ആവര്‍ത്തിച്ചു ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ അഥവാ മന്ത്രങ്ങള്‍ എണ്ണുന്നതിന് ഉപയോഗിക്കുന്ന ജപമാലകള്‍ മിക്കവാറും എല്ലാ മുഖ്യമതങ്ങളിലും നാം കാണുന്നുണ്ട്. വേദിക് കാലം കഴിഞ്ഞുള്ള ഹിന്ദുമതത്തിലാണ് അതെപ്പറ്റി ആദ്യത്തെ പരാമര്‍ശമുള്ളത്. ഹിന്ദുമതത്തിലെ ശൈവവിഭാഗത്തിലും വൈഷ്ണവ വിഭാഗത്തിലും ബുദ്ധമതത്തിലെ മഹായാനാ വിഭാഗത്തിലും ജൈനമതത്തിലും സിക്കുമതത്തിലും ഇസ്ലാംമതത്തിലുമെല്ലാം ജപമാല ഉപയോഗിച്ചുള്ള പ്രാര്‍ത്ഥന സാധാരണമാണ്. ജപമാല ഉപയോഗിച്ചു പ്രാര്‍ത്ഥിക്കുന്നതു മാത്രമല്ല, ജപമാല ധരിക്കുന്നതും ഒരു പുണ്യകര്‍മ്മമായി വിവിധ മതങ്ങള്‍ പരിഗണിക്കുന്നു.
കത്തോലിക്കാ സഭയില്‍ ഏഴുനൂറ്റാണ്ടുകളോളം പഴക്കമുള്ളതും ഏറ്റവുമധികം പ്രചാരമുള്ളതുമായ ഒരു ഭക്താഭ്യാസമാണ് ജപമാല പ്രാര്‍ത്ഥന അഥവാ കൊന്തനമസ്കാരം. ഇപ്പോള്‍ പ്രചാരത്തിലുള്ള രീതിയില്‍ അതിന്‍റെ രൂപം നിര്‍ണ്ണയിച്ചത് 1569- ല്‍ പീയൂസ് 5-ാമന്‍ മാര്‍പാപ്പായാണ്. രക്ഷാകരപദ്ധതിയിലെ ഒരു രഹസ്യത്തെ ധ്യാനിച്ചുകൊണ്ട് ഒരു "സ്വര്‍ഗ്ഗസ്ഥനായ പിതാവും" പത്തു "നന്മനിറഞ്ഞ മറിയവും " ഒരു "ത്രിത്വസ്തുതിയും" ചൊല്ലുന്നതാണ് ജപമാല പ്രാര്‍ത്ഥനയുടെ ഒരു യൂണിറ്റ് അഥവാ ഒരു രഹസ്യം. ഇങ്ങനെ പതിനഞ്ചുപ്രാവശ്യം ചൊല്ലുന്നത് ഒരു പൂര്‍ണ്ണ ജപമാല പ്രാര്‍ത്ഥനയായി പരിഗണിക്കപ്പെടുന്നു. രക്ഷാകരപദ്ധതിയിലെ പതിനഞ്ചു പ്രധാന രഹസ്യങ്ങളാണ് ഇങ്ങനെയുള്ള ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും വിഷയമാകുന്നത്. ഈ രഹസ്യങ്ങളെ അവയുടെ ഉള്ളടക്കമനുസരിച്ച് സന്തോഷത്തിന്‍റെ രഹസ്യങ്ങള്‍, ദുഃഖത്തിന്‍റെ രഹസ്യങ്ങള്‍, മഹിമയ്ക്കടുത്ത രഹസ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഒരു പൂര്‍ണ്ണ ജപമാല പ്രാര്‍ത്ഥിക്കുന്നത് പലര്‍ക്കും സുദീര്‍ഘവും ശ്രമകരവുമായി അനുഭവപ്പെടുമെന്നതുകൊണ്ട്, അഞ്ചു രഹസ്യങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതാണ് ഇന്നു പലയിടത്തുമുള്ള പതിവ്. ഔദ്യോഗികമായി നിര്‍ണ്ണയിച്ച ജപമാല പ്രാര്‍ത്ഥനയുടെ രൂപം ഇതാണെങ്കിലും, ആരംഭത്തില്‍ വിശ്വാസപ്രമാണവും ഒരു "ത്രിത്വസ്തുതിയും" ചൊല്ലുകയും, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവിക പുണ്യങ്ങളുടെ നിറവിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഇന്ന് എല്ലായിടത്തും പതിവായിട്ടുണ്ടെന്നു പറയാം. ഫാത്തിമായില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദര്‍ശനം ലഭിച്ച കുട്ടികളെ മാലാഖാ പഠിപ്പിച്ചതായി പറയുന്ന ഒരു ചെറിയ പ്രാര്‍ത്ഥനയുണ്ട്: "ഓ! എന്‍റെ ഈശോയെ, ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമെ. നരകാഗ്നിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും, വിശിഷ്യ അങ്ങയുടെ കാരുണ്യം ഏറ്റവും ആവശ്യമായിരിക്കുന്നവരെയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ." ഈ പ്രാര്‍ത്ഥന ഓരോ രഹസ്യം കഴിഞ്ഞും ചൊല്ലുന്നത് ഇന്ന് ഒരു പതിവാണ്. അടുത്തകാലത്തുവരെ 15 രഹസ്യങ്ങളാണ് ഒരു പൂര്‍ണ്ണ ജപമാലയായി പരിഗണിച്ചിരുന്നതെങ്കിലും, ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പ്രകാശത്തിന്‍റെ അഞ്ചുരഹസ്യങ്ങള്‍ കൂടി ജപമാല പ്രാര്‍ത്ഥനയോടു കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അങ്ങനെ ഇപ്പോള്‍ 20 രഹസ്യങ്ങള്‍ ആണ് ഒരു പൂര്‍ണ്ണജപമാലയെന്നു പറയാം.
ജപമാല പ്രാര്‍ത്ഥനയ്ക്കു ജപമാല ഉപയോഗിക്കണമെന്നു നിര്‍ബന്ധമില്ല. അത് ഒരുപകരണം മാത്രമാണല്ലോ. എന്നാല്‍ ജപമാല ഉപയോഗിക്കുന്നത് കൂടുതല്‍ ഏകാഗ്രതയോടെ ധ്യാനിക്കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സഹായകമായിരിക്കും.
മതങ്ങളുടെ ചരിത്രത്തില്‍ നാം കാണുന്ന ഒരു പ്രതിഭാസമാണ് ധ്യാനസഹായിയായ ആവര്‍ത്തനം. ഇന്ത്യയില്‍ ഭജനകീര്‍ത്തനങ്ങള്‍ അങ്ങനെയുള്ള ആവര്‍ത്തനങ്ങളാണല്ലോ. മധ്യയുഗങ്ങളിലെ ക്രൈസ്തവ സന്ന്യാസിമാര്‍ക്കിടയിലും ഇതുപോലെ ആവര്‍ത്തനങ്ങള്‍ പതിവായിരുന്നു. ചെറിയതും താളാത്മകവുമായ ഒരു പ്രാര്‍ത്ഥനയുടെ ആവര്‍ത്തനമാണ് അവര്‍ നടത്തിയിരുന്നത്. വൈദികരായ സന്ന്യാസികള്‍ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലിക്കൊണ്ട് രക്ഷാകര രഹസ്യങ്ങളെപ്പറ്റി ധ്യാനിച്ചപ്പോള്‍, എഴുതാനും വായിക്കാനും വശമില്ലാതിരുന്ന സന്ന്യാസസഹോദരന്മാരുടെ മുഖ്യമായ വാചാപ്രാര്‍ത്ഥന ഇങ്ങനെയുള്ള ആവര്‍ത്തനങ്ങള്‍ ആയിരുന്നു. അവര്‍ ഒരു നിശ്ചിത എണ്ണം "സ്വര്‍ഗ്ഗസ്ഥനായ പിതാവ്" അല്ലെങ്കില്‍ കര്‍ത്താവിനോടുള്ള ഒരു പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് രക്ഷാകര രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുക പതിവായിരുന്നു.
വി. ഡോമിനിക് ആണ് "സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ" ജപമാലയ്ക്ക് ഒപ്പം "നന്മനിറഞ്ഞ മറിയം" ചൊല്ലിക്കൊണ്ടുള്ള ജപമാലയ്ക്ക് ആരംഭം കുറിച്ചതെന്നു പറയാം. കാലക്രമത്തിലാണ് 5 "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" കൊണ്ട് അഞ്ചു ഭാഗങ്ങളായി വേര്‍തിരിച്ച 50 "നന്മനിറഞ്ഞ മറിയമേ" ഒരു ജപമാല ആയി കരുതപ്പെട്ടു തുടങ്ങിയത്. 13-ാം നൂറ്റാണ്ടിലാണ് ഇതിനു "റോസാറി" എന്ന പേരുണ്ടായത്. ഭക്തന്മാര്‍ മറിയത്തെ 50 റോസാപുഷ്പങ്ങള്‍ കൊണ്ടു നെയ്ത കിരീടമണിയിക്കുക ചില സ്ഥലങ്ങളില്‍ ഒരു പതിവായിരുന്നു. ഇതിലും കൂടുതല്‍ മറിയത്തിനു പ്രീതികരമായിട്ടുള്ളത് മേല്‍പറഞ്ഞ തരത്തിലുള്ള ജപമാല പ്രാര്‍ത്ഥനയായിരിക്കുമെന്ന സാധാരണ വിശ്വാസികളുടെ ബോധ്യമാണ് ഈ പ്രാര്‍ത്ഥന എങ്ങും പ്രചരിക്കുവാനുള്ള ഒരു മുഖ്യകാരണം.
ജപമാല പ്രാര്‍ത്ഥന വെറും അധരസേവയായി അധഃപതിക്കുവാനുള്ള അപകടം (മത്താ 6:7) മുമ്പില്‍ കണ്ടുകൊണ്ട് അത് ഒഴിവാക്കുന്നതിനുവേണ്ടികൂടിയാണ് യേശുവിന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെപ്പറ്റിയുള്ള ധ്യാനം ഓരോ രഹസ്യത്തോടും കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ആദ്യകാല സിസ്റ്റേര്‍ഷ്യന്‍ സന്ന്യാസിമാരാണ് ഇങ്ങനെ ക്രിസ്തു രഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ട് ജപമാല പ്രാര്‍ത്ഥന നടത്തുന്നതിന് ആരംഭം കുറിച്ചത്. പിന്നീട് കര്‍ത്തുസിയന്‍ സന്ന്യാസിമാരും ഡോമിനിക്കന്‍ സഭാംഗങ്ങളും ഇങ്ങനെ ധ്യാനാത്മകമായ ജപമാല ഭക്തി പ്രചരിപ്പിക്കുന്നതില്‍ ഏറെ തല്പരരായിരുന്നു. റൊസേരിയന്‍ സന്ന്യാസസമൂഹത്തിന്‍റെ സ്ഥാപനം തന്നെ ജപമാല ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു.
പ്രബോധോദയത്തിന്‍റെ കാലത്തെന്നപോലെ ഇന്നും ചിലര്‍ ജപമാല പ്രാര്‍ത്ഥനയെപ്പറ്റി വിമര്‍ശനശരങ്ങള്‍ തൊടുത്തുവിടാറുണ്ട്. പ്രാര്‍ത്ഥനയുടെ അര്‍ത്ഥമില്ലാത്ത ആവര്‍ത്തനവും ബാഹ്യവത്ക്കരണവുമായി ചിലര്‍ അതിനെ കാണുന്നു. ലളിതവും ആവര്‍ത്തനപരവുമായ പ്രാര്‍ത്ഥന ഭജനകീര്‍ത്തനങ്ങള്‍ പോലെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുകയും ഹൃദയത്തെ സ്പര്‍ശിക്കയും ചെയ്യുന്നുവെന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. യഥാര്‍ത്ഥ ദൈവാന്വേഷിക്കും സ്നേഹിക്കുന്ന ഹൃദയങ്ങള്‍ക്കും ഇങ്ങനെയുള്ള ആവര്‍ത്തനം വിരസതയല്ല, ദൈവാനുഭവമാണ് ഉളവാക്കുന്നത്. പോള്‍ 6-ാമന്‍ മാര്‍പാപ്പാ പറയുന്നതുപോലെ ജപമാലയില്‍ നാം ഉപയോഗിക്കുന്ന പ്രാര്‍ത്ഥനകളും ധ്യാനങ്ങളുമെല്ലാം ബൈബിളില്‍ നിന്നു തന്നെ എടുത്തിട്ടുള്ളവയും യേശുവിന്‍റെ രക്ഷാകരവേലയുമായി അവഗാഢം ബന്ധപ്പെട്ടവയുമാണ്. അതിനാല്‍ ജപമാല പ്രാര്‍ത്ഥന ബൈബിള്‍ അധിഷ്ഠിതമായ പ്രാര്‍ത്ഥന തന്നെയാണ്.
എല്ലാ പ്രാര്‍ത്ഥനയും യേശുവിലേക്കും പിതാവിലേക്കും നയിക്കുന്നതാണ്. ജപമാല പ്രാര്‍ത്ഥന പ്രത്യേകമായ വിധത്തില്‍ അതിനു നമ്മെ സഹായിക്കുന്നുവെന്നതിനു പല വിശുദ്ധരുടെ മാതൃക നമുക്കു മുമ്പിലുണ്ട്. വി. ഫ്രാന്‍സീസ് സേവ്യര്‍, വി. ചാള്‍സ് ബൊറോമെയോ, വി. ഫ്രാന്‍സീസ് സാലസ്, വി. ഗ്രിഞ്ഞിയോന്‍ ദ മോണ്‍ട് ഫോര്‍ട്ട്, തുടങ്ങിയ വിശുദ്ധര്‍ ജപമാലയുടെ വലിയ ഭക്തരും പ്രചാരകരുമായിരുന്നു.
ജപമാല ഭക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സഭാതലവന്മാരായ മാര്‍പാപ്പാമാര്‍ കാണിച്ചിട്ടുള്ള താല്പര്യവും ശുഷ്കാന്തിയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. 48 മാര്‍പാപ്പാമാര്‍ 287 ചാക്രിക ലേഖനങ്ങളും അപ്പസ്തോലിക ലേഖനങ്ങളുമാണ് ജപമാല പ്രാര്‍ത്ഥനയെപ്പറ്റി എഴുതിയിട്ടുള്ളത്. വിശിഷ്യ ഇക്കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന മാര്‍പാപ്പമാര്‍ എല്ലാവരുംതന്നെ ജപമാല പ്രാര്‍ത്ഥനയെപ്പറ്റി എഴുതുകയും ജപമാല ഭക്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്. ലെയോ 13-ാമന്‍ മാര്‍പാപ്പാ തന്നെ പത്തിലധികം ചാക്രികലേഖനങ്ങളാണ് ജപമാല പ്രാര്‍ത്ഥനയെ വിഷയമാക്കിക്കൊണ്ട് എഴുതിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തെ ജപമാല പ്രാര്‍ത്ഥനയുടെ മാസമായി പ്രഖ്യാപിച്ചതും ഈ മാര്‍പാപ്പായാണ്. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായ പീയൂസ് 10-ാമനും ബെനഡിക്റ്റ് 15-ാമനും പീയൂസ് 11-ാമനും ജപമാല ഭക്തിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചാക്രിക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പീയൂസ് 11-ാമന്‍ ജപമാലയെ വിശേഷിപ്പിക്കുന്നത്, സുവിശേഷത്തിന്‍റെയും ക്രൈസ്തവ ജീവിതത്തിന്‍റെയും കാനോന്‍ നമസ്കാര പുസ്തകം എന്നത്രേ. കുടുംബ ജപമാലയെ അദ്ദേഹം പ്രത്യേകം പ്രോത്സാഹിപ്പിച്ചു. വളരെ അടിയന്തിരമായ ഒരു കാര്യമായിട്ടാണ് പോള്‍ 6-ാമന്‍ മാര്‍പാപ്പാ ജപമാലഭക്തിയെയും കുടുംബ ജപമാല പ്രാര്‍ത്ഥനയെയും കാണുന്നത്. പീയൂസ് 12-ാമന്‍ മാര്‍പാപ്പാ ജപമാല ചൊല്ലിക്കൊണ്ടാണ് മരണമടഞ്ഞത്. ജോണ്‍ 23-ാമന്‍ തന്‍റെ ചാക്രിക ലേഖനത്തില്‍ തന്നെ പറയുന്നുണ്ട്, ചെറുപ്പം മുതല്‍ ഒരൊറ്റ ദിവസം പോലും ജപമാല പ്രാര്‍ത്ഥന മുടക്കിയിട്ടില്ലെന്ന്. കര്‍ദ്ദിനാള്‍ ആയപ്പോള്‍ മുതല്‍ ദിവസവും ഒരു മുഴുവന്‍ ജപമാലയും (15 രഹസ്യങ്ങള്‍) അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നു. ജോണ്‍ പോള്‍ - രണ്ടാമന്‍ മാര്‍പാപ്പാ ഒരു വലിയ ജപമാല ഭക്തനായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, പ്രകാശത്തിന്‍റെ അഞ്ചുരഹസ്യങ്ങള്‍ കൂടി ജപമാലയോടു കൂട്ടിച്ചേര്‍ത്തുകൊണ്ട് ആധുനിക മനുഷ്യര്‍ക്കും ജപമാല വളരെ അര്‍ത്ഥവത്തായ ഒരു പ്രാര്‍ത്ഥനയാണെന്നതിന് അദ്ദേഹം സാക്ഷ്യം വഹിക്കുന്നു.
ഇന്ന് അനേകായിരങ്ങളാണ് ജപമാല പ്രാര്‍ത്ഥനയിലൂടെ യേശുവിലേക്കും യേശുവിലൂടെ ദൈവത്തിങ്കലേക്കും അടുത്തു കൊണ്ടിരിക്കുന്നത്. ജപമാല പ്രാര്‍ത്ഥന യഥാര്‍ത്ഥത്തില്‍ മാതാവിനെ കേന്ദ്രീകരിച്ചുള്ള ഒരു പ്രാര്‍ത്ഥനയല്ല, പ്രത്യുത യേശുവിന്‍റെ ജീവിതരഹസ്യങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു ധ്യാനമാണ്. ജപമാല പ്രാര്‍ത്ഥിക്കുന്നവരെ യേശുവിലേക്കു നയിക്കുക മാത്രമാണ് മറിയം ചെയ്യുന്നത്. പണ്ഡിതര്‍ക്കും പാമരര്‍ക്കും ഒരു പോലെ പ്രായോഗികമായ ഒരു പ്രാര്‍ത്ഥനയാണത്. കേരളത്തിലെ കത്തോലിക്കര്‍ പണ്ടുമുതലേ ജപമാല ഭക്തിയില്‍ അദ്വിതീയരാണ്. അവരുടെ കുടുംബപ്രാര്‍ത്ഥനയില്‍ ജപമാലയ്ക്ക് എന്നും പ്രത്യേകമായ ഒരു സ്ഥാനമുണ്ടായിരുന്നു. ആ നല്ല പാരമ്പര്യം വ്യക്തികളും കുടുംബങ്ങളും നിലനിര്‍ത്തട്ടെയെന്ന് ആശിക്കാം, പ്രാര്‍ത്ഥിക്കാം.