news-details
കവർ സ്റ്റോറി

മതം ആചാരം മൂല്യം ഒരു പുനര്‍വായന

മതം സംസ്കാരം ആചാരം വിദ്യാഭ്യാസം എന്നീ മേഖലകളിലെ നവചിന്താധാരയുമായി കേരള ജനതയുടെ ചരിത്രാവബോധത്തെ നിരന്തരമുണര്‍ത്തുന്ന സുനില്‍ പി. ഇളയിടം ഈ ലക്കത്തില്‍ അസ്സീസിക്കായി തന്‍റെ ചിന്തകളെ കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ ഷാജി കരിംപ്ലാനിലുമായി പങ്കുവയ്ക്കുന്നു.
 
 
? പ്രളയത്തിനുശേഷമുണ്ടായിരുന്ന കേരളപരിസരം എല്ലാ മതില്‍ക്കെട്ടുകളെയും തകര്‍ത്തുകൊണ്ട് ഒരുമയുടെ പ്രതീകമായി നിലനിന്നിരുന്നത് നാം കണ്‍നിറയെ കണ്ടതാണ്. എന്നാല്‍ പൊടുന്നനെ ഉണ്ടായ ഈ ധ്രുവീകരണം വിശ്വാസി- അവിശ്വാസി, ജാതി-മതം; ഇതെങ്ങനെ കാണുന്നു?
 
  ഇപ്പോഴുണ്ടായ ധ്രുവീകരണം തീര്‍ത്തും പുതിയതല്ല. കേരളത്തില്‍ നിന്നും മറഞ്ഞുകിടന്നിരുന്നത് വീണ്ടും തലപൊക്കി എന്നു മാത്രം. മതം എന്നല്ല ഞാന്‍ പറയുക, അതിലുപരി ആചാരങ്ങള്‍ എന്നാണ്. ആചാരങ്ങളിലെ യാഥാസ്ഥിതികത്വ രീതികള്‍ കഴിഞ്ഞ ഒരു മൂന്നോ നാലോ നൂറ്റാണ്ടുകളായി വളരെ പ്രബലമായി നമ്മുടെ ഉള്ളിലുണ്ട്. അത് വളരെ പെട്ടെന്ന് പൊട്ടിപ്പുറപ്പെടാന്‍ ഈ സംഭവങ്ങള്‍ കാരണമായി എന്നാണ് എന്‍റെ അഭിപ്രായം. വാസ്തവത്തില്‍ നമുക്കു സംഭവിച്ച തകരാര്‍ ഇങ്ങനെയുള്ള ആന്തരികവൈരുദ്ധ്യങ്ങള്‍ ഉള്ളില്‍ ഉണ്ടെന്നു തിരിച്ചറിയാന്‍ പൊതുസമൂഹത്തിനു കഴിഞ്ഞില്ല എന്നതാണ്. ദളിത് പരിപ്രേക്ഷ്യം ഉള്ളവര്‍, ഫെമിനിസ്റ്റുകള്‍ തുടങ്ങി പലരും അതിനെപ്പറ്റി പറയാറുണ്ടായിരുന്നുവെങ്കിലും നമ്മുടെ യാഥാസ്ഥിതികമൂല്യങ്ങള്‍ അവയെ ഗൗനിച്ചില്ല എന്നുവേണം പറയാന്‍. ഇങ്ങനെ ഒരു ധ്രുവീകരണം നടക്കുമ്പോഴും നമ്മുടെ നവോത്ഥാനമൂല്യങ്ങള്‍ രണ്ടായിപോയി എന്നു ഞാന്‍ കരുതുന്നില്ല. ഇത് ഒറ്റദിവസംകൊണ്ട് ഇല്ലാതാകില്ല, ഒന്നരനൂറ്റാണ്ടുകൊണ്ട് നാം എത്തിച്ചേര്‍ന്ന ഒരു ചിന്താധാരയെ അട്ടിമറിക്കാനൊന്നും ഈ ധ്രുവീകരണത്തിന് സാധിക്കുകയില്ല. മറുപുറത്ത് ഈ ധ്രുവീകരണത്തെ എതിര്‍ത്തവര്‍ക്ക് ഒരു വിസിബിലിറ്റി കിട്ടിയിട്ടില്ല. ശബരിമലപ്രശ്നം തുടങ്ങി ഏതു സംവിധാനങ്ങളിലും ഈ യാഥാസ്ഥിതിക നിലപാടുകള്‍ പിന്‍തുടരുന്നവര്‍ക്ക് ഇവിടുത്തെ ആധുനികതയുടെയോ നവോത്ഥാനത്തിന്‍റെയോ മൂല്യങ്ങളെ ആഴത്തില്‍ സ്വാംശീകരിക്കാന്‍ സാധിച്ചിട്ടില്ല. അവരവരുടെ സമുദായങ്ങളില്‍ ചില പരിഷ്കാരങ്ങള്‍ നടത്തി എന്നതിനപ്പുറം കേരളജനതയുടെ ചിന്താപരിസരങ്ങളെ ആഴത്തില്‍ സ്വാംശീകരിക്കാനോ, സ്വാധീനിക്കാനോ സാധിച്ചിട്ടില്ല. അവര്‍ തന്നെയാണ് ഈ ധ്രുവീകരണത്തിനു പിന്നിലും. അതിനാല്‍തന്നെ അത് അധികം മുന്നോട്ടുപോകില്ല. മനുഷ്യസാഹോദര്യത്തിന്‍റെ വലിയ ശക്തികള്‍ ഇപ്പോഴും കേരളത്തില്‍ പ്രബലമായിട്ടുണ്ട്. പ്രളയത്തില്‍ കണ്ട ഒരുമ ഈ ശബരിമലപ്രശ്നം കൊണ്ടൊന്നും തകര്‍ന്നുപോകുന്നില്ല.
 
? ഏറ്റവും കൂടുതല്‍ ജാതീയതയും വര്‍ഗ്ഗവിവേചനവും നിലനില്‍ക്കുന്നത് നമ്മുടെ ഗാര്‍ഹികപരിസരങ്ങളില്‍തന്നെയാണ്. എന്തുകൊണ്ടാണ് നമുക്ക് ഈ നവോത്ഥാനമൂല്യങ്ങള്‍ സമൂഹത്തില്‍ ഉറക്കെപറയുമ്പോഴും നമ്മുടെ ഗാര്‍ഹികപരിസരങ്ങളില്‍ അതിനെ ഉറപ്പിക്കാന്‍ പറ്റാത്തത്? 
 
മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി, ലിംഗനീതി ഇവയെല്ലാം ആധുനികതയുടെ മൂല്യങ്ങളായി കടന്നുവന്നതാണ്. നമ്മുടെ ആധുനികതയുടെ രൂപപ്പെടലിനകത്ത് ധാരാളം വൈരുദ്ധ്യങ്ങളുണ്ട്. അത് വളരെ സങ്കീര്‍ണമായ പ്രോസസാണ്. നാരായണഗുരു ആധുനിക കേരളത്തെകൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ പാരമ്പര്യത്തില്‍നിന്ന് ആധുനികമൂല്യങ്ങളെ നിര്‍ദ്ധാരണം ചെയ്യാനാണ് ഗുരു ശ്രമിക്കുന്നത്. ഗുരു അദ്വൈതം എന്നു പറയുകയും ഈ അദ്വൈതത്തെ ജാതിവിമര്‍ശനമാക്കുകയും ചെയ്തു. വളരെ ആധുനികമായ ഒരു മൂല്യത്തെ പാരമ്പര്യത്തിലൂടെ കണ്ടെത്തുകയാണ് ചെയ്തത്. എന്നാല്‍ പിന്നീട് ഇവിടെ വളര്‍ന്നുവന്ന ഒരു മധ്യമവര്‍ഗ്ഗം, അവരുടെ പാരമ്പര്യത്തില്‍ അഭിരമിക്കുകയും ആധുനികമൂല്യങ്ങളെ പാടേ തമസ്കരിക്കുകയും ചെയ്തു.
 
കൊളോണിയലിസം വികസിച്ചുവരികയും പൊതുസമൂഹം ഇതിന് അനുരൂപപ്പെടുകയും ചെയ്തപ്പോള്‍ കളങ്കപ്പെടാത്ത ഒരു വിശുദ്ധ ഇടമായി  മധ്യവര്‍ഗം കണ്ടെത്തിയത് തങ്ങളുടെതന്നെ കുടുംബത്തെയാണ്. അങ്ങനെ സാമ്രാജ്യത്വ  ഇടപെടലുകള്‍ ഇല്ലാത്ത ഒരിടമായി ഗാര്‍ഹികമണ്ഡലം പരിഗണിക്കപ്പെട്ടു.
 
ഈ വൈരുദ്ധ്യം നാം പലപ്പോഴും തിരിച്ചറിഞ്ഞില്ല. ഗുരുവിന്‍റെ പാരമ്പര്യം തുടരുന്നവര്‍പോലും ഒരു നവബ്രാഹ്മണ്യത്തെ നമ്മുടെ ഇടയില്‍ പുനരവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 'സമുദായം, 'സമുദായബോധം' എന്നിവ കേരളത്തിലെ ആധുനിക നിര്‍മ്മിതിയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ജാതിമര്‍ദ്ദനത്തിന് ഇരയായവര്‍ എന്നത് ജാതിവിമര്‍ശനത്തിന്‍റെ ഭാഗമായി രൂപംകൊണ്ട ഒരു രീതിയുണ്ട്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടുകൂടി ജാതിവിമര്‍ശനം എന്നത് ജാതിസ്വത്വമായി പുനരവതരിക്കുകയാണ് ചെയ്തത്. ഇതുമൂലം ധാരാളം വൈരുദ്ധ്യങ്ങള്‍ നമ്മുടെ ആധുനികവത്കരണത്തില്‍ സംഭവിച്ചു. പുനഃസംഘടിപ്പിക്കപ്പെട്ട ജാതിയാണ് സമുദായം. ആധുനികതയെയും നാം പരിഷ്കരണത്തിന്‍റെ തലത്തില്‍ സ്വീകരിച്ചു. സാങ്കേതികത, വിദ്യാഭ്യാസം തുടങ്ങി പരിഷ്കാരത്തിനിടയായ മേഖലകളില്‍ നാം ആധുനികവത്കരണത്തെ സ്വീകരിച്ചു. ഉദാഹരണത്തിന് ബസ് ഓടിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അയിത്തം ആചരിക്കാനാവില്ല. അത്രമാത്രമാണ് ആധുനിക-നവോത്ഥാനമൂല്യങ്ങളെ ഒരു പൊതുസമൂഹമെന്ന നിലയില്‍ നാം ഉള്‍ക്കൊണ്ടത്. ഇങ്ങനെ മാറിയെന്നല്ലാതെ ആധുനികതയുടെ മൂല്യമണ്ഡലത്തെ രാഷ്ട്രീയമായി വികസിപ്പിച്ചെടുക്കുന്നതില്‍ നാം പരാജയപ്പെട്ടു എന്നുപറയാം. ഇതൊരു 'എത്തിക്കല്‍ മിഷന്‍' ആണെന്നാണ് അംബേദ്കര്‍ പറയുന്നത്.
 
കാരണം 'കേരളമാതൃക' എന്നൊക്കെ നാം കൊട്ടിപാടുമ്പോഴും കേരളത്തിലെ ആദിവാസികള്‍ എത്രയോ പിന്നോക്കാവസ്ഥയിലാണ് ജീവിക്കുന്നത്. ഇവിടെ എന്തു സംഭവിക്കുന്നു എന്നുവച്ചാല്‍ വികസിച്ചുവരുന്ന ഒരു മധ്യവര്‍ഗത്തെ മുന്‍നിര്‍ത്തി നമ്മുടെ സോഷ്യല്‍ ഡിസ്കവറിസ് മുന്നോട്ടു പോകുകയും പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനത കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മൂല്യപരമായ ഒരു സംക്രമണം നമ്മുടെ കുടുംബങ്ങളിലോ, വിദ്യാലയങ്ങളിലോ, സ്ഥാപനങ്ങളിലോ നടക്കുന്നില്ല. ബാഹ്യപരിഷ്കാരത്തിനപ്പുറം മൂല്യബോധങ്ങളിലേക്ക് വരണം. സ്വന്തം വീട്ടിലെ മാലിന്യം കവറിലാക്കി അന്യന്‍റെ പറമ്പില്‍ നിക്ഷേപിക്കുന്നതിന് മലയാളിക്ക് വല്യമടിയില്ല. ഈ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. സ്ത്രീകളോടുള്ള സമീപനം തുടങ്ങി പലതും മൂല്യങ്ങളില്‍ അടിയുറച്ചതല്ല. മൂല്യങ്ങള്‍ക്ക് വളരെ വലിയ പ്രവര്‍ത്തനശേഷിയുണ്ട്. അത് ഒരു contemplative domian തലം മാത്രമല്ല. അതിന് functional തലം കൂടിയാണ്. ഇടതു ചിന്താധാരയില്‍പ്പോലും മൂല്യങ്ങളെ ഭൗതികതലത്തിലേക്ക് എത്തിക്കുന്ന സംവാദങ്ങള്‍ കുറവാണുണ്ടാകുക. കാരണം യുക്തി മുന്‍പില്‍ നില്‍ക്കുക എന്നതിനാണ് നാം കൂടുതല്‍ പ്രാധാന്യം കൊടുക്കുക. ഭൗതികലോകത്തിന്‍റെ ആശയവിചാരങ്ങളെ മൂല്യബോധവുമായി ചേര്‍ത്ത് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ശ്രീനാരായണഗുരു. പക്ഷേ ആ ചിന്താധാരയ്ക്കു വേണ്ടത്ര തുടര്‍ച്ച പിന്നീടുണ്ടായില്ല. ഒരു നൈതികമൂല്യമായി സാഹോദര്യത്തെ ആധുനികതയിലേക്ക് സന്നിവേശിപ്പിക്കാന്‍ പൊതുവില്‍ നമുക്ക് കഴിയാതെ പോയി എന്ന ഒരഭിപ്രായവുമുണ്ട്.
 
മറ്റൊന്ന് കൊളോണിയലിസം വികസിച്ചുവരികയും പൊതുസമൂഹം ഇതിന് അനുരൂപപ്പെടുകയും ചെയ്തപ്പോള്‍ കളങ്കപ്പെടാത്ത ഒരു വിശുദ്ധ ഇടമായി മധ്യവര്‍ഗം കണ്ടെത്തിയത് തങ്ങളുടെതന്നെ കുടുംബത്തെയാണ്. അങ്ങനെ സാമ്രാജ്യത്വ ഇടപെടലുകള്‍ ഇല്ലാത്ത ഒരിടമായി ഗാര്‍ഹികമണ്ഡലം പരിഗണിക്കപ്പെട്ടു. അവിടെ നാം നമ്മുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും മതവുമായി ചേര്‍ത്തുവച്ചു. ചുരുക്കം, നമ്മുടെ ആധുനികത തന്നെ യാഥാസ്ഥിക മതത്തിനകത്ത് സംരക്ഷിക്കുന്ന അവസ്ഥയാണ്. കൊളോണിയലിസത്തിന്‍റെ ഭാഗമായി ആധുനികതയുടെ ഭാഗമാകുകയും അതിനുള്ളില്‍നിന്നുകൊണ്ട് ആധുനികതയെ എതിര്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യം നമുക്ക് കേരളസമൂഹത്തില്‍ ദര്‍ശിക്കാം. നവോത്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച വിപുലമായ അര്‍ത്ഥത്തിലേക്ക് അത് എത്തിയില്ല. ഫലത്തില്‍, ജാതിമൂല്യങ്ങളെയും ജാതിമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുനില്‍ക്കുന്ന ബ്രാഹ്മണ്യത്തിന്‍റെയും ഇതിന്‍റെ അടിയില്‍ അതിശക്തമായി നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്‍റെയും ഒരു ലോകമാണ് കുടുംബം. 
 
'വീട്ടില്‍ രാഷ്ട്രീയം ഇല്ല' എന്നത് നല്ല കാര്യമായാണ് നാം കണ്ടത്. എന്നാല്‍ അതിന്‍റെ അനന്തരഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വളരെ പുരോഗമനപരമായി ജീവിച്ചിരുന്ന വ്യക്തികളുടെ ഗാര്‍ഹിക പരിസരങ്ങളില്‍നിന്ന് യാഥാസ്ഥിതികത്വം പുറത്തുവരികയാണ്. ഇത് വ്യക്തിപരമായി ഒരാളുടെ കുറ്റമാണെന്നു പറയാന്‍ പറ്റില്ല. എന്നാല്‍ എന്ന് ഇതിനെ മറികടക്കാനാവുമോ അപ്പോള്‍ മാത്രമാണ് ഈ ഗാര്‍ഹിക പരിസരങ്ങളിലേക്കും മൂല്യങ്ങളുടെ അന്തരാര്‍ത്ഥങ്ങളിലേക്കും നമുക്ക് പ്രവേശിക്കാനാകുക.
 
? കേരളത്തില്‍ അവസാനിച്ചുപോയ ജാതിയെ ഇളയിടത്തിന്‍റെ പ്രസംഗങ്ങളില്‍ തിരിച്ചുകൊണ്ടുവരുന്നുണ്ട് എന്ന വിമര്‍ശനം ?.
 
പലരും പറയുന്നു, ജാതിയൊന്നുമില്ലല്ലോ? പിന്നെയെന്തിനാണ്. ഇത് എപ്പോഴും കേള്‍ക്കുന്ന ഒന്നാണ്. കാരണം ജാതിബന്ധങ്ങളെ സ്വാഭാവികബന്ധങ്ങളായി കാണാന്‍ നിങ്ങള്‍ പരിശീലിക്കപ്പെടുന്നു  എന്നതാണതിനര്‍ത്ഥം. 
 
കേരളത്തില്‍ ജാതി ഇല്ല എന്നു വിശ്വസിക്കാന്‍ മാത്രം ബുദ്ധിശൂന്യത കേരളത്തിലെ വലിയൊരു വിഭാഗത്തിനുണ്ട്. ജാതിബന്ധങ്ങളെ സ്വാഭാവിക ബന്ധങ്ങളായി കാണാന്‍ പരിശീലിപ്പിക്കപ്പെട്ടതുകൊണ്ട് സംഭവിച്ചതാണ്. കേരളത്തിലെ മൊത്തം സമ്പത്തിന്‍റെ വികേന്ദ്രീകരണംതന്നെ എടുത്തുനോക്കൂ. ദാരിദ്ര്യത്തിനു ജാതിയുണ്ട്. കേരളത്തില്‍ സാമ്പത്തികമായി ദാരിദ്ര്യമനുഭവിക്കുന്നവര്‍ മുഴുവന്‍ എസ് സി/ എസ് റ്റി വിഭാഗത്തില്‍പ്പെട്ടവരാണ്. എഴുപതു ശതമാനം വരുന്ന മധ്യവര്‍ഗം ഈ പ്രശ്നത്തിനതീതരാണ്. പൊളിറ്റിക്കല്‍ പ്രോസസില്‍ സാമൂഹികവിതരണങ്ങളില്‍ നന്നായി ശ്രദ്ധിച്ചിരുന്നപ്പോള്‍ പോലും മൂല്യവര്‍ദ്ധിതമായി  സമ്പത്തിനെ വിനിയോഗിക്കാന്‍ സാധിച്ചില്ല. മൂല്യങ്ങളുടെ തലം എന്നുപറയുമ്പോള്‍, നവീകരണങ്ങളുടെ ഗുണഫലം അനുഭവിച്ചവര്‍തന്നെ ആ മൂല്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടി ഉണ്ടാക്കുന്ന നിയമത്തിനെതിരെ അവര്‍തന്നെ രംഗത്തുവരുന്നു. ഭരണഘടന (പതിനാലാം ആര്‍ട്ടിക്കിള്‍) അംബേദ്കറിന്‍റെ തലയില്‍ മാത്രം ഉദിച്ച ആശയമല്ല. സമത്വം എന്നത് ഒരു രാജ്യം ഉണ്ടാക്കിയ മൂല്യമാണ്.  
 
? ഭരണഘടന ഒരു സാങ്കേതികസംവിധാനമായിട്ടാണ് പലപ്പോഴും നമ്മുടെ ഉള്ളിലുള്ളത്, ധര്‍മ്മമായല്ല. വിദ്യാഭ്യാസം ഇന്ന് അതിന്‍റെ സാങ്കേതികതയിലേക്ക് മാത്രം ചുരുങ്ങുന്നതുകൊണ്ട് ഇപ്രകാരമുള്ള മൂല്യങ്ങളില്‍ ശോഷണം സംഭവിക്കുന്നുണ്ടോ ?.
 
ഇന്ന് വിദ്യാഭ്യാസം ഒരു ഇന്‍ഫോര്‍മേഷന്‍ ആയി മാറിയിട്ടുണ്ട്. ടെക്നിക്കല്‍ സ്കില്‍ ആയി വിദ്യാഭ്യാസം തുടരുമ്പോള്‍ വര്‍ഗീയസംഘടനകളെയും സോഷ്യല്‍ വാല്യൂ സിസ്റ്റത്തെയും കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. സാമൂഹിക വിഷയങ്ങളെ പാടേ അവഗണിച്ച് സാങ്കേതികതയ്ക്കും ശാസ്ത്രത്തിനും മുന്‍തൂക്കം നല്കിയപ്പോള്‍ സംഭവിച്ച അപചയമാണിത്. ഉദാഹരണത്തിന് സ്വാശ്രയവിദ്യാഭ്യാസം എന്ത് സാമൂഹികപുരോഗതിയാണ് നമുക്ക് നല്‍കിയിട്ടുള്ളത്? അച്ചടക്കം എന്നപേരില്‍ കൃത്യമായ സാമൂഹികവിരുദ്ധതയുടെ പ്രഘോഷകരായി സ്വാശ്രയവിദ്യാഭ്യാസം മാറുന്നുണ്ട്. ഇപ്രകാരമുള്ള കലാലയങ്ങളില്‍പെട്ടുപോകുന്ന കുട്ടി ഒരു പട്ടാളക്യാമ്പില്‍പെട്ടുപോകുന്ന അവസ്ഥയിലാണ്. ഇവിടെ അഞ്ചുകൊല്ലം കഴിയുമ്പോഴേക്കും ഈ ലോകത്തോടുതന്നെ കടുത്ത വിരുദ്ധതയുമാണ് ആ വിദ്യാര്‍ത്ഥി പുറത്തിറങ്ങുക. പിന്നെ സ്വന്തം കാര്യം മാത്രം നോക്കുന്ന ആളായി മാറുന്നു. 
 
ബട്രാന്‍ഡ് റസ്സല്‍ പറയുന്നു; ചുറ്റും കറങ്ങി നടക്കാനും, പ്രകൃതിയോടു സംവദിക്കാനും മനുഷ്യരോടു ബന്ധപ്പെടാനും ഉള്ള അവസരമുണ്ടെങ്കില്‍ 7/8 വയസ്സില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ മതി. മറിച്ച് ഒരടഞ്ഞ മുറിക്കകത്താണെങ്കില്‍ രണ്ടാം വയസ്സിലോ മൂന്നാം വയസ്സിലോ തുടങ്ങാം. കുട്ടി ലോകം കണ്ടുനടന്നാണ് പഠിക്കേണ്ടത്. പുസ്തകത്തില്‍ നിന്നല്ല. ഇപ്പോള്‍ മിഡില്‍ ക്ലാസിലോ, അപ്പര്‍മിഡില്‍ ക്ലാസിലോ ഉള്ള ഒരു കുട്ടി ദരിദ്രനായ ഒരു കുട്ടിയേയും കാണുന്നില്ല. ദാരിദ്ര്യം ആ വിദ്യാര്‍ത്ഥിക്ക് ഒരു സിനിമാ കഥയാകുന്നു. പൊതുവിദ്യാലയങ്ങള്‍ നിലനിന്നിരുന്ന പഴയ കാലഘട്ടത്തില്‍ നമ്മള്‍ നേരിട്ടു കണ്ടതാണ് സഹപാഠിയുടെ ദാരിദ്ര്യത്തെ. വിദ്യാഭ്യാസത്തിലെ വലിയ വിവേചനങ്ങള്‍, ഇപ്പോള്‍ ജാതിയും അതില്‍ കടന്നുവന്നു. ഓരോ വിഭാഗങ്ങള്‍ക്കും അവരവരുടെ വിദ്യാലയങ്ങള്‍. ഈ നിലയില്‍ വിദ്യാഭ്യാസം വിഭജനത്തിന്‍റെ ഇടമായി മാറി. മറ്റൊന്ന് ഒരു കുട്ടിയെപ്പോലും പ്രചോദിപ്പിക്കാന്‍ പറ്റാത്ത ഭൂരിപക്ഷ അധ്യാപകവര്‍ഗ്ഗം. ജാതിയുടെയും പണത്തിന്‍റെയും മാത്രം ഉപോത്പന്നങ്ങളായി അധ്യാപകര്‍ മാറുന്ന കാഴ്ച വേദനാജനകമാണ്. എന്‍റെ അമ്മ പഠിച്ച സ്കൂളിലാണ് എന്‍റെ മകന്‍ പഠിക്കുന്നത്. അമ്മ പഠിച്ചിരുന്ന കാലത്ത് അവിടെ സന്മാര്‍ഗശാസ്ത്രം പാഠ്യവിഷയമായിരുന്നില്ല. എന്നാല്‍ മകന്‍റെ പാഠ്യവിഷയമായി സന്മാര്‍ഗശാസ്ത്രമുണ്ട്. ഇതിനിടയില്‍ 60 കൊല്ലത്തെ വിടവുണ്ട്.  പണം വാങ്ങി നിയമനം നടത്തുമ്പോള്‍ അതില്‍ എത്ര ശതമാനം അധ്യാപകര്‍ക്ക് സത്യസന്ധമായി കുട്ടികളെ സ്നേഹിക്കാനും മാനസിക ഉന്മേഷത്തിലേക്ക് നയിക്കാനും പ്രചോദിപ്പിക്കാനും സാധിക്കും? വിദ്യാഭ്യാസം നന്നാവുക എന്നതിനര്‍ത്ഥം കുറെ സ്ഥാപനങ്ങളുണ്ടാക്കുകയോ കുട്ടികളെ ചിട്ടയില്‍ നടത്തുകയോ ഒന്നുമല്ല. മറിച്ച് ഈ പ്രചോദനത്തിന്‍റെ തലം കുട്ടികള്‍ക്ക് തുറന്നു കിട്ടുക എന്നതാണ്. ഇന്ന് കുട്ടികള്‍ ചിരിക്കുന്നതിനു ഫൈന്‍, ആണ്‍കുട്ടിയും പെണ്‍കുട്ടിയും മിണ്ടിയാല്‍  ഫൈന്‍;  ഫൈന്‍ വാങ്ങിയും കച്ചവടച്ചരക്കാക്കിയും വിദ്യാഭ്യാസമൂല്യങ്ങളെ പാടേ റദ്ദുചെയ്യുന്ന ഇത്തരം കച്ചവടക്കാരെ കത്തിച്ചുകളയുകയാണ് വേണ്ടത്. ഇപ്രകാരമുള്ള സ്ഥാപനങ്ങളില്‍  വരുന്ന കുട്ടികളുടെ ജീവിതമൂല്യം എന്തായിരിക്കും?  സ്ത്രീവിരുദ്ധത, ഈ സമൂഹത്തോടുള്ള എതിര്‍പ്പ് etc..  ഇങ്ങനെ പുറത്തുവരുന്ന വിദ്യാര്‍ത്ഥി ഏതുതരം മനുഷ്യനായിരിക്കും? ഇതിനെയാണ് നാം ആദര്‍ശവത്കരിച്ച് കേരളമോഡല്‍ വിദ്യാഭ്യാസം എന്നു പറയുന്നത്. ഇതൊന്നും ആരും ചര്‍ച്ച ചെയ്യുന്നില്ല. വിദ്യാഭ്യാസതകര്‍ച്ച എന്നുപറയുമ്പോള്‍ യൂണിവേഴ്സിറ്റിയിലെ കുത്തഴിഞ്ഞ ഭരണമെന്നോ കുട്ടികളുടെ തമ്മില്‍തല്ലെന്നോ അക്രമരാഷ്ട്രീയമെന്നോ മാത്രം മുദ്രയിട്ട് നാം ചര്‍ച്ചചെയ്യുന്നു. എന്നാല്‍ മുഖ്യധാരാ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഒളിഞ്ഞുകിടക്കുന്ന വിഷയങ്ങളെ ഒരിക്കലും തൊടുകപോലുമില്ല. ഇന്ന് അധ്യാപകനറിയാവുന്നതില്‍ കൂടുതല്‍ ഇന്‍ഫോര്‍മേഷന്‍ കുട്ടികള്‍ക്കുണ്ട്. അധ്യാപനം പ്രചോദനത്തിന്‍റെ  കലയാണ്. 
 
? മതത്തെ വിമര്‍ശിക്കാന്‍ താങ്കള്‍ മതമൂല്യങ്ങള്‍ ഉപയോഗിക്കുന്നു. മതത്തിനകത്തുതന്നെ വല്ലാതെ ക്രൗര്യവും അസഹിഷ്ണുതയും പകയുമൊക്കെയുണ്ട്. എന്നാല്‍ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വം പോലെ, ഗോഡ്സെ വയ്ക്കുന്ന ഹിന്ദുത്വവുമുണ്ട്. ഫ്രാന്‍സിസ് അസ്സീസി മുന്നോട്ടുവയ്ക്കുന്ന ക്രിസ്തീയതപോലെ, കുരിശുയുദ്ധം മുന്നോട്ടുവയ്ക്കുന്ന ക്രിസ്തീയതയുണ്ട്. ഇതിനെ എങ്ങനെ കാണുന്നു ?.
 
വാസ്തവത്തില്‍ മതം എന്നതിനെ ഞാന്‍ കാണുന്നത് വലിയൊരു 'പ്രോസസ്സ്' ആയാണ്. അതിന്‍റെ ഒരറ്റം മാത്രമാണ് നാം കാണുന്നത്. അറിവില്‍ നിന്നുകൊണ്ട് അനുകമ്പയിലേക്ക് പോകുമ്പോള്‍ മാത്രമാണ് മതം ഒരനുഭൂതിയായി മാറുന്നത്. ധാര്‍മ്മിക മൂല്യങ്ങളുടെ തലം, ദൈവശാസ്ത്രപരമായ തലം, അനുഷ്ഠാനങ്ങളുടെ  തലം, സ്ഥാപനവത്കരണത്തിന്‍റെ തലം ഇങ്ങനെ മതം പ്രതിനിധാനം ചെയ്യുന്ന അടരുകള്‍ നിരവധിയാണ്. ഒപ്പം മതം മനുഷ്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയ്ക്കെല്ലാം പരസ്പരം ബന്ധപ്പെട്ട ഘടകങ്ങളുണ്ട്. ഇതെല്ലാം ചേര്‍ന്നു മാത്രമേ മതം നിലനില്ക്കൂ. വാല്യുസിസ്റ്റം മാത്രമായി ലോകത്ത് ഒരു മതത്തിനും നിലനില്പ്പില്ല. നവോത്ഥാനകാലഘട്ടം മുതല്‍ എല്ലാ ഘടകങ്ങളെയും ഈ മൂല്യബോധം കൊണ്ട് contentചേെയ്യാനുള്ള വലിയ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അപ്പോള്‍ എന്താണ് മതം എന്നതിന് പുതിയ ഉത്തരങ്ങള്‍ തേടാനും ആ ഉത്തരങ്ങള്‍ക്ക് ചെറിയൊരു മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ആ മേല്‍കൈക്ക് എപ്പോഴും നിലനില്പ്പ് ഉണ്ടായിട്ടില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അത് ഉയര്‍ന്നുവരാം. ആചാരങ്ങളും പൗരോഹിത്യവും അനുഷ്ഠാനങ്ങളും എല്ലാമുള്ളപ്പോഴും അതിനുമപ്പുറത്ത് മൂല്യങ്ങളില്‍ അധിഷ്ഠിതമായി മതത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരും ഉയര്‍ത്തേണ്ട കാലങ്ങളുമുണ്ട്. ഇതൊരു നിരന്തരമായ പോരാട്ടമാണ്.   യാഥാസ്ഥിതികത്വം മേല്‍ക്കൈ നേടുമ്പോഴും മൂല്യങ്ങള്‍ ഉയര്‍ന്നുവന്ന അപൂര്‍വ്വം കാലഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല നവോത്ഥാന നേതാക്കളും  ആധുനികകാലഘട്ടത്തിനു യോജിച്ച ഒന്നാക്കി മതത്തെ മാറ്റുകയാണ് ചെയ്തത്. എന്നാല്‍, ധാര്‍മ്മികമൂല്യങ്ങള്‍ക്കനുസൃതമായി മതത്തെ പുനരവതരിപ്പിക്കാന്‍ വളരെ കുറച്ചു നവോത്ഥാനനായകര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടാണ് ശ്രീനാരായണഗുരു ഒരു മതത്തിലും ഉള്‍ക്കൊള്ളാത്തയാളാണെന്നു പറഞ്ഞത്. അദ്ദേഹത്തിനു മതം ഇല്ലാഞ്ഞിട്ടല്ല. മതം ഒരു സാധ്യതയാണ്.  മതത്തിനു പുറത്തുനിന്ന് അതിനെ വിമര്‍ശിക്കുന്നതിനേക്കാള്‍ ഒരു വിശ്വാസിക്ക് അഭിമതം ഉള്ളില്‍ നിന്നുകൊണ്ട് അതിന്‍റെ സാധ്യതകളെ മൂല്യവത്തായി പുനരവതരിപ്പിക്കാവുന്നതാണ്. എന്‍റെ ബോധ്യം  ഒരു ഭാഗത്തായിരിക്കുമ്പോഴും എന്‍റെ concern  ഈ മനുഷ്യരുടെ ബോധ്യങ്ങളാണ്. അവരുടെ ഒരു പദാവലിക്കും വിശ്വാസങ്ങള്‍ക്കും ഉള്ളില്‍നിന്നും സംസാരിക്കുമ്പോള്‍ മാത്രമേ അവരെ പ്രചോദിപ്പിക്കാനാകൂ. അല്ലാതെ ഒരാളുടെ വിശ്വാസത്തെ റദ്ദാക്കുകയല്ല എന്‍റെ രീതി. ഗുരുവിന്‍റെ ദൈവസങ്കല്പം അനുകമ്പ എന്ന മൂല്യബോധത്തിലെത്തുകയും അതിനെ ഒരു അപരത്വത്തിലേക്ക് സന്നിവേശിപ്പിക്കുകയുമാണ് ഗുരു ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഇടപെടല്‍ നിങ്ങളുടെ സൈദ്ധാന്തിക ക്ലിപ്തതയെ ഉറപ്പിക്കാനാണോ അതോ സാമൂഹികമായ ഒരു നവോത്ഥാനത്തിനാണോ എന്നതാണ് അടിസ്ഥാനപ്രശ്നം. നമ്മുടെ സൈദ്ധാന്തിക ബോധ്യങ്ങള്‍ ഉറപ്പിക്കാന്‍ ഇടപെടുന്നത് ഒരു കുറ്റമല്ല, എന്നാല്‍ ഇന്ന് സാമൂഹികമായി ഒരു പുരോഗതികൂടി ഞാന്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. ആ ആശയാനുഭൂതികള്‍ക്ക് ഭൗതികമായ പ്രവര്‍ത്തനശേഷി ഉണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇടതു ചിന്താധാരയില്‍ ഈ മൂല്യങ്ങളുടെ ഭൗതികതലത്തെ ഉള്‍ക്കൊള്ളാന്‍ വിമുഖത കാട്ടുന്നുണ്ട്. എന്നാല്‍ ഞാന്‍ അതിനെ പിന്തുണയ്ക്കുന്നില്ല. 
 
? എല്ലാ സാമ്പ്രദായിക മതങ്ങളും അടിസ്ഥാനപരമായി അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. എന്നാല്‍ മതത്തിനകത്തുള്ള ഈ പ്രതിസന്ധികളെ അവസാനിപ്പിക്കാന്‍ പുറമേ നിന്നുള്ള ഇടപെടലുകള്‍ വേണ്ടേ.
 
തീര്‍ച്ചയായും, ലിംഗനീതി ശ്രീനാരായണഗുരുവില്‍പോലും കാണുന്നില്ല. ആധുനിക മൂല്യങ്ങള്‍ക്ക് മതത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പുറമേനിന്നുള്ള സംവാദങ്ങള്‍ അനിവാര്യമാണ് എന്നാല്‍ അതോടൊപ്പം അകമേ നിന്നുള്ള സംവാദങ്ങളും നാം വികസിപ്പിക്കേണ്ടതുണ്ട്.   
 
കേരളത്തില്‍ ജാതി ഇല്ല എന്നു വിശ്വസിക്കാന്‍ മാത്രം ബുദ്ധിശൂന്യത കേരളത്തിലെ വലിയൊരു വിഭാഗത്തിനുണ്ട്. ജാതിബന്ധങ്ങളെ സ്വാഭാവിക ബന്ധങ്ങളായി കാണാന്‍ പരിശീലിപ്പിക്കപ്പെട്ടതുകൊണ്ട് സംഭവിച്ചതാണ്. കേരളത്തിലെ മൊത്തം സമ്പത്തിന്‍റെ വികേന്ദ്രീകരണംതന്നെ എടുത്തുനോക്കൂ. ദാരിദ്ര്യത്തിനു ജാതിയുണ്ട്. കേരളത്തില്‍ സാമ്പത്തികമായി ദാരിദ്ര്യമനുഭവിക്കുന്നവര്‍ മുഴുവന്‍ എസ് സി/ എസ് റ്റി വിഭാഗത്തില്‍പ്പെട്ടവരാണ്.
 
 
പണ്ട് ഈ രാമായണത്തിനെതിരെ പള്ളത്ത് രാമന്‍ രാവണായനം എഴുതുകയും കേസരി ബാലകൃഷ്ണപിള്ള അതിനെ പിന്തുണക്കുകയും ഒക്കെ ചെയ്തു. എന്നിട്ടും കേസരി അവസാനം പറയുന്ന ഒരു വാക്യമുണ്ട്, പള്ളത്തു രാമന്‍ രാവണായനം എഴുതിയുണ്ടാക്കിയതിന്‍റെ പലമടങ്ങു വിപ്ലവാത്മകത 'ചിന്താവിഷ്ടയായ സീത'യെഴുതി കുമാരനാശാന്‍ ഉണ്ടാക്കിയിട്ടുണ്ട്.
 
കാരണം 'ചിന്താവിഷ്ടയായ സീത'യെഴുതുമ്പോള്‍ രാമായണത്തില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന എല്ലാ മനുഷ്യരോടും അത് സംവദിക്കുന്നുണ്ട്. 'രാവണായനം' എഴുതുമ്പോള്‍ രാമനെ ഉള്‍ക്കൊള്ളാത്തവര്‍ മാത്രമേ അതില്‍ ഉള്‍പ്പെടുന്നുള്ളൂ. മറ്റേത് രാമനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും അത് പ്രശ്നമാണ്. ഒരു വ്യവഹാരത്തിനുള്ളിലാണിതെഴുതപ്പെടുന്നത്. എന്തെങ്കിലും സജീവമാകണമെങ്കില്‍ അകമേനിന്ന് നാം പറഞ്ഞു തുടങ്ങണം. പുറത്തുനിന്നു മാത്രമായാല്‍ അതവിടെ മാത്രമേ നിലനില്‍ക്കൂ. ആധുനിക മൂല്യങ്ങളെ പാരമ്പര്യത്തിനുള്ളില്‍ നിന്ന് കണ്ടെടുക്കുകയും തീര്‍ത്തും എതിര്‍ത്തുനിന്ന സഹോദരന്‍ അയ്യപ്പനെ കൂടെ നിര്‍ത്തുകയും ചെയ്ത ശ്രീനാരായണഗുരുവിന്‍റെ സ്ട്രാട്രജിയും ഇക്കാര്യത്തില്‍ സ്വാഗതാര്‍ഹമാണ്.
 
? മൂല്യബോധത്തെയും ആശയാനുഭൂതികളെയും പറ്റി പറയുമ്പോഴും ഉണ്ടാകാനിടയുള്ള വൈരുദ്ധ്യത്തെപ്പറ്റി എന്തുപറയുന്നു.
 
Contradiction ഇല്ലാതെ ചരിത്രം ഇല്ല. ഇീിൃമേറശരശേീി ഇല്ലാതെ നിങ്ങള്‍ക്കു ചെയ്യാനാകുന്ന ഏകകാര്യം പ്രസംഗം മാത്രമാണ്. ചരിത്രത്തില്‍ മാത്രം ഇടപെടുന്നവര്‍ക്ക് വൈരുദ്ധ്യം ഇല്ല എന്നു പറയുന്നതും അസംബന്ധമാണ്. കാരണം നിങ്ങളും ഈ വൈരുധ്യത്തില്‍ പെട്ടേ മതിയാവൂ. നമ്മുടെ സംവാദങ്ങളില്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ വൈരുദ്ധ്യങ്ങള്‍ക്ക് സ്ഥാനമുണ്ട്. അതിനെ അവസരവാദപരമായ ഒരു ന്യായമായിട്ടല്ല പറയുക. ഇടപെടലുകള്‍ യാഥാര്‍ത്ഥ്യത്തില്‍ മാത്രമേ നടക്കൂ.
 
ഇവിടെ പ്രായോഗികത എന്നു പറയുമ്പോള്‍ നമ്മുടെ സാമൂഹിക അനുഭവങ്ങളില്‍ നിന്ന് സമൂഹത്തിന്‍റെ ചില ഘടകങ്ങള്‍ മനസ്സിലാക്കുകയും അതിനെ സാമൂഹിക പുരോഗതിയിലേക്ക് നയിക്കുന്ന ഘടകങ്ങളാക്കി മാറ്റുകയും ചെയ്യുക. ഇതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അറിവ് അങ്ങനെ ക്രിയാത്മകമാകുന്നില്ലെങ്കില്‍ ആ അറിവ് fetish ആണെന്ന് പറയേണ്ടിവരും. സാമൂഹിക നീതിയെപറ്റിയുള്ള അവബോധം ഉണ്ടെങ്കില്‍ ആ അറിവ് അനുഭൂതിയായ ഒരാള്‍ക്ക് ഇന്നു നടക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാതിരിക്കാനാവില്ല.  ഇവിടെ അറിവ് പലപ്പോഴും ഇത്തരം ഇടപെടലുകള്‍ക്ക് തടസ്സമായി നില്‍ക്കുന്നു. അതിനാല്‍ത്തന്നെ നമ്മുടെ വിദ്യാഭ്യാസം എന്തുതരം അറിവുകളാണ് പങ്കുവയ്ക്കുന്നത് എന്ന് തിരിച്ചറിയണം. ഭരണഘടന പഠിപ്പിക്കുന്നു എന്നു പറയുമ്പോഴും അതിന്‍റെ ധാര്‍മ്മികത മനസ്സിലാക്കാന്‍ എത്രപേര്‍ക്കു പറ്റും. ലിംഗസമത്വം പൊതുസമൂഹത്തില്‍ പഠിപ്പിക്കുന്ന ആള്‍ വീട്ടില്‍ പുരുഷാധിപത്യത്തിന്‍റെ കൊടിമരമായിരിക്കാം.അറിവ് ക്രിയയാണ്. അറിവിനെ ജഡമാക്കാന്‍ എളുപ്പമാണ്. ആ പ്രക്രിയയില്‍ നിന്ന് അതിനെ മോചിപ്പിക്കണം. 
 
 അതിന്‍റെ പ്രശ്നം ഞാന്‍ മനസ്സിലാക്കിയിടത്തോളം നിയമവും നീതിയും എന്നു പറയുന്ന ഒരു പ്രശ്നം ഉണ്ടല്ലോ. ഈ വിധിയില്‍ ചന്ദ്രചൂഢന്‍ ഒരു നല്ല ഒരു വാക്ക് ഉപയോഗിച്ചിട്ടുണ്ട് conservative  constitutionalism പരിവര്‍ത്തനോന്മുഖമായ ഭരണഘടനാവാദം വേണം. ഭരണഘടനയെപോലും നിങ്ങളൊരു ഫിക്സഡ് ഡോക്യുമെന്‍റായി കാണരുത്. ഭരണഘടനയില്‍ സംഭരിക്കപ്പെട്ടൊരു critical valu ഉണ്ട്. ഒരു മോറല്‍. അതിനെ നമ്മുടെ കാലത്തിലേക്കു translate വസ്ഥാപിതം എന്നോ പറയാവുന്ന ഫ്രെയിമുകളാണ്. അതൊരിക്കലും നീതിയുടെ absolute point അല്ല. അങ്ങനെ നിയമത്തെ നമുക്ക് വ്യാഖ്യാനിക്കാനാവും. ഭരണഘനട മനുഷ്യന് തുല്യമാണ്. മനുഷ്യരെല്ലാം തുല്യരാണ്. തുല്യാവകാശങ്ങളുമുണ്ട്. അന്തസ്സിനുള്ള അവകാശം. അന്തസ്സിനുള്ള അവകാശം എന്നാല്‍ പട്ടിണിയില്ലാതെ ജീവിക്കാനുള്ള അവകാശം എന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല. വിധിക്കേണ്ടതാണ്. ഇവിടെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും പട്ടിണിയില്ലാതിരിക്കാനുള്ള, മാന്യമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഈ അന്തസ്സാര്‍ന്ന ജീവിതത്തിലുള്‍പ്പെട്ടിട്ടുണ്ട് എന്നത് ഏതെങ്കിലുമൊരു തലത്തില്‍ പറയേണ്ടിവരും. അങ്ങനെ പറയാന്‍ പാകത്തില്‍ നമ്മുടെ നിയമങ്ങളെ കൊണ്ടുപോകണം. സമീര്‍ അമീര്‍ പറയുന്ന ഒരു നിരീക്ഷണമുണ്ട്. ഫ്രഞ്ചു ബുര്‍ഷ്വാസിയാണ് സ്വാതന്ത്ര്യത്തെപറ്റിയുള്ള വലിയ മുദ്രാവാക്യങ്ങള്‍( liberty, equality, fraternity) മുഴക്കിയത്. പക്ഷേ പ്രശ്നം, liberty  നമുക്കു പറയാം. എന്നാല്‍ equality, fraternity എന്നിവ നടപ്പിലാക്കിയാല്‍ ബൂര്‍ഷ്വാസി ഉണ്ടാവില്ല.  അതുകൊണ്ട് വിളിച്ച മുദ്രാവാക്യം പലര്‍ക്കും നടപ്പാക്കാന്‍ പറ്റിയില്ല. അതിനാലദ്ദേഹം പറഞ്ഞു ബൂര്‍ഷ്വാസി ഫ്രഞ്ച് വിപ്ലവത്തിന്‍റെ മുദ്രാവാക്യം ഉണ്ടാക്കിയെങ്കിലും ബൂര്‍ഷ്വാസി സ്വയം നടപ്പിലാക്കിയത് അമേരിക്കന്‍ വിപ്ലവത്തിന്‍റെ മുദ്രാവാക്യമാണ്. സ്വത്തവകാശവും, സ്വാതന്ത്ര്യവുമാണത്.  
എന്തിനുള്ള സ്വാതന്ത്ര്യം - എല്ലാവര്‍ക്കും സ്വത്തിനുള്ള സ്വാതന്ത്ര്യം. സ്വത്തവകാശത്തിനുള്ള സ്വാതന്ത്ര്യവും തുല്യതയ്ക്കുള്ള സ്വാതന്ത്ര്യവും രണ്ടും രണ്ടാണ്. liberty for equality, liberty for property എന്നു പറയുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. രണ്ടും സ്വാതന്ത്ര്യം എന്നാണ് തുടങ്ങുന്നത്. പക്ഷേ ഒന്നിന്‍റെ സ്വാതന്ത്ര്യം അസമത്വത്തിനുള്ള സ്വാതന്ത്ര്യമാണ്. മറ്റേതിന്‍റെത് സമത്വത്തിനുള്ളത്. അപ്പോള്‍ ഈ അസമത്വത്തിനുള്ള സ്വാതന്ത്ര്യം എന്നു പറയുന്നതില്‍നിന്നും സമത്വത്തിനുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് കൊണ്ടുവരാന്‍ പറ്റണം. അംബേദ്കര്‍ പറയുന്നു, ഡെമോക്രസി ഒരു ത്രിത്വമാണ്.  political democracy, social democracy, economic democracy.. നമുക്ക് ഇവിടെ രാഷ്ട്രീയ ജനാധിപത്യം മാത്രമേ ഉള്ളൂ. അതിനെ പിടിച്ചുനിര്‍ത്താനാണ് നാമിതെല്ലാം ചെയ്യുന്നുത്.  എന്തെങ്കിലും അവശേഷിപ്പിക്കാനുള്ള ഒരു വലിയ കാര്യമാണിപ്പോള്‍ നടക്കുന്നത്. ജനാധിപത്യം വലിയൊരു വാല്യു സിസ്ററത്തെ ഉള്‍ക്കൊള്ളുന്നു.  ഈ വാല്യു സിസ്റ്റം എന്താണ്? വാസ്തവത്തില്‍ ഡെമോക്രസിയെക്കുറിച്ച് It is concren for the other എന്നാണ് റസ്സല്‍ പറയുന്നത്. ഈ ചിന്ത നമ്മുടെ ദൈവഭാവനയുടെ അടുത്തെത്തി. നിങ്ങളീശ്വരവാദിയായില്ലെങ്കിലും ദൈവത്തിനടുത്തിങ്ങനെയെത്താം. 
 
ഇതൊന്നും വായിക്കാതെ കേരളത്തില്‍ പറഞ്ഞ ആളാണ് നാരായണഗുരു. ഗുരുവെന്നാല്‍ മോഡേണ്‍ പൊളിറ്റിക്സില്‍ വലിയ ethical position ആവിഷ്കരിച്ച ആളാണ്. അപ്പോള്‍ ആ വലിപ്പത്തിലൊന്നും ഗുരുവിനെ ആരും മനസ്സിലാക്കിയിട്ടില്ല. ഞാന്‍ പറഞ്ഞത് ഈ നിയമം നീതിയാണെന്ന് തെററിദ്ധരിക്കാതിരിക്കുന്നതുപോലെയാണ് ആചാരം മതമായി തെറ്റിദ്ധരിക്കാതിരിക്കാന്‍. ആചാരം എന്നാല്‍ ഓരോ കാലവും മതത്തിന്‍റെ മൂല്യങ്ങള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുന്ന ചില ചട്ടക്കൂടുകളാണ്. ആചാരങ്ങളില്‍ മതമില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട്. അതാ കാലത്തിന്‍റെ മതമാണ്. ഒരു പ്രദേശത്തിന്‍റെ ആ കാലത്തിന്‍റെ ഒക്കെയാണ് ആചാരം. അതല്ലാതെ ആചാരങ്ങള്‍ക്ക് ഒരു ശാശ്വതത്വമില്ല. മാമ്മോദീസ എപ്പോഴാണ് തുടങ്ങിയത്. ക്രിസ്തുമതം ചരിത്രം തുടങ്ങി ആയിരം കൊല്ലം കഴിഞ്ഞാണ് മാമ്മോദീസ വരുന്നത്. അപ്പോള്‍ ആയിരം കൊല്ലത്തെ മതത്തിനെന്തുപറ്റി. ക്രിസ്തുമതം എടുത്താല്‍ എന്തൊക്കെ ആചാരങ്ങളാണ്. ക്രിസ്തുമസ് ഡിസംബര്‍ 25ന് ആയത് എന്നാണ്. അത് ക്രിസ്തു ജനിച്ചിട്ടൊന്നുമല്ലല്ലോ, നമ്മള്‍ ഉണ്ടാക്കിയതല്ലേ. നമുക്കറിയാം സൂര്യോത്സവം പിന്നീട് ട്രാന്‍സലേറ്റ് ചെയ്യപ്പെട്ടതാണ് ക്രിസ്തുമസ് എന്ന്.  അതുകൊണ്ട് എന്താ തകരാറ്. അതല്ലാതെ ക്രിസ്തു ജനിച്ചതീദിവസം തന്നെയാണെന്ന് ഒരു വിശ്വാസമുണ്ട്, ശരി. എന്നാലീ വിശ്വാസം ചരിത്രസത്യമാണെന്ന് ആളുകളെ പഠിപ്പിക്കുന്നതെന്തിന്?  അതൊരു വിശ്വാസമായി നിന്നാല്‍പോരെ?  
 
ഇപ്പോള്‍ ശബരിമലയില്‍ മകരവിളക്കു കത്തിക്കുകയായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അഞ്ചാറുകൊല്ലം മുമ്പാണ് നാം ഔദ്യോഗികമായി ഇതു സമ്മതിച്ചത്. അതുവരെ നുണ പറഞ്ഞു. കത്തിക്കുകയാണ് എന്ന് പറഞ്ഞിട്ട് എന്താ തകരാറ്. ഈശ്വരസങ്കല്പത്തിനോ, ഈശ്വരഭക്തിക്കോ എന്തെങ്കിലും കുറവുണ്ടായോ? ? ആചാരങ്ങളെ മതമായി കാണുമ്പോള്‍ you are missing the core.. സ്നേഹമാകുമ്പോഴാണ് ക്രിസ്തുമതത്തിന് സാര്‍വ്വത്രികമാകാനാകുക. അല്ലാതെ സഭയും സഭയുടെ തീയോളജിയും മൂലമല്ല, മൂല്യമായി കാണുമ്പോഴാണ് ദൈവം സമൂഹത്തിലേക്ക് സംക്രമിക്കുക. ഇതൊന്നും ഞാന്‍ പറയേണ്ട കാര്യങ്ങളല്ല. ആ മൂല്യത്തിന് ഓരോ കാലത്തും വരുന്ന പ്രായോഗിക ക്രമീകരണങ്ങളാണ് ഈ ആചാരങ്ങള്‍. ആ നിലയ്ക്കതിനു വിലയുണ്ടെന്നു കരുതാം. ഇങ്ങനെ വരുമ്പോള്‍  മാമ്മോദീസാ തുടങ്ങി പിന്നെ ക്രിസ്തുവിന്‍റെ രക്തവും മാംസവും ആയ കുര്‍ബാന എന്നൊക്കെ പറയുന്നതിന് അര്‍ത്ഥമുണ്ട്. പക്ഷേ ആചാരമാണ് ക്രിസ്തു എന്നല്ല ക്രിസ്തു ആചാരമാകുന്നതുകൊണ്ട്  ആ ആചാരങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ചരിത്രപരമായും സാമൂഹികപരമായും ബന്ധങ്ങളും  മാറ്റങ്ങളുമുണ്ടാകും. ഇപ്പോള്‍ സ്വവര്‍ഗാനുരാഗം അങ്ങേയറ്റം പാപമായ ഒരു കാലത്തുനിന്ന് അത് മനുഷ്യലൈംഗികതയുടെ ഒരു സ്വാഭാവിക ആവിഷ്കാരമാണെന്ന തിരിച്ചറിവിലെത്തിയാല്‍ നിങ്ങളുടെ ആചാരത്തെ മാറ്റിയേ പറ്റൂ. അല്ലെങ്കില്‍ നിങ്ങളൊരു പ്രാകൃതജീവിയായി മാറുകയേ ഉള്ളൂ. അതാണല്ലോ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗാനുരാഗി ക്രിസ്തുവിനെ ആഗ്രഹിക്കുന്നെങ്കില്‍ അരുതെന്നു പറയാന്‍ ഞാന്‍ ആരാണെന്നു പറയുന്നതും. ഇത് ഈ മോഡേണ്‍ സെന്‍സിബിലിറ്റിയില്‍ നിന്നും വരുന്നതാണ്. ഞാന്‍ പറയുന്ന sense of justice ആണിവിടെ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണദ്ദേഹം തടവുപുള്ളികളുടെ കാലുകഴുകിയത്. കേരളീയരാണിവിടെ മറുതലിച്ചു നില്‍ക്കുന്നത്. കേരളത്തിന്‍റെ പ്രശ്നം നമ്മളീ മോഡേണിററിയെ മുഴുവന്‍ ഭൗതിക പരിഷ്കൃതിയുടെ ബലത്തിനപ്പുറം സ്വീകരിക്കാന്‍ വലിയ മടിയുള്ളവരാണ്.
 
ഇത്രയും വിദ്യാഭ്യാസം നേടിയ മററു സമൂഹങ്ങളെ നോക്കിയാല്‍ സ്ത്രീകള്‍ അവിടെ താരതമ്യേന സ്വതന്ത്രരാണ്.  തൊഴില്‍ കഴിഞ്ഞുവരുന്ന എത്ര ശതമാനം സ്ത്രീകള്‍ക്ക് സ്വയം സമ്പാദിക്കുന്ന സ്വത്തില്‍നിയന്ത്രണമുണ്ട്? ശമ്പളം മേടിക്കുന്നുണ്ടാവും. പക്ഷേ, ശമ്പളം എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നത് ഭര്‍ത്താവായിരിക്കും. ഇതു കേരളത്തിലായിരിക്കും ഏറ്റവും കൂടുതല്‍. ബാക്കി ഒരു സ്ഥലത്തും ഇത്രയും ഉണ്ടാവില്ല. ഭര്‍ത്താവിനെ മൊത്തം ഏല്പിക്കുക എന്നത് അവരുടെ പുണ്യം കൂടിയാണ്,  അതില്‍ ഏതോ ഒരു മഹത്തായ കാര്യമുണ്ടെന്ന് ഇവര്‍ തെറ്റിദ്ധരിക്കുകയാണ്.  
 
അതേസമയം ആളുകളെല്ലാം സ്കൂട്ടറോടിക്കുന്നുണ്ട്, കാറോടിക്കുന്നുണ്ട്, കമ്പ്യൂട്ടറുപയോഗിക്കുന്നുണ്ട്. എല്ലാ സംവിധാനങ്ങളുമുണ്ട്, മൊബൈലുണ്ട്, നെറ്റ് ബാങ്കിംഗ് ഉണ്ട് എല്ലാമുണ്ടാവും... അങ്ങനെinstrumently വളരെ modern ആണ്. ethically വളരെ anti-modern ആണ്. ഇത് ഒരുമിച്ച്  സംഭവിക്കുന്ന ഒരു സ്ഥലമാണ് കേരളം. അതു നമ്മള്‍ confront ചെയ്യേണ്ട ഒരു ഇഷ്യൂ ആണ്. ആചാരത്തെ മതമായി കാണുമ്പോള്‍ മതവിശ്വാസികളോട് പറയേണ്ടത് നിങ്ങള്‍ക്ക് ദൈവത്തെ നഷ്ടമാകുന്നു എന്നാണ്. ദൈവം ആചാരമല്ല. ആചാരത്തിന്‍റെ ഓരോ ഘട്ടത്തിലും സ്ഥാനപരമായി വരുന്ന ആവിഷ്കാരങ്ങളാണ് ഇത്. ആചാരത്തില്‍ ദൈവാനുഭവമില്ല.
 
? ക്രിസ്തുമസിനെപ്പോലും കൃത്യമായ ഒരു ബിസിനസ്സ് എന്‍ര്‍പ്രൈസാക്കി മാറ്റി. വളരെ കൃത്യമായ ആഗോളവത്കരണത്തിന്‍റെ എല്ലാ ഭാഗങ്ങളും ഇതിലുണ്ട്. ആചാരത്തെ ആചാരമായി പിടിച്ചു നിര്‍ത്തുന്നത് ചില സാമ്പത്തിക മൂല്യങ്ങള്‍ക്കുവേണ്ടി മാത്രമല്ലേ. 
 
ക്രിസ്തുമസ് മാത്രമല്ല ഓണംപോലും. ഓണം കേരളത്തിന്‍റെ ദേശീയോത്സവമായതിനു കാരണം ഈ ബോണസ്സാ. എല്ലാവര്‍ക്കും ബോണസുകിട്ടുന്ന കാലമാണ്, ഒരു മാസത്തെ ശമ്പളം കിട്ടും. അപ്പോള്‍ നാട്ടുകാരെല്ലാം വിപണിയെ ഉത്സവമാക്കി മാറ്റും. സാമ്പത്തികമായ ഒരു അതിമൂല്യം ഇല്ലായിരുന്നെങ്കില്‍ ഓണം എന്നേ പോയേനെ. ഇപ്പോള്‍ വിഷുപോലെ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഉത്സവംപോലെ. വിഷുവിന് പടക്കമെങ്കിലും പൊട്ടിക്കാം. ഓണത്തിനങ്ങനെയൊന്നും ചെയ്യാനില്ലല്ലോ. ഓണം കേരളം കൊണ്ടുനടക്കുന്നത് കഴിഞ്ഞ അന്‍പതു കൊല്ലമായി ഒരു വിപണിയുടെ ഉത്സവം കൂടിയായിട്ടാണ്. ഞാനിപ്പോള്‍ അതിനെ വലിയ കുറ്റമായിട്ടൊന്നും കാണുന്നില്ല. കാരണം ഓണം വന്നതും ഏതാണ്ടിങ്ങനെയൊക്കെത്തന്നെയാണ്. അല്ലാതെ മഹാബലിയുടെ ഓര്‍മ്മയാണെന്നു പറയുന്നതിലുപരി ഓണം ശരിക്കും വാമനജയന്തിയായാണ് തുടങ്ങിയത്. കേരളീയരാണ് മഹാബലിയുടെ സങ്കല്പത്തെ കൂട്ടിയിണക്കി ഇത് വലിയൊരു ജനകീയ ഉത്സവമാക്കിയത്. ജനകീയമായ ഒരു ഉത്സവമായപ്പോഴാണ് ഓണത്തിന് മഹാബലി പ്രധാനമായത്. അതിനുമുമ്പ് വാമനോത്സവമാണ്, വാമനജയന്തിയാണ് ഈ ഓണം. അത് മഹാബലിയുടെ ഓര്‍മ്മയായി, പിന്നെ ഇപ്പറയുന്ന ട്രാന്‍സ്‌ഫോർമേഷനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതങ്ങനെ മാറിക്കൊണ്ടിരിക്കും. സാമൂഹികമായി അതുകൊണ്ട് ആചാരങ്ങള്‍ എന്നു പറയുന്നതില്‍ ഒരു കഥയില്ല. നമ്മുടെ ഭൗതിക പരിസരത്ത് സാമ്പത്തികമായ ഒരു വരവില്ലെങ്കില്‍ ഓണം ഒരു സാധാരണ ഉത്സവമായിപ്പോകും. തിരുവാതിര ഞാറ്റുവേല കേട്ടിട്ടില്ലേ. നമ്മുടെ കാര്‍ഷിക ക്രമത്തില്‍ പ്രധാനപ്പെട്ട സംഭവമാണല്ലോ തിരുവാതിര ഞാറ്റുവേല. ആരുമറിയുന്നില്ലല്ലോ. അതുപോലെ മാഞ്ഞുപോകാവുന്ന ഒന്നുതന്നെയാണ് ഓണവും. മാഞ്ഞുപോകാതിരിക്കുന്നതിന് കാരണം ഈ പറയുന്ന ഘടകങ്ങളാണ്. സ്കൂളുകള്‍ക്ക് അവധിയാണ്. നാട്ടുകാര്‍ക്ക് പണം കിട്ടുന്നുണ്ട്. വലിയ കച്ചവടമാണ്... അങ്ങനെ വരുമ്പോള്‍ അതു മികവുറ്റതാകുന്നു. ഓരോ ഘട്ടത്തിലും ഏതേത് മാര്‍ക്കറ്റ് ഫോഴ്സ്  പ്രവര്‍ത്തിക്കുന്നുവോ, അവിടെ ഗവണ്‍മെന്‍റ് പ്രവര്‍ത്തിക്കും; institutional ആയ intervention ഉണ്ടാവും.  ഒരു singular point ല്‍ ഒരു social reality യും ഇല്ല. റിയാലിറ്റിയെ സിംഗുലാറായ ഒരു എന്‍ട്രിയായി കാണണമെങ്കില്‍ നമ്മളതിനെ റഡ്യൂസ് ചെയ്യണം. മള്‍ട്ടിപ്പിള്‍ ആയിട്ടല്ലാതെ, ഒരു സാമൂഹ്യപ്രതിഭാസവും ഇല്ല. 
  
ആചാരത്തെ മതമായി കാണുമ്പോള്‍  മതവിശ്വാസികളോട് 
പറയേണ്ടത് നിങ്ങള്‍ക്ക് ദൈവത്തെ നഷ്ടമാകുന്നു എന്നാണ്. ദൈവം 
ആചാരമല്ല. ആചാരത്തിന്‍റെ ഓരോ ഘട്ടത്തിലും സ്ഥാനപരമായി വരുന്ന 
ആവിഷ്കാരങ്ങളാണ് ഇത്. ആചാരത്തില്‍ ദൈവാനുഭവമില്ല.
 
ആ സാമൂഹ്യപ്രതിഭാസത്തില്‍ നമുക്ക് ആവശ്യമുള്ളതായിരിക്കും നാം കാണുക. ആചാരം എന്നു പറയുന്നത്. പലതരത്തിലുള്ള സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന ക്രമങ്ങളാകുന്നത്.  അപ്പോഴത്തെ സമൂഹത്തിന്‍റെ ആവശ്യത്തിനുതകുന്ന പല ഘടകങ്ങള്‍ എല്ലാം അടുത്തൊരു ഘട്ടത്തില്‍ അതുപോലെ നിലനില്‍ക്കേണ്ട കാര്യമില്ലല്ലോ. അതാണു പ്രശ്നം.  നിങ്ങളതിനെ കെട്ടിച്ചുമന്നു കൊണ്ടുനടക്കുന്നതെന്തിനാണ്? ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറാതിരുന്നത് വലിയൊരളവോളം 40 ദിവസത്തെ കാനനയാത്ര, നീണ്ടുനില്ക്കുന്ന കഠിനമായ ഭൗതികാവസ്ഥകള്‍, എന്നിവ മൂലമാണ്. അതാണ് പിന്നെന്തോ മഹാകാര്യമായിത്തീര്‍ന്നത്. ഇന്നിപ്പോള്‍ പമ്പാവരെ പോയി 5 കിലോമീറ്റര്‍ മുകളില്‍ പോയി വരാന്‍ അഞ്ചോ ആറോ മണിക്കൂര്‍ മതി എന്നിരിക്കേ 40 ദിവസത്തെ കാനനയാത്ര കൊണ്ട് നടത്തിയ വിലക്കിന് എന്തര്‍ഥമാണുള്ളത്. പ്രശ്നം ഇതാണ്, 40 ദിവസത്തെ കാനനയാത്രകൊണ്ട് അല്ലെങ്കില്‍ ഒരു മാസത്തെ കാല്‍നടയാത്രയായിപ്പോയി തിരിച്ചുവരേണ്ടുന്ന ഒരു ഘട്ടത്തിലാണ് സ്ത്രീകള്‍  അവിടെ പോകാതിരുന്നത്. ആ ഘട്ടത്തിലും പോകാന്‍ ശേഷിയുള്ളവര്‍ പോയിട്ടുണ്ട്. മഹാറാണി പോയിട്ടുണ്ട്. കാരണം, പല്ലക്കില്‍ പോകാം. ചുമക്കാന്‍  ആളുണ്ട്. സാധാരണസ്ത്രീകള്‍ പോയില്ല എന്നേയുള്ളൂ. ഈ  40 ദിവസത്തെ യാത്രക്കിടയില്‍ ആര്‍ത്തവം വന്നേക്കാം. ഇല്ലെങ്കില്‍ ശാരീരികമായി ഇത്രയും കാലമുള്ള വിട്ടുനില്ക്കല്‍ പ്രശ്നമാകാം. അങ്ങനെ പോകാതിരുന്നത് ഒരു ആചാരംപോലെ സ്ത്രീകള്‍ പോകാതിരുന്നു. അത് അടുത്ത ഘട്ടമായപ്പോള്‍ സ്ത്രീകള്‍ പോകാന്‍ തുടങ്ങിയല്ലോ. വാസ്തവത്തില്‍ ഏറ്റവും വിചിത്രമായ കാര്യം പറയട്ടെ... 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ കയറ്റാതിരിക്കുന്നത് ആചാരം എന്നാണല്ലോ പറയാറ്. വാസ്തവത്തില്‍  ഇത് കോടതി വിധിയാണ്. 10-50 പ്രായപരിധി 1991 ലെ ഹൈക്കോടതി വിധിയാണ്. നിങ്ങളീ ആചാരം എന്നുപറയുന്നത് ഹൈക്കോടതി ഉണ്ടാക്കിയ ഒരു ഫോര്‍മുല ആണ്. അല്ലാതെ അന്‍പതാം വയസ്സില്‍ ആര്‍ത്തവം അവസാനിക്കും എന്ന് ആരാണ് തീരുമാനിച്ചത്. അല്ലാതെ 10-50  എന്നിവയ്ക്ക് എന്ത് ആചാരാടിസ്ഥാനമാണുള്ളത്? കേസുവന്നപ്പോള്‍ ജഡ്ജിക്കു തോന്നി, അത്രതന്നെ. 10-60  ആയിരുന്നെങ്കില്‍ അങ്ങനെ ആയേനെ. അദ്ദേഹം കരുതി അന്‍പതാം  വയസ്സില്‍ ആര്‍ത്തവം അവസാനിക്കും എന്ന്. അന്‍പതാം വയസ്സില്‍ ആര്‍ത്തവം അവസാനിക്കാത്ത എത്രയോ പേരുണ്ട്. പത്തു വയസ്സിനു മുന്‍പ് ആര്‍ത്തവം വരുന്ന എത്രയോ കുട്ടികളുണ്ട്. കോടതി വിധി ആചാരമായി അത്രയേയുള്ളൂ. അസംബന്ധം. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഒരു കോടതിവിധി കൊണ്ടുണ്ടായ ആചാരം അടുത്ത കോടതി വിധികൊണ്ട് റദ്ദായിപ്പോയ ആചാരം അത്രയേയുള്ളൂ. ഇതില്‍ കവിഞ്ഞ ഒരു പ്രാധാന്യവുമതിനില്ല. പിന്നെ സ്ത്രീകള്‍ പോയിരുന്നില്ല എന്ന വസ്തുത അപ്പോഴത്തെ സാഹചര്യങ്ങള്‍ കാരണമാണ്. അതിന് അടുത്ത കാലഘട്ടത്തില്‍ മാറ്റം വരാം. ഇങ്ങനെയേ നാം ആചാരങ്ങളെ കാണാവൂ. ദൈവാനുഭവത്തിലൂടെ ആചാരങ്ങളെ നോക്കുന്നതിനു പകരം ആചാരത്തിലൂടെ ദൈവത്തെ നോക്കുമ്പോള്‍ പിന്നെ നിങ്ങള്‍ക്ക് ആചാരമാണ് വലുതെന്നു തോന്നും.   
 
അറിവ് ഒരു Critical Understanding ആയി മാറാതെ Information ആയി മാറിയാല്‍ പിന്നെ ആ അറിവായിരിക്കും ഭാരം... നിങ്ങള്‍ക്കറിവുണ്ടെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കുകയും വാസ്തവത്തില്‍ ഒരു സോഷ്യല്‍ അണ്ടര്‍സ്റ്റാന്‍റിംഗ് ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരാളായി ജീവിക്കും. ഈ അറിവില്ല എന്നറിയണമല്ലോ; അതറിയില്ല, കാരണം നിങ്ങള്‍ Msc ഉണ്ട് PhD ഉണ്ട്. അപ്പോള്‍ നിങ്ങള്‍ കരുതും വലിയ പണ്ഡിതനാണെന്ന്. പക്ഷേ യാതൊന്നുമറിയില്ല, അതൊരു മെക്കാനിസം ആണ്. ഇത് ഇന്ത്യയിലെ തന്നെ വലിയൊരു പ്രശ്നമാണ്. നാം ഇപ്പോള്‍ ഒരു സ്കൂട്ടര്‍ മെക്കാനിക്കിനെ സയിന്‍റിസ്റ്റ് എന്നു വിളിക്കില്ല. പക്ഷേ ഒരു Missile Mechanic നെ നമ്മള്‍ സയിന്‍റിസ്റ്റ്  എന്നു വിളിക്കുന്നു. അതു വിചിത്രമാണ്.
 
നാം വലിയ ശാസ്ത്രജ്ഞന്മാരായി കണ്ട പലരും ടെക്നീഷ്യന്മാരാണ്. വലിയ ശാസ്ത്ര സ്ഥാപനം നടത്തിയ സാങ്കേതിക വിദഗ്ധരാണ്. അവരും ശാസ്ത്രജ്ഞരും തമ്മിലുള്ള വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. അടിസ്ഥാനപരമായ ഒരു conceptual thinking ന്‍റെ കക്ഷിതലമുണ്ടതില്‍. ഈ conceptual thinking  ശാസ്ത്രത്തിലുണ്ടെന്ന് സയന്‍സ് പഠിക്കുന്ന എത്രകുട്ടികള്‍ക്കും പഠിപ്പിക്കുന്ന എത്ര അധ്യാപകര്‍ക്കും അറിയാം. നിങ്ങളെന്താണ് പഠിക്കുന്നതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ. കുറെ സൂത്രവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാന്‍ പഠിപ്പിക്കുന്നു. അതെന്തോ ബലപ്രയോഗംപോലെ കുട്ടികളെ എന്‍ട്രന്‍സ് പരീക്ഷയ്ക്കൊരുക്കുന്നു. ഒരു ദിവസം 100 ചോദ്യം. അങ്ങനെ 100 ദിവസം കൊണ്ട് 10000 ചോദ്യം. അങ്ങനെ അത് തലയില്‍ ചുമന്ന് നടക്കുകയാണ്. എന്തിനാണെന്നു ചോദിച്ചാല്‍ ഈയൊരു ദിവസത്തെ പരീക്ഷയ്ക്കുവേണ്ടി. അതുകഴിഞ്ഞാല്‍ത്തീര്‍ന്നു. പണ്ട് വിജയന്‍ മാഷ് തമാശയായി പറയും ഈ രണ്ടുമാസം അവധി 10 മാസം പഠിച്ചതൊക്കെ മറക്കാനാണ് എന്ന്. അടുത്തകൊല്ലം വേറെ വല്ലതും പഠിക്കണമല്ലോ. വേറെ കാര്യമൊന്നുമില്ലല്ലോ. പരീക്ഷയെഴുതിക്കഴിഞ്ഞാല്‍ അപ്പോള്‍പ്പിന്നെ എല്ലാം തലയില്‍ നിന്നൊന്നൊഴിഞ്ഞു പോയിട്ട് അടുത്ത കൊല്ലം വേറെന്തൊക്കെയോ പഠിക്കാം. ഇതുതന്നെയാണ് മതത്തിലും സംഭവിക്കുന്നത്. പഠിച്ചതൊക്കെ മറക്കാന്‍ ശ്രമിക്കുന്നു. അടുത്തകൊല്ലം വേറെ വല്ലതും പഠിക്കണോല്ലോ. വേറെ കാര്യമൊന്നുമില്ലേല്ലും. പരീക്ഷയെഴുതിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം തലയില്‍ നിന്നൊഴിഞ്ഞു പോയിട്ട് അടുത്തകൊല്ലം വേറെന്തൊക്കെയോ പഠിക്കാം.  അടിസ്ഥാനപരമായി, മനുഷ്യവംശത്തിലേക്കൊഴുകി വന്ന സ്നേഹമാണ് ക്രിസ്തുവായി അവതരിച്ചത്. ദൈവസ്നേഹം മനുഷ്യനിലേക്കൊഴുകി എത്തിയതാണ്; സ്നേഹം എന്നതാണതിലെ കാതലായ കാര്യം. അല്ലാതെ ക്രിസ്തുവിനെ ചൊല്ലി സഭയുണ്ടായി, സഭയ്ക്ക് ആചാരങ്ങളുണ്ടായി ഇതൊന്നുമല്ല അതിലുപരി സ്നേഹമായി വന്നു എന്നതാണ്.  അതിലൂന്നാതെ അതിന്‍റെ തുടര്‍ച്ചയില്‍ വന്ന എന്തൊക്കെയോ ആണിതെന്ന് കരുതുന്നിടത്താണാചാരം വലുതാവുക. അതാണ് ഞാന്‍ പറയുന്നത് ആചാരത്തില്‍ പിടിച്ചവര്‍ക്ക് മതമൊന്നുമില്ല. 
 
ഞാന്‍ ദൈവത്തെക്കുറിച്ചു വായിച്ച ഏറ്റവും നല്ല വാക്യം കസന്‍ദ്സാക്കീസിന്‍റേതാണ്. കസന്‍ദ്സാക്കീസിന്‍റെ ഒരു നോവലിന്‍റെ ആമുഖത്തില്‍ മുപ്പരെഴുതുന്നു: അലഞ്ഞുതിരിഞ്ഞു നടന്നിട്ട് ഒരു മരത്തിന് മുന്‍പില്‍ ചെന്നിട്ട് ഇയാള്‍ പറയും  'speak me God'പിന്നെ ഒറ്റ വരിയേ ഉള്ളൂ.“Then the tree blossomed!”. ആ മരത്തില്‍ പൂക്കള്‍ വിരിഞ്ഞു എന്നുള്ളതിലാണ് ദൈവം ഇത് ദൈവാനുഭവമായി എത്രപേര്‍ക്ക് മനസ്സിലാകും.
 
ഓണം കേരളത്തിന്‍റെ ദേശീയോത്സവമായതിനു കാരണം ഈ ബോണസ്സാ. എല്ലാവര്‍ക്കും ബോണസുകിട്ടുന്ന കാലമാണ്, ഒരു മാസത്തെ ശമ്പളം കിട്ടും. അപ്പോള്‍ നാട്ടുകാരെല്ലാം വിപണിയെ ഉത്സവമാക്കി മാറ്റും. സാമ്പത്തികമായ ഒരു അതിമൂല്യം ഇല്ലായിരുന്നെങ്കില്‍ ഓണം എന്നേ പോയേനെ.
 
ആചാരമായിട്ടു മതത്തെ കാണുന്നതില്‍ അതിസാധാരണ മനുഷ്യര്‍ മുതല്‍ പരമജ്ഞാനികള്‍വരെ ഉണ്ട്. അതില്‍ വ്യത്യാസമൊന്നുമില്ല. തിരിച്ച് സ്നേഹകാരുണ്യത്തില്‍ മതത്തെ കാണുന്ന ഏറ്റവും നിസ്വരായ മനുഷ്യരുമുണ്ട്. പണ്ഡിതന്മാരൊന്നുമല്ല. ഇപ്പോ കേരളത്തില്‍ തന്നെ നാരായണഗുരു ഒരു മഹാ ജ്ഞാനിയൊന്നുമല്ല. അന്നു ജീവിച്ചിരുന്ന വലിയ പണ്ഡിതരില്‍ ഗുരുവിനെക്കാള്‍ വലിയ പണ്ഡിതന്മാരൊക്കെയുണ്ട്. ഗാന്ധിയേക്കാള്‍ എത്ര വലിയ പണ്ഡിതരുണ്ടായിരുന്നു അന്നിന്ത്യയില്‍.  ഇത് എന്താന്നു പറഞ്ഞാല്‍ അത് നമുക്കു പ്രായോഗികമായി എങ്ങനെ പരിഹരിക്കാം എന്നെനിക്കറിഞ്ഞുകൂടാ. വ്യക്തമായി. ഈ ലോകത്തില്‍ ഇടപെടാനും ഈ ലോകത്തില്‍ ഏതെങ്കിലും തരത്തിലുള്ള നീതിക്കുവേണ്ടി പ്രവര്‍ത്തിക്കാനും കഴിയുന്ന ഒരു സാധ്യതയായിട്ടാണ് ഞാന്‍ സംഘടനയെ കാണുന്നത്. അതുകൊണ്ടാണ് എന്തെല്ലാം കുഴപ്പമുണ്ടായാലും സംഘടന വേണമെന്നു ഞാന്‍ കരുതുന്നത്. കാരണം ഇടപെടലുകള്‍ക്ക് ഇടംവേണം. അല്ലാതെ നിങ്ങള്‍ക്കൊരു ശൂന്യസ്ഥലത്തില്‍ നിന്ന് ഇടപെടാനാവില്ല. ചില പണ്ഡിതന്മാര്‍ സംഘടനകളെ വേണ്ടെന്നു പറയും. കാരണം സമൂഹത്തില്‍ ഇടപെടാന്‍ അവരാഗ്രഹിക്കുന്നില്ല. മറിച്ചാണെങ്കില്‍ അവിടെ നിലനില്‍ക്കുന്ന സാമൂഹികരൂപങ്ങളും നിങ്ങളുടെ ബോദ്ധ്യങ്ങളും തമ്മില്‍ Conflict  ഉണ്ടാകും. ആ Conflict  നെ ഒരു യാഥാര്‍ത്ഥ്യമായി കണ്ടുതന്നെ ഇടപെടണം. അതല്ലാതെ Conflict  കള്‍ ഏതുമില്ലാത്ത ഒരു ശുദ്ധലോകം വരട്ടെ. അപ്പോള്‍ ഞാനിടപെടാം എന്നു പറഞ്ഞാല്‍ മരണംവരെ ഒന്നും വേണ്ടിവരില്ല. നമ്മുടെ പല പണ്ഡിതന്മാരും പലപ്പോഴും ആദര്‍ശാത്മകമായ എന്തിനെയോ സങ്കല്പിക്കുന്നു. പക്ഷേ ഇവിടെഅല്പം Self reflective ആയാല്‍ ഈ പ്രശ്നം തീരും. നിങ്ങളുടെ ആദര്‍ശാത്മകതയും വ്യക്തിജീവിതവും തമ്മിലൊന്നു ചേര്‍ത്തുവയ്ക്കുക. അപ്പോ ഈ സൂക്കേട് തീരും. കാരണം നിങ്ങളുടെ ആദര്‍ശാത്മകബോധവും വ്യക്തിജീവിതവും തമ്മില്‍ വേണ്ടത്ര വൈരുദ്ധ്യമുണ്ട്. അതു തിരിച്ചറിയാന്‍ കഴിയുന്ന ഒരാള്‍ക്ക് സംഘടനയും താനും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നത് വലിയ പ്രശ്നമായി തോന്നില്ല. അടിസ്ഥാനപരമായി വേണ്ടത് ഈ Self reflectionആണ്. മതം നന്നാകണമെന്ന് ഞാനാഗ്രഹിക്കുന്നത് മതവിശ്വാസി ആയതുകൊണ്ടല്ല. മതം ഈ മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. മതം ആരിലുമില്ലെങ്കില്‍ പിന്നെ എന്‍റെ Concern അല്ല മതം. എന്‍റെയടുത്ത് ആളുകള്‍ ചോദിക്കും എന്തിനാണീ മഹാഭാരതത്തെക്കുറിച്ച് പറയാന്‍ നില്‍ക്കുന്നത്. ഞാന്‍ പറയും അതിന്‍റെ പേരില്‍ കോടിക്കണക്കിനാളുകളെ കൊണ്ടുനടക്കാനിവിടെ പറ്റുന്നുണ്ട്. അല്ലാതെ മഹാഭാരതത്തിന്‍റെ മഹിമ സ്ഥാപിക്കാനല്ല. ഇതു മറ്റൊരാള്‍ക്കു ചെയ്യാം. കാരണം മനുഷ്യാവസ്ഥയെക്കുറിച്ച് മഹാഭാരതത്തിന് വേറൊരു Dimension ഉണ്ട്. പി.കെ. ബാലകൃഷ്ണന്‍ എഴുതുന്നു, Dostoevsky യുടെ ഒരു നോവല്‍ വായിക്കുംപോലെ വായിക്കാവുന്ന ഒരു പുസ്തകമാണ് മഹാഭാരതം. അത്രമാത്രം  ജീവിതഗന്ധിയും  സങ്കീര്‍ണവുമാണത്. സാഹിത്യപരമായോ ഭാവനാത്മകമായോ ഒരാള്‍ക്ക് മഹാഭാരതത്തെ ലിഴമഴല ചെയ്യാം. പക്ഷേ ഞാന്‍ അങ്ങനെയല്ല, ഈ കൃതി ഇപ്പോഴും ആളുകളെ ഇന്‍ഫ്ളുവന്‍സ് ചെയ്യുന്നുവല്ലോ. അവരിലിപ്പോഴും പ്രവര്‍ത്തിക്കുന്നുവല്ലോ. അങ്ങനെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ പ്രവര്‍ത്തനത്തെ കഴിയുന്നത്ര പോസിറ്റീവ് ആക്കി മാറ്റുവാന്‍ നമുക്കു കഴിയുമല്ലോ എന്നതാണ്. അതിന്‍റെ സാമൂഹികമാനമതാണ്. അല്ലാതെ വ്യക്തിപരമായി ഒരു സൗന്ദര്യാസ്വാദകന്‍റെ നിലപാടില്‍ നിന്നല്ല ഞാനിടപെടുന്നത്. അങ്ങനെയുള്ളവരെ ഞാന്‍ കുറ്റവും പറയില്ല.
 
മൂല്യങ്ങള്‍ക്കുള്ളിലാണ് ഇടപെടേണ്ടത്. നിരന്തരമായ സംവാദനങ്ങളിലൂടെയേ മതത്തിനുള്ളില്‍ ഇതു പ്രാവര്‍ത്തികമാകൂ. എല്ലാക്കാലത്തുമങ്ങനെ ആദര്‍ശാത്മകതയില്‍ അഭിരമിച്ചിട്ടു കാര്യമില്ല.  പലരുമെന്നോടു ചോദിക്കും ഇതൊക്കെ പറയാം എന്നല്ലാതെ മറ്റെന്തെങ്കിലും ഫലമുണ്ടോ. ഞാനതിനു സ്വയം കണ്ടെത്തിയ ഉത്തരമെന്താന്നുവച്ചാല്‍ വിജയിച്ച ആശയങ്ങളുടെ പുറത്തല്ല മനുഷ്യരില്‍ നീതി നിലനില്‍ക്കുന്നത്. വിജയിച്ചവരല്ല ഇവിടംവരെ നീതിയെ കൊണ്ടുവന്നത്.  പരാജയപ്പെടാന്‍ സന്നദ്ധതയുള്ള പരാജയപ്പെട്ട മനുഷ്യരാണ് നീതിയെ മുറുകെ പിടിച്ചത്. അതുകൊണ്ട് ജയിക്കുമോ തോല്‍ക്കുമോ എന്നതു മാത്രം നോക്കി നിങ്ങള്‍ക്ക് നീതിക്കുവേണ്ടി നില്ക്കാനാവില്ല. നീതിക്കുവേണ്ടി നില്ക്കുക എന്നാല്‍ ഒരര്‍ത്ഥത്തില്‍ തോല്‍ക്കാന്‍ വേണ്ടികൂടി നില്ക്കുക എന്നതാണ്. അപ്പോള്‍ അത് ചെറിയ കാര്യമല്ല. ചരിത്രത്തിലേക്കു നോക്കിയാലും നീതി ഉയര്‍ത്തിപ്പിടിച്ചവരാരും കാര്യമായി ജയിച്ചവരല്ല. പക്ഷേ അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ വിജയികള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു. മനുഷ്യവംശത്തെ നീതിബോധത്തിലേക്കു നയിച്ചു. ഗാന്ധി പരാജയപ്പെട്ടില്ലേ. ഗാന്ധിപറഞ്ഞതൊന്നും അദ്ദേഹത്തിന്‍റെ കാലത്തു നടന്നില്ല. രാജ്യം വിഭജിക്കപ്പെട്ടു. വര്‍ഗ്ഗീയ ലഹള, മൂപ്പര് വെടിയേറ്റ് മരിച്ചു. കുടുംബം അനാഥമായി. ഒരു നിലക്കും വിജയിച്ച ആളല്ല ഗാന്ധി. മാര്‍ക്സ്, അംബേദ്കര്‍ തുടങ്ങി അങ്ങനെ പലരും. പക്ഷേ അപ്പോഴും അവരുണ്ടാക്കിയ പ്രേരണകള്‍ക്കും മൂല്യങ്ങള്‍ക്കും വലിയ തോതില്‍ ലോകത്തെ ചലിപ്പിക്കാന്‍ കഴിഞ്ഞു. അതിലൂടെ നീതികിട്ടാത്ത മനുഷ്യര്‍ക്ക് കുറച്ചെങ്കിലും നീതിയുടെ വഴി തുറന്നുകിട്ടി. അതവരുടെ തോല്ക്കാനുള്ള സന്നദ്ധതയിലാണ്. ഇപ്പോള്‍, ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്നു ഗാന്ധിയെങ്കില്‍ നാമിതു പറയില്ല. തോറ്റതു കൊണ്ടാണ് നാമിപ്പോഴും പറയുന്നത്. ഞാനിപ്പോഴും പ്രസംഗത്തില്‍ പറയും ഗുരുവായൂര്‍ സത്യാഗ്രഹം തോറ്റ സമരമാണ്. കൃഷ്ണപിള്ളയും, കെ. കേളപ്പനുമൊക്കെ സമരം ചെയ്തു. ഒന്നരക്കൊല്ലം സമരം ചെയ്തു. സമരം നിര്‍ത്തിപ്പോയി. പിന്നെയും 16 കൊല്ലം കഴിഞ്ഞാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവര്‍ണര്‍ കയറുന്നത്. പക്ഷേ ആ തോറ്റ സമരം നടത്തിയവരെ നമുക്കിന്നും ഓര്‍മ്മയുണ്ട്. ക്ഷേത്രം അടച്ചുപൂട്ടിയ സാമൂതിരിയെ ആര്‍ക്കും ഓര്‍മ്മയില്ല. കാരണം, തോല്‍വിക്കു ചരിത്രത്തില്‍ വലിയ റോളുണ്ട്. വിജയിക്കുന്ന ആശയങ്ങള്‍ മാത്രമേ പറയാവൂ എന്നത് ഒരു ഭീകരമായ പ്രാഗ്മാറ്റിസം ആണ്. അത് സാമൂഹികമല്ല, അധാര്‍മ്മികവുമാണ്. അതിനാല്‍ പരാജയപ്പെടുന്ന ആശയങ്ങള്‍ക്കുവേണ്ടിയും നാം നില്‍ക്കണം. പരാജയപ്പെടാനുള്ള ഒരു സന്നദ്ധതയുണ്ടാവണം. പരാജയപ്പെട്ട ഗാന്ധി വിജയിച്ച ഗാന്ധിയെക്കാള്‍ പതിന്മടങ്ങ് ശക്തനാണ്.  life in death എന്നു പറയുന്നതുപോലെ ഗാന്ധിയുടെ ജീവിതത്തിന്‍റെ ഏറ്റവും സന്മോഹനമായ ഭാഗം ആ മരണത്തിലാണ്. പരാജയത്തിന് ആ മൂല്യമുണ്ട്. കേസരി ഒരു കുറിപ്പിലെഴുതുന്നുണ്ട്; ലോകത്തെ മുഴുവന്‍ സ്നേഹിച്ചിരുന്നതുകൊണ്ട് എന്‍റെ ഭാര്യയേയും മകളെയും ഞാന്‍ പ്രത്യേകമായി സ്നേഹിച്ചില്ല. അടുത്ത വാക്യം വിജയന്‍ മാഷ് എപ്പോഴും പറയുന്നതാണ്:  എന്‍റെ മകളെ ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ  ആദ്യമായി ചുംബിച്ചത് അവളുടെ തണുത്തു മരവിച്ച ജഡത്തിലാണ്. 9-ാം വയസ്സില്‍ മോള്‍ മരിച്ചു. അതിനെക്കുറിച്ചെഴുതിയതാണ്.
 
ഇങ്ങനൊരു വൈരുദ്ധ്യമുണ്ട്. ഇത് ഫെയ്സ് ചെയ്യാന്‍ തയ്യാറല്ലാത്തൊരാള്‍ക്ക് നീതിയെ അങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. അതിനാല്‍ വിജയിക്കുന്ന ആശയങ്ങള്‍ എന്നത് രണ്ടാമത്തെ കാര്യം. നിങ്ങള്‍ നീതിയെ ഉയര്‍ത്തിപ്പിക്കുന്നുണ്ടോ എന്നതാണു പ്രധാന കാര്യം.  
 
? താങ്കളുടെ വ്യക്തിജീവിതത്തില്‍ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടുന്നു? പ്രശ്നങ്ങളുണ്ടാവുന്നില്ലേ 
 
ഉണ്ടാവും, പക്ഷേ താരതമ്യേന എനിക്കു വ്യക്തിപരമായ വലിയ സംഘര്‍ഷമില്ല. കഴിഞ്ഞ 10-15 വര്‍ഷത്തിനിടയില്‍ ഗുരുവിനെയും കേസരിയെയും വായിച്ച് ഞാനെന്‍റെ ജീവിത ബോധ്യങ്ങളെ കുറെയൊക്കെ പരിണമിപ്പിച്ചു. ആദ്യഘട്ടത്തില്‍ കുറെക്കൂടി യാന്ത്രികമായ ഒരു സംഘടനായുക്തിയിലാണ് നിന്നത്. അതുകൊണ്ട്, മര്‍ക്സിസ്റ്റുകള്‍ ഇപ്പോ ഞാനൊരു നല്ല മാര്‍ക്സിസ്റ്റ് അല്ലെന്നു കരുതുന്നു.  എന്നാല്‍ അല്ലാത്തവര്‍ക്ക് ഞാനൊരു മാര്‍ക്സിസ്റ്റാണ്. ഒരുവിധം എല്ലാവരുടെയും എതിരാളിയാണ്. ഇസ്ലാമിസ്റ്റിന് ഞാനൊരു സവര്‍ണവാദിയാണ്. എന്നാല്‍ സവര്‍ണവാദികള്‍ ഞാന്‍ കടുത്ത ഇസ്ലാമിക് വര്‍ഗ്ഗീയവാദിയാണെന്നു പറയുന്നു. 
എന്നാല്‍ ഞാന്‍ ഇതില്‍നിന്നെല്ലാം മാറിയാണ് നിലകൊളളുന്നത്. മാര്‍ക്സിന്‍റെ കാലയളവില്‍തന്നെ അദ്ദേഹം എഡിറ്റു ചെയ്ത 'മൂലധനം' മൂന്നുപതിപ്പാണ് - റഷ്യന്‍, ജര്‍മ്മന്‍, ഫ്രഞ്ച്. ഫ്രഞ്ച് പതിപ്പിലേക്കെത്തിയപ്പോഴേക്കും മാര്‍ക്സ് തന്നെ അതില്‍ വലിയ തോതില്‍ നവീകരണം വരുത്തി. അതിന്‍റെ അര്‍ത്ഥം മാര്‍ക്സിന് ഒരു ടെക്സ്റ്റും ഫിക്സഡ് അല്ല. പ്രോഗ്രസീവ് ആണ്. പക്ഷേ ഇവയൊക്കെ മറച്ചുപിടിച്ചാണ് നാമിന്ന് മാര്‍ക്സിനെ അവതരിപ്പിക്കുന്നത്. വിജയന്‍മാഷ് പണ്ട് പറഞ്ഞിട്ടുള്ളത് വര്‍ഷാവര്‍ഷം ഒരാള്‍ ഒരേ ആശയം തന്നെ പറഞ്ഞു നടക്കുകയാണെങ്കില്‍ ഒന്നുകില്‍ അയാള്‍ക്ക് ബുദ്ധിയില്ല; അല്ലെങ്കില്‍ അയാള്‍ നാട്ടുകാരെ പറ്റിക്കുന്നു എന്നാണ്. ഇതല്ലാതെ നിങ്ങള്‍ക്കൊരേ കാര്യം എന്നും പറയാനാകില്ല. കാരണം ഈ 50 കൊല്ലത്തിനിടക്ക് ലോകമാകെ മാറി. നിങ്ങളുടെ ലോകബോധമെത്രമാറി. ഇതൊന്നും നിങ്ങളെ സ്പര്‍ശിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു ബുദ്ധിയില്ല. അല്ലെങ്കില്‍ നാട്ടുകാരെ പറ്റിക്കുന്നു. വലിയ ചിന്തകരിലൊക്കെ ഈ മാറ്റങ്ങളും പരിണാമങ്ങളുമുണ്ടാകും. അതിലൊന്നും ഒരു തെറ്റുമില്ല. മാറുന്നതു നല്ലതാണ്.

You can share this post!

കാരുണ്യത്തിന്‍റെ കരിപ്പേരി പാഠങ്ങള്‍

ടോണി ചിറ്റിലപ്പിള്ളി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts