news-details
ഫ്രാൻസിസ്കൻ വിചാര ധാര

തത്വചിന്തയുടെ ചരിത്രത്തിലെ ഓരോ പ്രത്യേക ചിന്താധാരയുടെയും കാലഘട്ടത്തെ അപഗ്രഥിച്ചു കൊണ്ടു പ്രശസ്ത ജര്‍മന്‍ ചിന്തകനായ മാര്‍ട്ടിന്‍ ഹൈഡഗ്ഗര്‍ ഇങ്ങനെ കുറിച്ചു, "A  time  of  crisis  may  call  for  a  particular  response.' ഇത് ചിന്താ പദ്ധതിയില്‍ മാത്രമല്ല ജീവിതവുമായി ബന്ധപ്പെടുന്ന ഏത് അവസ്ഥയിലും പ്രയോഗിക്കാവുന്ന ഒരു സൂത്രവാക്യമാണ്; 'ഓരോ പ്രതിസന്ധിയും ഓരോ പ്രത്യേക പ്രതികരണം ആവശ്യപ്പെടുന്നു' എന്നത്. ഓരോ പ്രതിസന്ധിയോടുമുള്ള പ്രതികരണമാണ് വ്യക്തികളുടെയും പ്രസ്ഥാനത്തിന്‍റെയും മൂല്യബോധം വെളിവാക്കുന്നത്. ഫ്രാന്‍സിസിന്‍റെ കാലത്തെ റോമന്‍സഭയും സംവിധാനങ്ങളും അതിന്‍റെ സാമന്ത രാജ്യങ്ങളും മുഴുവന്‍ നേരിട്ട പ്രതിസന്ധിയാണ് പലസ്തീനയിലെ ഇസ്ലാമിക അധിനിവേ ശവും വിശുദ്ധ സ്ഥലങ്ങളുടെ കയ്യടക്കലും. പടവെട്ടി മുന്നേറിയ എതിര്‍ചേരിക്ക് മുമ്പില്‍ റോമിന്  ഈ പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗം ഇല്ലായിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് ഇതേ പ്രതിസന്ധിയോട് തന്‍റെ ക്രൈസ്തവ സാക്ഷ്യം കൊണ്ടും സംവാദം കൊണ്ടും പ്രതികരിച്ചു.

ദൈവം ആഗ്രഹിക്കുന്നു എന്ന് തോന്നുന്ന പക്ഷം ദൈവവചനം പ്രഘോഷിക്കുക എന്ന രണ്ടാമത്തെ രീതിയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. 'ദൈവം ആഗ്രഹിക്കുന്നു' എന്ന പ്രയോഗത്തെക്കാള്‍  ദൈവത്തിന് പ്രീതികരമായത് എന്താണെന്നു സഹോദരന്മാര്‍ മനസ്സിലാക്കണം എന്നാണ് ഫ്രാന്‍സിസിന്‍റെ രചനയുടെ മൂലപദപ്രയോഗം. നമ്മുടെ സാധാരണമായുള്ള  ഒരു പദപ്രയോഗം എന്നത് കണക്കിലെടുത്തു ദൈവഹിതം എന്ന് സാമാന്യമായി പറഞ്ഞുവെന്നേയുള്ളു. അല്ലെങ്കില്‍ തന്നെയും ദൈവഹിതം എന്നത് ദൈവത്തിനു പ്രീതികരമായതു തന്നെയാണെന്നാണ് മനസ്സിലാക്കേണ്ടത്. എങ്ങനെയാണു ദൈവത്തിനു ഒരു പ്രത്യേക സമയമോ സന്ദര്‍ഭമോ സുവിശേഷ പ്രഘോഷണത്തിനു പ്രീതികരമാണ് എന്ന് സഹോദരന്മാര്‍ മനസ്സിലാക്കേണ്ടത് എന്നാണ് ഇവിടെ ഫ്രാന്‍സിസിന്‍റെ വിഷയം. ഫ്രാന്‍സിസിന്‍റെയും തന്‍റെ സഹോദരസംഘത്തിന്‍റെയും നാള്‍വഴിയും ഉദയവും തന്നെ ദൈവഹിതത്തിന്‍റേതായിരുന്നു. ഒന്നാമതായി എവിടെയും എപ്പോഴും സഹോദരന്മാര്‍ ദൈവത്തിന്‍റെ പ്രീതിയാണ് തേടേണ്ടതെന്നു  ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍, ഇത് അഹത്തിന്‍റെ വെടിയലും, ദൈവഹിതം തേടാനുള്ള നിതാന്തമായ എളിയ പരിശ്രമവുമാണ്. അതിന്‍റെ തുടര്‍ച്ചയായി വേണം സുവിശേഷ പ്രഘോഷണത്തിനു ദൈവത്തിനു പ്രീതികരമായ സമയവും സന്ദര്‍ഭവും സഹോദരന്മാര്‍ തേടേണ്ടത് എന്ന ഉദ്ബോധനം. ഇത് ഒരു തപസ്യയാണ്. എന്നാല്‍ അതിന്‍റെ വ്യാജ മായ അഭ്യാസം ആകട്ടെ, ഏതു വ്യാജപ്രവാചകനും എടുത്തുപയോഗിക്കാവുന്ന ഒരു കപടമായ വെളിപാടാണ്, താന്‍ ചെയ്യുന്നതും പറയുന്നതും ദൈവഹിതമെന്നോ, ദൈവത്തെ പ്രീതിപ്പെടുത്തുന്നതോ ആണെന്നത്. ഒട്ടുമിക്ക ആള്‍ദൈവങ്ങളും വ്യാജ പ്രവാചകന്മാരും തങ്ങളുടെ ഇഷ്ടങ്ങളും ചിന്തകളും ദൈവഹിതമായി ആരോപിക്കാറുണ്ട് എന്നുള്ളതാണ് സത്യം.  പ്രവൃത്തിയും കാലാതിവര്‍ത്തമായ അതിന്‍റെ സ്വാധീനവും മൂല്യവും ഒരു കാര്യം ദൈവഹിതമായിരുന്നോ അല്ലയോ എന്ന് ചരിത്ര വായനയിലൂടെ നമുക്ക്  വിലയിരുത്താവുന്നതാണ്.

ഫ്രാന്‍സിസ് മാത്രമല്ല, അക്കാലത്തെ സഭാധികാരികളും ദൈവത്തിന്‍റെ പ്രീതിക്കനുസരിച്ചു പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചതെന്നു  പരിഹാസച്ചുവയോടെ Hoeberichts കുറിക്കുന്നുണ്ട്. ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പയുടെ  തന്നെ ഒരു ദൃഷ്ടാന്തം ഇതിനു തെളിവായി അദ്ദേഹം നല്‍കുന്നുണ്ട്. ദൈവത്തില്‍ നിന്നും തനിക്കു വ്യക്തമായ സൂചന ലഭിച്ചെന്നും, ആ ബോധ്യം  ഒരു കുരിശു യുദ്ധം നടത്താന്‍ ദൈവത്തിനു പ്രീതിയായെന്നും പാപ്പ പറഞ്ഞുവെന്നാണ് Hoeberichts എഴുതുന്നത്. 'ദൈവത്തിന്‍റെ പ്രീതി' നടപ്പാക്കുന്നതിലെ ഈ ഒരു വൈപരീത്യം തുറന്നു കാട്ടിയിട്ടു Hoeberichts ഫ്രാന്‍സിസിലേക്കാണ് തിരിയുന്നത്. ഫ്രാന്‍സിസ് എന്തുകൊണ്ട് ഈ ഒരു പദപ്രയോഗം തിരഞ്ഞെടുത്തു? 'ദൈവത്തിന്‍റെ പ്രീതി' അല്ലെങ്കില്‍ 'എന്താണ് ദൈവത്തെ പ്രീതിപ്പെടുത്തുന്നത്' എന്നുള്ള ചിന്ത എങ്ങനെയാണു ഫ്രാന്‍സിസും സുല്‍ത്താനുമായുള്ള കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസിനെ സ്വാധീനിച്ചത് എന്നാണ് ഇവിടെ പ്രസക്തമായത്. Hoeberichts ഈജിപ്തിലെ മെത്രാനായിരുന്ന James  De  Vitry യുടെ രണ്ടു രേഖകള്‍ പരിശോധിക്കുന്നുണ്ട്. (ആദ്യ ലക്കങ്ങളില്‍ നാം ഈ രേഖകളുടെ ആധികാരികതയെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു).

ആ രണ്ടു രേഖകളിലും ഉള്ള സുല്‍ത്താന്‍റെ പ്രതികരണമാണ് നാം ഇവിടെ പഠനവിധേയമാ ക്കുന്നത്. ഇവ രണ്ടിലും സുല്‍ത്താന്‍ പറയുന്നത്  'ദൈവത്തിനു ഏറ്റവും പ്രീതികരമായ' മതം താന്‍ തിരഞ്ഞെടുക്കും എന്നാണ്.  'ഈജിപ്തിന്‍റെ രാജാവായ സുല്‍ത്താന്‍, സ്വകാര്യമായി ഫ്രാന്‍സിസിനോട് തനിക്കു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയും, അതുവഴിയായുള്ള പ്രചോദനത്താല്‍ താന്‍ ദൈവത്തിന് ഏതാണോ ഏറ്റവും പ്രീതികരമായത്, ആ മതം പിന്തുടരുകയും ചെയ്യും' എന്ന് ഒന്നാമത്തെ രേഖയില്‍ നാം കാണുന്നു.  "കൂടിക്കാഴ്ചയ്ക്കൊടുവില്‍ സുല്‍ത്താന്‍ ഫ്രാന്‍സിസിനോട് പറഞ്ഞു, 'എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ,' അതുവഴിയായി ദൈവം കനിഞ്ഞു ഏതു നിയമവും വിശ്വാസവുമാണോ ദൈവത്തിനു ഏറ്റവും പ്രീതികരമായതെന്നു തനിക്കു വെളിപ്പെടുത്തു കയും ചെയ്യട്ടെ" എന്ന് രണ്ടാമത്തെ രേഖയില്‍ നാം കാണുന്നു.

De  Vitry  യുടെ രചനകളില്‍ നിറഞ്ഞു നിന്ന "apologetic' ആയ വര്‍ണനയും Hoeberichts തിരിച്ചറിയുന്നുണ്ടെങ്കില്‍ കൂടിയും, 'ദൈവത്തെ പ്രീതിപ്പെടുത്തുക' എന്ന ഈ പ്രയോഗം ഈ രണ്ടു രചനകളിലും ഉള്ളതു Hoeberichts നിരീക്ഷിക്കുണ്ട്. (മറ്റൊരു കാര്യം ഇതില്‍ രണ്ടിലും സുല്‍ത്താന്‍ ഫ്രാന്‍സിസിനോട് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടു ന്നുണ്ട് എന്നതാണ്. ഫ്രാന്‍സിസ് ഒരു ദൈവമനുഷ്യനാണെന്നതും, സുല്‍ത്താന്‍ പ്രാര്‍ത്ഥിക്കുന്ന ഭക്തനായ മനുഷ്യനാണെന്നതും ഒറ്റ നോട്ടത്തില്‍ കാണാവുന്നതാണ്).

Hoeberichts,, 'ദൈവത്തിനു  പ്രീതികരമാകുന്നെങ്കില്‍' എന്ന വാക്കിന് മുസ്ലിംകളുടെ ഇടയില്‍, പ്രത്യേകിച്ചു സുല്‍ത്താന്‍റെ ഫ്രാന്‍സീസിനോടുള്ള സംഭാഷണത്തില്‍ ഉണ്ടായിരുന്ന പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്. 'ഇന്‍ശാഅല്ലാഹ്' (Inshaallah) എന്നതിന്‍റെ വാച്യാര്‍ത്ഥം 'ദൈവം മനസാകുന്നെങ്കില്‍' എന്നാണ്. ഇത് ഒരു മുസ്ലിമിന്‍റെ നിത്യജീവിതത്തിലെ സര്‍വസാധാരണമായ ഒരു പദപ്രയോഗമാണ്. Allah എന്നത് അറബിക് ഭാഷ യില്‍ ദൈവം എന്നാണ് അര്‍ഥം. അറബ് ക്രിസ്ത്യാനികളും ദൈവത്തിനു Allah എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. വിക്ടോറിയന്‍ കാലഘട്ടത്തില്‍ "Deo  Volente' എന്നും അതിന്‍റെ ചുരുക്കമായി D.V. എന്നും രേഖപ്പെടുത്തിയിരുന്നത് ഓര്‍മ്മ കാണുമല്ലോ. 'ദൈവം മനസാകുന്നെങ്കില്‍' എന്നാണ് ഇതിന്‍റെ അര്‍ഥം. ഏകദേശം എട്ടു നൂറ്റാണ്ടുകള്‍ മുസ്ലിം അധിനിവേശത്തിലായിരുന്ന ഇന്നത്തെ സ്പെയിനിലുംojalá (ഒഹാല എന്ന് ഉച്ചാരണം) എന്ന വാക്ക് 'ദൈവം മനസാകുന്നെകില്‍' എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്നതിനു ഒരു സെക്കുലര്‍ ആയ"hopefully' അഥവാ "I  hope so' എന്ന അര്‍ത്ഥമാണുള്ളത്. ക്രിസ്ത്യാനികളും ആദിമകാലം മുതല്‍ക്കു തന്നെ 'ദൈവം ആഗ്രഹിക്കുന്നെങ്കില്‍' എന്ന ചൊല്ല് ഉരുവിടാറുണ്ട്. 'ദൈവം ആഗ്രഹിക്കുന്നെങ്കില്‍ നടക്കട്ടെ' എന്നാണ് പൊതുവെ നമ്മുടെ നാട്ടിലും പറയാറുള്ളത്.  ഇങ്ങനെ മതപരമായ ഒരു മാനമുള്ള അര്‍ത്ഥത്തിലാണ് സുല്‍ത്താന്‍ 'ദൈവം ആഗ്രഹിക്കുന്നെകില്‍' എന്ന പ്രയോഗം നടത്തിയെന്നാണ് Hoeberichts -ന്‍റെ പക്ഷവും ഊന്നലും. Hoeberichts ഇങ്ങനെ എഴുതി:

'സുല്‍ത്താന്‍റെ ഫ്രാന്‍സിസുമായുള്ള സംഭാഷണത്തില്‍ 'ദൈവം ആഗ്രഹിക്കുന്നെങ്കില്‍' എന്നര്‍ത്ഥം വരുന്ന 'ഇന്‍ശാഅല്ലാഹ്' എന്ന പ്രയോഗത്തില്‍ യാതൊരു അസ്വാഭാവികതയും ഇല്ല... സുല്‍ത്താന്‍ ആഗ്രഹിച്ചത് അല്ലാഹുവിന്‍റെ മനസ്സിന് തന്നെത്തന്നെ സമര്‍പ്പിക്കുകയും അവനു പ്രീതികരമാകുന്നത് അനുഷ്ഠിക്കുകയും ചെയ്യുകയല്ലാതെ മറ്റൊന്നുമല്ല... അതല്ലാതെ, James  De Vitry തന്‍റെ apologetic ആയ താല്പര്യാര്‍ത്ഥം എഴുതിയതു പോലെ സുല്‍ത്താന്‍ തന്‍റെ ഇസ്ലാമിക വിശ്വാസത്തില്‍ സംശയിച്ചു തുടങ്ങി എന്നല്ല നാം മനസ്സിലാക്കേണ്ടത്. ഇതിനു നേര്‍വിപരീതമായി സുല്‍ത്താന് ഇസ്ലാമിലൂടെയും ഖുറാനിലൂടെയും വെളിപ്പെട്ടുകിട്ടിയ ദൈവഹിതവും അത് തന്നെ നയിച്ച വിശ്വാസത്തിന്‍റെയും ജീവിതത്തിന്‍റെയും മനോഭാവമാണ് ഫ്രാന്‍സിസ് യഥാര്‍ത്ഥത്തില്‍ ആദരവോടെ കണ്ടത്. മുസ്ലിംകളുടെ പ്രാര്‍ത്ഥനയുടെ രീതി, അവര്‍ക്ക് അല്ലാഹുവിലുള്ള വിശ്വാസത്തിന്‍റെ പ്രകാശനമായ രീതി എന്ന നിലയില്‍ ഫ്രാന്‍സിസിനെ സ്പര്‍ശിച്ചതുപോലെ ഇപ്പോള്‍ സുല്‍ത്താനുമായുള്ള സംഭാഷണത്തില്‍, സുല്‍ത്താന്‍ മാത്രമല്ല, ഓരോ മുസ്ലിമും ദൈവഹിതത്തിനും, ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനും നല്‍കുന്ന വലിയ പ്രാധാന്യം ഫ്രാന്‍സിസിനെ സ്പര്‍ശിച്ചു. ദൈവഹിതത്തിനും, ദൈവേഷ്ടത്തിനും ഒരു മുസ്ലിം നല്‍കുന്ന പ്രാധാന്യം, ഫ്രാന്‍സീസിന് ഓരോ സന്ദര്‍ഭത്തിലും ദൈവഹിതം കണ്ടെത്തുന്നതിനുള്ള   ഉത്തേജനത്തിനു  കാരണമായി. മറ്റു മതസ്ഥരുടെ ഇടയില്‍, പ്രത്യേകിച്ചു ഫ്രാന്‍സിസിന്‍റെ കാര്യത്തില്‍, മുസ്ലിംകളുടെ ഇടയില്‍ ഒരു ക്രൈസ്തവനായി സാക്ഷ്യംവഹിച്ചു ജീവിക്കുകയും, എന്നാല്‍ ദൈവവചനം പ്രഘോഷിക്കുന്നതിനുള്ള സമയം ദൈവഹിതത്തെ മുന്‍നിര്‍ത്തി കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഇവിടെ പ്രസക്തമായത്. തീര്‍ച്ചയായും ക്രൈസ്തവ സാക്ഷ്യമാണ് ആദ്യ പ്രഘോഷണം. Hoeberichts -ന്‍റെ അഭിപ്രായത്തില്‍ ഫ്രാന്‍സീസിന് ഇസ്ലാമിനോട് തുറവിയും ആദരവും മാത്രമായിരുന്നില്ല, മറിച്ചു അദ്ദേഹം അതിലെ വളരെ അധികം നന്മകള്‍ കണ്ടെത്തുകയും ചെയ്തു. ഇവരുടെ ഇടയില്‍ ദൈവഹിതം കണ്ടെത്താനുള്ള ഫ്രാന്‍സിസിന്‍റെ തീക്ഷ്ണമായ അന്വേഷണം അദ്ദേഹത്തെ കൊണ്ടെത്തിച്ചത്  'അനന്തവും അഗാധവുമായ' ദൈവരഹസ്യങ്ങളിലേക്കാണ്, കൂടാതെ 'സകലത്തിന്‍റെയും സ്രഷ്ടാവും രക്ഷകനുമായ' ((RegNB 23:11; cf . 16 :7) ദൈവം എന്ന തികഞ്ഞ ബോധ്യത്തിലേക്കും. ഇത് അക്കാലത്തെ സ്ഥല-കാല-സംസ്ക്കാര ബന്ധിതമായിരുന്ന  ദൈവശാസ്ത്ര സങ്കല്പങ്ങള്‍ക്കും ഒക്കെ എത്രയോ ഉന്നതിയിലായിരുന്നു എന്നതും നമ്മെ അത്ഭുത പ്പെടുത്തും. (തുടരും...)

You can share this post!

ദൈവവചന പ്രഘോഷണം ദൈവം ആഗ്രഹിക്കുന്ന സമയത്ത്

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ദൈവസന്നിധിയിലേക്കുള്ള യാത്ര ഫ്രാന്‍സീസിന്‍റെ, ക്ലാരയുടെ പിന്നെ എന്‍റെയും

ഡോ. ജെറി ജോസഫ് OFS
Related Posts