news-details
മറ്റുലേഖനങ്ങൾ

വാക്കുകളെ ചുംബിക്കുന്ന കൊടുങ്കാറ്റുകള്‍

"എന്‍റെ ചുണ്ടുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു
എന്‍റെ വിരല്‍ത്തുമ്പുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു.
എന്‍റെ കണ്ണുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു
നീയെന്നെ ചേര്‍ത്തു പിടിക്കൂ
ഒരിക്കല്‍കൂടി എന്നെ കെട്ടിപ്പിടിക്കൂ
എന്‍റെ അധരങ്ങളിലെ വാക്കുകളെ ചുംബിച്ചുകൊല്ലൂ
ഓര്‍മ്മകളെ കൊള്ളയടിക്കൂ"

പ്രണയത്തിന്‍റെ സൗഖ്യവും സൗന്ദര്യവും നഷ്ടമാകലും നിറയുന്ന വരികള്‍- മാധവിക്കുട്ടിയെന്ന കമലാദാസ് എന്ന കമലസുരയ്യയുടേത്. സ്നേഹത്തെക്കുറിച്ച് എഴുതിയെഴുതി അനാഥത്വത്തിന്‍റെ ജീര്‍ണ്ണകോശങ്ങളെ കുടഞ്ഞുകളഞ്ഞവള്‍- ഭക്തിയില്ലാതെ വീണ്ടും വീണ്ടും ജനിക്കുന്ന രാധ- തുറന്നുപറച്ചിലിന്‍റെ ഇഴകളും കല്പനയും നിറവും ചേര്‍ത്ത് ജീവിതം എഴുതിയവള്‍.. നിന്ദയും വിമര്‍ശനവും അംഗീകാരവും അഭിനന്ദനവും ലോഭമില്ലാതെ നേടിയ ആ എഴുത്തുകാരിയെ ഓര്‍മ്മിച്ചുകൊണ്ട് എഴുതുന്നു.

കഥയിലെ രാജകുമാരനും രാജകുമാരിയും കല്യാണം കഴിക്കുന്നതോടെ നമ്മുടെ കഥകള്‍ സാധാരണ അവസാനിക്കുന്നു. കല്യാണം കഴിച്ച് സുഖമായി ജീവിക്കാന്‍ വിധിക്കപ്പെട്ട അവരുടെ ജീവിതമോ? കഥകളൊക്കെ കിടക്കുന്നത് പിന്നീടല്ലേ? രണ്ടുപേര്‍ ഒന്നിച്ചു ജീവിക്കുന്നതിന്‍റെ നിസ്സാരതയും ക്ഷുദ്രതയും തൃപ്തിയും ആഹ്ലാദവും അവിടെയുണ്ട്. പക്ഷേ, കഥകള്‍ തുറന്നുപറയാന്‍ മടിക്കുന്നു. ഇത്തരമൊരു ഇടത്തേയ്ക്കാണ് മാധവിക്കുട്ടിയുടെ കഥാപാത്രങ്ങള്‍ കടന്നുചെന്നത്. രഹസ്യമായി സൂക്ഷിച്ചിരുന്ന വിശ്വസ്തതയുടെ കള്ളങ്ങളും രതിസംബന്ധമായ അതൃപ്തികളും നിരാശാഭരിതമായ പ്രണയകാമനകളും മാധവിക്കുട്ടി എഴുതി. അപ്പോള്‍ വായനക്കാരിലൊരു പറ്റം ക്ഷുഭിതരായി. അനാവൃതമായ സത്യങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്ത വിധം പ്യൂരിട്ടന്‍ അനുശീലനങ്ങളാല്‍ മെരുങ്ങുകയും രഹസ്യമായി അക്രമാത്മകമായ കാമത്തെ സൂക്ഷിക്കുകയും ചെയ്ത ഒരു സമൂഹം നടുങ്ങിപ്പോയി. ഇത്തരമൊരു നടുക്കത്തിന്‍റെ അനുരണനങ്ങള്‍ ഇന്നും നില്‍ക്കുന്നു.

മൂന്നു ദിവസം മുന്‍പ് എന്‍റെയൊരു ബന്ധു ചോദിച്ചു: "ഈ മാധവിക്കുട്ടി ഇമ്മോറല്‍ ആയ സ്ത്രീയല്ലേ? അവര്‍ മതം മാറിയതും ശരിയാണോ?" പല പ്രകാരത്തില്‍ ആളുകളെ പീഡനമേല്‍പ്പിക്കുകയും ജീവനും മാനത്തിനും ക്ഷതം വരുത്തുകയും ചെയ്യുന്ന ആളുകളെ എന്തുകൊണ്ട് നാം 'ഇമ്മോറല്‍' എന്നു പറയുന്നില്ല. നമ്മുടെ സദാചാരം മുഴുവന്‍ ലൈംഗിക വിശ്വസ്തതയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമല്ലേ മാധവിക്കുട്ടി 'ഇമ്മോറല്‍' ആകുന്നതും ക്രിമിനലുകള്‍ ഇമ്മോറല്‍ ആവാത്തതും? മാധവിക്കുട്ടി എന്നത് ഒരു എഴുത്തുപേരു മാത്രമാണ്. അതിന്‍റെ പിന്നിലുള്ള വ്യക്തി കമലയാണ്. കമല ലൈംഗികമായി സുചരിതയാണോ അല്ലയോ എന്നത് അവരുടെ ഭര്‍ത്താവും കുട്ടികളും നിയമപാലകസംവിധാനവും ഒക്കെക്കൂടി നിശ്ചയിക്കേണ്ടതാണ്.

 

എന്നാല്‍ മാധവിക്കുട്ടിയുടെ എഴുത്തുസ്വത്വത്തിന്‍റെ സന്‍മാര്‍ഗ്ഗവും സദാചാരവും അവരുടെ കഥാപാത്രങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. ഈ കഥാപാത്രങ്ങള്‍ സമൂഹം പെണ്ണിനെക്കുറിച്ചു നിര്‍മ്മിച്ച പാറ്റേണുകള്‍ ലംഘിച്ചവരാണ്. സ്നേഹത്തിനുവേണ്ടി തുടിക്കുകയും ചീര്‍ക്കുകയും ചെയ്യുന്നവരാണ്. ഒരു നാളും തകര്‍ന്നു പോകാത്ത പ്രണയത്തില്‍ ജീവിക്കുന്നവരാണ്. സദാചാരവാദികളായ വായനക്കാരെ ക്ഷോഭിപ്പിച്ച 'എന്‍റെ കഥ'യിലാവട്ടെ, ആമുഖം മുതലുള്ള ആഖ്യാനത്തില്‍ കഥാഖ്യാനത്തിന്‍റെ ശില്പപരത സൂക്ഷിച്ചിട്ടുണ്ട്. ബോധമനസ്സും അബോധമനസ്സും ഇഴയടുപ്പത്തോടെ സ്ഥിതിചെയ്യുന്ന ആഖ്യാനമാണിത്. അബോധമനസ്സ് കല്പനാപൂര്‍ണ്ണമായ സര്‍ഗ്ഗാത്മക രചനയെ ലക്ഷ്യമിടുന്നു. 'എന്‍റെ കഥ'യുടെ വായനാപരതയുടെ രഹസ്യങ്ങളിലൊന്ന് ഇതായിരിക്കണം.

 

മറ്റൊന്ന് സ്ത്രീയുടെ ലൈംഗികാഭിനിവേശങ്ങളുടെ മലകളെയും സ്വഛന്ദപ്രണയത്തിന്‍റെ താഴ്വാരങ്ങളെയും നോക്കി കാണാനുള്ള കൗതുകമായിരിക്കണം. ഏതെങ്കിലും ഒരു കള്ളിയില്‍ കൃത്യമായി ഒതുങ്ങാത്ത സ്ത്രീ - പുരുഷബന്ധത്തിന്‍റെ ആഖ്യാനം മാധവിക്കുട്ടി നടത്തുന്നു.

 

ഇണകളായും കൂട്ടുകാരായും സ്ത്രീപുരുഷന്മാര്‍ അടുപ്പത്തില്‍ പെരുമാറുന്ന ഒരു ലോകം അവരുടെ രചനകളില്‍ കാണാം. സ്വതന്ത്രമായ സ്ത്രീ-പുരുഷ ബന്ധങ്ങളെ അശ്ലീലമായി കാണുന്ന കേരളീയ സമൂഹത്തില്‍ മാധവിക്കുട്ടി അസാന്‍മാര്‍ഗ്ഗിക എന്ന പൊതു പാഠത്തെ വളരെ എളുപ്പത്തില്‍ രൂപപ്പെടുത്തിയെടുത്തു.

 

സ്നേഹത്തിന്‍റെ ലയവും സ്നേഹരാഹിത്യത്തിന്‍റെ അശ്ലീലതയും അവര്‍ എഴുതി. അതു അനുരാഗത്തിന്‍റെ തലത്തില്‍ മാത്രമല്ല. തന്‍റെ മാന്യതാനിര്‍ഭരമായ ജീവിതത്തിനിടയില്‍ സഹോദരനെ മറന്നുപോയ സഹോദരിയെക്കുറിച്ച്, നിരുപാധിക സ്നേഹത്തിന്‍റെ അഗ്നിസ്തംഭമായ കാമുകനെയും കാമുകിയെയും കുറിച്ച്, ഉറവകള്‍ വറ്റാത്ത സ്നേഹനദിയായ മുത്തശ്ശിയെക്കുറിച്ച്, കലര്‍പ്പില്ലാതെ സ്നേഹിക്കുന്ന വാല്യക്കാരെക്കുറിച്ച, പ്രേമം മാത്രമായ ഈശ്വരനെക്കുറിച്ച് അവര്‍ എഴുതി: "താന്‍ എങ്ങനെ തന്‍റെ അനുജനെ മറന്നു? അവന്‍ മറക്കാന്‍ പറ്റാത്ത ചില ദിവസങ്ങളായിരുന്നു. മുറ്റത്തെ പൂഴിമണ്ണില്‍ പതിഞ്ഞിരുന്ന കാല്‍മുദ്രകളായിരുന്നു. സന്ധ്യയ്ക്ക് ഉറക്കെ ചൊല്ലിയിരുന്ന കവിതാശകലങ്ങളായിരുന്നു. വിശ്വാസമായിരുന്നു" (നരിച്ചീറുകള്‍ പറക്കുമ്പോള്‍). തന്‍റെ സഹോദരന്‍റെ കാവലാളായിത്തീരാതിരുന്ന സാഹോദര്യമല്ലേ ഇവിടെ ആത്മവിമര്‍ശനമായി വരുന്നത്? "ശരിയാണ് ആരെയും തോല്‍പ്പിക്കുന്ന തന്‍റെ നാട്യങ്ങളില്‍ കൂടിയും കാണുന്നവന്‍, തന്‍റെ വളര്‍ച്ചയെത്താത്ത ആത്മാവിന്‍റെ നഗ്നതയിലേയ്ക്കു കണ്ണോടിക്കുവാന്‍ അയാള്‍ക്ക് എന്നും കഴിഞ്ഞിരുന്നു" (തരിശുനിലം)

 

ആത്മാവിന്‍റെ നഗ്നതയിലേയ്ക്കു കണ്ണോടിക്കാന്‍ പറ്റിയ സൂക്ഷ്മ നേത്രങ്ങളും ചുഴിഞ്ഞ നോട്ടങ്ങളും പരിചിതമല്ലാത്ത കാമുകി-കാമുകന്‍മാര്‍ക്കോ, ദമ്പതികള്‍ക്കോ ഇത് വായിക്കുമ്പോള്‍ മനസ്സാക്ഷിക്കുത്തുണ്ടാകും. അപ്പോള്‍ മാധവിക്കുട്ടി വ്യഭിചാരിണിയായി മാറും. കാരണം യന്ത്രസമാനമായ വിവാഹജീവിതത്തിനുള്ളിലല്ല അവര്‍ ഈ സ്നേഹത്തെ പണിതിരിക്കുന്നത് എന്നതു തന്നെ. സ്നേഹമില്ലാതെ ഇണചേരുകയും ആര്‍ത്തിപിടിച്ച് പണമുണ്ടാക്കുകയും കാണുന്നതെല്ലാം വാങ്ങിക്കൂട്ടുന്ന - ദുരാഗ്രഹിയായ മനസ്സോടെ മക്കളെപ്പോറ്റുകയും ചെയ്യുന്നവര്‍ക്ക്, അയ്യോ കഷ്ടം എന്നല്ലേ പറയേണ്ടത്. ജീവിതത്തിലെപ്പോഴെങ്കിലും ഇണയുടെ ബാഹ്യശരീരത്തിനും അപ്പുറത്തപ്പുറത്തുള്ള ആത്മാവിന്‍റെ നഗ്നത തന്‍റെ ശരീരമാകുന്ന കണ്ണാടിയില്‍ കാണാന്‍ സഹശയനം നടത്തുന്നവര്‍ ശ്രമിക്കയാണു വേണ്ടത്.

 

"തനിക്ക് അയാളോടു തോന്നുന്ന ഈ അഭിനിവേശം, ഈ ഭക്തി എത്രയോ അനവധി യുഗങ്ങളുടെ പഴക്കം ചെന്നതാണെന്നും അതു പണ്ടൊരിക്കല്‍ അയാളുടെ അസ്ഥികളില്‍ ഒരു പ്രാര്‍ത്ഥന പോലെ ചെന്നിരുന്ന് അവയെ വളര്‍ത്തിക്കൊണ്ടുവന്നുവെന്നും അവള്‍ക്കു തോന്നി." (സ്വതന്ത്ര ജീവികള്‍).

പ്രണയത്തില്‍ സ്വയത്തിലെ സ്വയം മരിച്ചവരാണ് അഭിനിവേശം ഭക്തിയായി തിരിച്ചറിയുന്നത്. ഇത്തരമൊരു തിരിച്ചറിവിന്‍റെ അഗ്നിദ്രാവകം കുടിച്ച നായികമാരെ നാം കാണുമ്പോള്‍ സ്ത്രീക്ക് ഇത്രമാത്രം പ്രണയകര്‍തൃത്വം ആവാമോയെന്ന സംശയം രൂക്ഷമാകും. അയാളുടെ അസ്ഥികളില്‍ ഒരു പ്രാര്‍ത്ഥനപോലെ ചെന്നിരിക്കുന്ന അഭിനിവേശം ശരീരങ്ങളുടെ ആരാധനയാണ്. ഇത്തരമൊരു പ്രണയസാധന പൊതുവെ മലയാളിക്ക് അപരിചിതമാണ്. വില പറഞ്ഞ്, വിലപേശി, കണക്കുപറഞ്ഞ് ഇണകളെ വാങ്ങുന്ന ഒരു നാട്ടില്‍ പ്രണയം പ്രാര്‍ത്ഥനയായി മാറുന്നത് വഷളത്തമായിരിക്കും. ഇത്തരം വഷളത്തങ്ങളാണ് അവരെഴുതിയതിലധികം.

"ഇന്നു മുതല്‍ ഈ പുഴ നമ്മുടേതാണ്. ഇന്നു മുതല്‍ ആ പഴയ കടമ്പമരവും നമ്മുടേതാണ്. ഒരിക്കല്‍ നമ്മുടെ വീടില്ലാത്ത ആത്മാക്കള്‍ക്ക് നരിച്ചീറുകളെപ്പോലെ, പറന്നുവന്ന്, അതിന്‍റെ ശാരീരികതയില്‍ നിന്നു തൂങ്ങുവാന്‍" (ഇടനാഴികളിലെ കണ്ണാടികള്‍). ശരീരമെന്ന വീടുപേക്ഷിച്ചാലും പ്രകൃതിയുടെ ശരീരങ്ങളിലേയ്ക്ക് തിരിച്ചു ചെല്ലുന്ന ഈ മതം പ്രണയവും വിശ്വാസം സ്നേഹവും, അനുഷ്ഠാനം ശരീരബന്ധങ്ങളുമാണ്. ഇത്തരമൊരു മതവിശ്വാസിയെ ഉള്‍ക്കൊള്ളുക അത്ര എളുപ്പമല്ല. ജപങ്ങളും ഉച്ചാരണങ്ങളും കടം വീട്ടലുമായി മാറിയ മതവിശ്വാസികള്‍ക്ക് ഇത്തരത്തില്‍ ആഴത്തിലാഴത്തിലേയ്ക്ക് പോകുന്ന ആത്മസാധനയ്ക്കുള്ള ഉപകരണമായി ശരീരത്തെ കാണാന്‍ കഴിയുമോ! ശരീരം പാപഹേതുവാണെന്നും ആത്മാവ് പുണ്യകരമാണെന്നും ഉള്ള ധാരണ പുലര്‍ത്താത്ത മാധവിക്കുട്ടിയുടെ നായികമാര്‍ ശരീരത്തിലൂടെ ആത്മാവിലേയ്ക്കെത്തുന്നു. ഇന്ദ്രിയപരതയെ ഉപേക്ഷിക്കാത്ത പ്രണയത്തെ സാധനയായി അവര്‍ അവതരിപ്പിക്കുന്നു.

 

മാധവിക്കുട്ടി വിമര്‍ശിക്കപ്പെടേണ്ടത് മറ്റു ചില കാര്യങ്ങളിലാണ്. ഉപരിമധ്യവര്‍ഗ്ഗ സ്ത്രീയുടെ അസംതൃപ്തികളും സ്വതന്ത്രാവിഷ്ക്കരണങ്ങളുമാണ് അവര്‍ അവതരിപ്പിക്കുന്നത്. ഇത്തരമൊരു അവതരണ പ്രക്രിയയ്ക്കിടയില്‍ അലക്ഷ്യമായ നോട്ടങ്ങള്‍ ഏറ്റുവാങ്ങുന്നവരാണ് സാമൂഹ്യമായ കീഴ്നിലകളിലുള്ളവര്‍. വീട്ടുവേലക്കാര്‍, ജാതീയമായി താഴ്ന്നവര്‍, തൊഴിലാളികള്‍ എന്നിവരൊക്കെ ഓരപ്പെട്ട നിലകളില്‍ത്തന്നെ നിലകൊള്ളുന്നു. സവര്‍ണ്ണ ഫ്യൂഡല്‍ ജീവിതത്തിന്‍റെ അളവുകോലുകള്‍ വച്ചുള്ള ആവിഷ്ക്കരണങ്ങള്‍ ഇത്തരം ആള്‍ക്കാരുടെ ചിത്രീകരണങ്ങളിലുണ്ട്. പ്രണയത്തിലെ കര്‍തൃത്വത്തിലല്ലാതെ സ്ത്രീയുടെ മറ്റു ഭാഗധേയങ്ങളിലെ കര്‍തൃത്വാവിഷ്ക്കരണങ്ങള്‍ മികവോടെ രചിക്കാന്‍ പലപ്പോഴും അവര്‍ക്കു കഴിഞ്ഞില്ല. ഇത്തരം ന്യൂനതകള്‍ നില്‍ക്കുമ്പോഴും തനിക്കു പരിചിതമായത് ഉറപ്പോടും സുന്ദരമായും അവര്‍ അവതരിപ്പിച്ചു.

 

മതമെന്നത് സ്വീകരിക്കാനും തിരസ്ക്കരിക്കാനും മറ്റൊന്ന് സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യത്തോടെ സമീപിക്കേണ്ടതു തന്നെയാണ്. നാമേതു മതവിശ്വാസിയുടെ മക്കളായി ജനിക്കുന്നുവോ ആ മതവിശ്വാസം മാത്രം പിന്തുടരുന്നതിനു പകരം ഇഷ്ടമുള്ളതു പോലെ അതിനെ ഉപയോഗിക്കുന്നിടത്ത് വിശ്വാസപരമായ കര്‍തൃത്വനിലയുടെ ഒരു സാധ്യതയുണ്ട്. ജനിച്ചപ്പോള്‍ കിട്ടിയ മതത്തെ സ്വതന്ത്രമായ ആവിഷ്ക്കരണനിലയില്‍ സമീപിക്കുന്നത് മറ്റൊരു സാധ്യതയാണ്. കൃഷ്ണനെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചും എഴുതുമ്പോള്‍ സ്നേഹവും പ്രണയവുമാണ് അവരെഴുതിയത് എന്നുമോര്‍ക്കുന്നത് കൗതുകകരമാണ്.

പ്രിയപ്പെട്ടവരെ, ഞാന്‍ നിങ്ങളെയൊക്കെ സ്നേഹിക്കുന്നുണ്ട്. ഈ ബലിയര്‍പ്പിക്കല്‍ നിങ്ങള്‍ കാണാതെ പോകുന്നിടത്തോളം കാലം ഞാന്‍ എഴുതിക്കൊണ്ടിരിക്കും. എന്നെ നിങ്ങള്‍ പരിഹസിക്കുന്നിടത്തോളം കാലം, അശ്ലീലക്കാരിയെന്നു വിളിക്കുന്നിടത്തോളം കാലം ഞാന്‍ എഴുതിക്കൊണ്ടിരിക്കും" (പ്രണയ കാലത്തിന്‍റെ ആല്‍ബം). തന്‍റെ എഴുത്ത് സ്നേഹപ്രകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അഭിമുഖകാരനായ അര്‍ഷാദ് ബത്തേരിയോട് മാധവിക്കുട്ടി പറയുന്നു. ഈ സത്യവാങ്മൂലം അവിശ്വസിക്കേണ്ടതില്ല.

"അടുക്കും ചിട്ടയും ഒരു നൈസര്‍ഗ്ഗിക ഗുണമല്ല. മനുഷ്യന്‍ സ്വയം ഒരു കൊടുങ്കാറ്റാണ്. കാതില്‍ കേള്‍ക്കുന്നില്ലേ അതിന്‍റെ വന്യരോദനം" (വിഷാദം പൂക്കുന്ന മരങ്ങള്‍). ഇത്തരം കൊടുങ്കാറ്റാണ് അവരുടെ രചനാസ്വത്വം. വായനയിലൂടെ അതുതിരിച്ചറിഞ്ഞ ഒരാളാണ് ഇതെഴുതുന്നത്. അതിനാല്‍ ജാമ്യവും കൈയാമവും ശിക്ഷയും പാടില്ല.

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ : മനോനിലചിത്രണം

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts