ദേവാലയത്തിന് പിന്നിലും മുന്നിലും രൂപം കൊള്ളുന്നുണ്ട്. അതോടെ നിരാലംബരും നിസ്സഹായരുമായ മനുഷ്യന്‍ അവിടെനിന്ന് ആട്ടിയോടിക്കപ്പെടുന്നു. മലിനമനസ്കരുടെ ധനശേഷിയാണ് ദേവാലയങ്ങളിലെ ആര്‍ഭാടമായി തെളിയുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന മതസ്ഥാപനങ്ങളില്‍ അബ്കാരികള്‍ നല്കിയിരിക്കുന്ന സംഭാവനകളുടെ കണക്കുകള്‍ അന്വേഷിച്ചാല്‍തന്നെ ഇക്കാര്യം വ്യക്തമാകും. അഴിമതിയും അബ്കാരിയും നീതിമാന്‍റെ ചോരയുടെ വിലകൊണ്ടാണ് രാഷ്ട്രീയക്കാരെപ്പോലെ മതനേതൃത്വവും ആര്‍ഭാടം കാണിക്കുന്നത്.

ആര്‍ഭാടങ്ങളെ നോക്കി ആജ്ഞാപിക്കാനുള്ള ധാര്‍മ്മികശേഷി നമ്മുടെ മതനേതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആത്മവിശ്വാസവും സ്വാശ്രയവുമാണ് ധാര്‍മ്മികശക്തിയുടെ അടിത്തറ. ഇതു രണ്ടും അങ്ങാടിയില്‍ ലഭ്യവുമല്ല. ഇവയെല്ലാം സ്വകര്‍മ്മത്തിലൂടെ ആര്‍ജ്ജിക്കേണ്ടതാണ്. ഇവയെല്ലാം സമാര്‍ജ്ജിക്കണമെങ്കില്‍ 'അത്താഴത്തില്‍ മുഖ്യസ്ഥാനവും അങ്ങാടിയില്‍ വന്ദനവും നിലയങ്കിയണിഞ്ഞ് നടക്കലും ജനങ്ങള്‍ റബ്ബി എന്നു വിളിക്കുന്നതും' കാംക്ഷിക്കാതിരിക്കണം. അതായത് അധികാരം, പണം, പദവി, പ്രശസ്തി എന്നീ ലോകഭോഗങ്ങളോട് നിര്‍മ്മമതനായിരിക്കണം എന്നു സാരം. ലോകഭോഗത്തോടുള്ള നിര്‍മമത്വത്തില്‍ നിര്‍മ്മമത്വത്തില്‍ നിന്നു മാത്രമേ സ്വാശ്രയബോധമുണ്ടാകുകയുള്ളൂ.

ഉള്ളതുകൊണ്ട് ഓണംപോലെ കഴിക്കുന്നതാണ് സ്വാശ്രയത്വം. സ്വന്തം കര്‍മ്മശേഷിയിലും വിഭവപരിമിതിയിലും സംതൃപ്തമാകുന്നവനു മാത്രമേ സ്വാശ്രയത്വം പ്രായോഗികമാക്കാന്‍ കഴിയൂ. ഉള്ളതില്‍ സംതൃപ്തനാകുന്നവനെ ഈശ്വരനെ കാണാന്‍ കഴിയൂ എന്നു പറയുന്നതും ഇതുകൊണ്ടാണ്. എന്നാല്‍ മോഹം അതിവേഗം വളരുന്ന കാഴ്ചയാണ് ലൗകികനേതൃത്വത്തിലെന്നപോലെ ആത്മീയനേതൃത്വത്തിലും കാണുന്നത്. പത്തുള്ളവന് പത്തുലക്ഷമാക്കണമെന്നാണ് മോഹം. ഈ മോഹം മതനേതൃത്വത്തെയും സ്വാധീനിക്കുന്നു. ഈ സ്വാധീനമാണ് സംഘബലത്തില്‍ വിശ്വസിക്കാന്‍ മതനേതൃത്വത്തെ പ്രേരിപ്പിക്കുന്നതും.

