news-details
മറ്റുലേഖനങ്ങൾ

സാക്ഷി: ഒറിജിനലും ഡ്യൂപ്ലിക്കേറ്റും

 
ഫോട്ടോഗ്രാഫേഴ്സിലും ദൈവശാസ്ത്രജ്ഞന്മാരുണ്ടെന്നു ഞാന്‍ മനസ്സിലാക്കിയത് ഒരു കല്യാണത്തിനിടയിലാണ്. ദേവാലയത്തില്‍ വച്ചു നടന്ന വിവാഹത്തിന്‍റെ അവസാനം വിവാഹരജിസ്റ്ററില്‍ ബന്ധപ്പെട്ടവര്‍ ഒപ്പുവയ്ക്കുന്നതാണ് സന്ദര്‍ഭം. ആദ്യം ഒപ്പു ചാര്‍ത്തിയത് നവവരനാണ്; തുടര്‍ന്നു വധുവും. ലോകത്തില്‍ ആദ്യമായി നടക്കുന്ന ഒരു കാര്യമെന്ന ഗൗരവത്തില്‍ കലാഹൃദയത്തോടും മത്സരബുദ്ധിയോടുംകൂടെ ഇതെല്ലാം ഫോട്ടോഗ്രാഫേഴ്സ് ക്യാമറകളില്‍ പകര്‍ത്തി ചരിത്രത്തിന്‍റെ ഭാഗമാക്കി. തുടര്‍ന്ന് ഒപ്പിട്ടത് വിവാഹത്തിന്‍റെ രണ്ടു സാക്ഷികളാണ്; സാധുക്കള്‍. ആരും അവരുടെ ഫോട്ടോ എടുത്തില്ല. ഇതില്‍ എനിക്കല്പം വിഷമവും നീരസവും തോന്നി. ഉടന്‍ തന്നെ അത് പരിചയക്കാരനായ ഫോട്ടോഗ്രാഫറോടു പറയുകയും ചെയ്തു. ഇതിനുള്ള മറുപടി നല്കിയതു മറ്റൊരു ക്യാമറാമാനാണ്. അത് "ഞങ്ങള്‍ സാക്ഷികള്‍ ഒപ്പിടുന്നതിന്‍റെ ഫോട്ടോ എടുക്കാറില്ല" എന്ന പ്രസ്താവന ആയിരുന്നു. ഇതില്‍ എനിക്കു കൗതുകം തോന്നി. അവരെ ഇത്തിരി ശുണ്ഠിപിടിപ്പിക്കാന്‍ ഞാന്‍ വീണ്ടും പറഞ്ഞു: "അവരും പ്രധാനപ്പെട്ട ആള്‍ക്കാരല്ലെ. മാത്രമല്ല ഡിജിറ്റല്‍ ക്യാമറയല്ലെ. രണ്ടു ഫോട്ടോ കൂടി എടുത്തതുകൊണ്ട് കൂടുതല്‍ ചെലവൊന്നുമില്ലല്ലോ". അതിന് അയാള്‍ പറഞ്ഞ മറുപടി: "അവരൊക്കെ ഡ്യൂപ്ലിക്കേറ്റ് സാക്ഷികളാണച്ചാ" എന്നായിരുന്നു. എനിക്ക് അപ്പോള്‍ സന്ദേഹവും ആകാംക്ഷയുമായി. ഞാന്‍ ചോദിച്ചു "ആരാണ് വിവാഹത്തിന്‍റെ ഒറിജിനല്‍ സാക്ഷി". ഇതിന് ഒരു ദൈവശാസ്ത്രജ്ഞനെപ്പോലെയാണ് അവന്‍ മറുപടി പറഞ്ഞത്. "അച്ചന്മാരും ഇപ്പോള്‍ തിരുക്കര്‍മ്മങ്ങളുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കാറില്ല. അച്ചന്‍ വധൂവരന്മാര്‍ വിവാഹത്തിലെടുക്കുന്ന പ്രതിജ്ഞ എടുത്തുനോക്ക്. അതിലുണ്ട്". അവരെല്ലാം മാറിക്കഴിഞ്ഞപ്പോള്‍ അനുസരണയോടെ കൂദാശപുസ്തകമെടുത്ത് പരിശോധന നടത്തി. അതിലെ സുവിശേഷം സാക്ഷിയാക്കി എന്ന വാക്ക് എന്‍റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. തിരുവചനം തൊട്ടുള്ള ഉടമ്പടിയാണിത്. വചനം മാംസമായ ഈശോതന്നെയാണ് ദേവാലയത്തില്‍വച്ചു നടക്കുന്ന ഓരോ വിവാഹത്തിന്‍റെയും ഒറിജിനല്‍ സാക്ഷി. ഇതെന്നെ പഠിപ്പിച്ച ക്യാമറാഗുരുവിന് ഒരു വിദ്യാര്‍ത്ഥിയുടെ വിനീത പ്രണാമം.
 
ഡ്യൂപ്ലിക്കേറ്റ് സാക്ഷികള്‍ വിവാഹമെന്ന ചടങ്ങിന്‍റെ സാക്ഷികള്‍ മാത്രമാണ്. വിവാഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസുണ്ടായാല്‍ അവരെ വിളിച്ചു ചോദിച്ചെന്നിരിക്കും. അല്ലാതെ വലിയ റോളൊന്നും അവര്‍ക്ക് വിവാഹിതരുടെ ജീവിതത്തില്‍ ഇല്ല. പിണങ്ങിയാല്‍ അവരെ ഒരുമിപ്പിക്കാനോ, ബലഹീനതകളില്‍ ബലപ്പെടുത്താനോ അവര്‍ക്കു കഴിഞ്ഞെന്നു വരുകയില്ല. വിവാഹജീവിതത്തിന്‍റെ സദ്ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ പ്രാര്‍ത്ഥനയിലൂടെയല്ലാതെ ഇവരെ സഹായിക്കുവാനും ആവില്ല. എന്നാല്‍ ഒറിജിനല്‍ സാക്ഷിയുടെ സാന്നിദ്ധ്യം അങ്ങനെയല്ല. ഒരു വിശ്വാസിയുടെ വിവാഹജീവിതത്തില്‍ സാക്ഷിയായ ദൈവത്തിനു ഗൗരവമായ പങ്കുണ്ട്.
 
ഹൈന്ദവ വിചാരമനുസരിച്ച് സൂര്യനാണ് കര്‍മ്മസാക്ഷി. എല്ലാ കാര്യങ്ങളും സൂര്യന്‍ കണ്ടുകൊണ്ടാണിരിക്കുന്നത്; കണ്ണടയ്ക്കാത്തതുകൊണ്ട്. ഈയൊരു ചിന്തയിലായിരിക്കണം കത്തിച്ച നിലവിളക്കിന് -ചെറിയസൂര്യന്- അഗ്നിസാക്ഷിക്ക് അവരുടെ വിവാഹചടങ്ങില്‍ പ്രാധാന്യം ലഭിക്കുന്നത്. കത്തുന്ന ഒരു നിലവിളക്കുപോലെ വിശ്വാസിയുടെ വിവാഹവും തുടര്‍ന്നുള്ള വിവാഹജീവിതവും ദൈവം കണ്ടുകൊണ്ടിരിക്കുന്നു. ബൈബിളിലെ ആദ്യദമ്പതികള്‍ ജീവിച്ചിരുന്നത് പറുദീസയിലായിരുന്നു. എന്നുവച്ചാല്‍ ദൈവത്തിന്‍റെ നോട്ടമുള്ള സ്ഥലം. ദൈവത്തിന്‍റെ കൂടെയാണ് അവര്‍ നടക്കുന്നത്. ദൈവത്തെ കണ്ണുയര്‍ത്തിയാല്‍ കാണാനും കാതു വട്ടംപിടിച്ചാല്‍ കേള്‍ക്കാനും വിരല്‍ നീട്ടിയാല്‍ തൊടാനും ദമ്പതികള്‍ക്കു കഴിഞ്ഞിരുന്നു. പിന്നീട് ദൈവസാന്നിധ്യമായ വാഗ്ദാനപേടകം യഹൂദജനതയോടൊത്ത് ഉണ്ടായിരുന്നു. അവര്‍ യാത്ര ചെയ്തിരുന്നതും വിശ്രമിച്ചിരുന്നതും അവരുടെ കുഞ്ഞുങ്ങള്‍ കളികളിലേര്‍പ്പെട്ടിരുന്നതും ഭക്ഷിച്ചിരുന്നതും കലഹത്തിലേര്‍പ്പെട്ടിരുന്നതും ഉറങ്ങിയിരുന്നതും എല്ലാം വാഗ്ദാനപേടകം സാക്ഷിയാക്കിയായിരുന്നു. ഈ ദൈവസാന്നിധ്യത്തെ പുതിയ ഉടമ്പടിയില്‍ ഈശോ പൂര്‍ത്തീകരിച്ചു. തിരുസഭയുടെ നടപടിയനുസരിച്ച് വിവാഹിതരാകുന്നവരില്‍ ഈശോ എഴുന്നള്ളിവരുന്നു. അവന്‍ എപ്പോഴും അവരോടൊത്തുണ്ട്. വീട്ടില്‍ മാതാപിതാക്കള്‍ തിരസ്ക്കരിക്കപ്പെടുന്നതും കിടപ്പറകള്‍ മലിനമാകുന്നതും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതും കുഞ്ഞുങ്ങള്‍ ഒറ്റയ്ക്കാകുന്നതും ഭാര്യ-ഭര്‍ത്തൃബന്ധത്തില്‍ ഹൃദയം നഷ്ടപ്പെടുന്നതും അതിഥികള്‍ ആദരിക്കപ്പെടാത്തതും പ്രാര്‍ത്ഥനാമുറികള്‍ അടഞ്ഞുകിടക്കുന്നതും ചതഞ്ഞ ഞാങ്ങണകള്‍ വീണ്ടും ചതയുന്നതും തിരി കരിന്തിരി കത്തുന്നതുമെല്ലാം നിശ്ശബ്ദമായി കാണുന്ന സാക്ഷിയാണ് ഈശോ.
എല്ലാം ദൈവം കാണുന്നു എന്ന വിചാരത്തില്‍ നിന്നാണ് ദൈവഭയം ഉണ്ടാകുന്നത്. ദൈവം കൂടെയുണ്ടെന്ന വിശ്വാസം തെറ്റുകളെ ഒഴിവാക്കാനുള്ള സംരക്ഷണമാണ്. മാത്രമല്ല കൂദാശയിലൂടെ ദമ്പതികള്‍ക്കു ലഭിക്കുന്ന ദൈവികജീവന്‍ നന്മകള്‍ ചെയ്യാന്‍ സഹായിക്കും. ഫലം പുറപ്പെടുവിക്കാത്ത അത്തിമരം വെട്ടിക്കളയണമെന്ന് യജമാനന്‍. പേടിച്ചുവിറച്ചു നില്ക്കുന്ന അത്തിമരം. ഇതിനു നടുവിലാണ് കൃഷിക്കാരന്‍. ഈ കൃഷിക്കാരന്‍ അത്തിമരത്തെ ദത്തെടുത്ത് യജമാനനോടു പറയുന്നു "ഈ അത്തിമരത്തിനുവേണ്ടി ഞാന്‍ വളമിടുകയും, വെള്ളം നനയ്ക്കുകയും കളകള്‍ പറിച്ചുകളയുകയും വേലികെട്ടി സംരക്ഷിക്കുകയും ചെയ്യട്ടെ. ഇതു ഫലം നല്കിയേക്കും. ഈ കൃഷിക്കാരനാണ് ഏക മദ്ധ്യസ്ഥനായ ഈശോ. ദമ്പതികളിലുള്ള അവന്‍റെ സാന്നിധ്യവും പ്രവര്‍ത്തനവും തിരുസഭയില്‍ വളരുന്ന ദമ്പതികള്‍ക്ക് കൂടുതല്‍ ഫലം പുറപ്പെടുവിക്കാനുള്ള കൃപ നല്കും. ഈ കൃപയാണ് വിവാഹജീവിതത്തിലെ ഒറിജിനല്‍ സാക്ഷി.

You can share this post!

യേശുവിന്‍റെ ഊട്ടുമേശസൗഹൃദം വിമോചനത്തിലേക്കുള്ള രാജപാത

ഫാ. ജേക്കബ് കളപ്പുരയില്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts