തെങ്ങ് ഇപ്പോഴും കല്‍പവൃക്ഷമെന്ന നിലയില്‍ തന്നെയാണോ ക്ലാസ് മുറികളില്‍ പറഞ്ഞു പഠിപ്പിക്കുന്നതെന്ന് അറിയില്ല.
നമ്മുടെ ചെറിയ പ്രായത്തില്‍ അതു വളരെ കണ്‍വിന്‍സിംഗ് ആയിരുന്നു. ഒരു പത്തു തെങ്ങുണ്ടെങ്കില്‍ മുട്ടില്ലാതെ വീട്ടുചെലവുകള്‍ നടക്കും. നിറയെ തേങ്ങയാണ്.
പള്ളിക്കാണ് ഏറ്റവും കൂടുതല്‍ ഭൂമി. മൈതാനത്ത് ഒരു കുന്നു തേങ്ങയുണ്ടാവും.
നാട്ടിലെ കൊപ്രാമില്ല് രാത്രിയിലും സജീവമായിരുന്നു. തേങ്ങാ വെട്ടുന്ന ഇടങ്ങളില്‍ ചെന്ന് നിന്നാല്‍ വയറു പൊട്ടണപോലെ തേങ്ങാ വെള്ളം കുടിക്കാം.
മിക്കവാറും വീടുകളില്‍ ഒന്നോ രണ്ടോയെണ്ണം ചെത്താനും കൊടുത്തിട്ടുണ്ട്. അതൊരു സ്ഥിരവരുമാനമാണ്.
തൊണ്ട് തല്ലി കയറു പിരിക്കുന്ന സ്ത്രീകള്‍ എല്ലായിടത്തുമുണ്ട്. വൈകുന്നേരത്തോടെ ചാപ്രാകള്‍ക്ക് അവശ്യത്തിനുള്ള കയറു തേടി അതിന്‍റെ ആള്‍ക്കാര്‍ ഇടവഴികളിലെത്തും.
മുറിച്ചു മാറ്റിയ തെങ്ങിന്‍റെ കുറ്റി വാങ്ങാന്‍ പോലും കച്ചവടക്കാരെത്തി. വലിയ വാവട്ടത്തില്‍ മണ്ണ് വെട്ടിമാറ്റി ശ്രദ്ധയോടെ ഓരോ പൊറ്റയും അവര്‍ അടര്‍ത്തിയെടുത്തു. ഉണക്കിയിനിയത് വിറകാക്കണം. മൂടാതെ ഇട്ടിട്ട് പോയ ആ കുഴികള്‍ പിന്നീട് നായ്ക്കളുടെ പ്രണയതല്പങ്ങളായി...
വേനല്‍ കടുത്തു തുടങ്ങുമ്പോള്‍ തെങ്ങിന്‍ തടം നനയ്ക്കാനെത്തുന്ന പുരുഷന്മാര്‍ ദേശത്തിന്‍റെ പുലരി കാഴ്ചയായിരുന്നു. അവര്‍ നിര നിരയായി നിന്ന് കുളത്തില്‍ നിന്ന് വെള്ളം കൈമാറുന്ന രീതിയില്‍ത്തന്നെ ഒരു കലയുണ്ടായിരുന്നു. ഈര്‍പ്പം നിലനിര്‍ത്താന്‍ പായലുകൊണ്ട് പൊതയുണ്ടാക്കും. ഏത് വേനലിലും തെങ്ങ് തണുത്ത് തന്നെ നിന്നു.
വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും തടമെടുക്കും.
കൃത്യമായി വളമിട്ടു ഉപ്പും ചാരവും ശീമക്കൊന്നയും ചേര്‍ത്തൊരു മിശ്രിതം സാധാരണമായിരുന്നു. കടപ്പുറത്ത് തോനെ മീനുണ്ടായിരുന്ന കാലത്ത് അതിനെയും വെട്ടി മൂടി വളമാക്കി. പറമ്പൊക്കെ ചെത്തി മിനുക്കി കുട്ടപ്പനാക്കും. അത് ചെയ്തോണ്ടിരുന്നയാളിന്‍റെ പേരുമതായിരുന്നു-കുട്ടപ്പന്‍ ചേട്ടന്‍. പിന്നിടെപ്പോഴാണ് നാട്ടുകാര്‍ക്ക് തെങ്ങില്‍ നിന്ന് ശ്രദ്ധ പതറിയതെന്നറിഞ്ഞു കൂടാ...
നനയില്ലാതെയായി, വളമില്ലാതെയായി, പൊതയില്ലാതെയായി. കായ്ഫലമില്ലാത്ത അതിന്‍റെ മണ്ടയില്‍ മരങ്കൊത്തികളും മൈനകളും പോതുണ്ടാക്കി, മുട്ടയിട്ട് പെരുകി. ഒരു അതിപുരാതന കാര്‍ഷികവിളയാണ് അശ്രദ്ധകൊണ്ട് നാട് നീങ്ങിയത്. പോളിനേഷ്യയാണ് തെങ്ങിന്‍റെ ജന്മദേശം. അവിടെ നിന്നും എത്ര ദൂരം കടലലകളില്‍ സഞ്ചരിച്ച് ഈ തീരത്തെത്തിയതാണ്.
പരിചരണം (nurture) കൊണ്ട് മാത്രം അഗാധമാകുന്ന മനുഷ്യ പ്രകൃതിയെ (nature) കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ജിമ്മിചേട്ടന്‍ പറഞ്ഞു കൊണ്ടിരുന്നത് നാട്ടിലെ ഈ തെങ്ങിന്‍റെ കഥയായിരുന്നു.
പറഞ്ഞു കൊണ്ടിരുന്നത് - ദൈവമേ!
2
ഉരഞ്ഞുതീര്‍ന്ന, പൊടിഞ്ഞുതുടങ്ങിയ പാദരക്ഷകളെ തന്‍റെ ചിത്രത്തിന് വാന്‍ഗോഗ് വിഷയമാക്കിയിട്ടുണ്ട്. മാര്‍ട്ടിന്‍ ഹൈദഗര്‍, ഴാക് ദറിദ തുടങ്ങിയ ചിന്തകര്‍ കലാചരിത്രത്തെ അപഗ്രഥിക്കുമ്പോള്‍ ആ സീരിസിനെ തങ്ങളുടെ നിരീക്ഷണങ്ങള്‍ക്ക് ആധാരമാക്കുന്നുണ്ട്. അതില്‍ത്തന്നെ A Pair of Peasant Shoes സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഹൈദഗര്‍ നിരീക്ഷിക്കുന്നത്പോലെ പാടത്തെ മണ്ണൊന്നും അതില്‍ പതിഞ്ഞിട്ടില്ല. എന്നിട്ടും മണ്ണില്‍ പണിയെടുക്കുന്ന ഒരാളുടെ എല്ലാ ക്ലേശങ്ങളും അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
വെറുതെ കുട്ടനാടന്‍ വയല്‍വരമ്പുകളോര്‍ക്കുന്നു. ചേറില്‍നിന്ന് കയറി വരുന്നവര്‍ക്ക് പാദരക്ഷകളുടെ സൗഭാഗ്യംപോലും അന്നില്ലായിരുന്നു. അപ്പൂപ്പനുള്‍പ്പെടെയുള്ളവരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. എന്നിട്ടും വിണ്ടുകീറിയ കാലടികളില്‍ ശിരോലിഖിതം കോറിയിടുകയെന്ന വല്ലാത്ത ഒരു ദുര്യോഗമുള്ള ചിലരില്‍ അവര്‍ പെടുന്നുണ്ട്. എല്ലാവരുടെയും നിലനില്പ് ഉറപ്പ് വരുത്തുന്ന അവരോട് പകരം നമ്മള്‍ എന്താണ് ചെയ്തത്? കൃഷിയേക്കാള്‍ അനിശ്ചിതവും അരക്ഷിതവുമായ ജീവിതം.
ജയ്ജവാന്‍, ജയ്കിസാന്‍ എന്നായിരുന്നു ഒരു കാലത്ത് പള്ളിക്കൂടങ്ങളില്‍ മുഴങ്ങിയിരുന്ന കുട്ടികളുടെ കോറസ്സ്. അതേ കിസാന്‍മാര്‍ കാലുവെന്ത നായയെപ്പോലെ നഗരങ്ങളിലേക്ക് പാഞ്ഞുചെല്ലുമ്പോള്‍ അവരെത്തടയാന്‍ രാജപാതകളില്‍ കിടങ്ങ് കുത്തേണ്ടി വരുന്ന സൈനികര്‍ സന്തുഷ്ടരാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?
ചെറിയൊരു മെസ് നടത്തുന്നുണ്ട്. പെട്ടെന്നൊരു ദിവസം നിരത്തില്‍ ഏത്തപ്പഴങ്ങളുടെ കൂമ്പാരമുണ്ടാവുകയാണ്. തീരെ ചെറിയ വിലയ്ക്ക് അത് ലഭിക്കുമെന്നുറപ്പായപ്പോള്‍ പ്രാതലിനോടൊപ്പം ഒരു പഴം നുറുക്കുകൂടി കൊടുത്ത് കാര്യങ്ങള്‍ ജോറാക്കി. പിന്നീട് ആലോചിക്കുമ്പോഴാണ് അത് പിടുത്തം കിട്ടുന്നത്.. ചുവട്ടിലൊഴിച്ച വെള്ളത്തിന്‍റെ വിലപോലും 10-12 മാസം അതിനെ പരിപാലിച്ച കര്‍ഷകന് കിട്ടുന്നുണ്ടാവില്ല. അപ്പോള്‍പ്പിന്നെ ഒരു പഴവും മധുരിക്കുന്നില്ല. ഒരു കാര്യത്തിന് വിലയിടിഞ്ഞു എന്നതല്ല, ഒരു ജീവിതശൈലിയുടെ മൂല്യം കുറയുന്നു എന്നതിന്‍റെ തീരെച്ചെറിയ കനമില്ലാത്ത ഒരു സൂചനയായിട്ടെങ്കിലും ഇതിനെ എടുക്കേണ്ട ബാധ്യതയുണ്ട്.
അലഞ്ഞു നടന്നിരുന്ന മനുഷ്യര്‍ കൃഷിയിലൂടെയാണ് സുരക്ഷിതത്വവും ശാന്തിയും അനുഭവിച്ചത്. സാമൂഹികജീവിതത്തിന്‍റെ കുറേക്കൂടി ചിട്ടയായ അധ്യായം ആരംഭിക്കുന്നത് അവിടെനിന്നാണ്. സംസ്കാരം വലിയൊരളവില്‍ അഗ്രി-കള്‍ചറിന് കടപ്പെട്ടിരിക്കുന്നു. ഏറ്റവും പുരാതനമായ ശാസ്ത്രബോധത്തിന്‍റെ വേരുകളും അതിനോട് പിണഞ്ഞുകിടക്കുന്നു. ധാന്യങ്ങളോളം അര്‍ത്ഥവത്തായ മറ്റൊരു കണ്ടുപിടുത്തം ഉണ്ടായിട്ടില്ല. ശാസ്ത്രം എത്ര വികാസം പ്രാപിച്ചാലും അതിന്‍റെ ലാബോറട്ടറിയില്‍ ഒരു ധാന്യമണി സൃഷ്ടിക്കപ്പെടില്ല. അതുകൊണ്ടുതന്നെ അതില്‍ തങ്ങളെ അര്‍പ്പിച്ച മനുഷ്യര്‍ സാഷ്ടാംഗപ്രണാമം അര്‍ഹിക്കുന്നു. കൃഷിയിടങ്ങള്‍ ചുരുങ്ങുന്നു എന്നത് ഭൂമിയ്ക്ക് അപകടകരമാണ് എന്ന് പറയുന്നതിനേക്കാള്‍ കാഠിന്യമുള്ളതാണ് കൃഷിയെ ജീവിതവൃത്തിയായി എടുത്തവരുടെ എണ്ണം നാള്‍ക്കുനാള്‍ ഇല്ലാതെയാകുന്നുവെന്നുള്ളത്. യജുര്‍വേദത്തോളം പഴക്കമുള്ള നെല്‍കൃഷിയ്ക്ക് എന്തു സംഭവിച്ചു എന്നത് വെറുതെ ഒന്ന് ഓര്‍ത്തുനോക്കുക.
അന്നന്നു വേണ്ടുന്ന ആഹാരം ഞങ്ങള്‍ക്കു തരണമേയെന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശ്വരനോട് മാത്രമല്ല മണ്ണിനോടും അതിന്‍റെ ഉഴവുകളുടെ ചേറില്‍ മുട്ടോളം ആഴത്തില്‍ നില്‍ക്കുന്ന അങ്ങയോടുമുള്ള അര്‍ത്ഥനയും കൃതജ്ഞതയുമാണ്. ഗ്രോ ബാഗില്‍ ടെറസ്സിന് മീതെ ഞങ്ങള്‍ നട്ടുവളര്‍ത്തുന്ന ഏതാനും തക്കാളികള്‍ വെറുതെ ഒരു വിനോദം മാത്രമാണ്! അപകടം പിടിച്ച കളിയില്‍ അതീവ അര്‍പ്പണം ചെയ്യുന്ന, നിങ്ങളുടെ വാറുപൊട്ടിയ ചെരുപ്പിനേക്കാള്‍ തേഞ്ഞ കാല്പാദങ്ങളെ നമസ്കരിച്ചുകൊണ്ട്.