സംഘബലത്തില്‍ വിശ്വസിക്കുന്ന നേതൃത്വം മതതത്ത്വങ്ങള്‍ക്കനുസൃതമായി ജീവിക്കുന്നവരെക്കാള്‍ മതാനുഷ്ഠാനത്തിനനുസൃതമായി സംഘടിക്കുന്നവര്‍ക്കായിരിക്കും പ്രാമുഖ്യം നല്കുക. മതപരിവര്‍ത്തനവും പുനപ്പരിവര്‍ത്തനവുമെല്ലാം അര്‍ത്ഥശൂന്യമായ ഈ സംഘബലത്തെയാണ് സാധൂകരിക്കുന്നത്. ഈശ്വരാനുഭവമാണ് മതനിഷ്ഠയെങ്കില്‍, ഈശ്വരാനുഭവമെന്നാല്‍ അപരസുഖത്തെ ലക്ഷ്യമാക്കുന്ന ആത്മസുഖാന്വേഷണ കര്‍മ്മമാണെങ്കില്‍, ഏതു മതാനുയായികള്‍ക്കും അതത് മതത്തിലൂടെ അതു നിര്‍വ്വഹിക്കാവുന്നതേയുള്ളൂ. അതായത്, സാധുജനസേവനമാണ് ഈശ്വരപൂജയെങ്കില്‍ അത് ഒരു മതത്തിലൂടെ മാത്രമേ സാദ്ധ്യമാവൂ എന്നു കരുതുന്നത് അസംബന്ധമാണ്. സാധുജനസേവനമല്ല ഈശ്വരപൂജയെങ്കില്‍ മതമേതായാലും അത് അനാവശ്യമാണെന്നും പറയേണ്ടിവരും.

അപ്പോള്‍ മതങ്ങള്‍ മത്സരിക്കേണ്ടത് സംഘബലം കൂട്ടാനല്ല, സേവനനിരതരാകാനാണ്. സേവനത്തിന് സ്ഥലകാലഭേദവും ഭാഷാഭേദവുമില്ല. മദര്‍തെരേസയെ മഹതിയാക്കിയത് ഈ സേവനമാണ്. എന്നാല്‍ മതനേതാക്കള്‍ അധികാരത്തിനും സ്ഥാനമാനാദികള്‍ക്കുമാണ് പ്രാമുഖ്യം നല്കുന്നത്. സേവനത്തിനുതകാത്ത ധനശേഷിയെ ലക്ഷ്യമാക്കുന്ന മതനേതൃത്വം എന്നും എവിടെയും ഈശ്വരനെ ആട്ടിയകറ്റും. ഹിന്ദുമതത്തിന്‍റെ അധപ്പതനകാലങ്ങള്‍ എല്ലാം ഇതിന് മതിയായ തെളിവാണ്. ഈശ്വരനെ സ്വകാര്യവത്കരിച്ച ബ്രാഹ്മണ്യം ദൈവത്തിനും മനുഷ്യനുമെതിരെ നിരന്തരം കുറ്റം ചെയ്തുകൊണ്ടിരുന്നു. ആ കുറ്റകൃത്യമാണ് അയിത്താചരണമായി നടമാടിയത്. മനുഷ്യരില്‍ മഹാഭൂരിപക്ഷത്തെ അയിത്തക്കാര്‍ എന്ന നിലയില്‍ മാറ്റി നിര്‍ത്തിയത് ലോകഭോഗങ്ങള്‍ കൈയടക്കുന്നതിനുവേണ്ടിയായിരുന്നു. ഈ ലോകഭോഗതൃഷ്ണയാണ് ഹിന്ദുമതത്തെ തകര്‍ത്തതും.

ലോകഭോഗതൃഷ്ണയാണ് സമൂഹത്തില്‍ ശക്തരും ദുര്‍ബലരുമെന്ന തരംതിരിവിന് കാരണം. ആഡംബരത്തില്‍ അഭിരമിക്കുന്ന മതനേതൃത്വം ശക്തനോടൊപ്പം ചേര്‍ന്ന് ദുര്‍ബലനെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. ദുര്‍ബലന്‍ അടിച്ചമര്‍ത്തപ്പെടുകയും ശക്തന്‍ സര്‍വ്വാധിപതിയാകുകയും ചെയ്യുന്ന അവസ്ഥയിലാണ് യഥാര്‍ത്ഥ ദൈവനിന്ദ നടക്കുക.
അധികാരം ലക്ഷ്യമാക്കുന്ന രാഷ്ട്രീയ നേതൃത്വത്തെപ്പോലെ ലോകഭോഗതൃഷ്ണയില്‍ മതിമയങ്ങുന്ന മതനേതൃത്വവും അറിഞ്ഞോ അറിയാതെയോ ദൈവനിന്ദയാണ് ചെയ്യുന്നത്. ഈ ദൈവനിന്ദയ്ക്കെതിരെ സാധുജനപരിപാലനിത്തിലൂടെ നടത്തുന്ന ചെറുത്തുനില്പാണ് യഥാര്‍ത്ഥത്തിലുള്ള മതനവീകരണ യജ്ഞം. അത് ഓരോരുത്തരും അവരവരുടെ ജീവിതത്തില്‍ ആചരിച്ചു ബോദ്ധ്യമാക്കേണ്ട കാര്യവുമാണ്. അതിനു ശ്രമിച്ചില്ലെങ്കില്‍ മതം തകരുകതന്നെ ചെയ്യും.

You can share this post!

'പൊസിഷണല്‍ വെര്‍ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും

അരുണ്‍ ഉമ്മന്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts