news-details
കവർ സ്റ്റോറി

അല്‍ഫോന്‍സാമ്മ; സഭയെ സ്നേഹിച്ച സമര്‍പ്പിത

"അതുകൊണ്ട് സഭ ആകര്‍ഷിക്കുന്നതായിരിക്കണം; ലോകത്തെ ഉണര്‍ത്തുക വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിന്‍റെ, പ്രവര്‍ത്തിക്കുന്നതിന്‍റെ, ജീവിക്കുന്നതിന്‍റെ സാക്ഷിയായിരിക്കുക." (ഫ്രാന്‍സിസ് പാപ്പ)

ജീവിതസാക്ഷ്യംകൊണ്ട് സഭയെ വളര്‍ത്തിയവരാണ് ഓരോ വിശുദ്ധരും. വ്യത്യസ്തമായ രീതിയില്‍ സഭയുടെ പരിമളം സഭാരാമത്തില്‍ വാരിവിതറിയ വി. അല്‍ഫോന്‍സാമ്മയുടെ ജീവിതവും ആഴമായ സഭാസ്നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. ദൈവത്തെ തീക്ഷ്ണമായി സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ അവിടുത്തെ സഭയെയും സ്നേഹിക്കാനാവൂ. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യനായി അവതരിച്ച മിശിഹ ഇന്നും സഭയില്‍ സജീവനായി വസിക്കുന്നു എന്ന ഉറച്ച വിശ്വാസം; അതാണ് വി. അല്‍ഫോന്‍സാമ്മയെ സഭാസ്നേഹത്തില്‍ നിറച്ചത്. സഭയെ സ്നേഹിച്ചുകൊണ്ട് മാത്രമേ ഈശോയെ സ്നേഹിക്കാന്‍ പറ്റുകയുള്ളു എന്ന സഭാ ദര്‍ശനം വിശുദ്ധയില്‍ ആഴത്തില്‍  വേരൂന്നിയിരുന്നു.

ഓ ദൈവത്തിന്‍റെ സഭയേ നീ നല്ല അമ്മയാണ്. നിനക്ക് മാത്രമേ ഒരാത്മാവിനെ പരിപാലിക്കാനും, വളര്‍ത്താനും  സാധ്യമാകു. മാതാക്കളില്‍ ഏറ്റം ശ്രേഷ്ഠയായ സഭയേ, ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തിരുസഭയ്ക്ക് ഏറ്റവും യോഗ്യമായി ജീവിച്ച് തിരുസഭയുടെ ജീവസ്പന്ദനമായി മാറിയ അല്‍ഫോന്‍സമ്മ ഇന്ന് സഭാമക്കളോട് പറയുന്നതും ഇതുതന്നെ; സഭയ്ക്ക് അനുയോജ്യമായി ജീവിക്കുക.

ജീവിക്കുന്ന ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ലോകത്തിലേയ്ക്ക് കൊണ്ടുവന്നതും, ഇപ്പോള്‍ സഭയെ ഭരമേല്‍പിച്ചിരിക്കുന്നതുമായ രക്ഷയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം എല്ലാ മനുഷ്യര്‍ക്കും നല്‍കുകയാണ് ക്രിസ്ത്യാനി എന്ന നിലയില്‍ ഓരോ സഭാംഗത്തിന്‍റെയും ദൗത്യമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പിതാക്കന്‍മാര്‍ വ്യക്തമാക്കുന്നു. ക്രൈസ്തവ ജീവിതത്തിലൂടെ കര്‍ത്താവിന്‍റെ മൗതീകശരീരമായ സഭയുടെ മുഖം കൂടുതല്‍ പ്രകാശിതമാകാനിടയാകണം എന്ന് അവര്‍ പ്രഖ്യാപിച്ചു. ലോകത്തില്‍ ദൈവസാന്നിധ്യമായും, ദൈവസ്വരമായും സഭ നിലകൊള്ളുന്നു.  മിശിഹായുടെ തുടര്‍ച്ചയായ സഭയിലൂടെ ലോകം ദൈവേഷ്ടം ഗ്രഹിക്കുന്നു. അതുകൊണ്ടാണ് മാമ്മോദീസ സ്വീകരിച്ച ഓരോരുത്തരുടെയും ഉത്തരവാദിത്തം ക്രൈസ്തസാക്ഷ്യമാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. സഭയുടെ മനസ്സ് സ്വന്തമാക്കിയുള്ള ഒരു ജീവിതശൈലിയിലൂടെയാവണം ലോകത്തില്‍ സാക്ഷ്യം വഹിക്കല്‍ രൂപപ്പെടേണ്ടത്. വി. അല്‍ഫോന്‍സമ്മ ഈ സത്യം ഗ്രഹിക്കുകയും  സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സഭയോടുള്ള സ്നേഹവും വിശ്വസ്തതയും വഴിയാണ് മിശിഹായെ ശുശ്രൂഷിക്കുകയെന്ന നല്ല നിശ്ചയം അല്‍ഫോന്‍സാമ്മ പ്രകടമാക്കിയത്.

ഫ്രാന്‍സിസ്കന്‍ ക്ലാരസഭയുടെ അംഗമായിരുന്നുകൊണ്ട് എഫ്. സി. സി യ്ക്ക് പൊന്‍തൂവല്‍ ചാര്‍ത്തിയ വി. അല്‍ഫോന്‍സാമ്മ നയിച്ച ജീവിതസാക്ഷ്യം സഭയെ തന്നെയാണ് പ്രകാശിതമാക്കിയത്. സഭയുടെ മുഖം കൂടുതല്‍ പ്രശോഭിക്കുവാന്‍ ഇടയാക്കിയ സുകൃതജീവിതമാണ് വിശുദ്ധ നയിച്ചത്.  ഫ്രാന്‍സിസ്കന്‍ ക്ലാരസഭയുടെ നിയമങ്ങളും ജീവിതചര്യയും അനിതരസാധാരണമാം വിധം പാലിച്ചുകൊണ്ട് അവയോട് വിശ്വസ്തത പുലര്‍ത്തി അല്‍ഫോന്‍സാമ്മ ആഗോളസഭയെ മഹത്വപ്പെടുത്തി. തന്‍റെ ജീവിതക്രമം  ശരിയെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്ന അവസരങ്ങളില്‍പോലും തിരുസഭാധികാരികളുടെ തീരുമാനത്തിന് വിധേയനായിരുന്ന വി. ഫ്രാന്‍സീസിന്‍റെ മാതൃകയും ഫ്രാന്‍സിസ്ക്കന്‍ പാരമ്പര്യങ്ങളും ചേര്‍ത്ത് ഫ്രാന്‍സിസ്കന്‍ നിയമാവലി അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുകയായിരുന്നു വി. അല്‍ഫോന്‍സാമ്മ. തിരുസഭയെ സ്നേഹിക്കാനും സഭയേയും സഭാ പ്രബോധനങ്ങളെയും പഠിച്ചറിയുവാനും സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊള്ളാനും അവള്‍ പഠിച്ചു, പരിശീലിച്ചു. എല്ലാ ദിവസവും മാര്‍പാപ്പക്കും സഭയെ ഭരിക്കുന്ന മെത്രാന്മാര്‍ക്കും വേണ്ടി അല്‍ഫോന്‍സാമ്മ പ്രത്യേകം പ്രര്‍ത്ഥിച്ചിരുന്നു. അഭിവന്ദ്യ കാളാശ്ശേരി പിതാവ് തന്‍റെ രൂപതയെ അവള്‍ക്ക് ഭരമേല്‍പിച്ച് പ്രാര്‍ത്ഥന ആവശ്യപ്പെട്ടിരുന്നു. ഒരിക്കല്‍ കാളാശ്ശേരി പിതാവിന് മലമ്പനി ബാധിച്ചപ്പോള്‍ തന്‍റെ പ്രാര്‍ത്ഥനയും ഉപവാസവും മറ്റ് പരിത്യാഗകൃത്യങ്ങളും സമര്‍പ്പിച്ച് ആ പനി ദൈവത്തോട് യാചിച്ച് ഏറ്റെടുത്തു അല്‍ഫോന്‍സാമ്മ. പിതാവാന്‍റെ പനി വിട്ടുമാറുകയും ചെയ്തു. സഭയ്ക്കും സഭാനിയമങ്ങള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും കരുതലും വിശുദ്ധയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു.

വി അല്‍ഫോന്‍സാമ്മയുടെ സഭാസ്നേഹത്തിന്‍റെ മറ്റൊരു മാനം പരിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായിരുന്നു അല്‍ഫോന്‍സാമ്മയുടെ ജീവിതം. തന്‍റെ സന്ന്യാസജീവിത മാതൃകയിലൂടെ പരിശുദ്ധകുര്‍ബാനയിലധിഷ്ഠിതമായ ഒരു ജീവിതമാണ് അവള്‍ നയിച്ചത്. വി. ബലിയര്‍പ്പണത്തിലെ അവളുടെ ഏകാഗ്രതയും വിശ്വാസവും കണ്ടിട്ടുള്ള സഹസന്ന്യാസിനിമാര്‍ അല്‍ഫോന്‍സാമ്മയുടെ ബലിയര്‍പ്പണം യത്ഥാര്‍ത്ഥത്തില്‍ ബലിവസ്തു, ബലിയായി സമര്‍പ്പിക്കപ്പെടുന്നതുതന്നെയാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. പാരവശ്യത്തിന്‍റെ പാരമ്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍പോലും വി. ബലിയര്‍പ്പണവും വിശുദ്ധ കുര്‍ബാന സ്വീകരണവും അവള്‍ കൊതിയോടെ ആഗ്രഹിച്ചിരുന്നു. അതിനായി എന്തു ത്യാഗം ഏറ്റെടുക്കുന്നതിനും അവള്‍ തയ്യാറായിരുന്നു. അല്‍ഫോന്‍സാമ്മയുടെ അവശത കണ്ട് സഹതപിച്ചിരുന്ന സഹസന്ന്യാസിനികള്‍ അവള്‍ക്ക് ദിവ്യബലിക്കായി ചാപ്പലില്‍ വരാതിരിക്കാനുള്ള അനുവാദം വാങ്ങികൊടുത്തിട്ടും, തന്‍റെ ജീവന്‍റെ നിലനില്പിന്‍റെ ശക്തികേന്ദ്രം വിശുദ്ധകുര്‍ബാനയാണെന്ന് പറഞ്ഞ് മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ബലിയര്‍പ്പണത്തിന് എത്തുമായിരുന്നു. ഒരു സമൂഹമെന്ന നിലയില്‍ ഒരുമിച്ചുള്ള ബലിയര്‍പ്പണം അവള്‍ക്ക് ഒരു ദിവ്യമായ അനുഭൂതി പകര്‍ന്നിരുന്നു. ഒരു സമൂഹത്തിലെ അംഗങ്ങളെയെല്ലാം ഒരു കൂട്ടായ്മയില്‍ ചേര്‍ത്തുനിര്‍ത്തുന്നതും അവര്‍ക്ക് ജീവകാരുണ്യമായി ഭവിക്കുന്നതും വിശുദ്ധകുര്‍ബാനയാണെന്ന് അവള്‍ കരുതി. സഭാജീവിതത്തിന്‍റെ കേന്ദ്രമായ വിശുദ്ധ കുര്‍ബാനയെ അവള്‍ വിലമതിച്ചിത്  സഭയെക്കുറിച്ചുള്ള അവളുടെ ശ്രേഷ്ഠമായ അറിവും  അനുഭവവും മൂലമായിരിക്കാം.

സഭയെ ഏറെ സ്നേഹിക്കുകയും സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വിശുദ്ധാത്മാക്കള്‍ പലരും സഭയില്‍നിന്ന് തന്നെ തെറ്റിദ്ധാരണകളും ശിക്ഷകളും ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളവരാണ്. ഈശോ അവരുടെ സഹനങ്ങളെ സഭയുടെ വിശുദ്ധീകരണത്തിനായി  ആവശ്യപ്പെട്ടിരുന്നു എന്ന് കരുതുന്നതാവും ശരി. വിശുദ്ധി പൂര്‍ണ്ണമാകാന്‍, ബലി പൂര്‍ത്തിയാകാന്‍ സഭയ്ക്ക് വേണ്ടി സഹിച്ചാല്‍ മാത്രം പോരാ സഭയില്‍ നിന്നുതന്നെ സഹിക്കണം. വി. അല്‍ഫോന്‍സാമ്മയും തന്‍റെ ജീവിതത്തിലെ തെറ്റിദ്ധാരണകളെയും കുറ്റാരോപണങ്ങളെയും ഏറ്റെടുത്ത് ഒരു സഹനബലിയായി  സഭയുടെ വിശുദ്ധീകരണത്തില്‍ പങ്കാളിയായി. ഗുരുത്തിയമ്മയുടെ അകാരണമായ ശാസനകള്‍ക്ക് വിധേയയായപ്പോഴും ചെയ്യാത്ത കുറ്റങ്ങള്‍ക്ക് മാപ്പ് പറയാന്‍ വിധിക്കപ്പെട്ടപ്പോഴും മേലധികാരികളുടെ വിചാരണ കോടതിയില്‍ നിശ്ശബ്ദത പാലിച്ചപ്പോഴും അവള്‍ തന്‍റെ സഭയെ മഹത്വപ്പെടുത്തി.

 

സഭയുടെ ശിരസ്സായ ക്രിസ്തുവില്‍ കേന്ദ്രീകൃതമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം  വിശുദ്ധ ബലിയിലും ദിവ്യകാരുണ്യ സ്വീകരണത്തിലും ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിലും ആഴപ്പെട്ടതുപോലെ തന്നെ അവിടുത്തെ വത്സലമാതാവായ പരി. അമ്മയോടുള്ള ഭക്തിയും വേരുറച്ചതായിരുന്നു.  ശനിയാഴ്ച ഭക്തിയും മെയ്മാസ വണക്കവും ഏറ്റം സന്തോഷപൂര്‍വ്വം അവള്‍ അനുഷ്ഠിച്ചിരുന്നു. ദൈവജനനിയുടെ സ്തുതിക്കായി എല്ലാ ശനിയാഴ്ചകളിലും ദിവ്യപൂജ അര്‍പ്പിക്കുകയും മാതാവിന്‍റെ രൂപത്തിന് മുമ്പില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് രൂപം അലങ്കരിക്കാനും ശ്രദ്ധിച്ചിരുന്നു. മാത്രമല്ല പരീക്ഷയില്‍ ജയിക്കാന്‍ പ്രാര്‍ത്ഥനാസഹായം തേടി  തന്‍റെ അടുക്കല്‍ എത്തിയിരുന്ന കൊച്ചുകുട്ടികളോട് ചാപ്പലില്‍പോയി പ്രാര്‍ത്ഥിക്കാനും മാതാവിന് പൂക്കള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെ തന്‍റെ സഹനജീവിതത്തിനിടയിലും മനുഷ്യമക്കളെ പരിശുദ്ധ കുര്‍ബാനയിലേയ്ക്കും കര്‍ത്താവിന്‍റെ സഭയിലേയ്ക്കും പരിശുദ്ധ അമ്മയിലേക്കും നയിക്കാന്‍ അല്‍ഫോന്‍സാമ്മ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

 

തിരുസഭയെ സ്നേഹിക്കുകയും തിരുസഭയുടെ ഹൃദയത്തിലായിരുന്നുകൊണ്ട് വിശ്വസ്തതയുടെയും വിശുദ്ധിയുടെയും മാര്‍ഗ്ഗം കാണിച്ചു തന്ന വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം സഭയെയും സഭാ നിയമങ്ങളെയും സംബന്ധിച്ച് അങ്ങിങ്ങായി ഉയര്‍ന്നു വരുന്ന  നിലപാടുകളെ വിശദമായ ഒരു പരിചിന്തനത്തിന് വിധേയമാകാന്‍ പ്രേരിപ്പിക്കട്ടെ. അങ്ങനെ സഭ എന്നും ആകര്‍ഷകമുള്ളതായിരിക്കട്ടെ.  

You can share this post!

വഴിമാറി നടന്ന മാര്‍ത്തോമ്മ

ഫാ. ഷാജി സി എം ഐ
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts