news-details
മറ്റുലേഖനങ്ങൾ

ചായപ്പൊടി വാങ്ങാന്‍ മറക്കുന്നവര്‍

"ഹൊ... ഇന്നും നിങ്ങള്‍ ചായപ്പൊടി വാങ്ങിയില്ല അല്ലേ?..."

"ശ്ശൊ... അതു ഞാനങ്ങു മറന്നു!"

('പാസഞ്ചര്‍' എന്ന മലയാള ചലച്ചിത്രത്തിലെ അവസാന സീനുകളൊന്നില്‍ നടക്കുന്ന സംഭാഷണം).

ചായപ്പൊടി വാങ്ങാന്‍ മറക്കുന്നവരെ കാര്യപ്രാപ്തി ഇല്ലാത്തവരായി മുദ്രകുത്തുന്ന, ഞാനും എന്‍റേതും എന്നു മാത്രം കരുതുന്ന നവയുഗ പ്രതിഭകള്‍ക്ക് ശക്തമായ താക്കീതാവുകയാണീ കൊച്ചു ചലച്ചിത്രം. 'ചായപ്പൊടി വാങ്ങുക' എന്ന പ്രതീകാത്മക സങ്കേതത്തിലൂടെ ഒന്നു മറിച്ചു ചിന്തിക്കാനെങ്കിലും ഈ ചലച്ചിത്രം നമ്മെ പ്രാപ്തരാക്കുന്നു.

ആര്‍ട്ട് സിനിമ, കച്ചവട സിനിമ തുടങ്ങിയ വിധിത്തീര്‍പ്പുകള്‍ക്കോ സിനിമയിലെ വേഷഭൂഷാദികളുടെ അടിസ്ഥാനത്തില്‍ അതിന്‍റെ സംസ്കൃതിയെ വരെ നിര്‍ണ്ണയിക്കുന്ന തലനാരിഴ കീറിയുള്ള ഒരു നിരൂപണത്തിനോ അല്ല ഇവിടെ ശ്രമിക്കുന്നത്.  ലളിതമായ ആഖ്യാനത്തിലൂടെ ഈ ചിത്രം മനസ്സില്‍ രൂപം കൊടുത്ത ചില ചോദ്യങ്ങളും ചിന്തകളും പകര്‍ത്തിയെഴുതാനുള്ള ഒരു ശ്രമം മാത്രമാണിവിടെ.

കാലത്തിന്‍റെ ചുവരെഴുത്തുകളെ സങ്കീര്‍ണ്ണതകളില്ലാതെ ലളിതമായി, എന്നാല്‍ തികച്ചും ആസ്വാദ്യകരമായി വ്യാഖ്യനിച്ച് അവതരിപ്പിച്ച സിനിമ എന്നിതിനെ വിളിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു.

സിനിമ എന്ന മാധ്യമം സാമൂഹിക സാംസ്കാരിക വളര്‍ച്ചയില്‍ ഇടപെടലുകള്‍ നടത്തണം എന്നതിലേയ്ക്ക് ഒരു ചൂണ്ടു വിരലുമാവുന്നു ഈ ചിത്രം. കറതീര്‍ന്ന, കലയുടെ ലക്ഷ്യം സാധൂകരിച്ച ചിത്രം എന്ന് അവകാശവാദമുന്നയിക്കുന്നില്ലെങ്കിലും, തികച്ചും ലളിതമായി ഉള്ളിലേക്കിട്ടുതരുന്ന ചില ചോദ്യങ്ങള്‍, ആ ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരം തേടല്‍. അതേ, ഒരു പാസഞ്ചറില്‍ യാത്ര ചെയ്യുന്നത്ര ലളിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു എന്നതിലാണ് ഈ ചിത്രത്തിന്‍റെ മൂല്യം.

 

ജീവിതം ആകസ്മികതകളുടെ, അനിശ്ചിതത്വങ്ങളുടെ  ഒരു കുത്തൊഴുക്കാവുമ്പോഴും എല്ലാം വിധി എന്നു പറഞ്ഞു തോറ്റുകൊടുക്കുകയും, മറ്റൊരുവന്‍റെ ജീവിതം തുലാസിലാടുമ്പോഴും എന്‍റേതു സുരക്ഷിതം എന്നുള്ളിലഹങ്കരിക്കുകയും, പുറമേ കപട സഹതാപം പ്രകടിപ്പിക്കുകയും ചെയ്യുന്ന മലയാളിയുടെ കപട സദാചാര ബോധവും ആഗോളീകരണ കാലഘട്ടത്തിലെ സാമൂഹിക പ്രതിബദ്ധതകളും ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.

 

ഉള്ളിലെ ആര്‍ദ്രതകള്‍ വരണ്ടുണങ്ങിയിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യന്‍ തന്‍റെ ഉത്തരവാദിത്വം സാധിക്കാവുന്ന തരത്തില്‍ നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമ്പോള്‍ രക്ഷപെടുന്നതനേകം പേരുടെ ജീവനാണ്. ഈ രക്ഷപെടുത്തലുകള്‍ക്കും സഹായങ്ങള്‍ക്കും മറുപടിയായി ഒരു നന്ദി വാക്കുപോലും സ്വീകരിക്കാതെ തിരികെ വീട്ടിലെത്തുന്ന ഈ സാദാ ഗുമസ്തനെ കാത്തിരിക്കുന്നത്, ഈ പുകിലുകളൊന്നും അറിയാതെ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിച്ചിട്ടും മറന്നുപോകുന്ന ചായപ്പൊടിയെപ്പറ്റിയുള്ള ഭാര്യയുടെ പരിഭവമാണ്. ഒരു ചെറുചിരിയോടെ സ്വതസ്സിദ്ധമായി, "അതു മറന്നുപോയി" എന്നു പറഞ്ഞയാള്‍ അതിനെ നേരിടുകയാണ്. നാടു മുഴുവന്‍ അജ്ഞാതനായ ആ രക്ഷകനെ തിരയുമ്പോഴും തികച്ചും സാധാരണമായി തന്‍റെ പഴയ ജീവിതം തുടരുകയാണ് അയാള്‍. അങ്ങനെ ആ  സാദാ ഗുമസ്തന്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും കണക്കു പറഞ്ഞു പ്രതിഫലം വാങ്ങുന്ന Global business trend  / 'പാപ്പരത്വ'ത്തെ വല്ലാതെ പരിഹസിക്കുന്നു.

 

ചായപ്പൊടി വാങ്ങാതെ വന്നവന്‍ 'കാര്യപ്രാപ്തി' ഇല്ലാത്തവനാകും. പക്ഷേ, അതിപ്രായോഗികതയുടെ ഈ കാലഘട്ടത്തില്‍ 'കാര്യപ്രാപ്തി' ഇല്ലാത്തവനേകൂടി ഈ സമൂഹത്തിനാവശ്യമുണ്ട്. സമൂഹത്തിന്‍റെ നിലനില്‍പിന് ഇനിയും വറ്റി വരണ്ടു പോയിട്ടില്ലാത്ത ആര്‍ദ്രതയുള്ള സുമനസ്സുകളെയാണാവശ്യം, അല്ലാതെ അതിപ്രായോഗികതയുടേയും, കാര്യപ്രാപ്തിയുടെയും കരിയര്‍ ഗ്രാഫുകളില്‍  കുതിച്ചുചാട്ടം നടത്തുന്ന അഭിനവ ആഗോള പൗരന്മാരെയല്ല. അതെ, ചായപ്പൊടി വാങ്ങാന്‍ മറക്കുന്നവരെ ഇനിയും ആവശ്യമുണ്ട്!

 

വേറിട്ട ദൃശ്യാനുഭവം ഒരുക്കിയ രഞ്ജിത് ശങ്കറിനു നന്ദി!

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts