news-details
ഇടിയും മിന്നലും

ലത്തീന്‍ രൂപതയുടെ ഒരു വലിയ സ്ഥാപനത്തിന്‍റെ ഡയറക്ടറായിരുന്ന ഒരച്ചന്‍ പതിവായി ആശ്രമത്തില്‍ കുമ്പസാരിക്കാന്‍ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സ്ഥാപനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വകുപ്പു കൈകാര്യം ചെയ്തിരുന്ന ഒരാള്‍ക്ക് വിദേശത്തു ജോലി തരപ്പെട്ടതുകൊണ്ട് പെട്ടെന്നു പോകേണ്ടിവന്നു. പകരം അതുപോലെ വിശ്വസ്തതയോടെയും കാര്യക്ഷമമായും ആ ജോലി ചെയ്യാന്‍ പറ്റിയ ഒരാളെ കിട്ടാഞ്ഞതുകൊണ്ട്, എന്‍റെയറിവില്‍ ആരെങ്കിലുമുണ്ടോ എന്നെന്നോടു ചോദിച്ചു. മറ്റൊരച്ചന്‍ വഴി ഒരു സ്വകാര്യ എക്സ്പോര്‍ട്ടിംഗ് കമ്പനിയില്‍ ജോലിചെയ്യുന്ന ഒരാളെപ്പറ്റി കിട്ടിയ അറിവു ഞാന്‍ അദ്ദേഹത്തിനു കൈമാറി. അവരു തമ്മില്‍ സംസാരിച്ചു ധാരണയിലായി. അയാളവിടെ ജോലിയില്‍ കയറി. ഞാനാണു റെക്കമന്‍റുചെയ്തതെന്ന് അച്ചന്‍വഴി അറിഞ്ഞ അയാള്‍ എന്നെക്കണ്ട് നന്ദി പറയാന്‍ വന്നു. ജോലി വീടിനടുത്തായി, അതുവരെ കിട്ടിക്കൊണ്ടിരുന്നതിനെക്കാള്‍ ഉയര്‍ന്ന ശമ്പളവുമുണ്ട്. എല്ലാം കൊണ്ടും വളരെ തൃപ്തിയായിരുന്നു. ആള് പള്ളിക്കാര്യങ്ങളില്‍ വലിയ തല്‍പരന്‍, വേദപാഠാദ്ധ്യാപകന്‍, അതിനുവേണ്ടി പ്രത്യേക ദൈവശാസ്ത്രപരിശീലനം ലഭിച്ചിട്ടുണ്ട്. ബൈബിള്‍ പഠനത്തിനു വാരാന്ത്യക്ലാസുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. നന്ദിയായി പള്ളിയില്‍ വയ്ക്കാന്‍ വലിയ വിലപിടിപ്പുള്ള മനോഹരമായ കുറെ പൂച്ചെണ്ടുകളും വാങ്ങിത്തന്നു. നല്ല ഭാവിയുള്ള ചെറുപ്പക്കാരന്‍ എന്നു മനസ്സിലോര്‍ത്തു. ഇതു രണ്ടുമൂന്നു കൊല്ലം മുമ്പത്തെ കാര്യം. പിന്നീടും വല്ലപ്പോഴുമൊക്കെ എവിടെയെങ്കിലും വച്ചു കണ്ടുമുട്ടുമ്പോള്‍ വലിയ ലോഹ്യമായിരുന്നു.
ഒരു വര്‍ഷത്തോളം മുമ്പാണ് അതേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഒരാളുമായി മകള്‍ അടുപ്പത്തിലാണ് ഒന്നിടപെടാമോ എന്നു ചോദിച്ച് എന്‍റെയൊരു സുഹൃത്തു സമീപിച്ചത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് തുടങ്ങിയതാണ്. അന്നു താക്കീതു നല്‍കി തടഞ്ഞു. പക്ഷേ അവരിരുവരും അതു തുടരുന്നുണ്ടായിരുന്നു എന്നറിഞ്ഞത് പഠനവും കഴിഞ്ഞ് മകള്‍ക്ക് ജോലി കിട്ടിക്കഴിഞ്ഞാണ്. എത്ര പറഞ്ഞിട്ടും അവളു മാറാന്‍ തയ്യാറല്ല. പയ്യനെപ്പറ്റി ചോദിച്ചപ്പോള്‍ നല്ല വിദ്യാഭ്യാസം, അവളേക്കാള്‍ ഉയര്‍ന്ന ശമ്പളം, സ്വഭാവത്തെപ്പറ്റിയും അഭിപ്രായവ്യത്യാസമില്ല. അയാളുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുമില്ല. പക്ഷേ ഒറ്റക്കുഴപ്പം, ആളു ലത്തീന്‍കത്തോലിക്കനാണുപോലും! ഏതായാലും സംസാരിച്ചുനോക്കിയിട്ടു 'എന്നെക്കൊണ്ടാവതു ചെയ്യാം' എന്നു പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു.

രണ്ടുമൂന്നു പ്രാവശ്യമായി രണ്ടുപേരെയും ഒറ്റയ്ക്കും ഒരുമിച്ചും കണ്ടു സംസാരിക്കാന്‍ സൗകര്യം കിട്ടി. മാസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടുപേര്‍ക്കും ഇരുപത്തിയേഴു വയസ്സ്. നല്ല വിശ്വാസികള്‍, കുടുംബജീവിതത്തെപ്പറ്റി പക്വമായ കാഴ്ചപ്പാടും നിലപാടുകളും രണ്ടുപേര്‍ക്കും ജോലിയുമുള്ളതുകൊണ്ട് സ്ത്രീധനമൊന്നും അയാള്‍ക്ക് പ്രശ്നമല്ല. അവളുടെ വീട്ടുകാരുടെ സമ്മതത്തിനുവേണ്ടി കുറെനാളുകൂടി വെയ്റ്റു ചെയ്യാനും തയ്യാറാണ്, എന്നല്ലാതെ രണ്ടുപേരും പിന്മാറുകയില്ല.

"നിങ്ങളിലാര്‍ക്കെങ്കിലും ഇതു വേണ്ടെന്നു തോന്നിയാലല്ലാതെ, ആരുടെയും സമ്മര്‍ദ്ദത്തിനോ പ്രേരണയ്ക്കോ വഴങ്ങി നിങ്ങള്‍ ഇതില്‍നിന്നു പിന്മാറരുത്." കാര്യങ്ങളെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ എന്‍റെ നിലപാടു ഞാനും വ്യക്തമാക്കി. അഞ്ചാറുമാസം കഴിഞ്ഞ് കല്യാണം നടത്താന്‍ തീരുമാനമായി. എന്നെ ക്ഷണിച്ചപ്പോള്‍ എത്താന്‍ ശ്രമിക്കാമെന്നും ഞാന്‍ സമ്മതിച്ചു.

കല്യാണത്തലേദിവസം പണ്ടു ജോലിക്കു റെക്കമന്‍റു ചെയ്ത ആളിന്‍റെ ഒരു ഫോണ്‍കോള്‍ വന്നു. "എന്‍റെ കൂട്ടത്തില്‍ ജോലി ചെയ്യുന്ന ആളിന്‍റെ കല്യാണത്തിന് അച്ചനും വരുന്നുണ്ടെന്ന് അവന്‍ പറഞ്ഞു. അച്ചനുമായുള്ള ബന്ധമെന്താണെന്നു ചോദിച്ചപ്പോളാണ്, അച്ചനാണതെല്ലാം പറഞ്ഞു ശരിയാക്കിക്കൊടുത്തതെന്നവന്‍ പറഞ്ഞത്. വണ്ടി വിടാമെന്നു പറഞ്ഞപ്പോള്‍ അച്ചന്‍ വേണ്ടെന്നുപറഞ്ഞെന്നവന്‍ പറഞ്ഞു. ദൂരം കുറെയില്ലേ, അച്ചന്‍ അതിനായിട്ടു വണ്ടിയോടിച്ചു പോകണ്ട. ഞാനേതായാലും പോകുന്നുണ്ടല്ലോ, ഞാനതിലെ വരാം. കല്യാണം കഴിഞ്ഞു തിരിച്ചും എത്തിക്കാം."

പ്രത്യേക കടപ്പാടൊന്നുമില്ലാത്തതുകൊണ്ട് പരിപാടി ഒഴിവാക്കന്‍വേണ്ടിത്തന്നെയായിരുന്നു പെണ്‍വീട്ടുകാരും വണ്ടിവിടാമെന്നു പറഞ്ഞെങ്കിലും അവരോടും വേണ്ടെന്നു പറഞ്ഞത്. എന്തായാലും ഇങ്ങനെ ഒരു ഓഫര്‍ കിട്ടിയപ്പോള്‍ പോയേക്കാമെന്നുവച്ചു. ആളു സമയത്തെത്തിയതുകൊണ്ട് ബുദ്ധിമുട്ടുകൂടാതെ കല്യാണസ്ഥലത്തെത്തി.

"കര്‍മ്മങ്ങളൊക്കെ അച്ചന്‍ നടത്തുന്നതിനോടാണ് താല്പര്യമെന്ന് രണ്ടുകൂട്ടരും അറിയിച്ചിട്ടുണ്ട്. ലത്തീന്‍ റീത്തുകാരായതുകൊണ്ട് അച്ചനോട് ചോദിച്ചുനോക്കാമെന്ന് ഞാനും സമ്മതിച്ചു."

അച്ചന്‍റെ മുറിയില്‍ നിന്നും പള്ളിയിലേക്കു പോകുന്ന വഴി വികാരിയച്ചന്‍ വച്ച നിര്‍ദ്ദേശം അപ്രതീക്ഷിതമായിരുന്നു.

പ്രസംഗം പറയാന്‍ ഒരുപക്ഷേ എന്നോട് ആവശ്യപ്പെടുമെന്നു ഞാന്‍ കരുതി. എന്തായാലും അച്ചന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി, ലത്തീന്‍ റീത്തിലെ കുര്‍ബാനയും കര്‍മ്മങ്ങളുമൊന്നും അപരിചിതമല്ലാത്തതുകൊണ്ട് കുര്‍ബാനയും കെട്ടീരും എല്ലാം ഞാന്‍ തന്നെ നടത്തി.

തിരിച്ചുപോരുമ്പോള്‍ പാതിവഴിവരെ പല കാര്യങ്ങളും പറഞ്ഞിങ്ങുപോന്നു. അതുകഴിഞ്ഞപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ അയാള്‍ വിഷയം മാറ്റി.

"അച്ചന്‍ ചെയ്തത് തീരെ ശരിയായില്ല."

കാര്യം മനസ്സിലാകാതെ എന്നോടു തന്നെയാണോ പറഞ്ഞതെന്നറിയാന്‍ ഞാനയാളെ നോക്കിയപ്പോള്‍ അയാള്‍ റോഡില്‍ത്തന്നെ നോക്കി ഡ്രൈവുചെയ്യുകയാണ്.

"അതൊക്കെ അവരുടെ അച്ചന്‍ ചെയ്താല്‍ മതിയായിരുന്നു."

"പള്ളീലെ കര്‍മ്മങ്ങളുടെ കാര്യമാണോ ഇയാള്‍ പറഞ്ഞത്?" ഞാന്‍ ചോദിച്ചു.

"അതൊക്കെ ലത്തീന്‍ റീത്തിലല്ലായിരുന്നോ,  പെണ്ണു സീറോ മലബാര്‍ ആയതുകൊണ്ട് നമ്മുടെ കൂട്ടര്‍ ഒത്തിരിപ്പേര്‍ പള്ളീലുണ്ടായിരുന്നു. അച്ചനതെല്ലാം നടത്തിയപ്പോള്‍ അവര്‍ക്കൊക്കെ എന്തു തെറ്റിദ്ധാരണയുണ്ടായിക്കാണും."

"എന്തിനെപ്പറ്റി തെറ്റിദ്ധാരണയുണ്ടായെന്നാ?"

"ലത്തീനായാലും സീറോമലബാറായാലും ഏതായാലും കുഴപ്പമില്ല എന്നവരു തെറ്റിദ്ധരിച്ചുകാണില്ലേ?"  

"അതു തെറ്റിദ്ധാരണയല്ലല്ലോ, ശരിയായ ധാരണയല്ലേ?"

"അച്ചനോട് അടുക്കുന്നതു സൂക്ഷിച്ചുവേണം, അച്ചന്‍ സീറോമലബാര്‍കാരനാണെങ്കിലും അതിനോട് വലിയ കൂറില്ലാത്തയാളാണെന്ന് എന്നോടു ചിലരു പറഞ്ഞിട്ടുള്ളതു ശരിയാണല്ലോ."

"അതൊരു മോശം സര്‍ട്ടിഫിക്കറ്റായിട്ട് എനിക്കു തോന്നിയാലല്ലേ എനിക്കു വിഷയമുളളൂ. ഞാന്‍ കത്തോലിക്കാ സഭയിലാണ്. കുറെക്കാലം മിഷന്‍പ്രദേശങ്ങളിലുമായിരുന്നിട്ടുണ്ട്. അവിടെയൊക്കെ ഏതു റീത്തായിരുന്നോ ആ റീത്തില്‍ എല്ലാ കര്‍മ്മങ്ങളും നടത്തിയിട്ടുമുണ്ട്. എല്ലാ റീത്തില്‍പ്പെട്ടിടത്തും ധ്യാനത്തിനും പോകാറുണ്ട്. അപ്പോളൊക്കെ അതേ റീത്തില്‍ത്തന്നെയാണ് എല്ലാം ചെയ്യുന്നതും. എനിക്കു സഭയോടാണ്, ഏതെങ്കിലും റീത്തിനോടല്ല കൂറ്."

"അതുകൊണ്ടല്ലേ അച്ചനീ കല്യാണത്തിന് സപ്പോര്‍ട്ടു ചെയ്തത്? ഞങ്ങളു സുഹൃത്തുക്കളാണ്. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാനിതു പറഞ്ഞുകൊടുത്തു അയാളെ പിന്മാറ്റിയേനേ. അതിനു മാത്രമുള്ള ദൈവശാസ്ത്രമൊക്കെ ഞാനും പഠിച്ചിട്ടുണ്ട്."

പറയാന്‍ വായില്‍ വന്നതു പറഞ്ഞിരുന്നെങ്കില്‍ ആ പൊട്ടന്‍ എന്നെ വഴിയിലറക്കിവിട്ടേച്ചു പോകാന്‍ മടിക്കില്ലെന്നു തോന്നി. അതുകൊണ്ടതങ്ങു വിഴുങ്ങി. അവനെ പറഞ്ഞിട്ടുകാര്യമില്ലല്ലോ. ഇതുപോലുള്ള 'ദൈവശാസ്ത്രം' ഇങ്ങനെയുള്ള ഊളന്മാരുടെ തലയില്‍ അടിച്ചുകയറ്റി, അതു മതബോധനത്തിനു യോഗ്യതയായി സര്‍ട്ടിഫിക്കേറ്റു കൊടുക്കുന്ന സംവിധാനമാണ് ഇന്നത്തെ ശാപം.

മൗനത്തിലായിരുന്നു പിന്നത്തെ യാത്ര.

"പറ്റുന്നവരോടൊക്കെ പറയാന്‍ മടിക്കണ്ട, ഞാന്‍ റീത്തിനോടു കൂറില്ലാത്തവനാണെന്ന്." ഗേറ്റിനു മുമ്പില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അതും പറഞ്ഞു തിരിഞ്ഞുനോക്കാതെ ഞാന്‍ കയറിപ്പോയി. 

You can share this post!

മൂട്ടിലെ പൊടീം തട്ടി...

ഫാ. ജോസ് വെട്ടിക്കാട്ട്
അടുത്ത രചന

കോഴി കൂവുന്നുണ്ട്

ഫാ. ജോസ് വെട്ടിക്കാട്ട്
Related Posts