news-details
മറ്റുലേഖനങ്ങൾ

രാസമാറ്റങ്ങള്‍

ഓര്‍മ്മച്ചിത്രം: 2013 മാര്‍ച്ച് ലക്കം മനുഷ്യസ്നേഹി മാസികയില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്, 
മാഗി ടീച്ചറുടെ ഓര്‍മ്മകള്‍ ഇന്നും പ്രസക്തമാണെന്ന് തിരിച്ചറിവില്‍ പുനപ്രസിദ്ധീകരിക്കുന്നു.
 
"സോറി അമ്മേ സോറി" എന്ന് എത്രവട്ടം അവള് പറഞ്ഞിട്ടും എന്‍റെ കരച്ചിലടങ്ങിയില്ല. ഒടുവിലവള്‍ ഇറുണ്ടടക്കം എന്നെ പൊതിഞ്ഞ് പിടിച്ച് എന്‍റെ ചങ്കില്‍ തല ചായ്ച്ചിരിക്കേ ഉള്ളിലിളകി മറിയുന്ന സങ്കടക്കടല്‍ പതുക്കെ ശാന്തമാകുന്നതറിഞ്ഞു.
 
"ഇത്തിരി നേരത്തെ പഠിക്കാനിരുന്നുകൂടെ? റ്റി. വി. കാണല്‍ ഇത്തിരി കൂടുന്നുണ്ട്" എന്ന എന്‍റെ ചോദ്യത്തിന് നേര്‍ക്കാണ് പത്താംക്ലാസുകാരി മകള്‍ കണ്ണുരുട്ടിയത്. "ഈയിടെയായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. എന്തു പറഞ്ഞാലും തര്‍ക്കുത്തരം' അതിനു തീ പാറുന്നൊരു നോട്ടമായിരുന്നു മറുപടി. പിന്നാലെ വന്നു ഒറ്റശ്വാസത്തില്‍ കുറേ എണ്ണിപ്പെറുക്കലുകള്‍. "ഇത്തിരിനേരം റ്റി. വി. കണ്ടെന്നുവച്ചാലെന്താ? ആവശ്യത്തിന് മാര്‍ക്കൊക്കെ എനിക്കുണ്ട്? അല്ലേലും എന്ത് സ്വാതന്ത്ര്യാ ഇവിടൊളളത്? റ്റി വി വച്ചാ വഴക്ക്, നെറ്റില്‍ കയറിയാല്‍ വഴക്ക്, മര്യാദയ്ക്ക് വല്ലടത്തും വിട്വോ, അതുല്ലാ..." അവള്‍ നിര്‍ത്താനുള്ള ഭാവമില്ല. അല്ലേലും ഞാനൊന്നും മറന്നിട്ടില്ല. "ഹര്‍ഷേടെ വീട്ടില്‍ പോയെന്നും പറഞ്ഞ് ഇന്നാള് എനിക്കിട്ടെത്ര അടിയാ തന്നത്. കാല് പൊട്ടി ചോര വരുന്നതുവരെയാ തല്ലിയേ. ദേ പാടിപ്പോഴുമുണ്ട് മാഞ്ഞിട്ടില്ല കാലേന്ന്. എന്‍റെ മനസ്സീന്നും." കഴിച്ചോണ്ടിരുന്ന ചോറ് തൊണ്ടയില്‍ തറഞ്ഞപോലെ. ഒരു വറ്റെങ്കിലും ഇറങ്ങീട്ട് വേണ്ടേ. ശരിയാണ്. വെളുത്ത, മെലിഞ്ഞ കാലില്‍ കുറുകെ കിടക്കുന്ന നേര്‍ത്തൊരുവര. എങ്ങനെയോ കഴിച്ചെന്ന് വരുത്തി അടുക്കളേല്‍ പാത്രം കഴുകിക്കൊണ്ടിരിക്കേ നിലവിളിച്ച് കരയാനും മാത്രം തോന്നി. എത്ര തിളച്ചിട്ടും വേവാത്ത അരി ഉള്ളില്‍ കിടന്ന് തിളച്ചുമറിയുകയാണ്. ഉവ്വ്, ഓര്‍ക്കുന്നുണ്ട്, ഞാനും ആ സന്ധ്യ. വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മോള് ഹര്‍ഷേടെ വീട്ടിപ്പോയെന്നറിയുന്നത്. പറയാണ്ട് പോയേനുള്ള ദേഷ്യോണ്ട്. പോട്ടെ. കുറെ നേരം കഴിഞ്ഞിട്ടും ആളെ കാണുന്നില്ല. വെപ്രാളം കേറീട്ട് എന്താ ചെയ്യേണ്ടേന്ന് അറിയില്ല. ഓരോരോ ആപത്തുകളെ ഓര്‍ത്തോണ്ട് പൊലിപ്പിക്കുന്ന മനസ്സ്. പേടികള്‍ കാലുതൊട്ട് ഇരച്ചുകയറാനും തുടങ്ങി. ഇരുട്ട് വീണ് തുടങ്ങി. ഗേയിറ്റിന് അകത്തും പുറത്തുമായി ഞാന്‍ ബോധംകെട്ടപോലെ നടന്നു. ആറരയൊക്കെ കഴിഞ്ഞു കാണണം. ആള് വരുന്നുണ്ട്. ഇത്രോം നേരം അനുഭവിച്ച ആധി മുഴുവനും സങ്കടോം ദേഷ്യോമായി. എന്നിലെ സൂക്ഷ്മകണങ്ങളോരോന്നും വിഭ്രാന്തമായുണര്‍ന്നു. അവളുടെ കണ്ണുകളില്‍ നേര്‍ത്തൊരു ഭയം ഞരങ്ങുന്നുവെന്നും അവളുടെ ഉടലില്‍ വിറങ്ങലിച്ചൊരു നിസ്സഹായത പതുങ്ങുന്നുവെന്നും ഞാന്‍ ഭയന്ന് ഭ്രമിച്ച നിമിഷങ്ങള്‍. പിന്നെയെന്താ ചെയ്തതെന്ന് എനിക്കു തന്നെ ബോധമില്ല. ഹിസ്റ്റീരിക്കായപോലെ കയ്യില്‍ കിട്ടിയ വടികൊണ്ട് പക തീര്‍ക്കുംപോലെ കുഞ്ഞിനെ ഞാനെത്രയാ അടിച്ചത്. അതെ, ചോരവരുവോളം. മേലാല്‍ ഒരു കൂട്ടുകാരുടേം വീട്ടില്‍ പോവരുതെന്ന താക്കീതോടെ. അന്ന് ദേഷ്യം തീര്‍ന്നപ്പോള്‍ അമ്മ പേടിച്ചിട്ടാണ് കൊച്ചിനെ അടിച്ചതെന്നൊക്കെ പറഞ്ഞ് കുറ്റബോധം കൊണ്ട് അവളെ ചേര്‍ത്ത് പിടിച്ച് നിറയെ ആശ്വസിപ്പിച്ചതുമാണ്. എന്നിട്ടും അതിത്രയും ആഴമുള്ളൊരു വടുവായി, അവളുടെ ഹൃദയത്തിലിത്രയും തിണര്‍ത്ത് കിടക്കുമെന്ന് ഞാനോര്‍ത്തതേയില്ലല്ലോ, ദൈവമേ!
 
സങ്കടം നിറഞ്ഞ് നിറഞ്ഞ് ചങ്കുപൊട്ടി കരച്ചിലിപ്പം പുറത്തേക്ക് ചാടുമെന്ന് തോന്നീട്ടും ഞാനതിനെ (ബലമായി) അമര്‍ത്തിപ്പിടിച്ചു. പക്ഷേ എത്രനേരം? പ്രാര്‍ത്ഥനയ്ക്കായി കണ്ണുകളിറുക്കിയടച്ചിരിക്കേ സങ്കടം അണപൊട്ടിയൊഴുകി. എത്ര ശ്രമിച്ചിട്ടും ഇടറുന്ന ശബ്ദം ഏങ്ങലടികളായ് നിലവിളിയായി. എന്തുപറ്റിയെന്ന പരിഭ്രമിച്ച ചോദ്യങ്ങള്‍. കുറെ കരഞ്ഞുതീര്‍ന്നപ്പോള്‍ മനസ്സ് പറഞ്ഞു, പറയണം, അറിയണം. എത്ര പിളര്‍ന്ന മുറിവുകള്‍ക്ക് മീതെയാണ് ഓരോരുത്തരും നില്ക്കുന്നതും കുറുകേ കടക്കുന്നതുമെന്ന്. അമ്മയ്ക്കന്ന് ഭ്രാന്ത് പിടിച്ചത് എന്തുകൊണടാന്ന് അവളിനിയും അറിയാതിരിക്കരുത്. മനസ്സിലാവാത്തൊരു ഭാഷയായി ആ മുറിവിനിയും അവളുടെ മനസ്സിലിരുന്ന് നീറാന്‍ പാടില്ല. 
 
അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായ് എന്‍റെ മനസ്സിനേറ്റ, പഴുത്തൊലിക്കുന്ന ഇനിയും ഉണങ്ങാത്തൊരു മുറിവിന്‍റെ കഥ ഞാനവരോട് പറഞ്ഞത്. ഞാനന്ന് ഏഴിലോ എട്ടിലോ മറ്റോ ആണ്. കൗമാരത്തിലേക്ക് പൊടിച്ചുതുടങ്ങുന്ന പ്രായം. ബാല്യമൊട്ടുമേ അടര്‍ന്നു പോയിട്ടുമില്ല. ആശുപത്രിയില്‍ കിടക്കുന്ന അമ്മയെ കാണാനാണ് ഞാനും അപ്പയും കൂടി അന്നുപോയത്. ബോട്ട് യാത്രയുണ്ട് ആശുപത്രിയിലേക്ക്. സന്തോഷം കൊണ്ട് മനസ്സ് തുള്ളിച്ചാടി. രണ്ടുദിവസം കൂടി അമ്മയെ കണ്ടതിന്‍റെ സന്തോഷത്തെക്കാളേറെ എന്നെ ഭ്രമിപ്പിച്ചത് കായലിലൂടെയുള്ള ബോട്ട് യാത്രയെന്ന് പറയണ്ടല്ലോ. ആഹ്ലാദത്തിമിര്‍പ്പിലാണ് മടക്കം. പട്ടണകൗതുകങ്ങള്‍ക്ക് നേരെ വാ പൊളിച്ചും കണ്ണുകള്‍ മിഴിച്ചും... അന്നെന്തോ പതിവിലും നേരത്തെ സന്ധ്യയായോ?
 
നേരിയ ഇരുട്ട് പരന്ന് തുടങ്ങിയിരിക്കുന്നു. അസ്തമയ സൂര്യന്‍റെ വശ്യമായ ആകാശവും വിശാലവുമായ കായല്‍പരപ്പ്. മടക്കയാത്രയ്ക്ക് തിരക്കിടുന്ന പക്ഷികള്‍ ദൂരെ ആകാശച്ചാരെ. ആ സന്ധ്യ അതിന്‍റെ സൗന്ദര്യംകൊണ്ടും ഭയാനകതകൊണ്ടും ജീവനോടുണ്ട് ഇന്നും എന്‍റെ മനസ്സില്‍. അചഞ്ചലവും നഗ്നവുമായൊരു ജീവിത സത്യംപോലെ.
 
കാശാമ്പൂവിന്‍റെ നിറമുള്ളൊരു കുഞ്ഞുപൂക്കളുള്ള നെറ്റിന്‍റെ ഞൊറികളുള്ള ഉടുപ്പിലായിരുന്നു ഞാനന്ന്. ബോട്ടില്‍ കയറിയതേ എനിക്ക് അറ്റത്ത് കായലും കണ്ടിരിക്കണമെന്ന് പറഞ്ഞ് ചാടക്കയറിയിരിപ്പായി. ഓളങ്ങള്‍ക്കൊപ്പം താളത്തില്‍ പായലുകള്‍, കറുത്ത പച്ചനിറത്തിലെ വെള്ളം, അവയില്‍ നിഴലിക്കുന്ന സ്വര്‍ണ്ണവെളിച്ചങ്ങള്‍, ദൂരെ മങ്ങിയ ഇരുട്ടില്‍ ഭൂതങ്ങള്‍ കണക്ക് മരങ്ങള്‍... അവിടവിടെ അക്കരെ മിന്നുന്ന വെളിച്ചങ്ങള്‍...തിരക്കുകുറഞ്ഞ ബോട്ടിലെ നിശ്ശബ്ദത. ഒക്കെ നോക്കി മതിമറന്നിരിക്കേ, ഉടുപ്പിനിടയിലൂടെ എന്‍റെ കുഞ്ഞിത്തുടകളെ ഞെരിച്ച് ഭയാനകമായതെന്തോ... നടുങ്ങി വിറച്ച് എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി. ഹൃദയം നിലച്ചപോലെയായി. നേര്‍ത്തൊരു ബോധത്തില്‍ കണ്ടു പിന്നിലിരിക്കുന്ന മനുഷ്യന്‍റെ കൈയ്യാണ് എന്‍റെ ഉടുപ്പിനുള്ളിലെന്ന്. ചുമന്ന കണ്ണുകളുള്ള, മുഖത്താകെ കറുത്ത താടിരോമങ്ങളുള്ള ഒരു വല്യമനുഷ്യന്‍. ഞാന്‍ ഞെളിപിരി കൊള്ളുന്നതറിഞ്ഞിട്ടും കൂസലില്ലാതെ ഒന്നുമറിയാത്ത നാട്യത്തിലാണയാള്‍. പേടികൊണ്ട് ഒന്നനങ്ങാനോ തൊട്ടടുത്തിരിക്കുന്ന അപ്പയോട് പറയാനോ ആവാത്ത എന്‍റെ നിസ്സാഹയത. ദൈവമേ, എത്രമാത്രം ഞാനാ നിമിഷങ്ങളില്‍ മരണത്തോളം നടുങ്ങിയെന്ന്. അയാളുടെ കൈകള്‍ വീണ്ടും മുകളിലേക്ക് നീങ്ങവേ സര്‍വ്വശക്തിയുമെടുത്ത് അപ്പയെ ഇറുക്കെ പിടിച്ചു. ഒരു വാക്കുപോലും മിണ്ടാനാവാതെ നാവുപോലും മരച്ച്, അക്കരെയെത്തുവോളം കണ്ണുകളടച്ച് തടുക്കാവുന്നിടത്തോളം ശരീരം കൊണ്ടയാളെ തടുത്ത്, മനസ്സുകൊണ്ട് നിലവിളിച്ച് ബോട്ടിറങ്ങുവോളം ഞാന്‍ ഇരുന്ന ഓര്‍മ്മ... ഉടലിലെ വിറയല്‍ എത്ര ദിവങ്ങള്‍ക്ക് ശേഷമാണ് നിലച്ചത്. എന്‍റെ കുരുന്നു ശരീരത്തിനേറ്റ ആദ്യ അവഹേളനം. അവസാനശ്വാസംവരെ എന്‍റെ മനസ്സീന്ന് പോവാത്തൊരു പൊള്ളുന്നൊരു ഓര്‍മ്മയാണത് മോളേ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ നിങ്ങളെവിടെങ്കിലും പോയാല്‍ അമ്മയ്ക്ക് ആധികൊണ്ട് ഭ്രാന്താവുന്നതെങ്ങനെയാണ്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷവും എനിക്ക് സ്വസ്ഥതപ്പെടുത്താനാവാത്ത എന്‍റെ മനസ്സ്. അന്ന് ഞാന്‍ അറിഞ്ഞ ഒറ്റപ്പെടല്‍, നിസ്സഹായത, പേടി. എന്‍റെ ശരീരത്തോട് തോന്നിയ അറപ്പ്... നിങ്ങളിങ്ങനെ ഒരവസ്ഥയിലൂടെ കടന്നുപോവുന്നത് ഓര്‍മ്മയില്‍പ്പോലും എനിക്ക് താങ്ങാനാവുന്നില്ല. അതാ അമ്മയന്ന് നിന്നെ അത്രയും അടിച്ചത്... എന്‍റെ പേടികൊണ്ട്... ഒരു വിധത്തില്‍ പറഞ്ഞുതീര്‍ന്നതും എനിക്ക് പിന്നെയും കരച്ചിലായി. അവള്‍ക്കും.
 
കുറേനേരം ആരും ഒന്നും മിണ്ടിയില്ല. ആ നിശ്ശബ്ദതയ്ക്ക് ഘനമുള്ളൊരു സാന്ദ്രത. പിന്നെ അപ്പനും മക്കളും ജന്മാന്തരങ്ങളോളം പോന്നൊരു കരുതലില്‍ എന്നെയിങ്ങനെ പൊതിഞ്ഞ്... അവള്‍ക്കാണെങ്കില്‍ എത്ര ക്ഷമ പറഞ്ഞിട്ടും മതിയാവുന്നില്ല. ഞാനെന്ന പെണ്ണ് ഇന്നുവരെ അനുഭവിക്കാത്തൊരു തരം തണുവാണിത്. ഇതിന് രുചിയും ഗന്ധവും വേറെ. പെരുമഴപെയ്ത് തോര്‍ന്ന വെളിച്ചം ഉമ്മറത്തൊക്കെ. ഇപ്പോള്‍ ഇപ്പോള്‍ മാത്രമാണ് എന്‍റെ മുറിവുണങ്ങാന്‍ തുടങ്ങിയതെന്ന് തോന്നുന്നു. ഈ രാസസമവാക്യം എന്‍റെ കാതില്‍ അമൃതായി. കണ്ണീര്‍ശുദ്ധിയുള്ളൊരു തലോടലില്‍ ആഴങ്ങളോളം പോന്നൊരു മനസ്സിലാക്കലില്‍ മുറുവുകള്‍ക്ക് രാസമാറ്റം വന്ന് പ്രകാശമായ് ഊര്‍ജ്ജമായ് അവ മോക്ഷപ്രാപ്തി നേടുമെന്ന്. ഈ രാത്രി എനിക്ക് മതിമറന്ന് സ്നേഹിക്കാനുള്ളതാണ്. ബന്ധങ്ങളുടെ പൂര്‍ണ്ണതയെ, അവയുടെ അഴകിനെ അര്‍ത്ഥത്തെ രക്തത്തില്‍ ഞാന്‍ നുണഞ്ഞറിഞ്ഞ ഈ സന്ധ്യയില്‍ എന്‍റെ കണ്ണുകളിനിയും നിറഞ്ഞുതുളുമ്പിക്കോട്ടെ. എന്നിട്ടും എന്‍റെ കുരുന്നുശരീരത്തെ അപമാനിച്ച ഭയമെന്ന ഭൂതത്തെ എന്‍റെ ഉയിരിലേക്ക് ആവേശിപ്പിച്ച എന്‍റെ ഹൃദയസ്വാതന്ത്ര്യത്തിനുമേല്‍ മുറിപ്പാടുകള്‍ വീഴ്ത്തിയ ആ ചുമന്ന വല്യകണ്ണുകള്‍ക്ക് ഞാന്‍ മാപ്പു കൊടുത്തിട്ടുണ്ടാവുമോ?

You can share this post!

ജനം

ലിസാ ഫെലിക്സ്
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts